Indian Premier LeagueCricketFeatured

വീണ്ടും റൺവേട്ടയുമായി ജോഷ്!!! പഞ്ചാബിനെതിരെ 196 റൺസുമായി ലക്നൗ

Joshinglis

ഐപിഎലില്‍ ഇന്ന് പഞ്ചാബ് കിംഗ്സിനെതിരെ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ലക്നൗവിന് 196 റൺസ്. ജോഷ് ഇംഗ്ലിസിന്റെ മികവുറ്റ ബാറ്റിംഗ് ആണ് ലക്നൗവിന് 196/6 എന്ന സ്കോര്‍ നേടുവാന്‍ സഹായിച്ചത്. ഒപ്പം ആയുഷ് ബദോനിയും അതിവേഗ സ്കോറിംഗുമായി തിളങ്ങി. അവസാന ഓവറുകളിൽ അബ്ദുള്‍ സമദ് നേടിയ റൺസും ലക്നൗവിന് തുണയായി.

മികച്ച ഫോമിലുള്ള മിച്ചൽ മാര്‍ഷിന്റെ അഭാവത്തിൽ ജോഷ് ഇംഗ്ലിസും അര്‍ഷിന്‍ കുൽക്കര്‍ണ്ണിയും ഓപ്പണിംഗിനെത്തിയെങ്കിലും അര്‍ഷിന്‍ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്താകുമ്പോള്‍ ലക്നൗ സ്കോര്‍ ബോര്‍ഡിൽ 16 റൺസായിരുന്നു.

അധികം വൈകാതെ നിക്കോളസ് പൂരനും പുറത്തായപ്പോള്‍ ലക്നൗ 20/2 എന്ന നിലയിലായിരുന്നു. അവിടെ നിന്ന് ജോഷ് ഇംഗ്ലിസ് – ആയുഷ് ബദോനി കൂട്ടുകെട്ടാണ് ടീമിനെ മുന്നോട്ട് നയിച്ചത്.

Joshinglis2

പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ലക്നൗ 66 റൺസ് ആണ് നേടിയത്. 18 പന്തിൽ 43 റൺസ് നേടിയ ആയുഷ് ബദോനിയെ നഷ്ടമായത് ലക്നൗവിന് വലിയ തിരിച്ചടിയായി. മൂന്നാം വിക്കറ്റിൽ 23 പന്തിൽ നിന്ന് 49 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്.

നാലാം വിക്കറ്റിൽ ജോഷും പന്തും ചേര്‍ന്ന് 65 റൺസ് നേടിയപ്പോള്‍ ലക്നൗ 134 റൺസിലേക്ക് എത്തി. ജോഷ് ഇംഗ്ലിസ് തന്റെ മികച്ച ഫോം തുടര്‍ന്നപ്പോള്‍ 44 പന്തിൽ 72 റൺസ് നേടി ജോഷ് ഇംഗ്ലിസ് പുറത്താകുമ്പോള്‍ ലക്നൗ 169 റൺസായിരുന്നു നേടിയത്.

അവസാന ഓവറുകളിൽ അബ്ദുള്‍ സമദ് 20 പന്തിൽ 37 റൺസ് നേടിയപ്പോള്‍ ലക്നൗ 196 റൺസിലേക്ക് എത്തി.