ഐപിഎൽ ചരിത്രത്തിലെ ഡൽഹിയുടെ ഏറ്റവും വലിയ ചേസിംഗ് വിജയം

ഐപിഎലില്‍ രാജസ്ഥാന്‍ റോയൽസിനെതിരെ 226 റൺസ് ചേസ് ചെയ്ത് ഡൽഹി ക്യാപിറ്റൽസ്. തങ്ങളുടെ ഏറ്റവും വലിയ ഐപിഎൽ ചേസിംഗ് വിജയം ആണ് ഇന്ന് 19.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടപ്പോള്‍ ഡൽഹി സ്വന്തമാക്കിയത്. കെഎൽ രാഹുലിനും പതും നിസ്സങ്കയ്ക്കുമൊപ്പം നിതീഷ് റാണയും ട്രിസ്റ്റന്‍ സ്റ്റബ്സും അശുതോഷ് ശര്‍മ്മയും നിര്‍ണ്ണായ ഇന്നിംഗ്സുകളുമായി 7 വിക്കറ്റ് വിജയം ഡൽഹിയ്ക്ക് നേടിക്കൊടുത്തു.
വെടിക്കെട്ട് തുടക്കമാണ് പതും നിസ്സങ്കയും കെഎൽ രാഹുലും ഡൽഹിയ്ക്കായി നൽകിയത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 70 റൺസ് നേടിയ ഈ കൂട്ടുകെട്ട് 110 റൺസുമായി കുതിയ്ക്കുമ്പോള്‍ നിസ്സങ്കയെ പുറത്താക്കി രവീന്ദ്ര ജഡേജയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. 33 പന്തിൽ 62 റൺസാണ് നിസ്സങ്ക നേടിയത്.

നിസ്സങ്ക പുറത്തായ ശേഷം 27 പന്തിൽ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി രാഹുല്‍ മികച്ച ഫോം തുടര്‍ന്നു. തൊട്ടടുത്ത ഓവറിൽ രവീന്ദ്ര ജഡേജയെ നിതീഷ് റാണ ഒരു ഫോറും ഒരു ബൗണ്ടറിയും നേടിയപ്പോള്‍ കെഎൽ രാഹുല്‍ ഒരു സിക്സ് നേടി ഓവറിൽ നിന്ന് 18 റൺസാണ് ഡൽഹി നേടിയത്. ഇതോടെ 12 ഓവറിൽ 138/1 എന്ന അതിശക്തമായ നിലയിലായിരുന്നു ഡൽഹി.
രാഹുലും നിതീഷ് റാണയും ചേര്‍ന്ന് രണ്ടാം വിക്കറ്റിൽ 30 പന്തിൽ നിന്ന് 61 റൺസ് നേടിയപ്പോള്‍ 17 പന്തിൽ 33 റൺസ് നേടിയ നിതീഷ് റാണയെ തുഷാര്‍ ദേശ്പാണ്ടേ പുറത്താക്കി. തൊട്ടടുത്ത ഓവറിൽ കെഎൽ രാഹുലിനെ ഡൽഹിയ്ക്ക് നഷ്ടമായി. 40 പന്തിൽ 75 റൺസാണ് രാഹുല്‍ നേടിയത്. ജോഫ്രയ്ക്കായിരുന്നു വിക്കറ്റ്.
മത്സരം അവസാന മൂന്നോവറിലേക്ക് കടന്നപ്പോള്‍ വെറും 30 റൺസായിരുന്നു ഡൽഹി നേടേണ്ടിയിരുന്നത്. തുഷാര്‍ ദേശ്പാണ്ടേ എറിഞ്ഞ 18ാം ഓവറിൽ 16 റൺസ് ഡൽഹി നേടിയപ്പോള്‍ അവസാന രണ്ടോവറിലെ ലക്ഷ്യം 14 റൺസ് ആയിരുന്നു. ജോഫ്ര എറിഞ്ഞ 19ാം ഓവറിലെ ആദ്യ 5 പന്തിൽ 5 റൺസ് മാത്രം വന്നപ്പോള്‍ അവസാന പന്തിൽ സ്റ്റബ്സ് ബൗണ്ടറി നേടിയപ്പോള്‍ ഓവറിൽ നിന്ന് 5 റൺസ് വന്നു. ഇതോടെ അവസാന ഓവറിലെ ലക്ഷ്യം 5 റൺസായി മാറി.
അശുതോഷ് ശര്‍മ്മ 15 പന്തിൽ 25 റൺസും ട്രിസ്റ്റന്‍ സ്റ്റബ്സ് 11 പന്തിൽ 18 റൺസും നേടി ഡൽഹിയെ 19.1 ഓവറിൽ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഈ കൂട്ടുകെട്ട് നാലാം വിക്കറ്റിൽ 23 പന്തിൽ നിന്ന് 49 റൺസാണ് നേടിയത്.