Super League KeralaFeatured

കണ്ണൂര്‍ വാരിയേഴ്‌സിന് മൂന്ന് നായകന്‍മാര്‍

Resizedimage 2026 09 07 15 23 44 1

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണില്‍ നിലവിലെ ജേതാക്കളായ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയെ നയിക്കാന്‍ മൂന്ന് താരങ്ങള്‍. കാമറൂണ്‍ താരം ഏണസ്റ്റീന്‍ ലവ്‌സാംബ, സ്പാനിഷ് താരം അസിയര്‍ ഗോമസ്, കണ്ണൂര്‍ സ്വദേശി മുഹമ്മദ് സിനാന്‍ എന്നിവരാണ് മൂന്നാം സീസണില്‍ കണ്ണൂര്‍ വാരിയേഴ്‌സിനെ നയിക്കുക.
ഏണസ്റ്റീന്‍ ലവ്‌സാംബയും അസിയര്‍ ഗോമസും സൂപ്പര്‍ ലീഗ് കേരളയില്‍ തുടര്‍ച്ചയായി മൂന്നാം സീസണിലാണ് കണ്ണൂര്‍ വാരിയേഴ്‌സ് കുപ്പായം അണിയുന്നത്. കണ്ണൂര്‍ വാരിയേഴ്‌സിന് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരമെന്ന റെക്കോര്‍ഡും ഇരുവരുടെയും പേരിലാണ്.

ലവ്‌സാംബ കഴിഞ്ഞ സീസണിലും കണ്ണൂര്‍ വാരിയേഴ്‌സിന്റെ ക്യാപ്റ്റന്‍മാരില്‍ ഒരാളായിരുന്നു.
കണ്ണൂര്‍ വാരിയേഴ്‌സിന് വേണ്ടി ഏറ്റവും അധികം ഗോളും അസിസ്റ്റും നേടിയ താരമെന്ന റെക്കോര്‍ഡ് അസിയര്‍ ഗോമസിന്റെ പേരിലാണ്. കണ്ണൂര്‍ കക്കാട് സ്വദേശിയായ മുഹമ്മദ് സിനാന്‍ എസ്.എല്‍.കെ. രണ്ടാം സീസണില്‍ കണ്ണൂര്‍ വാരിയേഴ്‌സിനെ കിരീടത്തിലേക്ക് എത്തിക്കാന്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ്. സീസണിലെ എമെര്‍ജിംങ് താരവുമായി.