Super League KeralaFeatured

ഗോളടി വീരന്‍ ജെറാര്‍ഡ് കണ്ണൂര്‍ വാരിയേഴ്‌സില്‍

Resizedimage 2026 08 30 13 05 10 1

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ നിലവിലെ ജേതാക്കളായ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി ഗോളടി വീരന്‍ സ്‌പെയിന്‍ സ്‌ട്രൈക്കര്‍ ജെറാര്‍ഡ് ആര്‍ട്ടിഗാസിനെയും മധ്യനിര താരം ഫ്രെഡറിക് അന്‍സാ ബോട്ട്ച്വേയും ടീമിലെത്തിച്ചു.
ലോക പ്രശസ്തമായ ബാഴ്‌സലോണയുടെ ലാ മാസിയ അക്കാദമിയിലൂടെ വളര്‍ന്ന ജെറാര്‍ഡ് ആര്‍ട്ടിഗാസിന് സ്‌പെയിന്‍, പോളണ്ട്, ഇറ്റലി, ആന്‍ഡോറ, ഇന്‍ഡോനേഷ്യ, വിയറ്റ്‌നാം, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ ലീഗുകളില്‍ കളിച്ച പരിചയമുണ്ട്. കഴിഞ്ഞ സീസണില്‍ ഐ ലീഗ് ക്ലബ് രാജസ്ഥാന്‍ യുണൈറ്റഡിന് വേണ്ടി ബൂട്ടുകെട്ടിയ താരം മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. യു.ഇ.എഫ്.എ. ചാമ്പ്യന്‍സ് ലീഗ്, യു.ഇ.എഫ്.എ. കോണ്‍ഫറന്‍സ് ലീഗ് യോഗ്യത മത്സരങ്ങളിലും കളിച്ച പരിചയ സമ്പത്ത് താരത്തിനുണ്ട്.


ഘാന താരം ഫ്രെഡറിക് അന്‍സാ ബോട്ട്ച്വേ ഘാനയിലെ പ്രമുഖ ക്ലബായ ഹാര്‍ട്ട്‌സ് ഓഫ് ഓക്ക് എഫ്‌സിക്കൊപ്പം അഞ്ച് പ്രധാന കിരീടങ്ങള്‍ സ്വന്തമാക്കി. 2020-21 ഘാന പ്രീമിയര്‍ ലീഗ് കിരീടവും രണ്ട് ഘാന എഫ്എ കിരീടങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ആഫ്രിക്കന്‍ ചാമ്പ്യന്‍സ് ലീഗ്, കോണ്‍ഫറന്‍സ് ലീഗ് എന്നീ മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. ഘാനയ്ക്കു പുറമെ എത്യോപ്യ, സിംബാബ്വെ എന്നീ രാജ്യങ്ങളിലും കളിച്ചു.

വിദേശ താരങ്ങളെത്തി

കണ്ണൂര്‍ വാരിയേഴ്‌സിന്റെ പ്രധാന നാല് വിദേശ താരങ്ങള്‍ എത്തി. കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ മധ്യനിര താരങ്ങളായ അസിയര്‍ ഗോമസ്, ഏണസ്റ്റീന്‍ ലവ്‌സംബ, ഫ്രെഡറിക് അന്‍സാ ബോട്ട്ച്വേ, പ്രതിരോധ താരം വാരോ അല്‍വാരോ എന്നീ താരങ്ങള്‍ക്ക് റെഡ് മറൈനേഴ്‌സ് സ്വീകരണം നല്‍കി.