Kerala Cricket LeagueFeatured

കെസിഎല്ലിനെ ആവേശലഹരിയിലാക്കിയ ആരാധകർക്ക് നന്ദി അറിയിച്ച് കേരള ക്രിക്കറ്റ്‌ അസോസിയേഷൻ

Resizedimage 2026 09 07 15 40 09 1

ഫൈനൽ ദിനം ഗാലറിയിലേക്ക് ഒഴുകിയെത്തിയത് 28,000-ത്തിലധികം പേർ

​തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) സീസൺ 3-ന്റെ ചരിത്ര വിജയത്തിന് പിന്നിൽ അണിനിരന്ന ക്രിക്കറ്റ് പ്രേമികൾക്ക് നന്ദി അറിയിച്ച് കെസിഎ. സമാനതകളില്ലാത്ത ജനപങ്കാളിത്തമാണ് ഇത്തവണ കെസിഎല്ലിന് ലഭിച്ചത്. ഫൈനൽ പോരാട്ടം നേരിൽ കാണാൻ 28,000-ത്തിലധികം കാണികളാണ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. മത്സരം കാണാനായി ഗാലറിയിലേക്ക് ഇരച്ചെത്തിയത് കെസിഎല്ലിനോടുള്ള ജനങ്ങളുടെ വലിയ താല്പര്യമാണ് വരച്ചുകാട്ടുന്നത്. മത്സരം അവസാനിക്കുന്നതുവരെ സ്റ്റേഡിയം നിറഞ്ഞുനിന്ന കാണികൾ ടൂർണമെന്റിന് നൽകിയ പിന്തുണക്കു കെസിഎ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി നായർ നന്ദി പറഞ്ഞു.

​ജനങ്ങൾക്കിടയിൽ കെസിഎല്ലിന് ലഭിച്ച വലിയ സ്വീകാര്യതയുടെ നേർക്കാഴ്ചയായിരുന്നു ഇത്തവണ സ്റ്റേഡിയത്തിൽ കണ്ട സ്പോൺസർമാരുടെ നീണ്ട നിര. ഫ്രാഞ്ചൈസികൾക്കും ലീഗിനുമായി നിരവധി പുതിയ ബ്രാൻഡുകളാണ് ഇത്തവണ പരസ്യങ്ങളുമായി എത്തിയത്. ടൂർണമെന്റിന്റെ വൻ വിജയത്തെ തുടർന്ന് അടുത്ത സീസണിലേക്കായി പുതിയ സ്പോൺസർമാർ കെസിഎയെ സമീപിച്ചു തുടങ്ങിയതും ജനങ്ങളുമായി വൈകാരിക ബന്ധം സ്ഥാപിക്കാൻ കെ.സി.എല്ലിന് കഴിഞ്ഞുവെന്നതിൻ്റെ തെളിവാണെന്ന് കെസിഎ സെക്രട്ടറി വിനോദ് എസ്. കുമാർ പറഞ്ഞു.

മൂന്നാം സീസണിന് മുന്നോടിയായി കെസിഎ വിഭാവനം ചെയ്ത ‘കെസിഎൽ ഫാൻ ലീഗ്’ വൻ വിജയമായിരുന്നു. ഡൊമസ്റ്റിക് ക്രിക്കറ്റിനെ സ്നേഹിക്കുന്നവരെയും പ്രാദേശിക താരങ്ങളെയും ആരാധകരെയും കോർത്തിണക്കി അവർക്ക് മികച്ചൊരു ക്രിക്കറ്റ് അനുഭവം സമ്മാനിക്കാനും, ഫാൻ ലീഗ് വിജയികളെ നേരിട്ട് സ്റ്റേഡിയത്തിൽ എത്തിക്കാനും ഇതിലൂടെ സാധിച്ചത് സീസൺ 3-ന്റെ വിജയത്തിന് വലിയ പങ്കുവഹിച്ചു.

വരും വർഷങ്ങളിൽ ഫാൻ ലീഗ് ഉൾപ്പെടെയുള്ള പദ്ധതികൾ വിപുലീകരിച്ച്, സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമുള്ള കൂടുതൽ ക്രിക്കറ്റ് താരങ്ങൾക്കും ആരാധകർക്കും അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ കെസിഎൽ ആവേശം നേരിട്ടനുഭവിക്കാൻ അവസരമൊരുക്കും.

ടൂർണമെന്റിന്റെ പ്രചാരണാർത്ഥം ഒരുക്കിയ മോഹൻലാലും സഞ്ജു സാംസണും ഒന്നിച്ച പരസ്യചിത്രം വലിയ ജനശ്രദ്ധ ആകർഷിച്ചിരുന്നു. ഫൈനൽ മത്സരം കാണാൻ സഞ്ജു സാംസൺ നേരിട്ടെത്തിയത് ആരാധകർക്ക് ഇരട്ടി മധുരമായി.