ഫ്രഞ്ച് സ്ട്രൈക്കർ അമാദു സൊകുന മലപ്പുറം എഫ്‌സിയിൽ

മലപ്പുറം: സൂപ്പർ ലീഗ് കേരളയുടെ പുതിയ സീസണിൽ ഗോളടിച്ച് കൂട്ടാൻ ഫ്രഞ്ച് സെന്റർഫോർവേഡ് താരം അമാദു സൊകുനയെ ടീമിലെത്തിച്ച് മലപ്പുറം എഫ്‌സി. രാജസ്ഥാൻ യുണൈറ്റഡ് എഫ്.സിയിലൂടെ ഇന്ത്യൻ ഫുട്ബോളിൽ തിളങ്ങിയ ഈ മുന്നേറ്റനിര താരം ഇനി മലപ്പുറം എഫ്സിക്കുവേണ്ടി പന്തുതട്ടും. 34കാരനായ അമാദു സൊകുന ഫ്രഞ്ച് ക്ലബ്ബായ ടൗലൂസ് എഫ്.സിയുടെ യൂത്ത് അക്കാദമിയിലൂടെ വളർന്നുവന്ന താരമാണ്. ലീഗ് വണ്ണിൽ അവരുടെ സീനിയർ ടീമിനായും കളത്തിലിറങ്ങി.
ഫ്രാൻസിന്റെ അണ്ടർ-19 ദേശീയ ടീമിനായും ബൂട്ടണിഞ്ഞിട്ടുണ്ട് സൊകുന. ഫ്രഞ്ച് ലീഗുകൾക്ക് പുറമെ ഇഎഫ്എൽ ലീഗ്,സൗത്ത് ആഫ്രിക്കൻ പ്രീമിയർ ഡിവിഷൻ, തായ്‌ലൻഡ് ലീഗ് തുടങ്ങിയ വിദേശ ലീഗുകളിലും കളിച്ച് അനുഭവസമ്പത്തുള്ള കളിക്കാരനാണ്. സെന്റർഫോർവേഡ് പൊസിഷനിലും സെക്കൻഡ് സ്ട്രൈക്കറായും ഒരുപോലെ തിളങ്ങാൻ കഴിയുന്ന സൊകുന മികച്ച ഫിനിഷിങ്ങും വേഗതയും കൊണ്ട് എതിർ പ്രതിരോധനിരയ്ക്ക് ഭീഷണി ഉയർത്താൻ കഴിയുന്ന താരമാണ്. സൊകുനയുടെ വരവ് മലപ്പുറം എഫ്.സിയുടെ ഗോൾവേട്ടയ്ക്ക് കരുത്ത് പകരും.