ഐഎസ്എൽ: എഐഎഫ്എഫും ക്ലബ്ബുകളും തമ്മിലുള്ള കരാർ ചർച്ചകൾ അന്തിമഘട്ടത്തിൽ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്എൽ) അടുത്ത നാല് വർഷത്തേക്കുള്ള വാണിജ്യ അവകാശങ്ങൾ 14 പ്രധാന ക്ലബ്ബുകൾക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ അന്തിമഘട്ടത്തിൽ. ഒരു സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ (SPV) വഴി ലീഗ് നിയന്ത്രിക്കാനാണ് ധാരണ. ഇതിനായി ഓരോ ക്ലബ്ബും 1.1 കോടി രൂപ അഡ്മിനിസ്ട്രേറ്റീവ് ഫീസായി നൽകണം. എല്ലാ ക്ലബ്ബുകളും കരാറിൽ ഒപ്പുവെക്കുകയാണെങ്കിൽ ഫെഡറേഷന് ആദ്യ വർഷം 15.4 കോടി രൂപ ലഭിക്കും. തുടർന്നുള്ള മൂന്ന് വർഷങ്ങളിൽ ഇത് യഥാക്രമം 1.15 കോടി, 1.20 കോടി, 1.25 കോടി എന്നിങ്ങനെ വർധിക്കും.
കരാറിലെ ഓഡിറ്റ് അവകാശങ്ങൾ, ലാഭവിഹിതം, രണ്ട് വർഷത്തിന് ശേഷം കരാറിൽ നിന്ന് പിന്മാറാനുള്ള ക്ലബ്ബുകളുടെ അവകാശം എന്നിവയിൽ ചില അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്. എസ്പിവി-യുടെ കണക്കുകൾ പരിശോധിക്കാൻ തങ്ങൾക്ക് അധികാരം വേണമെന്നും മൊത്തം ലാഭത്തിന്റെ 10 ശതമാനം വിഹിതം നൽകണമെന്നുമാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ (എഐഎഫ്എഫ്) ആവശ്യം. എന്നാൽ, ഓഡിറ്റ് ചെയ്ത സാമ്പത്തിക രേഖകൾ ലഭ്യമാക്കാമെന്നും അറ്റ ലാഭത്തിന്റെ 10 ശതമാനം നൽകാമെന്നുമാണ് ക്ലബ്ബുകളുടെ നിലപാട്.
കൂടാതെ, രണ്ട് വർഷത്തിന് ശേഷം കരാറിൽ നിന്ന് പിന്മാറാനുള്ള അവകാശം തങ്ങൾക്ക് വേണമെന്നും ക്ലബ്ബുകൾ ആവശ്യപ്പെടുന്നു. സെപ്റ്റംബർ 4-ന് ലീഗ് ആരംഭിക്കാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്, ഏകദേശം ഏഴ് മാസത്തോളം നീണ്ടുനിൽക്കുന്നതായിരിക്കും ഈ സീസൺ. ഇന്ന് ക്ലബുകളും എഐഎഫ്എഫും തമ്മിൽ കരാർ ഒപ്പുവെക്കും.