മുന്നേറ്റ നിരയിലെ വിശ്വസ്ത സാന്നിധ്യം അക്ബർ സിദ്ധീഖിനെ നിലനിർത്തി മലപ്പുറം എഫ്.സി

മലപ്പുറം: വരും സീസണിലെ സൂപ്പർ ലീഗ് കേരള പോരാട്ടങ്ങൾക്കായി യുവ മുന്നേറ്റ താരം അക്ബർ സിദ്ധീഖിനെ ടീമിൽ നിലനിർത്തി മലപ്പുറം എഫ്.സി. കഴിഞ്ഞ സീസണിൽ ആക്രമണ നിരയിൽ പുറത്തെടുത്ത മികച്ച പ്രകടനവും സ്ഥിരതയാർന്ന മികവുമാണ് കൊണ്ടോട്ടി സ്വദേശിയായ 25കാരന് ടീമിൽ തുടരാൻ വഴിയൊരുക്കിയത്.കഴിഞ്ഞ സീസണിൽ മലപ്പുറം എഫ്.സിയുടെ മുന്നേറ്റ നിരയിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്ന അക്ബർ വേഗതയും മികച്ച പന്തടക്കവും പ്രതിരോധനിരയെ സമ്മർദ്ദത്തിലാക്കുന്ന മുന്നേറ്റങ്ങളുമായി ആരാധകരുടെ പ്രീതി നേടിയിരുന്നു.
സന്തോഷ് ട്രോഫിയിലും നാഷണൽ ഗെയിംസിലും കേരളത്തിനായി കളിച്ചിട്ടുള്ള അക്ബർ മുൻപ് കണ്ണൂർ വാരിയേഴ്സ്, ഗോകുലം കേരള, ബെംഗളൂരു എം.ഇ.ജി, വയനാട് യുണൈറ്റഡ് തുടങ്ങിയ ക്ലബ്ബുകൾക്കായും ബൂട്ടണിഞ്ഞിട്ടുണ്ട്. ഇംഗ്ലീഷ് ക്ലബ്ബായ മോർക്കാംബെ എഫ്.സിയുടെ കീഴിൽ ഇംഗ്ലണ്ടിൽ പരിശീലനം നേടിയ അനുഭവസമ്പത്തും താരത്തിനുണ്ട്.
അക്ബറിന്റെ സാന്നിധ്യം വരും സീസണിൽ ടീമിന്റെ മുന്നേറ്റ നിരയ്ക്ക് കൂടുതൽ മൂർച്ച പകരുമെന്ന് മലപ്പുറം എഫ്.സി മാനേജ്‌മെന്റ് വ്യക്തമാക്കി.
ക്ലബ്ബിനൊപ്പം തുടരാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് അക്ബർ സിദ്ധീഖ് പറഞ്ഞു. വരുന്ന സീസണിൽ ആരാധകർക്കായി മികച്ച പ്രകടനം പുറത്തെടുക്കുന്നതിനൊപ്പം ടീമിനെ കിരീടത്തിലേക്ക് നയിക്കാൻ പരമാവധി പരിശ്രമിക്കുമെന്നും താരം വ്യക്തമാക്കി.