കൊറോണ വൈറസ് വില്ലനാകുന്നു എങ്കിൽ ഒളിമ്പിക്‌സ് നടത്താൻ ലണ്ടൻ തയ്യാറാണ് എന്ന് അധികൃതർ

കൊറോണ വൈറസ് മൂലം 2020 ലെ ടോക്കിയോ ഒളിമ്പിക്‌സ് നടത്താൻ എന്തെങ്കിലും തടസം നേരിടുന്നു എങ്കിൽ നടത്താൻ ലണ്ടൻ തയ്യാർ ആണെന്ന് ലണ്ടൻ മേയർ സാദിഖ് അലി ഖാന്റെ സഹായി വ്യക്തമാക്കി. എല്ലാവരും ടോക്കിയോ ഒളിമ്പിക്സിന് ഒരുങ്ങുക ആണെന്ന് പറഞ്ഞ അദ്ദേഹം എന്തെങ്കിലും കാരണവശാൽ ഗെയിംസിന് തടസം നേരിട്ടാൽ ലണ്ടൻ എന്നത്തേയും പോലെ എന്തും നേരിടാൻ തയ്യാർ ആണെന്ന് വ്യക്തമാക്കി. സമീപകാലത്ത് 2012 ലെ ഒളിമ്പിക്‌സ് വിജയകരമായി നടത്തിയ പരിചയവും ലണ്ടന് മുതൽക്കൂട്ടായി ഉണ്ട്. അതേസമയം വിചാരിച്ച പോലെ ഒളിമ്പിക്‌സ് ടോക്കിയോയിൽ നടക്കും എന്ന പ്രതീക്ഷയിൽ തന്നെയാണ് അന്താരാഷ്ട്ര ഒളിമ്പിക്‌സ് അസോസിയേഷൻ. കൊറോണ വൈറസ് കാരണം ചൈനീസ് ഗ്രാന്റ് പ്രീ, ടോക്കിയോ മാരത്തോൺ തുടങ്ങിയ പലതും മാറ്റി വച്ചിരുന്നു.

നിലവിൽ ജപ്പാനിലും കൊറോണ മൂലം മരണങ്ങൾ സ്ഥിരീകരിച്ചിരുന്നു. ഏഷ്യയിൽ പലയിടത്തും കൊറോണക്ക് എതിരെ വലിയ മുന്നറിയിപ്പ് നിലനിൽക്കുന്നത് ആണ് ഒളിമ്പിക്‌സ് നടത്തിപ്പിനെ കുറിച്ച് ആശങ്ക ഉയരാൻ കാരണം. എന്തെങ്കിലും സാഹചര്യത്തിൽ ഒളിമ്പിക്‌സ് നടത്തേണ്ടി വന്നാൽ നടത്താൻ വേണ്ട എല്ലാ സൗകര്യങ്ങളും ലണ്ടനിൽ ഉണ്ടെന്നു മുൻ കായിക മന്ത്രി ആയ ട്രാസി ക്രോച്ചും വ്യക്തമാക്കി. ലണ്ടൻ എന്തിനും സജ്ജമാകണം എന്നു ആവശ്യപ്പെട്ട കൺസർവേറ്റീവ് മേയർ സ്ഥാനാർഥി ഷോൺ ബെയ്ലി വിന്റർ, സമ്മർ ഒളിമ്പിക്‌സുകൾക്ക് ആതിഥ്യം വഹിക്കേണ്ടി വന്നാലും ലണ്ടൻ ഒരുങ്ങി ഇരിക്കണം എന്നും ആവശ്യപ്പെട്ടു. മേയർ ആയി തിരഞ്ഞെടുക്കപ്പെട്ടാൽ ഏറ്റവും മികച്ച ഒളിമ്പിക്‌സ് താൻ ഉറപ്പാക്കും എന്നും അദ്ദേഹം പറഞ്ഞു. അതേസമയം ആശങ്കകൾ വെറുതെ ആവും എന്ന പ്രതീക്ഷയിൽ ആണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും ടോക്കിയോ അധികൃതരും.

കൊറോണ വൈറസിൽ അനാവശ്യ ഭീതി പരത്തുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി ടോക്കിയോ ഒളിമ്പിക്സ് തലവൻ

കൊറോണ വൈറസ് കാരണം ഒളിമ്പിക്സ് മത്സരങ്ങൾ നീട്ടി വക്കും, ഒഴിവാക്കും തുടങ്ങിയ അസത്യ പരാമർശങ്ങൾ നടത്തുന്നവർക്ക് എതിരെ രൂക്ഷ വിമർശനവുമായി ടോക്കിയോ ഒളിമ്പിക്‌സ് സി.ഇ. ഒ യോഷിറോ മോരി. കൊറോണ വൈറസിനെ സംബന്ധിച്ച് നിരവധി കള്ള പ്രചരണങ്ങൾ നടക്കുന്നത് ആയി പറഞ്ഞ അദ്ദേഹം ഗെയിംസ് നീട്ടിവക്കുന്നതിനെ പറ്റിയോ ഉപേക്ഷിക്കുന്നതിനെ പറ്റിയോ ഇത് വരെ ആലോചിച്ചു കൂടിയില്ലെന്നും വ്യക്തമാക്കി. ഒളിമ്പിക്‌സ് നടക്കാൻ ഇനി ഏതാണ്ട് 161 ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ ഇത് പോലുള്ള കള്ള പ്രചാരണങ്ങൾ അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ജപ്പാൻ ഭരണകൂടവുമായി സഹകരിച്ചു തങ്ങൾ ശ്രദ്ധേയോടെ ഒളിമ്പിക്‌സ് ഒരുക്കങ്ങൾ തുടരുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനകം തന്നെ ഏഷ്യയിൽ നിരവധി കായിക ഇനങ്ങൾ കൊറോണ ഭീതി മൂലം മാറ്റി വെക്കുകയോ ഉപേക്ഷിക്കുകയോ ചെയ്തിരുന്നു. എന്നാൽ പൂർണസുരക്ഷക്ക് ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും തങ്ങൾ എടുക്കും എന്നാണ് ടോക്കിയോ മേയർ യൂരിക്കോ കോയിക്കെ ഉറപ്പ് നൽകിയത്. ഇതിനകം കൊറോണ മൂലം മരണങ്ങൾ ഒന്നും സംഭവിച്ചില്ല എങ്കിലും ജപ്പാനിൽ 28 പേർക്ക് ആണ് കൊറോണ സ്ഥിരീകരിച്ചത്, ഇവരിൽ 4 പേർ ഇപ്പോഴും ഗുരുതര അവസ്ഥയിലും ആണ്.

കൂടാതെ 174 യാത്രക്കാർ ഉള്ള ജപ്പാൻ ആഡംബര കപ്പലിൽ നിരവധി പേർക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു, ഇവർ ഇപ്പോഴും കപ്പലിൽ തുടരുകയാണ്. കൊറോണ വൈറസ് ഭീക്ഷണി എന്ന് ഒഴിവാകും എന്ന കാര്യത്തിൽ വ്യക്തത ഇല്ലാത്തതിനാൽ തന്നെ പലരും ഒളിമ്പിക്‌സ് നടത്തിപ്പിൽ ഇതിനകം ആശങ്കകൾ അറിയിക്കുന്നുണ്ട്. എന്നാൽ എല്ലാം നല്ല നിലയിൽ നടക്കും എന്ന പ്രതീക്ഷയിൽ ആണ് ജപ്പാൻ അധികൃതരും ഒളിമ്പിക് കമ്മിറ്റിയും. ചൈനയിൽ നിന്ന് ആരംഭിച്ച കൊറോണ വൈറസ് മൂലം ഇതിനകം തന്നെ ഏതാണ്ട് 1400 മരണങ്ങൾ സ്ഥിരീകരിച്ചു കഴിഞ്ഞു. ഏതാണ്ട് 25 രാജ്യങ്ങളിൽ ആയി ഏതാണ്ട് 60,000 ആളുകളിൽ കൊറോണ വൈറസ് ബാധിച്ചു എന്നാണ് കണക്കുകൾ. കൊറോണ ഒളിമ്പിക്‌സിന്റെ ശോഭ കെടുത്തില്ല എന്ന് തന്നെ നമുക്ക് ഇപ്പോൾ പ്രതീക്ഷിക്കാം.

ഒളിമ്പിക് പരിശീലകരുടെ ആജീവനാന്ത അവാർഡിൽ പുല്ലേല ഗോപിചന്ദിനു ആദരവ്, നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരൻ

ഇന്ത്യക്ക് അഭിമാനം ആയി ഇന്ത്യൻ ബാഡ്മിന്റൺ പരിശീലകൻ ആയ പുല്ലേല ഗോപിചന്ദ്. 2019 ലെ അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റിയിൽ പുരുഷന്മാരിൽ പരിശീലകരുടെ ആജീവനാന്ത അവാർഡിൽ പ്രത്യേക പരാമർശം ഏറ്റ് വാങ്ങിയതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ പരിശീലകൻ ആയി പുല്ലേല ഗോപിചന്ദ് മാറി. നിലവിൽ ഇന്ത്യൻ ബാഡ്മിന്റണിന്റെ മുഖ്യപരിശീലകൻ ആണ് ഗോപിചന്ദ്. ഈ കഴിഞ്ഞ വർഷങ്ങളിൽ ഗോപിചന്ദ് ഇന്ത്യൻ ബാഡ്മിന്റണും കായിക രംഗത്തിനും നൽകിയ വലിയ സംഭാവനകൾ പരിഗണിച്ച് ആണ് അദ്ദേഹത്തെ തേടി ഈ അംഗീകാരം എത്തുന്നത്.

ഇന്ത്യൻ ബാഡ്മിന്റണിന്റെ വളർച്ചക്ക് ഗോപിചന്ദ് സമീപകാലത്ത് വലിയ സംഭാവനകൾ ആണ് നൽകിയത്. ഗോപിചന്ദിന്റെ ശിഷ്യയായ പി.വി സിന്ധു 2016 ൽ ഒളിമ്പിക് വെള്ളി മെഡൽ നേട്ടം കൈവരിച്ചത് അടക്കം ഇതിൽ ഉൾപ്പെടുന്നു. മുൻ താരം കൂടിയായ ഗോപിചന്ദിന്റെ ഇന്ത്യയിലെ ബാഡ്മിന്റണിന്റെ വളർച്ചക്ക് നൽകിയ സംഭാവനകൾ അങ്ങനെ അന്താരാഷ്ട്ര അംഗീകാരം നേടുകയാണ്. പരിശീലകരുടെ നേട്ടങ്ങൾ അംഗീകരിക്കുകയും ബഹുമതികൾ നൽകുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി വർഷങ്ങളായി നൽകി വരുന്ന അവാർഡുകൾ ആണ് പരിശീലകർക്കുള്ള ആജീവനാന്ത അവാർഡുകൾ. അതിനാൽ തന്നെ ഗോപിചന്ദിന്റെ നേട്ടം ഇന്ത്യക്ക് വലിയ അഭിമാനം ആവുകയാണ്.

ഒളിമ്പിക്‌സ് യോഗ്യത നേടി അർജന്റീന, ബ്രസീലിന് യോഗ്യതക്ക് അവസാനമത്സരത്തിൽ അർജന്റീനയെ തോൽപ്പിക്കണം

2020 ലെ ടോക്കിയോ ഒളിമ്പിക്‌സ് ഫുട്‌ബോളിൽ യോഗ്യത നേടി അർജന്റീന. അർജന്റീനയുടെ അണ്ടർ 23 ടീം കൊളംബിയ അണ്ടർ 23 ടീമിനെ 2-1 നു തോൽപ്പിച്ചത്തോടെയാണ് അർജന്റീന ഒളിമ്പിക്‌സ് യോഗ്യത ഉറപ്പിച്ചത്. ലാറ്റിനമേരിക്കയിൽ നിന്നുള്ള 2 ടീമുകളിൽ ഒന്നാമത് ആയി ആണ് അർജന്റീന യോഗ്യത ഉറപ്പിച്ചത്. കളിച്ച രണ്ട് കളികളിൽ ഉറുഗ്വായ്, കൊളംബിയ ടീമുകളെ തോൽപ്പിച്ച അർജന്റീനക്ക് നിലവിൽ 6 പോയിന്റുകൾ ഉണ്ട്. അതേസമയം അവസാനമത്സരത്തിൽ അർജന്റീനയെ തോല്പിച്ചാൽ ഒളിമ്പിക്‌സ് യോഗ്യത ലഭിക്കുന്ന അവസ്ഥയിൽ ആണ് 2016 ലെ റിയോ ഒളിമ്പിക്‌സ് സ്വർണമെഡൽ ജേതാക്കൾ ആയ ബ്രസീലിന്റെ അവസ്ഥ. ഒളിമ്പിക് യോഗ്യത മത്സരത്തിൽ ഉറുഗ്വായോടും സമനില വഴങ്ങിയ അവർക്ക് നിലവിൽ 2 പോയിന്റുകൾ മാത്രം ആണ് ഉള്ളത്.

ഇതോടെ ഉറുഗ്വായ്, കൊളംബിയ മത്സരം സമനിലയിൽ ആവുന്നില്ല എങ്കിൽ അർജന്റീനയോട് നിർബന്ധമായും ജയിക്കേണ്ട അവസ്ഥയാണ് ബ്രസീലിന് വന്നു ചേർന്നത്. 16 ടീമുകൾ ആണ് ഒളിമ്പിക്‌സിൽ മാറ്റുരക്കുക. ആതിഥേയരായ ജപ്പാന് പുറമെ ഏഷ്യയിൽ നിന്ന് സൗദി അറേബ്യ, ദക്ഷിണ കൊറിയ ടീമുകൾ ഒളിമ്പിക്‌സ് യോഗ്യത നേടിയപ്പോൾ സ്‌പെയിൻ, ഫ്രാൻസ്, റൊമാനിയ, ജർമ്മനി ടീമുകൾ യൂറോപ്പിൽ നിന്ന് ഒളിമ്പിക്‌സ് കളിക്കും. ആഫ്രിക്കയിൽ നിന്ന് ഈജിപ്ത്, ഐവറി കോസ്റ്റ്, ദക്ഷിണാഫ്രിക്ക ടീമുകൾ ഒളിമ്പിക്‌സ് യോഗ്യത ഉറപ്പിച്ചപ്പോൾ ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് ടീമുകളും ഒളിമ്പിക്‌സിൽ എത്തും. നിലവിൽ ലാറ്റിനമേരിക്കയിൽ നിന്നുള്ള രണ്ടാമത്തെ ടീം ആയി 14 മത്തെ ടീം ആയി ബ്രസീലിന് ഒളിമ്പിക്‌സ് യോഗ്യത നേടാൻ ആവുമോ എന്ന് അർജന്റീനക്ക് എതിരായ മത്സരഫലമാവും വിധി പറയുക.

ഈ വർഷത്തെ ടോക്കിയോ ഒളിമ്പിക്‌സിൽ കളിക്കാൻ ആവുമോ എന്നു ഇപ്പോൾ പറയാൻ ആവില്ലെന്ന് നദാൽ

ഈ വർഷത്തെ ടോക്കിയോ ഒളിമ്പിക്‌സിൽ താൻ കളിക്കുന്ന കാര്യം ഇപ്പോൾ ഉറപ്പിക്കാൻ ആവില്ലെന്ന് ലോക രണ്ടാം നമ്പർ താരവും സ്പാനിഷ് ഇതിഹാസവും ആയ റാഫേൽ നദാൽ. ഈ സീസണുകളിൽ കളിക്കളത്തിൽ നിന്ന് അത്രയൊന്നും ഇടവേളകൾ എടുത്തിട്ടില്ല എന്നതിനാൽ തന്നെ നദാൽക്ക് ഒളിമ്പിക്‌സിന്റെ സമയത്ത് ചിലപ്പോൾ ശാരീരികക്ഷമത നിലനിർത്താൻ ആവുമോ എന്നത് ആവും നദാലിനെ അലട്ടുന്ന പ്രശ്നം. റോജർ ഫെഡററും നൊവാക് ജ്യോക്കോവിച്ചും ഇതിനകം തന്നെ ഒളിമ്പിക്‌സിൽ കളിക്കും എന്ന് പ്രഖ്യാപിച്ചതിനാൽ തന്നെ ടോക്കിയോ ഒളിമ്പിക്‌സിൽ മികച്ച മത്സരങ്ങൾ ആവും കാണാൻ പോവുക. എന്നാൽ നദാലിന്റെ അഭാവം ആരാധകരെ നിരാശയിൽ ആക്കിയേക്കും.

2008 ലണ്ടൻ ഒളിമ്പിക്‌സ് സിംഗിൾസ് സ്വർണമെഡൽ നേടിയ നദാൽ 2016 ൽ റിയോ ഒളിമ്പിക്‌സിൽ ഡബിൾസ് സ്വർണവും സ്‌പെയിനിനായി നേടിയിരുന്നു. കൂടാതെ കഴിഞ്ഞ വർഷത്തെ ഡേവിസ്‌ കപ്പിൽ സ്‌പെയിനിനെ ജേതാക്കൾ ആക്കുന്നതിലും റാഫേൽ നദാൽ വലിയ പങ്ക് ആണ് വഹിച്ചത്. ഒളിമ്പിക്‌സിനെ താൻ വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത് എന്നു പറഞ്ഞ നദാൽ ഒളിമ്പിക്സിൽ തനിക്ക് കളിക്കാനുള്ള ആഗ്രഹവും മറച്ചു വച്ചില്ല. എന്നാൽ ഇപ്പോൾ തനിക്ക് അത് ഉറപ്പിക്കാൻ ആവില്ലെന്ന് വ്യക്തമാക്കിയ നദാൽ ഈ സീസണിലെ പ്രകടനങ്ങളും ശാരീരികക്ഷമതയും ആവും താൻ ഒളിമ്പിക്‌സിൽ കളിക്കുന്നത് നിർണ്ണയിക്കുക എന്നും പറഞ്ഞു. നദാൽ ഒളിമ്പിക്‌സിൽ ഇറങ്ങും എന്ന പ്രതീക്ഷയിൽ തന്നെയാണ് സ്പാനിഷ്, നദാൽ ആരാധകർ.

ടോക്കിയോ ഒളിമ്പിക്‌സിലും 100 മീറ്ററിൽ സ്വർണം നേടാൻ ആവുമെന്ന് ഷെല്ലി ആൻ പ്രൈസ്

ദോഹയിലെ ലോക ചാമ്പ്യൻഷിപ്പിലെ സ്വർണനേട്ടം ഈ വർഷത്തെ ടോക്കിയോ ഒളിമ്പിക്‌സിലും ആവർത്തിക്കാൻ ആവും എന്നു ജമൈക്കൻ ഇതിഹാസം ഷെല്ലി ആൻ ഫ്രേസർ പ്രൈസ്. ദോഹയിൽ തന്റെ 33 മത്തെ വയസ്സിൽ ലോകചാമ്പ്യൻഷിപ്പിൽ 100 മീറ്ററിൽ സ്വർണം നേടിയ ഷെല്ലി ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കൂടിയ താരം ആയിരുന്നു. 2017 ൽ മകൻ സിയോണ് ജന്മം നൽകിയ ശേഷം 2 വർഷം അത്‌ലറ്റിക്സിൽ നിന്ന് വിട്ട് നിന്ന ശേഷം തിരിച്ചു വന്നായിരുന്നു ഷെല്ലിയുടെ ദോഹയിലെ അവിസ്മരണീയ നേട്ടം. അതിനാൽ തന്നെ ടോക്കിയോയിൽ പുതുതലമുറക്ക് എതിരെ ഈ നേട്ടം ആവർത്തിക്കാൻ ആവും എന്ന ശുഭപ്രതീക്ഷയാണ് ഷെല്ലി പങ്ക് വച്ചത്.

സ്വർണം നേടണം എങ്കിൽ തനിക്ക് ഒരുപാട് മെച്ചപ്പെടാൻ ഉണ്ടെന്ന് വ്യക്തമാക്കിയ ഷെല്ലി താൻ അതിനായി പരമാവധി ശ്രമിക്കും എന്നും വ്യക്തമാക്കി. 2008 ൽ ബെയ്ജിംഗ്, 2012 ൽ ലണ്ടൻ ഒളിമ്പിക്സുകളിൽ സ്വർണം നേടിയ ഷെല്ലി 2016 റിയോ ഒളിമ്പിക്‌സിൽ വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. ഉസൈൻ ബോൾട്ടിനൊപ്പം ജമൈക്കൻ കായികരംഗത്ത് പ്രാധാന്യം കൽപ്പിക്കപ്പെടുന്ന ഷെല്ലി 100 മീറ്ററിന് പുറമെ 200 മീറ്ററിലും താൻ ടോക്കിയോയിൽ മത്സരിക്കാൻ ഉദ്ദേശിക്കുന്നു എന്നും വ്യക്തമാക്കി. ഈ വർഷത്തെ ലോറസ് മികച്ച വനിത താരം ആവാൻ മത്സരിക്കുന്ന ഷെല്ലിക്ക് ഒളിമ്പിക്‌സിൽ ലോകചാമ്പ്യൻഷിപ്പിൽ 200 മീറ്ററിൽ സ്വർണം നേടിയ ബ്രിട്ടന്റെ 24 കാരി ഡിന ആഷർ സ്മിത്തിനെ പോലെയുള്ള പുതുതലമുറയെ മറികടന്ന് സ്വർണം നേടാൻ ആവുമോ എന്ന് കാത്തിരുന്നു കാണാം.

ഒളിമ്പിക്‌സിന്റെ വർഷത്തിൽ കായികമേഖലക്ക് നിരാശ സമ്മാനിച്ചു കേന്ദ്ര ബഡ്ജറ്റ്

2020-21 വർഷത്തെ കേന്ദ്രസർക്കാർ ബഡ്ജറ്റിൽ കായികമേഖലക്ക് വലിയ നിരാശ. ടോക്കിയോ ഒളിമ്പിക്സ് ഈ വർഷം നടക്കാൻ ഇരിക്കെ കായികമേഖലക്ക് പ്രത്യേക ഊന്നൽ നിർമല സീതാരാമന്റെ ബഡ്ജറ്റിൽ പ്രതീക്ഷിച്ച കായികമേഖലക്ക് പക്ഷെ നിരാശ ആയിരുന്നു ഫലം. കടുത്ത സാമ്പത്തിക ഞെരുക്കം നേരിടുന്ന രാജ്യത്തിൽ പല മേഖലകളിലും ഫണ്ട് വെട്ടിക്കുറച്ച സർക്കാർ കഴിഞ്ഞ വർഷത്തെക്കാൾ വെറും 50 കോടി മാത്രം ആണ് ഈ വർഷം നീക്കി വച്ചത്. കഴിഞ്ഞ വർഷം 2776.92 കോടി രൂപ കായികമേഖലക്ക് നീക്കി വച്ച സർക്കാർ ഈ വർഷം 2826.92 കോടിയാണ് കായികമേഖലക്ക് ആയി വകയിരുത്തിയത്. എന്നാൽ ഒളിമ്പിക്സ് നടക്കാൻ ഇരിക്കുന്ന വർഷത്തിൽ ഈ വർധന ഒന്നുമല്ല എന്നതാണ് വാസ്തവം.

കളിക്കാർക്ക് ആയുള്ള ബോണസുകൾ ഒക്കെ 111 കോടിയിൽ നിന്ന് 70 കൊടിയിലേക്ക് ആണ് സർക്കാർ കുറച്ചത്. അതേസമയം ദേശീയ കായിക ഫെഡറേഷനായി കഴിഞ്ഞ വർഷത്തെക്കാൾ 55 കോടി രൂപ കുറച്ച് ആണ് ബഡ്ജറ്റിൽ നീക്കി വച്ചത്‌. ഇന്ത്യൻ കായിക മേഖലയിലെ ഏറ്റവും നിർണായകമായ സായിക്കുള്ള ധനസഹായം ആവട്ടെ കഴിഞ്ഞ വർഷത്തെ 615 കോടിയിൽ നിന്ന് 500 കോടി ആയും കുറച്ചു. കായിക വികസനത്തിനായിട്ടുള്ള ധനസഹായം 77.15 കോടിയിൽ നിന്ന് 50 കോടി ആയും സർക്കാർ കുറച്ചു. അതേസമയം ഈ സർക്കാർ ഏറ്റവും വലിയ ആഘോഷമായി നടത്തുന്ന ഖേലോ ഇന്ത്യക്ക് ആയി 291.42 കോടിയാണ് മാറ്റി വച്ചത്‌. സ്‌കൂൾ തല, കോളേജ് തല വികസനം നല്ലത് ആണെങ്കിലും കായിക രംഗത്തെ ഏറ്റവും നിർണായകമായ ഒളിമ്പിക്‌സിന്റെ വർഷത്തിൽ കായികമേഖലക്ക് വലിയ പരിഗണന നൽകാത്ത ബഡ്ജറ്റ് വലിയ നിരാശയാണ് കായികലോകത്തിന് നൽകിയത്.

ടോക്കിയോ ഒളിമ്പിക്സിനു യോഗ്യത നേടി ഇര്‍ഫാന്‍

2020 ടോക്കിയോ ഒളിമ്പിക്സിനു യോഗ്യത നേടി ഇര്‍ഫാന്‍ കെടി. ഇന്ന് നടന്ന ഏഷ്യന്‍ റേസ് വാക്കിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 20 കിലോമീറ്റര്‍ നടത്തത്തില്‍ നാലാം സ്ഥാനം സ്വന്തമാക്കിയാണ് ഒളിമ്പിക്സ യോഗ്യത ഇര്‍ഫാന്‍ ഉറപ്പാക്കിയത്. 1:20.57 എന്ന സമയത്തിലാണ് ഇര്‍ഫാന്‍ യോഗ്യത നേടിയത്. ടോക്കിയോ ഒളിമ്പിക്സ് കൂടാതെ 2019 IAAF ലോക ചാമ്പ്യന്‍ഷിപ്പിനും ഇര്‍ഫാന്‍ യോഗ്യത നേടിയിട്ടുണ്ട്.

ഇന്ത്യയുടെ ദേവീന്ദരറും ഗണപതിയും ലോക ചാമ്പ്യന്‍ഷിപ്പിനു യോഗ്യത നേടിയിട്ടുണ്ട്.

2032 ഒളിമ്പിക്സിന് ആതിഥ്യം വഹിക്കാൻ ഇന്തോനേഷ്യയും

2032ലെ ഒളിമ്പിക്സിന് ആതിഥ്യം വഹിക്കാനായി ഇന്തോനേഷ്യ ഔദ്യോഗികമായി അപേക്ഷ നൽകി. കഴിഞ്ഞ വർഷം ഏഷ്യൻ ഗെയിംസ് നടത്തി വിജയിച്ചതാണ് ഒളിമ്പിക്സിന് അപേക്ഷ നൽകാൻ ഇന്തോനേഷ്യയെ പ്രേരിപ്പിച്ചത്. ഇന്ത്യയും ഒപ്പം രണ്ട് കൊറിയകൾ സംയുക്തമായും 2032 ഒളിമ്പിക്സിന് വേണ്ടി അപേക്ഷ കൊടുത്തിട്ടുണ്ട്. 2025ൽ മാത്രമെ ആര് ആതിഥ്യം വഹിക്കുമെന്ന് അന്തിമ തീരുമാനം ആവുകയുള്ളൂ.

2020ൽ ടോക്കിയോയും, 2024 പാരീസും, 2028ൽ ലോസ് ഏഞ്ചൽസും ആകും ഒളിമ്പിക്സിനായി ആതിഥ്യം വഹിക്കുന്നത്. 2032 ഒളിമ്പിക്സ് നടത്താൻ ഇന്ത്യക്ക് അവസരം കിട്ടുമെന്ന പ്രതീക്ഷയിൽ ഇന്ത്യ നേരത്തെ തന്നെ അപേക്ഷ നൽകിയിരുന്നു.

ഒളിംപിക്‌സ് സ്പോൺസർഷിപ്പ്, സാംസങ് കരാർ നീട്ടി

സൗത്ത് കൊറിയൻ ടെക് ഭീമൻമാരായ സാംസങ് ഒളിംപിക്‌സ് സ്പോൺസർഷിപ്പ് കരാർ പുതുക്കി. 2028 ഒളിംപിക്‌സ് വരെ സാംസങ് തന്നെയാവും ലോക കായിക മാമാങ്കത്തിന്റെ ടൈറ്റിൽ സ്പോൺസർമാർ. ഇന്റർനാഷണൽ ഒളിംപിക് കമ്മിറ്റി ഇക്കാര്യം ഔദ്യോഗികമായി സ്ഥിതീകരിച്ചു.

1998 മുതൽ ഒളിംപിക്സിന്റെ പ്രധാന സ്പോൺസർഷിപ്പ് സാംസങിനാണ്. 2028 ലോസ് അഞ്ചലസ് ഒളിംപിക്‌സ് വരെ ഈ ബന്ധം തുടരാൻ കമ്പനി തീരുമാനിക്കുകയായിരുന്നു. 1998 സോൾ ഒളിംപിക്‌സുമായിട്ടും കമ്പനി സഹകരിച്ചിരുന്നു. സാംസങിനെ കൂടാതെ ഇന്റൽ, അലയൻസ് ഇൻഷുറൻസ്, കൊക്ക കോള അടക്കമുള്ള കമ്പനികളും ഒളിംപിക്‌സ് സ്പോൺസർമാരായി രംഗത്തുണ്ട്.

2032 ഒളിമ്പിക്സ് വേദി സ്വന്തമാക്കാൻ ഇരു കൊറിയകളും കൈകോർക്കുന്നു

2032 ഒളിമ്പിക്സ് വേദി സ്വന്തമാക്കാൻ ഇരു കൊറിയകളും കൈകോർക്കുന്നു. നോർത്ത് കൊറിയയും സൗത്ത് കൊറിയയും സംയുകതമായാണ് ഒളിമ്പിക്സ് വേദിക്കായി ശ്രമിക്കുന്നത്. 2032ഒളിമ്പിക്സ് വേദിക്കായി ഇന്തോനേഷ്യയും ഇന്ത്യയും ശ്രമിക്കുന്നുണ്ട്.

2020 ടോക്കിയോ സമ്മർ ഗെയിംസിൽ സംയുക്ത ടീമുകളെ അയക്കാനും നോർത്ത് -സൗത്ത് കൊറിയൻ പ്രസിഡന്റുമാരുടെ യോഗത്തിൽ തീരുമാനമായിട്ടുണ്ട്. വിന്റർ ഒളിമ്പിക്സ് നടന്നപ്പോൾ ഇരുരാജ്യങ്ങളിലെയും താരങ്ങൾ ഒന്നിച്ചായിരുന്നു മാർച്ച് പാസ്റ്റിൽ പങ്കെടുത്തത്.

മുന്‍ അഫ്ഗാന്‍ വനിത താരം ഐഒസിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

അഫ്ഗാനിസ്ഥാന്റെ മുന്‍ വനിത ബാസ്കറ്റ്ബോള്‍ താരം 24 വയസ്സുകാരി സമീറ അസ്ഗാരി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഐഒസിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് സമീറ. ഏഷ്യന്‍ സോണില്‍ നിന്നുള്ള പ്രതിനിധിയായാണ് ഈ അഫ്ഗാനിസ്ഥാന്‍കാരി എത്തുന്നത്.

കഴിഞ്ഞ ജൂലായില്‍ ഐഒസിയിലേക്ക് തിരഞ്ഞെടുക്കപ്പെടുവാനായി നിര്‍ദ്ദേശിക്കപ്പെട്ട 9 നാമനിര്‍ദ്ദേശങ്ങളില്‍ ഒരാളായി അസ്ഗാരി ഇടം പിടിച്ചിരുന്നു. വോട്ടെടുപ്പിലൂടെ അഞ്ച് പേരെയാണ് തിരഞ്ഞെടുക്കുവാന്‍ തീരുമാനിച്ചിരുന്നത്. കൂടുതല്‍ വനിത പ്രാതിനിധ്യം ഉറപ്പാക്കുക എന്ന അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ നയത്തിന്റെ ഭാഗമായിക്കൂടിയാണ് ഈ തിരഞ്ഞെടുപ്പ്.

Exit mobile version