CricketFeatured

കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചാമ്പ്യൻഷിപ്പ്: എമറാൾഡിനും സഫയറിനും വിജയം

Img 20260905 Wa0048

തിരുവനന്തപുരം: കെസിഎ പിങ്ക് വനിതാ ട്വന്റി-20 ചലഞ്ചേഴ്സ് ചാമ്പ്യൻഷിപ്പിൽ എമറാൾഡിനും സഫയറിനും വിജയം. എമറാൾഡ് റൂബീസിനെ ഏഴ് വിക്കറ്റിനും, സഫയർ പേൾസിനെ ആറ് വിക്കറ്റിനുമാണ് തോൽപ്പിച്ചത്. ടൂർണമെന്റിൽ എമറാൾഡിന്റെ തുടർച്ചയായ മൂന്നാം വിജയമാണിത്.

എമറാൾഡിനെതിരെ ആദ്യം ബാറ്റ് ചെയ്ത റൂബീസ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 108 റൺസെടുത്തു. 47 റൺസെടുത്ത അമീറ ബീഗത്തിന്റെ ഒറ്റയാൾ പോരാട്ടമാണ് റൂബീസിന്റെ സ്കോർ 100 കടത്തിയത്. എമറാൾഡിന് വേണ്ടി ശ്രീകൃഷ്ണ ഹരിദാസും ദർശന മോഹനനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ എമറാൾഡ് 11 പന്തുകൾ ബാക്കി നിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. പുറത്താകാതെ 39 റൺസെടുത്ത ദൃശ്യ വാസുദേവനാണ് ടോപ്പ് സ്കോറർ. മനസ്വി പോറ്റി 25-ഉം പി ആർ വൈഷ്ണ 20-ഉം റൺസ് നേടി. ദൃശ്യ വാസുദേവനാണ് പ്ലെയർ ഓഫ് ദി മാച്ച്.

രണ്ടാം മത്സരത്തിൽ സഫയറിനെതിരെ ആദ്യം ബാറ്റ് ചെയ്ത പേൾസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 132 റൺസെടുത്തു. ക്യാപ്റ്റൻ എ അക്ഷയയും പി അഖിലയും ചേർന്ന 89 റൺസ് കൂട്ടുകെട്ടാണ് പേൾസിന് മികച്ച സ്കോർ സമ്മാനിച്ചത്. അക്ഷയ 62-ഉം അഖില 39-ഉം റൺസ് നേടി. അഷിമ ആന്റണി 20 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സഫയറിന് ഓപ്പണർ അൻസു സുനിലിന്റെ തകർപ്പൻ ഇന്നിങ്സാണ് വിജയമൊരുക്കിയത്. 59 പന്തുകളിൽ 12 ഫോറും രണ്ട് സിക്സുമടക്കം 80 റൺസ് നേടിയ അൻസുവാണ് പ്ലെയർ ഓഫ് ദി മാച്ച്. എം പി അലീന 31 റൺസെടുത്തു. 19.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ സഫയർ ലക്ഷ്യത്തിലെത്തി. പേൾസിന് വേണ്ടി രോഹിണി മാനെ രണ്ട് വിക്കറ്റ് വീഴ്ത്തി.