സ്റ്റോയിനിസ് സൂപ്പര്‍ പവര്‍!!! രാജസ്ഥാനെതിരെ 222 റൺസ് നേടി പഞ്ചാബ് കിംഗ്സ്

ഐപിഎലില്‍ ഇതുവരെ തോൽവിയറിയാത്ത പഞ്ചാബ് കിംഗ്സ് ഇന്ന് രാജസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്ത് 222 റൺസ് നേടി. പതിവു പോലെ പഞ്ചാബ് ബാറ്റര്‍മാര്‍ അതിവേഗം സ്കോറിംഗ് നടത്തിയപ്പോള്‍ അവസാന ഓവറുകളിൽ കത്തിക്കയറി മാര്‍ക്കസ് സ്റ്റോയിനിസ് പഞ്ചാബിനെ 222/4 എന്ന സ്കോറിലേക്ക് എത്തിച്ചു. 59 റൺസ് നേടിയ പ്രഭ്സിമ്രാന്‍ സിംഗ് ആണ് ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍.

ഓപ്പണിംഗ് കൂട്ടുകെട്ട് പഞ്ചാബിന് മിന്നും തുടക്കം നൽകിയപ്പോള്‍ 11 പന്തിൽ 29 റൺസ് നേടിയ പ്രിയാന്‍ഷ് ആര്യയെയാണ് ടീമിന് ആദ്യം നഷ്ടമായത്. സ്കോര്‍ ബോര്‍ഡിൽ 2.5 ഓവറിൽ 37 റൺസ് ആയിരുന്നു പഞ്ചാബിന്. പ്രഭ്സിമ്രാന്‍ – കൂപ്പര്‍ കൊണ്ണോലി കൂട്ടുകെട്ട് 33 പന്തിൽ 59 റൺസ് നേടിയപ്പോള്‍ മൂന്നാം വിക്കറ്റിൽ ശ്രേയസ്സ് അയ്യരുമായി പ്രഭ്സിമ്രാന്‍ 34 പന്തിൽ 48 റൺസ് നേടി.

കൂപ്പര്‍ കൊണ്ണോലിയെ പുറത്താക്കിയ യഷ് രാജ് പുഞ്ച തന്നെയാണ് 59 റൺസ് നേടിയ പ്രഭ്സിമ്രാനെയും പുറത്താക്കിയത്. ശ്രേയസ്സ് അയ്യരും മാര്‍ക്കസ് സ്റ്റോയിനിസും 37 റൺസ് നേടിയപ്പോള്‍ 30 റൺസ് നേടിയ ശ്രേയസ്സിനെ പഞ്ചാബിന് നഷ്ടമായി. തുടര്‍ന്ന് സീസണിൽ ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാനാകാതെ പതറുന്ന സ്റ്റോയിനിസ് അതിവേഗത്തിൽ സ്കോറിംഗുമായി പഞ്ചാബിനെ 200 കടത്തി.
22 പന്തിൽ നിന്ന് 62 റൺസാണ് മാര്‍ക്കസ് സ്റ്റോയിനിസ് നേടിയത്.