Super League KeralaFeatured

ഗംഭീരമായി മലപ്പുറം എഫ്‌സി സീസൺ 3 ലോഞ്ച്

Resizedimage 2026 09 22 17 28 02 3

പരിപാടിയിൽ പുതിയ താരങ്ങളെയും പരിശീലക സംഘത്തെയും അവതരിപ്പിച്ചു

മലപ്പുറം: സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് മുന്നോടിയായി മലപ്പുറം എഫ്‌സി സംഘടിപ്പിച്ച ‘മീറ്റ് & ഗ്രീറ്റ് വിത്ത് എംഎഫ്സി’ സീസൺ 3 ലോഞ്ച് കോഴിക്കോട് ഡിമോറ ഹോട്ടലിൽ നടന്നു. പരിപാടി ആരംഭിച്ചത് സീസണിന് മുന്നോടിയായി അന്തരിച്ച കാലിക്കറ്റ് എഫ്സി ക്ലബ് സെക്രട്ടറിയായിരുന്ന ബിനോ ജോസ് ഈപ്പനെയും ഇന്നലെ ബൈക്ക് അപകടത്തിൽ അന്തരിച്ച കാലിക്കറ്റ് താരം റിജോൺ ജോസിനെയും അനുസ്മരിച്ച് ഒരു മിനിറ്റ് മൗനം ആചരിച്ചുകൊണ്ടായിരുന്നു. മൂന്നാം സീസണിലെ ടീമിന്റെയും പുതിയ ഹോം, എവേ ജേഴ്സികളുടെയും ഔദ്യോഗിക പ്രഖ്യാപനവും പുതിയ താരങ്ങളുടെയും പരിശീലക സംഘത്തിന്റെയും അവതരണവും പരിപാടിയുടെ പ്രധാന ആകർഷണമായി. ക്ലബ് ഡയറക്ടർമാർ, പ്രമോട്ടർമാർ, സ്പോൺസർമാർ, കായിക-സിനിമാ രംഗത്തെ പ്രമുഖർ, മാധ്യമപ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

മലപ്പുറം എഫ്‌സിയുടെ ഫുട്ബോൾ യാത്രയും മൂന്നാം സീസണിലേക്കുള്ള ക്ലബ്ബിന്റെ ഒരുക്കങ്ങളും പരിചയപ്പെടുത്തുന്ന വീഡിയോ പ്രദർശനത്തോടെയാണ് പരിപാടിക്ക് തുടക്കമായത്. തുടർന്ന് ക്ലബ്ബിന്റെ മാർക്കറ്റിംഗ് & ഓപ്പറേഷൻസ് ഡയറക്ടർ ഡാനിഷ് ഹൈദ്രോസ് സംസാരിച്ചു., എക്സിക്യൂട്ടീവ് ഡയറക്ടർ അജ്മൽ ബിസ്മി സ്വാഗത പ്രസംഗം നടത്തി. കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ്, സൂപ്പർ ലീഗ് കേരള സ്ഥാപകനും കൂടിയായ നവാസ് മീരാൻ, മുൻ ഇന്ത്യൻ ദേശീയ താരവും എംഎഫ്സിയുടെ മുൻ നായകനും സ്പോർട്ടിംഗ് ഡയറക്ടറും നിലവിലെ കേരള പോലീസ് ഫുട്ബോൾ ടീമിന്റെ ടെക്നിക്കൽ ഡയറക്ടറുമായ അനസ് എടത്തൊടിക,കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ എ.പി ഷൗക്കത്തലി ഐ.പി.എസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ചടങ്ങിലെ പ്രധാന പ്രഖ്യാപനമായി ഫ്രാഗ്രൻസ് വേൾഡ് ചെയർമാൻ പോളണ്ട് മൂസയെ മലപ്പുറം എഫ്‌സിയുടെ ഡയറക്ടറായി പ്രഖ്യാപിച്ചു. ക്ലബ്ബിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ആശിഖ് കൈനിക്കര, അജ്മൽ ബിസ്മി പ്രൊമോട്ടർമാരായ ജംഷീദ് ലില്ലി, നബീൽ നീലാംബ്ര, റീനബാബു, ഫൈസൽ ബാബു, അഹമദ് റെമിൽ എന്നിവർ ചേർന്ന് അദ്ദേഹത്തെ വേദിയിൽ സ്വീകരിച്ചു. ഇന്ത്യൻ മുൻ നെറ്റ്ബോൾ ക്യാപ്റ്റനും അഭിനേത്രിയുമായ പ്രാചി തെഹ്‌ലാൻ പോളണ്ട് മൂസയെ മെമെന്റോ നൽകി ആദരിച്ചു. തുടർന്ന് പോളണ്ട് മൂസ ചടങ്ങിൽ സംസാരിച്ചു.

ഈ സീസണിൽ മലപ്പുറം എഫ്‌സിക്കൊപ്പം ചേരുന്ന ഔദ്യോഗിക സ്പോൺസർമാരെയും ചടങ്ങിൽ അവതരിപ്പിച്ചു.

ഫ്രഞ്ച് അവന്യൂ – ഔദ്യോഗിക ടൈറ്റിൽ സ്പോൺസർ

ആദി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് – ഔദ്യോഗിക മുഖ്യ സ്പോൺസർ

കള്ളിയത്ത് ടിഎംടി– ഔദ്യോഗിക മുഖ്യ സ്പോൺസർ

ഇംപെക്സ് – ഔദ്യോഗിക കോ-സ്പോൺസർ

അജ്മി – ഔദ്യോഗിക കോ-സ്പോൺസർ

ആസ്റ്റർ മിംസ് കോഴിക്കോട് – ഔദ്യോഗിക മെഡിക്കൽ പങ്കാളി

നോ സീക്രട്ട്സ് – ഔദ്യോഗിക ഹൈഡ്രേഷൻ പങ്കാളി

ചിക്കിംഗ് – ഔദ്യോഗിക ഫുഡ് പാർട്ട്ണർ
എന്നീ ബ്രാൻഡുകളുമായുള്ള പങ്കാളിത്തങ്ങൾ ചടങ്ങിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

തുടർന്ന് മലപ്പുറം എഫ്‌സി മൂന്നാം സീസണിലേക്കുള്ള ടീമിനെ ഔദ്യോഗികമായി ലോഞ്ച് ചെയ്തു. മുഖ്യ പരിശീലകൻ കരിം ബെൻഷെരിഫയെ വേദിയിലേക്ക് സ്വാഗതം ചെയ്തു. സിനിമാ താരം ഇർഷാദ് അലി അദ്ദേഹത്തെ പ്രത്യേക മെമെന്റോ നൽകി ആദരിച്ചു. ടെക്നിക്കൽ സ്റ്റാഫ്സിനെയും സീസൺ 3 താരങ്ങളെയും ഒരോരുത്തരായി പരിചയപ്പെടുത്തി.പോളണ്ട് മൂസയുടെ നേതൃത്വത്തിൽ താരങ്ങൾക്കും പരിശീലക സംഘത്തിനും പ്രത്യേക ഫ്രഞ്ച് അവന്യൂ പെർഫ്യൂമുകൾ സമ്മാനിച്ചു. ക്ലബ് ഡയറക്ടർമാർ, പ്രമോട്ടർമാർ, സ്പോൺസർമാർ, പ്രാചി തെഹ്‌ലാൻ, ഇർഷാദ് അലി എന്നിവർ ചേർന്ന് ടീം അംഗങ്ങൾക്കൊപ്പം ഗ്രൂപ്പ് ഫോട്ടോയും എടുത്തു.ഔദ്യോഗിക പരിപാടിക്ക് ശേഷം അഫ്നാൻ ലൈവ് മ്യൂസിക്, ഡിജെ ഷിനോയ് എന്നിവരുടെ പരിപാടികളും അരങ്ങേറി.