പാരാലിമ്പിക്‌സിൽ ഡിസ്‌കസ് ത്രോയിൽ യോഗേഷ് കത്തുനിയ വെള്ളി നേടി

സെപ്റ്റംബർ 2 തിങ്കളാഴ്ച പാരീസ് പാരാലിമ്പിക്‌സിൽ പുരുഷന്മാരുടെ ഡിസ്‌കസ് ത്രോ എഫ് 56 ഇനത്തിൽ ഇന്ത്യയുടെ യോഗേഷ് കത്തുനിയ വെള്ളി മെഡൽ നേടി. പാരാലിമ്പിക്‌സിൽ താരം ഇതോടെ ഇരട്ട മെഡൽ ജേതാവായി. ടോക്കിയോ പാരാലിമ്പിക്സിൽ വെള്ളിയും കത്തുനിയ നേടിയിരുന്നു. സ്റ്റേഡ് ഡി ഫ്രാൻസിലെ ആദ്യ ശ്രമത്തിൽ തന്നെ 42.22 മീറ്റർ എറിഞ്ഞ് സീസണിലെ ഏറ്റവും മികച്ച ദൂരം അദ്ദേഹം കൈവരിച്ചു. ശക്തമായ തുടക്കമിട്ടെങ്കിലും പിന്നീടുള്ള ശ്രമങ്ങളിൽ പ്രാരംഭ ശ്രമത്തെ മറികടക്കാനായില്ല.

ബ്രസീലിൻ്റെ ക്ലോഡിനി ബാറ്റിസ്റ്റ 46.86 മീറ്റർ എറിഞ്ഞ് പാരാലിമ്പിക്‌സ് റെക്കോർഡോടെ സ്വർണം നേടി. ഈ വെള്ളി പാരീസ് പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ എട്ടാം മെഡലും പാരാ അത്‌ലറ്റിക്‌സിലെ നാലാമത്തെയും മെഡലായി. കഴിഞ്ഞ ദിവസം, അത്‌ലറ്റിക്‌സിൽ ഹൈജമ്പിൽ നിഷാദ് കുമാർ വെള്ളിയും 200 മീറ്ററിൽ പ്രീതി പാൽ വെങ്കലവും നേടിയിരുന്നു.

തുളസിമതി മുരുകേശൻ പാരാലിമ്പിക്‌സിൽ ഇന്ത്യക്കായി മെഡൽ ഉറപ്പിച്ചു

വനിതകളുടെ SU5 ബാഡ്മിൻ്റൺ ഇനത്തിൽ സ്വർണ്ണ മെഡൽ മത്സരത്തിലേക്ക് മുന്നേറിക്കൊണ്ട് ഇന്ത്യൻ പാരാ-ഷട്ടിൽ തുളസിമതി മുരുകേശൻ 2024 പാരാലിമ്പിക്സിൽ ഇന്ത്യയ്ക്ക് എട്ടാം മെഡൽ ഉറപ്പിച്ചു. 23-21, 21-17 എന്ന സ്‌കോറിനാണ് മുരുഗേശൻ ഇന്ത്യയുടെ സഹതാരം മനീഷ രാമദാസിനെ സെമിയിൽ പരാജയപ്പെടുത്തിയത്. തോറ്റെങ്കിലും വെങ്കല മെഡൽ മത്സരത്തിലൂടെ മനീഷ രാംദാസിന് മെഡൽ ഉറപ്പിക്കാൻ ഒരു അവസരം കൂടി ലഭിക്കും.

ഇരു താരങ്ങളും തങ്ങളുടെ കഴിവും നിശ്ചയദാർഢ്യവും പ്രകടിപ്പിച്ച സെമി ഫൈനൽ കടുത്ത പോരാട്ടമായിരുന്നു. ആദ്യ ഗെയിമിൽ തുളസിമതി മുരുകേശൻ 23-21 ന് രാമദാസിനെ പരാജയപ്പെടുത്തി. രണ്ടാം ഗെയിമിൽ മനീഷരാമദാസ് തുടക്കത്തിൽ നേരിയ ലീഡ് നേടിയെങ്കിലും എതിരാളിയുടെ പിഴവുകൾ മുതലാക്കി, കൃത്യമായ ഡ്രോപ്പ് ഷോട്ടുകളും തന്ത്രപ്രധാനമായ പ്ലേസ്‌മെൻ്റുകളും ഉപയോഗിച്ച് തുളസിമതി മുരുഗേശൻ 21-17 ന് വിജയിച്ചു. ടോക്കിയോ പാരാലിമ്പിക്സിൽ സ്വർണമെഡൽ ജേതാവ് ചൈനയുടെ യാങ് ക്യു സിയയെയാണ് മുരുഗേശൻ ഇനി ഫൈനലിൽ നേരിടുക.

അതേസമയം, വെങ്കലത്തിനായി ഡെൻമാർക്കിൻ്റെ ഛത്രിൻ റോസെൻഗ്രെനുമായി മനീഷ രാമദാസ് മത്സരിക്കും. ഇതുവരെ ഒരു സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവും ഉൾപ്പെടെ ഏഴ് മെഡലുകളാണ് പാരാലിമ്പിക്സിൽ ഇന്ത്യ നേടിയത്.

പാരാലിമ്പിക്‌സിൽ പുരുഷന്മാരുടെ ഹൈജമ്പിൽ നിഷാദ് കുമാർ ഇന്ത്യക്കായി വെള്ളി നേടി

മൂന്ന് വർഷം മുമ്പ് ടോക്കിയോ പാരാലിമ്പിക്‌സിൽ നേടിയ വിജയം ആവർത്തിച്ച് പാരീസ് പാരാലിമ്പിക്‌സിലെ പുരുഷന്മാരുടെ ഹൈജമ്പ് T47 ഇനത്തിൽ ഇന്ത്യയുടെ നിഷാദ് കുമാർ വെള്ളി മെഡൽ ഉറപ്പിച്ചു. 2.12 മീറ്റർ ചാടി സ്വർണം നേടിയ യു.എസ്.എയുടെ റോഡറിക് ടൗൺസെൻഡിന് പിന്നിൽ ഫിനിഷ് ചെയ്‌ത 24-കാരൻ 2.04 മീറ്റർ ചാടി സീസണിലെ മികച്ച ദൂരം കുറിച്ചു. 2.08 മീറ്ററിൽ മൂന്നാം ശ്രമം പാഴാക്കിയെങ്കിലും നിഷാദിനെ ടൗൺസെൻഡ് ആശ്വസിപ്പിച്ചു. ന്യൂട്രൽ പാരാലിമ്പിക് അത്‌ലറ്റുകളെ പ്രതിനിധീകരിച്ച ജോർജി മാർഗീവ് 2 മീറ്റർ ചാടി വെങ്കലം നേടി.

നിഷാദ് തൻ്റെ ടോക്കിയോ വെള്ളി മെച്ചപ്പെടാൻ ലക്ഷ്യമിട്ടെങ്കിലും ടൗൺസെൻഡാണ് വീണ്ടും മികച്ചു നിന്നത് അതേസമയം, മറ്റൊരു ഇന്ത്യൻ ഹൈജംപർ രാം പാൽ 1.95 മീറ്റർ വ്യക്തിഗത മികവോടെ ഏഴാം സ്ഥാനത്തെത്തി. വനിതകളുടെ 200 മീറ്റർ, 100 മീറ്റർ ടി35 ഇനത്തിൽ പ്രീതി പാലിൻ്റെ വെങ്കലത്തിന് പിന്നാലെ പാരീസ് പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ മൂന്നാമത്തെ അത്‌ലറ്റിക്‌സ് മെഡലാണ് നിഷാദിൻ്റെ വെള്ളി.

പാരാലിമ്പിക്സിൽ പ്രീതി പാൽ ഇന്ത്യക്കായി രണ്ടാം വെങ്കല മെഡൽ നേടി

2024-ലെ പാരീസ് പാരാലിമ്പിക്‌സിൽ വനിതകളുടെ 200 മീറ്റർ ടി35 ഇനത്തിൽ രണ്ടാം വെങ്കല മെഡൽ നേടി പ്രീതി പാൽ തൻ്റെ കഴിവ് ഒരിക്കൽ കൂടി പ്രകടിപ്പിച്ചു. 30.01 സെക്കൻഡിൻ്റെ വ്യക്തിഗത മികച്ച സമയത്തോടെ ആണ് വെങ്കലം നേടിയത്. 100 മീറ്റർ T35 ഓട്ടത്തിൽ അവൾ നേരത്തെ വെങ്കലം ചേർത്തിരുന്നു.

പാരാലിമ്പിക്‌സിൻ്റെയോ ഒളിമ്പിക്‌സിൻ്റെയോ ഒരു പതിപ്പിൽ രണ്ട് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ട്രാക്ക് ആൻഡ് ഫീൽഡ് അത്‌ലറ്റായി അവർ ഇതോടെ ചരിത്രം സൃഷ്ടിച്ചു. 2024ലെ പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ ആറാമത്തെ മെഡലാണ് ഈ നേട്ടം.

പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ പതാകവാഹകരായി ഭാഗ്യശ്രീ ജാദവും സുമിത് ആൻ്റിലും

2024-ലെ പാരീസ് പാരാലിമ്പിക്‌സിൻ്റെ ഇന്ത്യയുടെ പതാകവാഹകരായി ഭാഗ്യശ്രീ ജാദവും സുമിത് ആൻ്റിലും തിരഞ്ഞെടുക്കപ്പെട്ടു. 84 അത്‌ലറ്റുകളുടെ രാജ്യത്തിൻ്റെ സംഘത്തെ ഇവർ ആകും നയിക്കുക. ഓഗസ്റ്റ് 28നാണ് പാരാലിമ്പിക്സ് ആരംഭിക്കുന്നത്‌.

മഹാരാഷ്ട്രയിൽ നിന്നുള്ള ഭാഗ്യശ്രീ ജാദവ് അന്താരാഷ്ട്ര വേദിയിൽ സ്ഥിരതയാർന്ന പ്രകടനമാണ് ഇതുവരെ കാഴ്ചവെച്ചത്. 2022 ലെ ഏഷ്യൻ പാരാ ഗെയിംസിൽ ഷോട്ട്പുട്ട് എഫ് 34 വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ അവർ ടോക്കിയോ പാരാലിമ്പിക്സിൽ ഏഴാം സ്ഥാനത്തെത്തിയിരുന്നു.

ജാവലിൻ താരം പാരാ അത്‌ലറ്റ് സുമിത് ആൻ്റിലാണ് എഫ്64 വിഭാഗത്തിൽ ലോക റെക്കോർഡ് ഉടമ. 2020ലെ ടോക്കിയോ പാരാലിമ്പിക്സിൽ 68.55 മീറ്റർ എറിഞ്ഞ് ലോക റെക്കോർഡോടെ സ്വർണമെഡൽ ഉറപ്പിച്ചു. 2023ലെ ലോക പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ മറ്റൊരു സ്വർണവുമായി ആൻ്റിൽ തൻ്റെ ആധിപത്യം തുടർന്നു, 2022ലെ ഏഷ്യൻ പാരാ ഗെയിംസിൽ 73.29 മീറ്റർ എന്ന പുതിയ ലോക റെക്കോർഡ് അദ്ദേഹം സ്ഥാപിച്ചിരുന്നു.

ടോക്കിയോയിൽ 19 മെഡലുകൾ നേടിയ ഇന്ത്യ പാരീസിൽ അതു മറികടക്കാൻ ആകും ശ്രമിക്കുക.

2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുക എന്നത് ഇന്ത്യയുടെ സ്വപ്നമാണ് – നരേന്ദ്ര മോദി

2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുക എന്നത് ഇന്ത്യയുടെ സ്വപ്നമാണ് എന്ന് ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി. 78-ാമത് സ്വാതന്ത്ര്യ ദിനത്തിൽ വ്യാഴാഴ്ച ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ആണ് മോദി 2036 ഒളിമ്പിക്സിനെ കുറിച്ച് പറഞ്ഞത്. 2024 ലെ പാരീസ് ഒളിമ്പിക്‌സിൽ രാജ്യത്തിൻ്റെ അഭിമാനം ഉയർത്തിയ ഇന്ത്യൻ അത്‌ലറ്റുകളെ പ്രധാനമന്ത്രി മോദി തൻ്റെ പ്രസംഗത്തിൽ അഭിനന്ദിച്ചു. പാരീസിൽ നടക്കുന്ന പാരാലിമ്പിക്‌സിനായി പുറപ്പെടുന്ന പാരാലിമ്പ്യൻമാർക്ക് പ്രധാനമന്ത്രി ആശംസകളും അറിയിച്ചു.

“ഇന്ന്, ഒളിമ്പിക്സിൽ ഇന്ത്യൻ പതാക ഉയർത്തിയ യുവാക്കളും നമുക്കൊപ്പം ഉണ്ട്. നമ്മുടെ എല്ലാ കായികതാരങ്ങളെയും ഞാൻ അഭിനന്ദിക്കുന്നു. അടുത്ത ദിവസങ്ങളിൽ പാരാലിമ്പിക്‌സിൽ പങ്കെടുക്കാൻ ഇന്ത്യയുടെ വലിയൊരു സംഘം പാരീസിലേക്ക് പോകും. ഞങ്ങളുടെ എല്ലാ പാരാലിമ്പ്യൻമാർക്കും ഞാൻ ആശംസകൾ നേരുന്നു.” പ്രധാനമന്ത്രി മോദി രാജ്യത്തെ അഭിസംബോധന ചെയ്തു പറഞ്ഞു.

“ജി20 ഉച്ചകോടി വലിയ തോതിൽ സംഘടിപ്പിക്കുന്ന ഇന്ത്യ വലിയ തോതിലുള്ള പരിപാടികൾ സംഘടിപ്പിക്കാനുള്ള കഴിവ് ഇന്ത്യക്കുണ്ടെന്ന് തെളിയിച്ചു. 2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുക എന്നത് ഇന്ത്യയുടെ സ്വപ്നമാണ്. ഞങ്ങൾ അതിനുള്ള ഒരുക്കങ്ങൾ നടത്തിവരികയാണ്.” മോദി പറഞ്ഞു.

നീരജ് ചോപ്ര ചികിത്സയ്ക്ക് ആയി ജർമ്മനിയിലേക്ക്

ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്ര ഇന്ത്യയിലേക്ക് തിരികെ വരാൻ സമയമെടുക്കും. തന്റെ പരിക്ക് മാറാൻ കൂടുതൽ ചികിത്സയ്ക്ക് ആയി അദ്ദേഹം ജർമ്മനിയിലേക്ക് പോലും. അവിടെ മെഡിക്കൽ വിദഗ്ധരുമായി കൂടിയാലോചനകൾ നടത്തിയ ശേഷമാകും അടുത്ത ചികിത്സ എന്താണെന്ന് നീരജ് ചോപ്ര തീരുമാനിക്കുക.

നീരജ് ചോപ്ര

പാരീസ് ഒളിമ്പിക്‌സിൽ വെള്ളി മെഡൽ നേടി എങ്കിലും പരിക്ക് സഹിച്ചായിരുന്നു നീരജ് മത്സരിച്ചിരുന്നത്‌. പരിക്ക് മാറാൻ ശസ്ത്രക്രിയ വേണ്ടി വരുമോ എന്ന് നീരജ് ആരായും. ഡയമണ്ട് ലീഗ് ഇവൻ്റുകൾക്ക് മുമ്പ് പരിക്ക് മാറി പൂർണ്ണ ഫിറ്റ്നസിൽ എത്താൻ ആകും നീരജ് ആഗ്രഹിക്കുന്നത്.

ഒളിമ്പിക്‌സ് വെള്ളി മെഡൽ ജേതാവ് നീരജ് ചോപ്ര മെഡിക്കൽ പരിശോധനയ്ക്കായി ജർമ്മനിയിലേക്ക് പോയതായി കുടുംബവൃത്തങ്ങൾ സ്ഥിരീകരിച്ചു. ഒരു മാസം എങ്കിലും കഴിഞ്ഞ് മാത്രമെ നീരജ് ഇന്ത്യയിലേക്ക് മടങ്ങി എത്തുകയുള്ളൂ.

എന്റമ്മോ എന്താ ക്ലൈമാക്‌സ്! ബാസ്‌കറ്റ്‌ ബോൾ സ്വർണം നേടി അമേരിക്ക ഒളിമ്പിക് ജേതാക്കൾ

പാരീസ് ഒളിമ്പിക്സിൽ ഓവറോൾ ജേതാക്കൾ ആയി അമേരിക്ക. ടോക്കിയോയിൽ ചൈനയെക്കാൾ ഒരു സ്വർണം കൂടുതൽ നേടിയ അമേരിക്കക്ക് പക്ഷെ ഇത്തവണ ചൈനയും ആയി സ്വർണ കണക്കിൽ തുല്യത പാലിക്കേണ്ടി വന്നു. 40 വീതം സ്വർണം ഇരു ടീമുകൾക്കും ഉണ്ടായിരുന്നു എങ്കിലും വെള്ളി, വെങ്കല കണക്കിൽ ബഹുദൂരം മുന്നിൽ ആയത് ആണ് അമേരിക്കക്ക് തുണയായത്. ഇന്ന് ചൈന രണ്ടു സ്വർണം നേടി സ്വർണ നേട്ടം 40 തിൽ എത്തിച്ചപ്പോൾ വനിത വോളിബോളിൽ തോറ്റതോടെ അമേരിക്കൻ പ്രതീക്ഷ മങ്ങി.

എന്നാൽ ട്രാക്ക് സൈക്കിളിങിൽ ടോക്കിയോയിൽ സ്വർണം നേടിയ ജെന്നിഫർ വെലാന്റെ ഇത്തവണ അപ്രതീക്ഷിതമായി സ്വർണം നിലനിർത്തിയതോടെ അമേരിക്കൻ പ്രതീക്ഷകൾക്ക് ജീവൻ വെച്ചു. തുടർന്ന് നടന്ന വനിത ബാസ്‌കറ്റ്‌ബോൾ ഫൈനലിൽ തുടർച്ചയായ എട്ടാം ഒളിമ്പിക് സ്വർണം നേടിയ അമേരിക്ക ഒളിമ്പിക് ജേതാക്കൾ ആവുക ആയിരുന്നു. അവിശ്വസനീയം ആയ മത്സരം ആണ് അമേരിക്കയും ഫ്രാൻസും തമ്മിൽ നടന്നത്. ഒരു ഘട്ടത്തിൽ ഫ്രാൻസ് 11 പോയിന്റ് മുന്നിൽ ആയപ്പോൾ അമേരിക്കൻ വനിതകൾ തിരിച്ചു വന്നു.

തുടർന്ന് അവസാന സെക്കന്റിൽ സ്‌കോർ 67-64 നിൽക്കുമ്പോൾ 3 പോയിന്റ് നേടാനുള്ള ഫ്രാൻസ് ജയം ജയിച്ചതോടെ അമേരിക്ക ഞെട്ടി. എന്നാൽ ഈ ശ്രമം ബോക്സിനു ലേശം സെന്റീമീറ്റർ ഉള്ളിൽ ആയതിനാൽ മാത്രം 2 പോയിന്റ് ഫ്രാൻസിന് ലഭിച്ചതോടെ 67-66 എന്ന സ്കോറിന് അമേരിക്ക സ്വർണം ഉറപ്പിച്ചു. മൊത്തം മെഡൽ പട്ടികയിൽ അമേരിക്കക്ക് 40 സ്വർണവും 44 വെള്ളിയും 42 വെങ്കലവും അടക്കം 126 മെഡലുകൾ ആണ് ഉള്ളത്. ചൈനക്ക് ആവട്ടെ 40 സ്വർണവും 27 വെള്ളിയും 24 വെങ്കലവും അടക്കം 91 മെഡലുകൾ ഉണ്ട്. മൂന്നാമത് 20 സ്വർണവും ആയി ജപ്പാനും നാലാമത് 18 സ്വർണവും ആയി ഓസ്‌ട്രേലിയയും ആണ് ഉള്ളത്. നിലവിൽ 1 വെള്ളിയും 5 വെങ്കലവും അടക്കം 6 മെഡലുകളും ആയി 71 സ്ഥാനത്ത് ആണ് ഇന്ത്യ.

പതാകയേന്താൻ ഇന്ത്യ പരിഗണിച്ചത് നീരജ് ചോപ്രയെ, ശ്രീജേഷ് ആണ് പതാകയേണ്ടത് എന്ന് പറഞ്ഞ് നീരജ് ചോപ്ര

സ്‌പോർട്‌സ്‌സ്‌മൻഷിപ്പ് കൊണ്ട് വിസ്മയിപ്പിക്കുകയാണ് ഇന്ത്യൻ ജാവലിൽ ത്രോ താരം നീരജ് ചോപ്ര. പാരീസ് 2024 ഒളിമ്പിക്‌സിൽ വെള്ളി മെഡൽ നേടിയ നീരജ് ചോപ്ര, സമാപന ചടങ്ങിൽ ഇന്ത്യയുടെ പതാകവാഹകൻ ആകേണ്ടതായിരുന്നു. ഇന്ത്യൻ ഒളിമ്പിക് കമ്മിറ്റി നീരജിനെ ആയിരുന്നു പതാകയേന്താൻ പരിഗണിച്ചിരുന്നത്. എന്നാൽ നീരജ് അത് ശ്രീജേഷിന് കൈമാറാൻ ആവശ്യപ്പെട്ടു എന്ന് ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി ടി ഉഷ പറഞ്ഞു.

ശ്രീജേഷും നീരജ് ചോപ്രയും പി ടി ഉഷക്ക് ഒപ്പം

ടീം ഇന്ത്യക്ക് വേണ്ടിയുള്ള തൻ്റെ അവസാന മത്സരത്തിൽ വെങ്കലം നേടിയ വെറ്ററൻ ഹോക്കി ഗോൾകീപ്പർ പി ആർ ശ്രീജേഷിൻ്റെ പേര് നീരജ് വിനയപൂർവ്വം നിർദ്ദേശിക്കുക ആയിരുന്നു. “നിങ്ങൾ എന്നോട് ചോദിച്ചില്ലെങ്കിലും, ഞാൻ ശ്രീഭായിയുടെ പേര് നിർദ്ദേശിക്കുമായിരുന്നു,” നീരജ് ഐഒഎ പ്രസിഡൻ്റ് പി ടി ഉഷയോട് പറഞ്ഞു. ശ്രീജേഷിൻ്റെ മഹത്തായ കരിയറിനോടും ഇന്ത്യൻ കായികരംഗത്തെ അദ്ദേഹത്തിന്റെ സ്വാധീനത്തോടുമുള്ള ആഴമായ ബഹുമാനം ആണ് നീരജ് ഇതിലൂടെ പ്രതിഫലിപ്പിച്ചത്.

ശ്രീജേഷും മനു ഭാകറും ആകും ഇന്ത്യയെ സമാപന ചടങ്ങിൽ നയിക്കുക.

ഒളിമ്പിക് റെക്കോർഡ് കുറിച്ച് മാരത്തോണിൽ സ്വർണം നേടി സിഫാൻ ഹസൻ

പാരീസ് ഒളിമ്പിക്സിലെ അവസാന അത്ലറ്റിക് മെഡൽ ഇനമായ വനിത മാരത്തോണിൽ ഒളിമ്പിക് റെക്കോർഡ് കുറിച്ചു സ്വർണം സ്വന്തമാക്കി എത്യോപ്യൻ വംശജയായ ഡച്ച് താരം സിഫാൻ ഹസൻ. അവസാന നിമിഷങ്ങളിൽ മിന്നും പ്രകടനം നടത്തി 2 മണിക്കൂർ 22 മിനിറ്റ് 55 സെക്കന്റ് എന്ന സമയം ആണ് കുറിച്ച് ആണ് സിഫാൻ റെക്കോർഡ് ഇട്ടത്. ഒളിമ്പിക്സിൽ 5,000 മീറ്റർ 10,000 മീറ്റർ എന്നിവയിൽ വെങ്കലം നേടിയ താരത്തിന്റെ മൂന്നാം മെഡൽ ആണ് പാരീസിൽ ഇത്.

സിഫാൻ ഹസൻ

മാരത്തോൺ ലോക റെക്കോർഡ് ഉടമയായ എത്യോപയുടെ ടിജിറ്റ് അസഫയെ ആണ് സിഫാൻ മറികടന്നത്. 2 മണിക്കൂർ 22 മിനിറ്റ് 58 സെക്കന്റ് എന്ന സമയം കുറിച്ചാണ് അസഫ വെള്ളി മെഡൽ നേടിയത്. 2 മണിക്കൂർ 23 മിനിറ്റ് 10 സെക്കന്റ് എന്ന സമയം കുറിച്ച കെനിയൻ താരം ഹെലൻ ഒബിരിയാണ് വെങ്കലം നേടിയത്. കഴിഞ്ഞ ഒളിമ്പിക്സിൽ വെറും 7 സ്വര്ണത്തിലേക്ക് അത്ലറ്റിക്സിൽ ഒതുങ്ങിയ അമേരിക്കൻ ആധിപത്യം ആണ് പാരീസിൽ കണ്ടത് 14 സ്വർണം അടക്കം 34 മെഡലുകൾ അമേരിക്കൻ അത്ലറ്റുകൾ പാരീസിൽ നേടിയത്. രണ്ടാമതുള്ള കെനിയക്ക് നാലു സ്വർണം അടക്കം 11 മെഡലുകൾ മാത്രം ആണ് നേട്ടം.

ബ്രസീലിനെ തോൽപ്പിച്ചു അമേരിക്കൻ വനിതകൾ ഒളിമ്പിക് സ്വർണം സ്വന്തമാക്കി

വനിത ഫുട്‌ബോളിൽ ബ്രസീൽ സ്വപ്നങ്ങൾ തകർത്തു സ്വർണം നേടി അമേരിക്കൻ വനിതകൾ. ഇത് അഞ്ചാം തവണയാണ് അമേരിക്കൻ ടീം വനിത ഫുട്‌ബോളിൽ ഒളിമ്പിക് സ്വർണം നേടുന്നത്. എതിരില്ലാത്ത ഒരു ഗോളിന് ആയിരുന്നു അമേരിക്ക ടൂർണമെന്റിൽ ഏറ്റവും അപ്രതീക്ഷിതമായി ഫൈനലിൽ എത്തിയ ബ്രസീലിനെ തോൽപ്പിച്ചത്. 2012 നു ശേഷം ഇത് ആദ്യമായാണ് അമേരിക്ക ഒളിമ്പിക് സ്വർണം നേടുന്നത്. തന്റെ ആദ്യ ടൂർണമെന്റിൽ തന്നെ പ്രധാന നേട്ടം അമേരിക്കക്ക് എത്തിക്കാൻ പരിശീലക എമ്മ ഹെയ്സിന് ആയി.

മത്സരത്തിൽ ഇരു ടീമുകളും അതുഗ്രൻ ഫുട്‌ബോൾ ആണ് തുടക്കം മുതൽ കാഴ്ച വെച്ചത്. ഇടക്ക് പരിക്ക് ബ്രസീലിനു വില്ലൻ ആവുന്ന കാഴ്ചയും കാണാൻ ആയി. രണ്ടാം പകുതിയിൽ 57 മത്തെ മിനിറ്റിൽ കോർബിൻ ആൽബർട്ടിന്റെ ത്രൂ ബോളിൽ നിന്നു ഗോൾ നേടിയ മല്ലൊറി സ്വാൻസൻ ആണ് അമേരിക്കക്ക് വിജയം സമ്മാനിച്ചത്. ബ്രസീലിനു ആയി അവസാന മത്സരത്തിന് ഇറങ്ങിയ ഇതിഹാസ താരം മാർത്ത ഇറങ്ങിയ ശേഷം ബ്രസീൽ സമനിലക്ക് ആയി പരമാവധി ശ്രമിച്ചെങ്കിലും അമേരിക്കൻ പ്രതിരോധവും ഗോൾ കീപ്പറും അവർക്ക് മുന്നിൽ വില്ലനായി.

വിനേഷ് ഫൊഗട്ടിന്റെ അപ്പീലിൽ വിധി പറയുന്നത് നാളത്തേക്ക് മാറ്റി

ഇന്ത്യയുടെ ഗുസ്തി താരം വിനേഷ് ഫൊഗട്ട് തന്നെ അയോഗ്യ ആക്കിയ വിധിക്ക് എതിരെ നൽകിയ അപ്പീലിൽ CAS വിധി പറയുന്നത് നാളത്തേക്ക് നീട്ടി. ഇന്ന് വൈകിട്ട് പ്രാദേശിക സമയം 6 മണിക്ക് (ഇന്ത്യൻ സമയം രാത്രി 9.30) വിധി വരും എന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ നിലവിൽ വിധി പറയുന്നത് നാളെ രാത്രി ഇന്ത്യൻ സമയം 9.30 നു ആയിരിക്കും എന്നാണ് നിലവിലെ പ്രഖ്യാപനം. പെട്ടെന്ന് തള്ളാതെ നീട്ടിയത് ചിലപ്പോൾ ഇത് ഇന്ത്യൻ താരത്തിന് വിധി അനുകൂലമാവാനുള്ള സൂചനയാണ് എന്നും ചില റിപ്പോർട്ടുകൾ ഉണ്ട്.

വിനേഷ് ഫൊഗട്ട്

ഇന്നലെ വൈകിട്ട് ഈ വിഷയത്തിൽ CAS ദീർഘനേരം വാദം കേട്ടിരുന്നു. സിഎഎസ് ഹിയറിംഗിൽ വിനേഷിനെ പ്രതിനിധീകരിച്ച് ജോയൽ മോൺലൂയിസ്, എസ്റ്റെല്ലെ ഇവാനോവ, ഹബ്ബിൻ എസ്റ്റെല്ലെ കിം, ചാൾസ് ആംസൺ എന്നിവർ അഭിഭാഷകരായി സംസാരിച്ചു. വിനേഷ് ഫോഗട്ട് തന്നെ പൂർണ്ണമായും ഒഴിവാക്കുന്നതിനെതിരെ ആണ് CAS-ന് (കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്സ്) അപ്പീൽ നൽകിയത്. തനിക്ക് കൂടി പങ്ക് വെച്ചു വെള്ളി മെഡൽ നൽകണമെന്നാണ് വിനേഷ് ആവശ്യപ്പെട്ടിട്ടുള്ളത്. അന്തിമ വിധി ഇന്ത്യക്ക് അനുകൂലമാകും എന്ന പ്രതീക്ഷയിലാണ് കായികപ്രേമികൾ.

വിനേഷ് ഫൊഗട്ട്

50 കിലോഗ്രാം ഗുസ്തിയിൽ ഇന്ത്യൻ താരം ഫൈനലിൽ എത്തിയതായിരുന്നു. എന്നാൽ 100 ഗ്രാം ഭാരം അധികമായതിനാൽ വിനേഷ് ഫൊഗട്ടിനെ അയോഗ്യ ആക്കുകയും മെഡൽ നിഷേധിക്കുകയും ആയിരുന്നു. വിനേഷ് വിജയിച്ച മൂന്ന് മത്സരങ്ങൾ കളിക്കുമ്പോഴും വിനേഷ് നിയമത്തിൽ അനുവദനീയമായ ഭാരത്തിൽ തന്നെ ആയിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ട് ആ മത്സരങ്ങളിലെ ഫലം ഇല്ലാതാക്കരുത് എന്നും താൻ വെള്ളി എങ്കിലും അർഹിക്കുന്നുണ്ട് എന്നുമാണ് വിനേഷ് അപ്പീൽ ചെയ്തത്. നിലവിൽ ഇന്ത്യയുടെ അഭിമാന താരത്തിന്റെ വിധിക്ക് ആയി ഇന്ത്യൻ കായിക പ്രേമികൾ കാത്തിരിക്കുകയാണ്.

Exit mobile version