FeaturedOthers

CTR – JK ടയർ FMSCI ഇന്ത്യൻ നാഷണൽ കാർ റേസിങ് ചാമ്പ്യൻഷിപ്പ് 2026; 29-ാമത് സീസൺ സെപ്റ്റംബറിൽ ആരംഭിക്കും

Mr Arindhamn Gosh, Akbar Ebrahim, Hon A Srinathn Fisheries TN, Dr Shweta Anand, Rakshitha, Mr.Srinivasan Allaphan
Mr Arindhamn Gosh, Akbar Ebrahim, Hon A Srinathn Fisheries TN, Dr Shweta Anand, Rakshitha, Mr.Srinivasan Allaphan.

ചെന്നൈ, ആഗസ്റ്റ് 19, 2026: ഇന്ത്യയിലെ പ്രമുഖ സർക്യൂട്ട് റേസിങ് ചാമ്പ്യൻഷിപ്പ് ആയ CTR – JK ടയർ FMSCI ഇന്ത്യൻ നാഷണൽ കാർ റേസിങ് ചാമ്പ്യൻഷിപ്പ് 2026-ന്റെ 29-ാമത് സീസണിന് അടുത്ത മാസം തുടക്കമാകും. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്ച ചെന്നൈയിൽ നടന്നു.

തമിഴ്‌നാട് സർക്കാർ പ്രതിനിധികൾ, ഫെഡറേഷൻ ഓഫ് മോട്ടോർ സ്പോർട്സ് ക്ലബ്സ് ഓഫ് ഇന്ത്യ (FMSCI), ജെ.കെ ടയർ (JK Tyre), ചെന്നൈ ടർബോ റൈഡേഴ്സ് (CTR), ചാമ്പ്യൻഷിപ്പ് ടീമുകൾ, മോട്ടോർസ്പോർട്ട് മാധ്യമങ്ങൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഇന്ത്യൻ സർക്യൂട്ട് റേസിങ് രംഗത്ത് മറ്റൊരു പ്രധാന സീസണിനാണ് ഇതോടെ കളമൊരുങ്ങിയിരിക്കുന്നത്.

​തമിഴ്‌നാട് ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ. ശ്രീനാഥ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. എഫ്.ഐ.എ വേൾഡ് മോട്ടോർ സ്പോർട് കൗൺസിൽ അംഗവും എഫ്.ഐ.എ ഇന്റർനാഷണൽ കാർട്ടിങ് കമ്മീഷൻ പ്രസിഡന്റുമായ അക്ബർ ഇബ്രാഹിം, എഫ്.എം.എസ്.സി.ഐ പ്രസിഡന്റ് അരിന്ദം ഘോഷ്, ചെന്നൈ ടർബോ റൈഡേഴ്സ് ഡയറക്ടർ ഡോ. ശ്വേത സുന്ദീപ് ആനന്ദ്, ജെ.കെ ടയർ ആന്റ് ഇൻഡസ്ട്രീസ് ലിമിറ്റഡ് സെയിൽസ് & മാർക്കറ്റിംഗ് ഡയറക്ടർ ശ്രീനിവാസു അല്ലഫാൻ എന്നിവരും മറ്റ് പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

2026 ലെ സീസണിനായുള്ള ഒരുക്കങ്ങളും, ഇന്ത്യയുടെ മോട്ടോർസ്പോർട്ട് ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായുള്ള സി.ടി.ആർ, ജെ.കെ ടയർ എന്നിവയുടെ സംയുക്ത പ്രതിബദ്ധതയും കർട്ടൻ-റൈസറിൽ വ്യക്തമാക്കുകയുണ്ടായി.

മൂന്ന് പതിറ്റാണ്ടോളമായി നീളുന്ന റേസിങ് പാരമ്പര്യം

1997-ൽ സ്ഥാപിതമായ എഫ്.എം.എസ്.സി.ഐ ഇന്ത്യൻ നാഷണൽ കാർ റേസിങ് ചാമ്പ്യൻഷിപ്പ്, ഇന്ത്യയിലെ മുൻനിര സർക്യൂട്ട് റേസിങ് ചാമ്പ്യൻഷിപ്പായും മോട്ടോർസ്പോർട്ട് പ്രതിഭകളെ വളർത്തിയെടുക്കുന്നതിനുള്ള പ്രധാന വേദികളിലൊന്നായും വളർന്നിട്ടുണ്ട്.

ഈ ചാമ്പ്യൻഷിപ്പിന്റെ വളർച്ചയിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ജെ.കെ ടയർ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. പുതിയ റേസിങ് കാറ്റഗറികൾ കൊണ്ടു വന്നും, മെച്ചപ്പെട്ട റേസിങ് മെഷീനുകൾ ഒരുക്കിയും, അന്താരാഷ്ട്ര നിലവാരത്തിലുള്ള മത്സര ഫോർമാറ്റുകൾ കൊണ്ടുവന്നും ഈ മത്സരം ആഗോള നിലവാരത്തിലേക്ക് പുരോഗമിച്ചിട്ടുണ്ട്. ഒപ്പം ഇന്ത്യൻ ഡ്രൈവർമാർക്ക് ഉന്നത തലത്തിലുള്ള മോട്ടോർസ്പോർട്ടിലേക്ക് മുന്നേറാനുള്ള അവസരങ്ങളും ഈ ടൂർണമെന്റ് നൽകുന്നു.

നരേൻ കാർത്തികേയൻ, കരുൺ ചന്ദോക്, അർമാൻ ഇബ്രാഹിം, ആദിത്യ പട്ടേൽ, കുഷ് മെയ്നി തുടങ്ങിയ പ്രമുഖ ഇന്ത്യൻ റേസർമാർ ഈ റേസിങ് ആവാസവ്യവസ്ഥയിലൂടെയാണ് ഇന്റർനാഷണൽ ലെവലിലേക്ക് ഉയർന്നുവന്നത്.

ഇന്ത്യൻ റേസിങ് ലീഗ്, എഫ്4 ഇന്ത്യൻ ചാമ്പ്യൻഷിപ്പ് തുടങ്ങിയ പ്രധാന റേസിങ് വേദികളിലൂടെ ചെന്നൈ ടർബോ റൈഡേഴ്സും (CTR) ഇന്ത്യൻ മോട്ടോർസ്പോർട്ടിൽ സജീവ സാന്നിധ്യമായി മാറിയിട്ടുണ്ട്.

അരങ്ങേറ്റ സീസണിൽ തന്നെ 2023-ലെ എഫ്4 ഇന്ത്യൻ ചാമ്പ്യൻഷിപ്പ് കിരീടം സി.ടി.ആർ സ്വന്തമാക്കിയിരുന്നു. തുടർന്ന് ഡ്രൈവർമാരുടെ ഉന്നമനം, കാർട്ടിങ്, ഗ്രാസ്‌റൂട്ട് റേസിങ്, ഫാൻ എൻഗേജ്‌മെന്റ്, മോട്ടോർസ്പോർട്ട് അവബോധം തുടങ്ങിയ മേഖലകളിലേക്ക് അവർ പ്രവർത്തനം വ്യാപിപ്പിച്ചു.

2026-ലെ ചാമ്പ്യൻഷിപ്പിനായുള്ള സി.ടി.ആറും ജെ.കെ ടയറും തമ്മിലുള്ള പങ്കാളിത്തം ഈ പാരമ്പര്യം കെട്ടിപ്പടുക്കുന്നതിനൊപ്പം വളർന്നുവരുന്ന ഇന്ത്യൻ റേസിങ് പ്രതിഭകൾക്ക് മികച്ച അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ്.

‘പാരമ്പര്യം നിലനിർത്താൻ മാത്രമല്ല, അത് വളർത്താനാണ് ഞങ്ങൾ ഇവിടെയുള്ളത്’: സി.ടി.ആർ

ലോഞ്ച് ചടങ്ങിൽ സംസാരിച്ച സി.ടി.ആർ ഡയറക്ടർ ഡോ. ശ്വേത സുന്ദീപ് ആനന്ദ് വരാനിരിക്കുന്ന സീസണിനെക്കുറിച്ചുള്ള തങ്ങളുടെ ലക്ഷ്യങ്ങൾ വ്യക്തമാക്കിക്കൊണ്ട് പറഞ്ഞു:

“പാരമ്പര്യം നിലനിർത്താൻ മാത്രമാണ് ഞങ്ങൾ ഇവിടെയുള്ളതെന്ന് കരുതരുത്; അത് കൂടുതൽ ഉയരങ്ങളിലെത്തിക്കാനാണ് ഞങ്ങൾ ഇവിടെയുള്ളത്. ഈ ചാമ്പ്യൻഷിപ്പിന്റെ 29-ാമത് സീസൺ ഇതിന് മുൻപ് നടന്ന മറ്റേതൊരു സീസണെക്കാളും കൂടുതൽ ആളുകൾ കാണുകയും, കൂടുതൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും, കൂടുതൽ ആരാധകർ ഓർമ്മിക്കുകയും ചെയ്യും. അതൊരു വെറും കാഴ്ചപ്പാടല്ല, അതൊരു വ്യക്തമായ പദ്ധതിയാണ്.”

തങ്ങളുടെ ചാമ്പ്യൻഷിപ്പിനോടുള്ള പ്രതിബദ്ധതയും ഇന്ത്യൻ മോട്ടോർസ്പോർട്ട് പ്രതിഭകളെ വളർത്തുന്നതിനുള്ള ലക്ഷ്യവും ജെ.കെ ടയർ സെയിൽസ് & മാർക്കറ്റിംഗ് ഡയറക്ടർ ശ്രീനിവാസു അല്ലപാൻ ആവർത്തിച്ചു വ്യക്തമാക്കി.

“കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളമായി ഇന്ത്യൻ മോട്ടോർസ്പോർട്ടിന്റെ വളർച്ചയ്ക്കായുള്ള ജെ.കെ ടയറിന്റെ പ്രതിബദ്ധതയുടെ കേന്ദ്രബിന്ദുവാണ് ഇന്ത്യൻ നാഷണൽ കാർ റേസിങ് ചാമ്പ്യൻഷിപ്പ്. നിരവധി പ്രതിഭകളായ ഡ്രൈവർമാർക്ക് മത്സരങ്ങളിൽ പങ്കെടുക്കാനും കഴിവുകൾ വികസിപ്പിക്കാനും കായികരംഗത്ത് ഉയർന്ന തലങ്ങളിലേക്ക് മുന്നേറാനുമുള്ള അവസരം ഈ ചാമ്പ്യൻഷിപ്പ് നൽകിയിട്ടുണ്ട്.

2026 സീസണിലേക്ക് കടക്കുമ്പോൾ, ഈ ശക്തമായ അടിത്തറയ്ക്ക് മുകളിൽ കൂടുതൽ കാര്യങ്ങൾ കെട്ടിപ്പടുക്കുന്നതിനായി ചെന്നൈ ടർബോ റൈഡേഴ്സുമായും എഫ്.എം.എസ്.സി.ഐയുമായും പങ്കാളികളാകുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. വളർന്നുവരുന്ന പ്രതിഭകൾക്ക് മികച്ച അവസരങ്ങൾ സൃഷ്ടിക്കുന്നതിനും, മത്സരങ്ങളുടെ നിലവാരം ഉയർത്തുന്നതിനും, ഇന്ത്യയിൽ മോട്ടോർസ്പോർട്ടിന്റെ തുടർച്ചയായ വളർച്ചയ്ക്ക് സംഭാവന നൽകുന്നതിനും ഞങ്ങൾ ഒരുമിച്ച് പ്രതിജ്ഞാബദ്ധരാണ്.”

കോയമ്പത്തൂർ, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ ചാമ്പ്യൻഷിപ്പ് നടക്കും

2026-ലെ ചാമ്പ്യൻഷിപ്പ് നാല് റൗണ്ടുകളായാണ് നടക്കുന്നത്. സെപ്റ്റംബർ 11-ന് കോയമ്പത്തൂരിലെ കാരി മോട്ടോർ സ്പീഡ്‌വേയിലാണ് സീസണിന് തുടക്കമാകുന്നത്.

ആദ്യ രണ്ട് റൗണ്ടുകൾക്ക് കാരി മോട്ടോർ സ്പീഡ്‌വേ ആതിഥേയത്വം വഹിക്കും. തുടർന്ന് ബെംഗളൂരുവിലെ ബി.ആർ.ഇ.എൻ റേസ്‌വേയിലേക്ക് (BREN Raceway) ചാമ്പ്യൻഷിപ്പ് മാറും. ഡിസംബറിൽ ചെന്നൈയിലെ മദ്രാസ് ഇന്റർനാഷണൽ സർക്യൂട്ടിൽ വെച്ചാണ് സീസൺ സമാപിക്കുന്നത്.

2026 ലെ താൽക്കാലിക റേസ് കലണ്ടർ

  • റൗണ്ട് 1: സെപ്റ്റംബർ 11–13, 2026 – കാരി മോട്ടോർ സ്പീഡ്‌വേ, കോയമ്പത്തൂർ, തമിഴ്‌നാട്
  • റൗണ്ട് 2: ഒക്ടോബർ 23–25, 2026 – കാരി മോട്ടോർ സ്പീഡ്‌വേ, കോയമ്പത്തൂർ, തമിഴ്‌നാട്
  • റൗണ്ട് 3: നവംബർ 13–15, 2026 – ബി.ആർ.ഇ.എൻ റേസ്‌വേ, ബെംഗളൂരു, കർണാടക
  • റൗണ്ട് 4: ഡിസംബർ 11–13, 2026 – മദ്രാസ് ഇന്റർനാഷണൽ സർക്യൂട്ട്, ചെന്നൈ, തമിഴ്‌നാട്

എല്ലാ സെഷനുകളും തത്സമയം സംപ്രേക്ഷണം ചെയ്യുമെന്നും ചാമ്പ്യൻഷിപ്പ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ആരാധകർക്ക് സീസണിലുടനീളം മത്സരങ്ങൾ കൂടുതൽ എളുപ്പത്തിൽ ആസ്വദിക്കാൻ സഹായകരമാകും.

ഡിസംബർ 11 മുതൽ 13 വരെ മദ്രാസ് ഇന്റർനാഷണൽ സർക്യൂട്ടിൽ നടക്കുന്ന അവസാന റൗണ്ട് സീസൺ-എൻഡിങ് ഗ്രാൻഡ് ഫിനാലെയായി നടക്കും. ഇവിടെ വെച്ചായിരിക്കും രാജ്യത്തിന്റെ ഏറ്റവും പുതിയ ദേശീയ ചാമ്പ്യന്മാരെ കിരീടം ചൂടിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര മോട്ടോർ റേസിന് ആതിഥേയത്വം വഹിച്ച ചെന്നൈ സർക്യൂട്ടിന് ഇന്ത്യൻ മോട്ടോർസ്പോർട്ട് ചരിത്രത്തിൽ സുപ്രധാന സ്ഥാനമാണുള്ളത്.

ഇന്ത്യൻ മോട്ടോർസ്പോർട്ടിൽ ജെ.കെ ടയറിന്റെ ദീർഘകാല പങ്ക്

ഏകദേശം മൂന്ന് പതിറ്റാണ്ടുകളായി ഇന്ത്യൻ മോട്ടോർസ്പോർട്ടുമായി സഹകരിച്ചു പ്രവർത്തിക്കുന്ന ജെ.കെ ടയർ, രാജ്യത്ത് ഈ കായികരംഗം വളർത്തുന്നതിലും ജനകീയമാക്കുന്നതിലും മുൻനിര പങ്ക് വഹിച്ചിട്ടുണ്ട്.

റേസിങ് വേദികൾ സൃഷ്ടിച്ചും തദ്ദേശീയമായ പ്രതിഭകളുടെ വളർച്ചയെ പിന്തുണച്ചും മോട്ടോർസ്പോർട്ട് കൂടുതൽ ജനപ്രിയമാക്കാൻ കമ്പനി പ്രവർത്തിച്ചിട്ടുണ്ട്. നരേൻ കാർത്തികേയൻ, കരുൺ ചന്ദോക്, അർമാൻ ഇബ്രാഹിം, കുഷ് മെയ്നി, അർജുൻ മെയ്നി, അനിന്ദിത് റെഡ്ഡി എന്നിവരുൾപ്പെടെയുള്ള നിരവധി പ്രമുഖ ഇന്ത്യൻ റേസർമാരുടെ കരിയറിന് ജെ.കെ ടയറിന്റെ ചാമ്പ്യൻഷിപ്പുകളും സംരംഭങ്ങളും അടിത്തറയൊരുക്കിയിട്ടുണ്ട്.

കൂടാതെ, ജെ.കെ ടയർ ഡബ്ല്യു.ഐ.എ.എ വിമൻസ് റാലി ടൂ ദി വാലി, ജെ.കെ ടയർ ഡിഫൻസ് വൈവ്സ് പവർ ഡ്രൈവ്, ജെ.കെ ടയർ-വൈ.എഫ്.എൽ.ഒ വിമൻസ് പവർ ഡ്രൈവ്, ജെ.കെ ടയർ ടൈംസ് വിമൻസ് ഡ്രൈവ് തുടങ്ങിയ സംരംഭങ്ങളിലൂടെ മോട്ടോർസ്പോർട്ടിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും കമ്പനി പിന്തുണ നൽകിയിട്ടുണ്ട്.

ദേശീയ റേസിങ് ചാമ്പ്യൻഷിപ്പിൽ വനിതകൾ മാത്രമുള്ള ഒരു ടീമിനെയും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

ഇന്ത്യൻ മോട്ടോർസ്പോർട്ട് ആവാസവ്യവസ്ഥ വിപുലീകരിക്കാൻ സി.ടി.ആർ

ഭാരത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിന്റെ (ഭാരത് യൂണിവേഴ്സിറ്റി) കാഴ്ചപ്പാടോടെയാണ് ചെന്നൈ ടർബോ റൈഡേഴ്സ് സ്ഥാപിതമായത്. ഇതൊരു പ്രൊഫഷണൽ മോട്ടോർസ്പോർട്ട് ടീമായും ഇക്കോസിസ്റ്റം ബിൽഡറുമായാണ് പ്രവർത്തിക്കുന്നത്.

റേസിങ് പ്രതിഭകളെ വളർത്തിയെടുക്കുക, പങ്കാളിത്തം വർദ്ധിപ്പിക്കുക, ഗ്രാസ്‌റൂട്ട് തലത്തിൽ നിന്ന് പ്രൊഫഷണൽ തലത്തിലേക്ക് ഘടനാപരമായ ഒരു പാത സ്ഥാപിക്കുക എന്നിവയാണ് ഈ സംഘടനയുടെ ലക്ഷ്യങ്ങൾ.

2022 മുതൽ ഇന്ത്യൻ റേസിങ് ലീഗിലെ ഒരു ഫ്രാഞ്ചൈസിയായ സി.ടി.ആർ, തങ്ങളുടെ ആദ്യ സീസണിൽ തന്നെ 2023-ലെ എഫ്4 ഇന്ത്യൻ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി. റേസിങ് പ്രോഗ്രാമുകൾക്ക് പുറമേ ഡ്രൈവർമാരുടെ പരിശീലനം, കാർട്ടിങ്, ഗ്രാസ്‌റൂട്ട് റേസിങ്, ഫാൻ എൻഗേജ്‌മെന്റ്, മോട്ടോർസ്പോർട്ട് അവബോധം തുടങ്ങിയ പ്രവർത്തനങ്ങളിലേക്കും സംഘടന വ്യാപിച്ചിട്ടുണ്ട്.

സി.ടി.ആർ എഫ്.എം.എസ്.സി.ഐയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിന്റെ വിശാലമായ സ്പോർട്ടിങ് സംരംഭമായ ‘സി.ടി.ആർ യൂഫൈഡ്’ (CTR Unified) ഒന്നിലധികം മോട്ടോർസ്പോർട്ട് വിഭാഗങ്ങളിലെ ടീമുകളെ സംയോജിപ്പിച്ച് പെർഫോമൻസ്-ഡ്രൈവൻ പ്ലാറ്റ്‌ഫോമിൽ ഒന്നിപ്പിക്കുന്നു.

എഫ്.എം.എസ്.സി.ഐയുടെ പ്രധാന ഫോർ-വീൽ ചാമ്പ്യൻഷിപ്പ്

ഫെഡറേഷൻ ഓഫ് മോട്ടോർ സ്പോർട്സ് ക്ലബ്സ് ഓഫ് ഇന്ത്യ (FMSCI), ഇന്ത്യയിലെ ദേശീയ മോട്ടോർസ്പോർട്ട് അതോറിറ്റിയും രാജ്യത്തെ എഫ്.ഐ.എ അഫിലിയേറ്റഡ് ഓട്ടോമൊബൈൽ സ്പോർട് നാഷണൽ ഫെഡറേഷനുമാണ്.

ഇന്ത്യയിലെ ഫോർ വീൽ, ടു വീൽ മോട്ടോർസ്പോർട്ടുകളെ നിയന്ത്രിക്കുന്നതും, ഇവന്റുകളും സർക്യൂട്ടുകളും അംഗീകരിക്കുന്നതും, എഫ്.ഐ.എയുടെ അന്താരാഷ്ട്ര ഭരണഘടനയ്ക്ക് കീഴിൽ രാജ്യത്തെ പ്രതിനിധീകരിക്കുന്നതും എഫ്.എം.എസ്.സി.ഐ ആണ്.

എഫ്.എം.എസ്.സി.ഐ ഇന്ത്യൻ നാഷണൽ കാർ റേസിങ് ചാമ്പ്യൻഷിപ്പ് തന്നെയാണ് അവരുടെ മുൻനിര ഫോർ-വീൽ സർക്യൂട്ട് റേസിങ് പ്രോപ്പർട്ടി.

2026 സീസണിന്റെ ഔദ്യോഗിക പ്രഖ്യാപനത്തോടുകൂടി, ഈ ചാമ്പ്യൻഷിപ്പ് ഒരിക്കൽ കൂടി ഇന്ത്യയിലെ പ്രമുഖ ഡ്രൈവർമാരെയും ടീമുകളെയും നിർമ്മാതാക്കളെയും വിവിധ റേസിങ് വിഭാഗങ്ങളിലായി ഒരുമിച്ച് അണിനിരത്തും.

സെപ്റ്റംബർ 11-ന് കാരി മോട്ടോർ സ്പീഡ്‌വേയിൽ ആരംഭിക്കുന്ന 29-ാമത് സീസണായാണ് ഇനി റേസിംഗ് പ്രേമികളുടെ കാത്തിരിപ്പ്.