Prime VolleyFeatured

പ്രൈം വോളിബോൾ ലീഗ് സീസൺ 5 നവംബർ 30 മുതൽ അഹമ്മദാബാദിൽ

Resizedimage 2026 11 02 17 15 57 7229[1]

അഹമ്മദാബാദ്: പ്രൈം വോളിബോൾ ലീഗിന്റെ (പിവിഎൽ) അഞ്ചാം സീസൺ അഹമ്മദാബാദിൽ അരങ്ങേറും. നരൻപുരയിലെ വീർ സവർക്കർ സ്പോർട്സ് കോംപ്ലക്സിൽ 2026 നവംബർ 30 മുതലാണ് മത്സരങ്ങൾ ആരംഭിക്കുക. രാജ്യത്തുടനീളം പ്രൊഫഷണൽ വോളിബോളിന്റെ സ്വാധീനവും ജനപ്രീതിയും വർദ്ധിപ്പിക്കുകയെന്ന ലീഗിന്റെ ലക്ഷ്യവുമായി ഒരു മാസം നീണ്ടുനിൽക്കുന്ന കായിക മാമാങ്കത്തിൽ അന്താരാഷ്ട്ര പ്രതിഭകൾക്കൊപ്പം ഇന്ത്യയിലെ മുൻനിര വോളിബോൾ താരങ്ങളും മാറ്റുരയ്ക്കും.

2030 കോമൺ‌വെൽത്ത് ഗെയിംസിനായുള്ള ഒരുക്കങ്ങളും 2036 ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ശ്രമങ്ങളായി അഹമ്മദാബാദ് ഒരു പ്രധാന കായിക കേന്ദ്രമായി സ്വയം ശക്തിപ്പെടുന്നതിനിടെയാണ് പ്രൈം വോളിബോൾ ലീഗ് സീസൺ 5 ൻ്റെ വേദി പ്രഖ്യാപനം. നഗരത്തിന്റെ അന്താരാഷ്ട്ര കായിക അടിസ്ഥാന സൗകര്യങ്ങളുടെ ഭാഗമായി വിഭാവനം ചെയ്ത വീർ സവർക്കർ സ്പോർട്സ് കോംപ്ലക്സ്, ഇന്ത്യയിലെ മുൻനിര പ്രൊഫഷണൽ വോളിബോൾ ലീഗിന് അനുയോജ്യമായ വേദിയാണ് ഒരുക്കുന്നത്. കഴിഞ്ഞ സീസണിലെ പോലെ ഇത്തവണയും പത്ത് ടീമുകൾ കിരീടത്തിനായി മാറ്റുരയ്ക്കും. അഹമ്മദാബാദ് ഡിഫൻഡേഴ്‌സ്, ബെംഗളൂരു ടോർപ്പിഡോസ്, കാലിക്കറ്റ് ഹീറോസ്, ചെന്നൈ ബ്ലിറ്റ്സ്, ഡൽഹി തൂഫാൻസ്, ഗോവ ഗാർഡിയൻസ്, കൊച്ചി ബ്ലൂ സ്പൈക്കേഴ്‌സ്, കൊൽക്കത്ത തണ്ടർബോൾട്ട്സ്, മുംബൈ മിറ്റിയോർസ്, തെലുങ്ക് ബ്ലാക്ക് ഹോക്സ് ടീമുകളാണ് മത്സരിക്കുക. ബെംഗളൂരു ടോർപ്പിഡോസ് ആണ് നിലവിലെ ചാമ്പ്യന്മാർ.

ഈ വർഷം ആദ്യം, ഫെഡറേഷൻ ഇന്റർനാഷണൽ ഡി വോളിബോൾ (എഫ്‌ഐവിബി) ഇന്ത്യയിലെ ഒന്നാം ഡിവിഷൻ പ്രൊഫഷണൽ വോളിബോൾ ലീഗായി പിവിഎലിനെ അംഗീകരിച്ചിരുന്നു. ഇതിനിടയിൽ, 2026 ഏഷ്യൻ ഗെയിംസ്, എവിസി കോണ്ടിനെന്റൽ കപ്പ് ജപ്പാൻ, അഹമ്മദാബാദിൽ നടന്ന എവിസി പുരുഷ കപ്പ് എന്നിവയുൾപ്പെടെയുള്ള അന്താരാഷ്ട്ര മത്സരങ്ങളിലെ മികച്ച പ്രകടനങ്ങളെത്തുടർന്ന് എഫ്‌ഐവിബി റാങ്കിംഗിൽ ഇന്ത്യൻ പുരുഷ ദേശീയ ടീം ലോക റാങ്കിംഗിൽ 60-ാം സ്ഥാനത്തുനിന്ന് 42-ാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു.

സീസൺ 5 അഹമ്മദാബാദിലേക്ക് എത്തിക്കുന്നത് ഇന്ത്യയിലുടനീളം പ്രൊഫഷണൽ വോളിബോൾ വളർത്താനുള്ള ഞങ്ങളുടെ യാത്രയിലെ മറ്റൊരു സുപ്രധാന ചുവടുവയ്പ്പാണെന്ന്പ്രൈം വോളിബോൾ ലീഗ് സിഇഒ ജോയ് ഭട്ടാചാര്യ പറഞ്ഞു. അഹമ്മദാബാദിന്റെ വളർന്നുവരുന്ന കായിക അഭിലാഷങ്ങളും ഇന്ത്യൻ പുരുഷ ദേശീയ ടീമിന്റെ മുന്നേറ്റവും കണക്കിലെടുക്കുമ്പോൾ, പിവിഎലിനെ ഈ നഗരത്തിലേക്ക് കൊണ്ടുവരാൻ ഏറ്റവും ആവേശകരമായ സമയമാണിതെന്ന് ഞങ്ങൾ വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രൈം വോളിബോൾ ലീഗിനെ അഹമ്മദാബാദിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് ഏറെ അഭിമാനമുണ്ടെന്ന് അഹമ്മദാബാദ് ഡിഫൻഡേഴ്‌സ് ഉടമ പ്രവീൺ ചൗധരി പറഞ്ഞു. വീർ സവർക്കർ സ്പോർട്സ് കോംപ്ലക്സിൽ പിവിഎൽ സംഘടിപ്പിക്കുന്നത് നഗരത്തിന്റെ കായിക ശേഷി പ്രകടിപ്പിക്കാനുള്ള മറ്റൊരു മികച്ച അവസരമാണെന്ന് ബേസ്‌ലൈൻ വെഞ്ചേഴ്‌സ് എംഡിയും സഹസ്ഥാപകനും പ്രൈം വോളിബോൾ ലീഗ് ഡയറക്ടറുമായ തുഹിൻ മിശ്ര പറഞ്ഞു.