CricketFeatured

ആവേശപ്പോരാട്ടത്തിൽ ത്രിപുരയെ കീഴടക്കി കേരളം

Resizedimage 2026 10 31 19 12 39 4231[1]

ലഖ്നൗ: ദേശീയ സീനിയർ വനിതാ ടി20 ചാമ്പ്യൻഷിപ്പിൽ ത്രിപുരയ്ക്കെതിരെ കേരളത്തിന് ഒരു റണ്ണിന്റെ വിജയം. അവസാന എട്ട് പന്തുകളിൽ നാല് വിക്കറ്റുകൾ വീഴ്ത്തിയാണ് കേരളം അവിശ്വസനീയ വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 108 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ത്രിപുരയ്ക്ക് ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 107 റൺസ് മാത്രമാണ് നേടാനായത്. നേരത്തെ ടൂർണമെന്റിൽ കേരളം ഒരു റണ്ണിന് പഞ്ചാബിനോട് തോൽവി വഴങ്ങിയിരുന്നു.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തെ ടി. ഷാനിയുടെ ഒറ്റയാൾ പോരാട്ടമാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഷാനി 46 പന്തുകളിൽ 52 റൺസെടുത്തു. ഷാനിക്കൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്ത കിരൺ നവ്ഗിരെ 23 റൺസെടുത്ത് പുറത്തായി. തുടർന്നെത്തിയവരിൽ രണ്ടക്കം കടന്നത് 11 റൺസെടുത്ത വി. ദൃശ്യ മാത്രമാണ്. അതോടെ കേരളത്തിന്റെ ഇന്നിങ്സ് എട്ട് വിക്കറ്റിന് 108 റൺസിൽ അവസാനിച്ചു. ത്രിപുരയ്ക്ക് വേണ്ടി സെബിക ദാസ്, പ്രിയങ്ക ആചാർജി, അംബേഷ ദാസ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ത്രിപുരയ്ക്ക് 39 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി. തൊട്ടുപിന്നാലെ ക്യാപ്റ്റൻ റിസു സാഹ പരിക്കേറ്റ് കളംവിട്ടു. എന്നാൽ മധ്യനിരയിൽ ഇന്ദ്രറാണി (30), അന്നപൂർണ്ണ ദാസ് (22) എന്നിവരുടെ പ്രകടനം ത്രിപുരയ്ക്ക് പ്രതീക്ഷ നൽകി. 18 ഓവർ അവസാനിക്കുമ്പോൾ അഞ്ച് വിക്കറ്റിന് 94 റൺസെന്ന നിലയിലായിരുന്നു ത്രിപുര. അഞ്ച് വിക്കറ്റ് ശേഷിക്കെ ത്രിപുരയ്ക്ക് ജയിക്കാൻ 12 പന്തുകളിൽ നിന്ന് 15 റൺസ് മാത്രമാണ് വേണ്ടിയിരുന്നത്. എന്നാൽ അവസാന ഓവറിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി കേരളം തക‍ർപ്പൻ വിജയം സ്വന്തമാക്കി. അന്നപൂർണ്ണ ദാസിനെ സജന സജീവൻ റിട്ടേൺ ക്യാച്ചിലൂടെ പുറത്താക്കിയപ്പോൾ പ്രിയങ്ക ആചാർജിയും സെബിക ദാസും റണ്ണൗട്ടിലൂടെ പുറത്തായി. നാല് ഓവറിൽ 21 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ സജന സജീവനാണ് പ്ലെയർ ഓഫ് ദി മാച്ച്.