ഏഷ്യൻ അണ്ടർ-18 വോളിബോൾ ചാമ്പ്യൻഷിപ്പ്: ഇന്ത്യയ്ക്ക് ചരിത്ര വിജയം; ക്വാർട്ടർ ഫൈനലിൽ

ഏഷ്യൻ അണ്ടർ-18 ബോയ്സ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് ഗംഭീര വിജയം. ആദ്യ രണ്ട് സെറ്റുകൾ നഷ്ടമായ ശേഷം ശക്തമായി തിരിച്ചുവന്നാണ് ഇന്ത്യൻ കൗമാര സംഘം ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയത്.
ഫിലിപ്പീൻസിനെതിരെയായിരുന്നു ഇന്ത്യയുടെ ഈ അവിശ്വസനീയമായ വിജയം. മത്സരത്തിന്റെ തുടക്കത്തിൽ ഇന്ത്യയ്ക്ക് കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. ആദ്യ രണ്ട് സെറ്റുകളിൽ ഫിലിപ്പീൻസ് വ്യക്തമായ ആധിപത്യം പുലർത്തി. ആദ്യ സെറ്റിൽ 16-25 നും രണ്ടാം സെറ്റിൽ 20-25 നും ഇന്ത്യ പരാജയപ്പെടുകയായിരുന്നു. ഇതോടെ ഇന്ത്യ തോൽവിയിലേക്ക് നീങ്ങുകയാണെന്ന് തോന്നിപ്പിച്ചു.
എന്നാൽ മൂന്നാം സെറ്റ് മുതൽ ഇന്ത്യ തനിസ്വരൂപം പുറത്തെടുത്തു. മികച്ച പന്തുകൾ വീണ്ടെടുത്ത് അവർ മൂന്നാം സെറ്റ് 25-20 നും നാലാം സെറ്റ് 25-23 നും സ്വന്തമാക്കി. മത്സരം നിർണായകമായ അവസാന സെറ്റിലേക്ക് നീങ്ങിയതോടെ ഇന്ത്യൻ താരങ്ങൾ ആത്മവിശ്വാസത്തോടെ കളിച്ചു.
അവസാന സെറ്റിൽ പൂർണ ആധിപത്യം പുലർത്തിയ ഇന്ത്യ 15-4 എന്ന വലിയ സ്കോറിനാണ് വിജയം പിടിച്ചെടുത്തത്. ഈ വിജയത്തോടെ ക്വാർട്ടർ ഫൈനലിൽ ഇന്ത്യ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു. അടുത്ത മത്സരത്തിൽ ജപ്പാനോ ദക്ഷിണ കൊറിയയോ ആയിരിക്കും ഇന്ത്യയുടെ എതിരാളികൾ.
ഈ ടൂർണമെന്റിലെ ക്വാർട്ടർ ഫൈനൽ വിജയികൾക്ക് അടുത്ത വർഷം നടക്കുന്ന അണ്ടർ-19 ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടാനാകും. അതിനാൽ തന്നെ ക്വാർട്ടർ ഫൈനൽ മത്സരം ഇന്ത്യൻ ടീമിന് ഏറെ നിർണായകമാണ്. മികച്ച ഫോമിലുള്ള ടീം അടുത്ത റൗണ്ടിലും വിജയം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.