Super League KeralaFeatured

അസ്ഹറുദ്ദീന് മൂന്നാം സെഞ്ചുറി; തകർത്തടിച്ച് സച്ചിനും ആകാഷും: കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ!

Resizedimage 2026 08 29 22 24 03 5918[1]

ബാറ്റർമാർ നിറഞ്ഞാടിയ മത്സരത്തിൽ ഏരീസ് കൊല്ലം സെയിലേഴ്സിനെതിരെ 253 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമുയർത്തി ആലപ്പി റിപ്പിൾസ്. കെസിഎൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന സ്കോ‍ർ കൂടിയാണിത്. സീസണിലെ തന്റെ മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ. സച്ചിൻ ബേബിയും ആകാശ് പിള്ളയും അർദ്ധ സെഞ്ചുറിയും നേടി.

ഇന്നിങ്സിലെ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയാണ് ആകാശ് പിള്ള തുടങ്ങിയത്. തുടർന്ന് കണ്ടത് കൂറ്റൻ ഷോട്ടുകളുടെ പെരുമഴയാണ്. പവൻ രാജിനൊഴികെ സെയിലേഴ്സ് ബൗളിങ് നിരയിലാർക്കും റിപ്പിൾസിന്റെ സ്കോറിങ് നിയന്ത്രിച്ചു നിർത്താനായില്ല. അഞ്ചാം ഓവറിൽ തന്നെ റിപ്പിൾസിന്റെ സ്കോർ അൻപതിലെത്തി. തന്റെ മാന്ത്രിക ഫോം തുടർന്ന മുഹമ്മദ് അസ്ഹറുദ്ദീൻ വെറും 23 പന്തുകളിൽ നിന്നാണ് അർദ്ധ സെഞ്ചുറി പൂർത്തിയാക്കിയത്. എസ്. മിഥുൻ എറിഞ്ഞ എട്ടാം ഓവറിൽ മൂന്ന് സിക്സടക്കം 21 റൺസാണ് അസ്ഹറുദ്ദീൻ നേടിയത്. മറുവശത്ത് ആകാശ് പിള്ള അസറിന് മികച്ച പിന്തുണ നൽകി.

സെയിലേഴ്സിന്റെ ക്യാപ്റ്റൻ വത്സൽ ഗോവിന്ദ് ബൗളർമാരെ മാറി മാറി പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. അസ്ഹറുദ്ദീനും ആകാഷും ചേർന്ന് 8.3 ഓവറിൽ റിപ്പിൾസിന്റെ സ്കോർ 100 കടത്തി. സ്കോർ 55ൽ നിൽക്കെ 14-ാം ഓവറിലെ ആദ്യ പന്തിലാണ് റിപ്പിൾസിന്റെ ഏക വിക്കറ്റ് വീണത്. 42 പന്തിൽ 72 റൺസെടുത്ത ആകാശ് പിള്ള, എ.ജി. അമലിന്റെ പന്തിൽ എസ്. മിഥുൻ ക്യാച്ചെടുത്താണ് പുറത്തായത്. 11 ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു ആകാഷിന്റെ ഇന്നിങ്സ്. തുടർന്നെത്തിയ സച്ചിൻ ബേബിയും ആഞ്ഞടിച്ചതോടെ 17-ാം ഓവറിൽ സ്കോർ 200ൽ എത്തി.

തൊട്ടുപിന്നാലെ അസ്ഹറുദ്ദീൻ തന്റെ മൂന്നാം സെഞ്ചുറിയും പൂർത്തിയാക്കി. കെസിഎൽ ചരിത്രത്തിലാദ്യമായാണ് ഒരു താരം മൂന്ന് സെഞ്ചുറി നേടുന്നത്. 23 പന്തിൽ അൻപത് തികച്ച അസർ, 48 പന്തിലാണ് നൂറിലെത്തിയത്. ഈ സീസണിൽ സെയിലേഴ്സിനെതിരെയുള്ള ആദ്യ മത്സരത്തിലും അസ‍ർ സെഞ്ച്വറി നേടിയിരുന്നു. ഇന്നിങ്സിനിടെ അസർ ഈ സീസണിൽ 500 റൺസും പൂർത്തിയാക്കി. ഏഴ് ഇന്നിങ്സുകളിൽ നിന്ന് മൂന്ന് സെഞ്ച്വറിയും മൂന്ന് അ‍ർദ്ധ സെഞ്ച്വറിയുമടക്കം 526 റൺസാണ് സീസണിൽ അസറുദ്ദീൻ ഇത് വരെ നേടിയത്. 52 പന്തിൽ നാല് ഫോറും എട്ട് സിക്സുമടക്കം 107 റൺസുമായി അസ്ഹറുദ്ദീൻ പുറത്താകാതെ നിന്നു.

മറുവശത്ത് സച്ചിൻ ബേബിയും തകർപ്പൻ ഇന്നിങ്സാണ് കാഴ്ചവച്ചത്. 26 പന്തുകളിൽ നാല് ഫോറും ഏഴ് സിക്സുമടക്കം 68 റൺസാണ് സച്ചിൻ നേടിയത്. കെ.ജി. അഖിൽ എറിഞ്ഞ അവസാന ഓവറിൽ നാല് പന്തിൽ മൂന്ന് സിക്സും ഒരു ഫോറും ഉൾപ്പെടെ 22 റൺസാണ് സച്ചിൻ അടിച്ചെടുത്തത്.