Indian Premier LeagueCricketFeatured

മുംബൈയെ വിജയത്തിലേക്ക് നയിച്ച് തിലക് വര്‍മ്മ

Tilakvarma

ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിന് മികച്ച വിജയം. ഇന്ന് പഞ്ചാബ് കിംഗ്സ് ആദ്യം ബാറ്റ് ചെയ്ത് 200/8 എന്ന സ്കോര്‍ നേടിയപ്പോള്‍ തിലക് വര്‍മ്മയും വിൽ ജാക്സും ചേര്‍ന്ന് അഞ്ചാം വിക്കറ്റിൽ 20 പന്തിൽ 56 റൺസ് നേടി മുംബൈയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 4 വിക്കറ്റ് നഷ്ടത്തിൽ 19.5 ഓവറിലാണ് മുംബൈയുടെ വിജയം.

Ryanrickleton

പവര്‍പ്ലേയിൽ 59 റൺസ് നേടിയ മുംബൈയ്ക്കായി റയാന്‍ റിക്കൽട്ടൺ ആണ് മിന്നും തുടക്കം നൽകിയത്. റയാൻ റിക്കൽട്ടൺ 23 പന്തിൽ 48 റൺസ് നേടിയപ്പോള്‍ ഈ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 61 റൺസാണ് നേടിയത്. റിക്കൽട്ടണിനെ അസ്മത്തുള്ള ഒമര്‍സായി ആണ് പുറത്താക്കിയത്. നമന്‍ ധിറിനെയാണ് മുംബൈയ്ക്ക് രണ്ടാമത് നഷ്ടമായത്. മാര്‍ക്കോ ജാന്‍സന് ആണ് വിക്കറ്റ്.

25 റൺസ് നേടിയ രോഹിത്തിനെ പുറത്താക്കി യൂസുവേന്ദ്ര ചഹാൽ പഞ്ചാബിന് മൂന്നാം വിക്കറ്റ് നൽകി. 26 പന്ത് നേരിട്ട രോഹിത് റൺസ് കണ്ടെത്തുവാന്‍ പ്രയാസപ്പെടുകയായിരുന്നു.

പിന്നീട് തിലക് വര്‍മ്മയുടെ മിന്നും ബാറ്റിംഗ് പ്രകടനം മുംബൈയെ മുന്നോട്ട് നയിക്കുകയായിരുന്നു. മാര്‍ക്കോ ജാന്‍സന്‍ എറിഞ്ഞ 18ാം ഓവറിൽ തിലക് വര്‍മ്മ – വിൽ ജാക്സ് കൂട്ടുകെട്ട് 22 റൺസ് നേടിയപ്പോള്‍ അവസാന രണ്ടോവറിലെ മുംബൈയുടെ ലക്ഷ്യം 28 റൺസായിരുന്നു.

19ാം ഓവറിൽ 13 റൺസ് വന്നപ്പോള്‍ അവസാന ഓവറിൽ 15 റൺസായിരുന്നു മുംബൈ നേടേണ്ടിയിരുന്നത്. സേവ്യ‍ര്‍ ബാര്‍ട്‍ലെറ്റിനെ രണ്ട് സിക്സുകള്‍ക്ക് പായിച്ച് തിലക് വര്‍മ്മ മുംബൈയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. തിലക് വര്‍മ്മ 33 പന്തിൽ 75 റൺസും വിൽ ജാക്സ് 10 പന്തിൽ 25 റൺസും നേടി അഞ്ചാം വിക്കറ്റിലെ 56 റൺസ് നേടിയാണ് മുംബൈയ്ക്ക് മിന്നും വിജയം നേടിക്കൊടുത്തത്.