ശ്രേയസ്സ് അയ്യരുടെ കന്നി ഐപിഎൽ ശതകം, പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി പഞ്ചാബിന്റെ വിജയം

ഐപിഎലില്‍ പഞ്ചാബ് കിംഗ്സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തി ശ്രേയസ്സ് അയ്യരുടെ തകര്‍പ്പന്‍ ശതകം. ലക്നൗവിനെതിരെ 197 റൺസ് ചേസ് ചെയ്തിറങ്ങിയ പഞ്ചാബ് 18 ഓവറിൽ 200 റൺസ് നേടി വിജയം കുറിച്ചപ്പോള്‍ ഡൽഹി ടൂര്‍ണ്ണമെന്റിൽ നിന്ന് പുറത്തായി. നാളെ രാജസ്ഥാന്‍ റോയൽസിനെ മുംബൈ പരാജയപ്പെടുത്തുകയും ലീഗിലെ അവസാന മത്സരത്തിൽ കൊൽക്കത്തയ്ക്ക് മികച്ച റൺ റേറ്റിൽ വിജയം നേടുവാന്‍ സാധിക്കുന്നില്ലെങ്കില്‍ പഞ്ചാബ് പ്ലേ ഓഫിൽ കടക്കും. ശ്രേയസ്സ് അയ്യര്‍ക്കൊപ്പം പ്രഭ്സിമ്രാന്‍ സിംഗും അര്‍ദ്ധ ശതകം നേടി മികച്ച ബാറ്റിംഗ് പുറത്തെടുത്തു.

പ്രിയാന്‍ഷ് ആര്യയെ ഇന്നിംഗ്സിലെ ആദ്യ പന്തിൽ ഷമി പുറത്താക്കിയപ്പോള്‍ 18 റൺസ് നേടിയ കൂപ്പര്‍ കൊണ്ണോലിയെയും പുറത്താക്കി മൊഹമ്മദ് ഷമി തന്റെ രണ്ടാം വിക്കറ്റ് നേടി. ഇതോടെ 22/2 എന്ന നിലയിലായിരുന്നു പഞ്ചാബ്.
അവിടെ നിന്ന് പ്രഭ്സിമ്രാന്‍ സിംഗും ശ്രേയസ്സ് അയ്യരും ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിച്ചു. ഇരു താരങ്ങളും തങ്ങളുടെ അര്‍ദ്ധ ശതകം തികച്ചപ്പോള്‍ മികച്ച രീതിയിൽ പഞ്ചാബിന്റെ ചേസിംഗ് പുരോഗമിച്ചു. മൂന്നാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 65 പന്തിൽ നിന്ന് 117 റൺസാണ് നേടിയത്.
34 പന്തിൽ 62 റൺസ് നേടിയ പ്രഭ്സിമ്രാനെ പുറത്താക്കി പ്രിന്‍സ് യാദവ് ഈ കൂട്ടുകെട്ട് തകര്‍ത്തുവെന്ന് കരുതിയെങ്കിലും തേര്‍ഡ് അംപയര്‍ ഡിസിഷന്‍ പഞ്ചാബ് താരത്തിന് അനുകൂലമായിരുന്നു.
എന്നാൽ തൊട്ടടുത്ത ഓവറിൽ പ്രഭ്സിമ്രാനെ വിക്കറ്റിന് മുന്നിൽ കുടുക്കി അര്‍ജ്ജുന്‍ ടെണ്ടുൽക്കര്‍ ഈ കൂട്ടുകെട്ട് തകര്‍ത്തു. 39 പന്തിൽ 69 റൺസായിരുന്നു പ്രഭ്സിമ്രാന്‍ നേടിയത്. അവസാന അഞ്ചോവറിൽ പഞ്ചാബിന് വിജയിക്കുവാന്‍ വെറും 35 റൺസ് മാത്രം മതിയായിരുന്നു.

16ാം ഓവര്‍ എറിഞ്ഞ മൊഹമ്മദ് ഷമിയെ ഓവറിൽ മൂന്ന് സിക്സുകള്‍ക്ക് പായിച്ച് ശ്രേയസ്സ് അയ്യര്‍ ക്യാപ്റ്റന്റെ ഇന്നിംഗ്സ് പുറത്തെടുത്തപ്പോള്‍ പഞ്ചാബ് വിജയത്തിന് കൂടുതൽ അടുത്തേക്കെത്തി. അടുത്ത ഓവറിൽ അര്‍ജ്ജുന്‍ ടെണ്ടുൽക്കര്‍ 5 റൺസ് മാത്രം വിട്ട് നൽകിയെങ്കിലും പഞ്ചാബ് ജയത്തിന് ഏറെ അരികെ എത്തിയിരുന്നു.
ശ്രേയസ്സ് അയ്യര്‍ 51 പന്തിൽ 101 റൺസ് നേടി പഞ്ചാബിനെ 18ാം ഓവറിൽ 7 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചു. തുടരെ ആറ് തോൽവികള്‍ക്ക് ശേഷമാണ് പഞ്ചാബ് വിജയത്തിലേക്ക് തിരികെ എത്തുന്നത്. ജയത്തോടെ പഞ്ചാബ് നാലാം സ്ഥാനത്തേക്ക് എത്തി. നാളെ രാജസ്ഥാന്‍ വിജയം കുറിയ്ക്കുകയാണെങ്കിൽ പഞ്ചാബ് ടൂര്‍ണ്ണമെന്റിൽ നിന്ന് പുറത്താക്കും. അല്ലാത്തപക്ഷം കൊൽക്കത്ത – ഡൽഹി മത്സരത്തിൽ കൊൽക്കത്ത വിജയിക്കുകയും പഞ്ചാബിനെക്കാള്‍ മികച്ച റൺ റേറ്റിൽ ടീം ജയിക്കുകയും ചെയ്താൽ കൊൽക്കത്ത പ്ലേ ഓഫ് സ്ഥാനം ഉറപ്പിക്കും.