Indian Premier LeagueCricketFeatured

ജയിച്ച് തുടങ്ങി ചാംപ്യന്മാര്‍, പടിക്കലിനും കോഹ്‍ലിയ്ക്കും ഫിഫ്റ്റി

Kohlipadikkal

ഐപിഎൽ 2026ലെ തങ്ങളുടെ ജൈത്രയാത്ര ആരംഭിച്ച് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. 201 റൺസ് നേടിയ സൺറൈസേഴ്സിനെതിരെ ബാറ്റിംഗിനിറങ്ങിയ ആര്‍സിബിയ്ക്കായി ദേവ്ദത്ത് പടിക്കലും വിരാട് കോഹ്‍ലിയും നേടിയ അര്‍ദ്ധ ശതകങ്ങള്‍ ടീമിന് 6 വിക്കറ്റ് വിജയം സമ്മാനിച്ചു. 15.4 ഓവറിലാണ് ആര്‍സിബി തങ്ങളുടെ ചേസിംഗ് പൂര്‍ത്തിയാക്കിയത്.

ഫിലിപ്പ് സാള്‍ട്ടിനെ നഷ്ടമായ ആര്‍സിബിയ്ക്ക് മികച്ച ബാറ്റിംഗിലൂടെ ദേവ്ദത്ത് പടിക്കൽ മിന്നും തുടക്കമാണ് നൽകിയത്. താരം വിരാട് കോഹ്‍ലിയെ കാഴ്ചക്കാരനാക്കി ബാറ്റ് വീശിയപ്പോള്‍ 26 പന്തിൽ നിന്ന് 61 റൺസാണ് ദേവ്ദത്ത് പടിക്കൽ നേടിയത്. പടിക്കലും കോഹ്‍ലിയും ചേര്‍ന്ന് രണ്ടാം വിക്കറ്റിൽ 45 പന്തിൽ നിന്ന് 101 റൺസാണ് നേടിയത്. പടിക്കലിനെ ഹര്‍ഷ് ദുബേ ആണ് പുറത്താക്കിയത്.

പടിക്കൽ പുറത്തായ ശേഷം കോഹ്‍ലിയും രജത് പടിദാറും ചേര്‍ന്ന് 22 പന്തിൽ നിന്ന് 53 റൺസ് നേടുകയായിരുന്നു. 12 പന്തിൽ 31 റൺസ് നേടിയ ശേഷമാണ് പടിദാര്‍ മടങ്ങിയത്. പടിദാര്‍ പുറത്തായ തൊട്ടടുത്ത പന്തിൽ ജിതേഷ് ശര്‍മ്മയെ പുറത്താക്കി ഡേവിഡ് പെയിന്‍ ആര്‍സിബിയ്ക്ക് തിരിച്ചടി നൽകി.

Viratkohli

33 പന്തിൽ തന്റെ ഫിഫ്റ്റി പൂര്‍ത്തിയാക്കിയ വിരാട് കോഹ്‍ലിയ്ക്ക് പിന്തുണയുമായി ടിം ഡേവിഡും രംഗത്തെത്തിയപ്പോള്‍ 26 പന്ത് ബാക്കി നിൽക്കെ ആര്‍സിബി വിജയം നേടി. 6ാം ഓവറിൽ ഹര്‍ഷൽ പട്ടേലിനെ ഒരു സിക്സിനും മൂന്ന് ബൗണ്ടറിയ്ക്കും പായിച്ച് കോഹ്‍ലി 38 പന്തിൽ പുറത്താകാതെ 69 റൺസ് നേടി. ടിം ഡേവിഡ് 10 പന്തിൽ 16 റൺസും നേടി. അഞ്ചാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 19 പന്തിൽ നിന്ന് 40 റൺസാണ് നേടിയത്.