യുവതാരം റിഷാദ് ഗഫൂറിനെ നിലനിർത്തി മലപ്പുറം എഫ്.സി

മലപ്പുറം: സൂപ്പർ ലീഗ് കേരളയുടെ വരും സീസണിലും കേരള ബ്ലാസ്റ്റേഴ്‌സിന്റെ യുവ മുന്നേറ്റതാരം റിഷാദ് ഗഫൂർ മലപ്പുറം എഫ്.സിക്കായി പന്തുതട്ടും. കഴിഞ്ഞ സീസണിൽ ലോൺ അടിസ്ഥാനത്തിൽ ക്ലബ്ബിലെത്തിയ മലപ്പുറത്തിന്റെ സ്വന്തം താരം റിഷാദിനെ പുതിയ സീസണിലേക്കും ടീമിൽ നിലനിർത്താൻ മലപ്പുറം എഫ്.സി തീരുമാനിക്കുകയായിരുന്നു.പൊന്നാനി സ്വദേശിയായ 19കാരൻ നിലവിലെ സ്ക്വാഡിലെ പ്രായം കുറഞ്ഞ കളിക്കാരിൽ ഒരാൾ കൂടിയാണ്.
തിരൂർ മൗലാന കൂട്ടായി ഫുട്ബോൾ അക്കാദമിയിലൂടെ വളർന്ന റിഷാദ് പിന്നീട് മുത്തൂറ്റ് എഫ്.എ.യിലൂടെയാണ് തന്റെ കഴിവ് കൂടുതൽ തെളിയിച്ചത്. 2023-24 ഡെവലപ്‌മെന്റ് ലീഗിൽ മുത്തൂറ്റിനായി ആറ് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകൾ നേടിയ താരം ടീമിനെ യു.കെയിൽ നടന്ന നെക്സ്റ്റ് ജെൻ കപ്പിലേക്ക് യോഗ്യത നേടുന്നതിൽ നിർണായക പങ്കുവഹിച്ചു.തുടർന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമായ റിഷാദ് ഡെവലപ്‌മെന്റ് ലീഗിലും കേരള പ്രീമിയർ ലീഗിലും കളത്തിലിറങ്ങി. കേരള സന്തോഷ് ട്രോഫി ടീമിലും താരം അംഗമായിരുന്നു.കഴിഞ്ഞ സീസണിൽ മലപ്പുറത്തിന്റെ ആക്രമണനിരയിൽ വേഗതയും ഡ്രിബ്ലിഗും കൊണ്ട് ആരാധകരുടെ പ്രിയങ്കരനായ റിഷാദിന്റെ തിരിച്ചുവരവ് ടീമിന്റെ മുന്നേറ്റങ്ങൾക്ക് കൂടുതൽ കരുത്തേകും. ആദ്യ സൂപ്പർ ലീഗ് കേരള സീസണിൽ കണ്ണൂർ വാരിയേഴ്‌സിനായി എട്ട് മത്സരങ്ങളിൽ നിന്ന് ഒരു ഗോളും രണ്ട് അസിസ്റ്റും സ്വന്തമാക്കിയ താരം ലീഗിൽ ശ്രദ്ധേയ പ്രകടനമാണ് ഇതുവരെ കാഴ്ചവെച്ചത്.