Indian Premier LeagueCricketFeatured

ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി റിയാന്‍ പരാഗ്, അവസാന ഓവറുകളിൽ കത്തിക്കയറി ഡൊണോവൻ ഫെരൈര

Parag2

ഓപ്പണര്‍മാരെ വേഗത്തിൽ നഷ്ടമായ ശേഷം റിയാന്‍ പരാഗിന്റെയും ധ്രുവ് ജുറേലിന്റെയും ഡൊണോവന്‍ ഫെരൈരയുടെ വെടിക്കെട്ടിന്റെയും മികവിൽ 225 റൺസിലെത്തി രാജസ്ഥാന്‍ റോയൽസ്. ഇന്ന് ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച രാജസ്ഥാന്റെ തുടക്കം പാളിയെങ്കിലും റിയാന്‍ പരാഗ് 90 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ ടീം നേടിയത്.

യശസ്വി ജൈസ്വാളിനെ മിച്ചൽ സ്റ്റാര്‍ക്കും വൈഭവ് സൂര്യവന്‍‍ഷിയെ കൈൽ ജാമിസണും പുറത്താക്കിയപ്പോള്‍ രാജസ്ഥാന്‍ 12/2 എന്ന നിലയിലായിരുന്നു. അവിടെ നിന്ന് ധ്രുവ് ജുറേൽ – റിയാന്‍ പരാഗ് കൂട്ടുകെട്ടാണ് രാജസ്ഥാനെ തിരികെ ട്രാക്കിലെത്തിച്ചത്. കൈൽ ജാമിസൺ എറിഞ്ഞ പവര്‍പ്ലേയിലെ അവസാന ഓവറിൽ റിയാന്‍ പരാഗ് രണ്ട് സിക്സും രു ഫോറും നേടിയപ്പോള്‍ 56/2 എന്ന നിലയിലായിരുന്നു രാജസ്ഥാന്‍.

Jurel

അക്സര്‍ പട്ടേലിനെ തുടരെ സിക്സുകള്‍ക്ക് പായിച്ച് റിയാന്‍ പരാഗ് തന്റെ അര്‍ദ്ധ ശതകത്തിന് അരികെ എത്തിയപ്പോള്‍ പത്തോവറിൽ രാജസ്ഥാന്‍ 91 റൺസാണ് നേടിയത്. അടുത്ത ഓവറിൽ റിയാന്‍ പരാഗ് 32 പന്തിൽ നിന്ന് നിന്ന് തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി. അതിന് ശേഷം നടരാജനെ ഒരു ബൗണ്ടറിയ്ക്കും സിക്സിനും പായിച്ച് റൺ റേറ്റും പരാഗ് ഉയര്‍ത്തി.

Riyanparag

എന്നാൽ തൊട്ടടുത്ത ഓവറിൽ 30 പന്തിൽ 42 റൺസ് നേടിയ ധ്രുവ് ജുറേലിനെ രാജസ്ഥാന് നഷ്ടമായി. മൂന്നാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 59 പന്തിൽ നിന്ന് 102 റൺസാണ് നേടിയത്. 28 പന്തിൽ 53 റൺസ് കൂട്ടിചേര്‍ത്ത പരാഗ് – ജഡേജ കൂട്ടുകെട്ടിനെ സ്റ്റാര്‍ക്ക് തകര്‍ത്തപ്പോള്‍ രാജസ്ഥാന്‍ 167/4 എന്ന നിലയിലായിരുന്നു. 20 റൺസാണ് ജഡേജ നേടിയത്.

Mitchellstarc

അതേ ഓവറിൽ റിയാന്‍ പരാഗിനെയും സ്റ്റാര്‍ക്ക് മടക്കിയയ്ച്ചു. 50 പന്തിൽ 90 റൺസാണ് പരാഗ് നേടിയത്. അവസാന ഓവറുകളിൽ രാജസ്ഥാന് വേണ്ടി കഴിഞ്ഞ മത്സരത്തിലെ ഹീറോകളായ ഡൊണോവന്‍ ഫെരൈരയും ശുഭം ദുബേയും കളം നിറഞ്ഞപ്പോള്‍ ടീം സ്കോര്‍ 200 കടന്നു.

ഡൊണോവന്‍ ഫെരൈര കുൽദീപിനെ ഒരോവറിൽ മൂന്ന് സിക്സുകള്‍ക്ക് പായിച്ചപ്പോള്‍ 19ാം ഓവറിന്റെ അവസാന രണ്ട് പന്തിൽ സ്റ്റാര്‍ക്കിനെ ഫോറിനും സിക്സിനും പായിച്ച് താരം രാജസ്ഥാന്റെ കുതിപ്പിന് സഹായിച്ചു.

അവസാന ഓവറിൽ നടരാജന് വിക്കറ്റ് നൽകി ശുഭം ദുബേ പുറത്തായപ്പോള്‍ ഈ കൂട്ടുകെട്ട് 15 പന്തിൽ 40 റൺസാണ് നേടിയത്. ഇതിൽ ദുബേയുടെ സംഭാവന ആറ് റൺസായിരുന്നു. അതിന് ശേഷം നടരാജനെ ഒരു ഫോറിനും രണ്ട് സിക്സിനും ഫെരൈര പായിച്ചപ്പോള്‍ അവസാന പന്തിൽ ക്യാച്ച് കൈവിട്ട് അക്സര്‍ സിക്സ് വിട്ട് നൽകുകയായിരുന്നു. 14 പന്തിൽ 47 റൺസുമായി പുറത്താകാതെ നിന്ന ഫെരൈരയുടെ ഇന്നിംഗ്സിന്റെ ബലത്തിൽ രാജസ്ഥാന്‍ 225/6 എന്ന മികച്ച സ്കോറാണ് നേടിയത്.