Indian Super League

ഇന്ന് ഐ എസ് എല്ലിൽ ആദ്യ രണ്ടു സ്ഥാനക്കാർ നേർക്കുനേർ

ഐ എസ് എല്ലിൽ ഇന്ന് ആവേശകരമായ മത്സരമാണ് നടക്കുന്നത്‌. ലീഗിലെ ആദ്യ രണ്ടു സ്ഥാനക്കാർ ആണ് ഇന്ന് നേർക്കുനേർ വരുന്നത്. ഒന്നാമതുള്ള മുംബൈ സിറ്റി രണ്ടാമതുള്ള എ ടി കെ മോഹൻ ബഗാനെ നേരിടും. രണ്ടു ടീമുകളും തമ്മിൽ ആകെ രണ്ടു പോയിന്റ് മാത്രമേ വ്യത്യാസമുള്ളൂ. അതുകൊണ്ട് തന്നെ ഇന്ന് വിജയിച്ചാൽ എ ടി കെ മോഹൻ ബഗാന് ലീഗിൽ ഒന്നാമത് എത്താം. അവസാന എട്ടു മത്സരങ്ങളിൽ പരാജയം അറിയാത്തെ ടീമാണ് മുംബൈ സിറ്റി.

അവസാനം കളിച്ച എട്ടിൽ ഏഴു ജയിക്കാൻ ലൊബേരയുടെ ടീമിനായി. മറുവശത്തുള്ള മോഹൻ ബഗാൻ ആകട്ടെ അവസാന അഞ്ചു മത്സരങ്ങളിൽ പരാജയപ്പെട്ടിട്ടില്ല. അവസാന നാലു മത്സരങ്ങളിൽ ഒരു ഗോൾ പോലും വഴങ്ങിയിട്ടും ഇല്ല. ലീഗിൽ ഏറ്റവും മികച്ച ഡിഫൻസും എ ടി കെയുടേതാണ്. മുംബൈ അറ്റാക്കർമാരായ ലെ ഫൊണ്ട്രെയും ഒഗ്ബെചെയും ഒക്കെ ഫോമിൽ ആയിട്ടുണ്ട് എങ്കിലും ജിങ്കനെയും ടിരിയെയും മറികടക്കുക അത്ര എളുപ്പമാകില്ല.

ഇന്ന് മുംബൈ സിറ്റി നിരയിൽ മധ്യനിര താരം ജാഹു ഉണ്ടാകില്ല. ജാഹു സസ്പെൻഷനിൽ ആണ്. ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുന്നത്.