Super League KeralaFeatured

കെസിഎൽ മൂന്നാം സീസണായി ഗ്രീൻഫീൽഡ് സ്റ്റേഡിയം തയ്യാ‍ർ

Img 20260816 Wa0043

കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിന് ആതിഥ്യം വഹിക്കാൻ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ പിച്ചുകൾ ഒരുങ്ങിക്കഴിഞ്ഞു. മുൻ സീസണുകളെപ്പോലെ റണ്ണൊഴുകുന്ന പിച്ചുകളായിരിക്കും ഇത്തവണത്തേതുമെന്ന് ക്യൂറേറ്ററായ എ. എം. ബിജു പറഞ്ഞു. പിച്ചുകളുടെ നിർമ്മാണത്തോടൊപ്പം തന്നെ ഔട്ട്ഫീൽഡിന്റെ ജോലികളും ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 5 വരെയാണ് ടൂർണമെന്റ് നടക്കുക.

കെ.സി.എല്ലിന് തൊട്ടുപിന്നാലെ ഏതാനും അന്താരാഷ്ട്ര മത്സരങ്ങൾക്കും ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകുന്നുണ്ട്. ഇത് മുന്നിൽക്കണ്ട് രണ്ടര മാസത്തോളം മുൻപ് തുടങ്ങിയ ജോലികളാണ് ഇപ്പോൾ അവസാന ഘട്ടത്തിൽ എത്തിനിൽക്കുന്നത്. ഇനി അവസാനഘട്ട റോളിംഗ് മാത്രമാണ് ബാക്കിയുള്ളത്. കെ.സി.എല്ലിനായി അഞ്ച് പിച്ചുകളായിരുന്നു കഴിഞ്ഞ തവണ തയ്യാറാക്കിയതെങ്കിൽ ഇത്തവണ ആറ് പിച്ചുകളുണ്ട്. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ ദിവസവും രണ്ട് മത്സരങ്ങൾ വീതം ഉള്ളതിനാൽ, പിച്ചുകളുടെ ഗുണനിലവാരം നിലനിർത്തുന്നതിന് വേണ്ടിയാണിത്. ഇതിൽ മാറിമാറിയായിരിക്കും മത്സരങ്ങൾ നടത്തുക. ഇതുകൂടാതെ പരിശീലനത്തിനായി മൂന്ന് പിച്ചുകളും രണ്ട് ആസ്ട്രോ ടർഫ് വിക്കറ്റുകളും വേറെയുമുണ്ട്.

കർണാടകയിലെ മാണ്ഡ്യയിൽ നിന്ന് പ്രത്യേകമായി എത്തിച്ച ഗുണനിലവാരമുള്ള മണ്ണുപയോഗിച്ചാണ് പ്രധാന പിച്ചുകൾ നിർമ്മിച്ചിരിക്കുന്നത്. പരുത്തിക്കൃഷിക്ക് അനുയോജ്യമായ, ഈർപ്പം നിലനിർത്തുന്ന മണ്ണാണ് ഇവിടത്തേത്. ഇത് മികച്ച ബൗൺസ് ഉറപ്പാക്കുകയും പിച്ച് സ്ലോ ആകാതെ നോക്കുകയും ചെയ്യും. ആദ്യ സീസണിൽ കേവലം മൂന്ന് മത്സരങ്ങളിൽ മാത്രമാണ് സ്കോർ 200 കടന്നതെങ്കിൽ, കഴിഞ്ഞ വർഷം ഏഴ് മത്സരങ്ങളിൽ 200-ന് മുകളിൽ സ്കോർ പിറന്നിരുന്നു. രണ്ടു സീസണിലും 200-ന് മുകളിലുള്ള കൂറ്റൻ ലക്ഷ്യങ്ങൾ ടീമുകൾ വിജയകരമായി പിന്തുടരുകയും ചെയ്തു. ഇതിന് സമാനമായ റണ്ണൊഴുകുന്ന ആവേശകരമായ മത്സരങ്ങൾക്കായിരിക്കും ഈ സീസണും സാക്ഷ്യം വഹിക്കുകയെന്ന് ക്യൂറേറ്റർ ബിജു പറഞ്ഞു. ട്വന്റി-20യുടെ ആവേശം ഒട്ടും ചോർന്നുപോകാത്ത വിധമാണ് വിക്കറ്റുകൾ ഒരുക്കിയിട്ടുള്ളതെന്നും ബിജു അറിയിച്ചു.

മത്സരത്തിനിടയിൽ മഴ വില്ലനായെത്തിയാൽ പോലും ക്രിക്കറ്റ് പ്രേമികൾ നിരാശരാകേണ്ടതില്ല; പെയ്തു തോർന്ന് വെറും അരമണിക്കൂറിനുള്ളിൽ കളി പുനരാരംഭിക്കാൻ ശേഷിയുള്ള അത്യാധുനിക ഡ്രെയിനേജ് സംവിധാനമാണ് ഗ്രീൻഫീൽഡിൽ സജ്ജമാക്കിയിരിക്കുന്നത്. ക്യൂറേറ്ററായ ബിജുവിന്റെ നേതൃത്വത്തിൽ 25 പേരോളം അടങ്ങുന്ന സംഘമാണ് പിച്ചിന്റെയും ഔട്ട്ഫീൽഡിന്റെയും നിർമ്മാണത്തിൽ ഏർപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലേറെയായി കെ.സി.എയുടെ വിശ്വസ്തനായ ക്യൂറേറ്ററാണ് എ. എം. ബിജു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിച്ചുകളായിരുന്നു ബിജു ആദ്യം ഒരുക്കിയത്. തുടർന്ന് ഗ്രീൻഫീൽഡിലെയും തുമ്പയിലെയും മംഗലപുരത്തെയുമടക്കം കേരളത്തിലുടനീളമുള്ള സ്റ്റേഡിയങ്ങളിലെ പിച്ചുകൾ ഒരുക്കുന്നതിന് മേൽനോട്ടം വഹിക്കുന്നതും ബിജു തന്നെയാണ്.

ബാറ്റും പന്തും തമ്മിലുള്ള ആവേശപ്പോരാട്ടത്തിനായി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം പൂർണ്ണമായും ഒരുങ്ങിക്കഴിഞ്ഞു. ട്വന്റി-20 ക്രിക്കറ്റിന്റെ യഥാർത്ഥ ആവേശം വാനോളമുയർത്തുന്ന പോരാട്ടങ്ങൾക്കായിരിക്കും വരും ദിവസങ്ങളിൽ സ്റ്റേഡിയം സാക്ഷ്യം വഹിക്കുക.