Indian Premier LeagueCricketFeatured

ക്യാപ്റ്റനായി അരങ്ങേറ്റം അടിപൊളിയാക്കി ഇഷാന്‍ കിഷന്‍, തകര്‍ച്ചയിൽ നിന്ന് 201 റൺസിലേക്ക് എത്തി സൺറൈസേഴ്സ്

Ishaankishan

ഐപിഎലിന്റെ ഉദ്ഘാടന മത്സരത്തിൽ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ സൺറൈസേഴ്സിന് ഇഷാന്‍ കിഷന്റെ ബാറ്റിംഗ് മികവിൽ 201 റൺസ്. 9 വിക്കറ്റ് നഷ്ടത്തിലാണ് സൺറൈസേഴ്സ് ഈ സ്കോര്‍ നേടിയത്. ജേക്കബ് ഡഫി സൺറൈസേഴ്സ് ടോപ് ഓര്‍ഡറിനെ തകര്‍ത്തെറിഞ്ഞപ്പോള്‍ ഇഷാന്‍ കിഷന്‍ ക്ലാസ്സന്‍ കൂട്ടുകെട്ടാണ് സൺറൈസേഴ്സിനെ തിരികെ മത്സരത്തിലേക്ക് എത്തിക്കുന്നത്. അവസാന ഓവറുകളിൽ അനികേത് വര്‍മ്മയും അടിച്ചുതകര്‍ത്തപ്പോള്‍ സൺറൈസേഴ്സ് മികച്ച സ്കോറിലേക്ക് എത്തി.

Jacobduffey

ജേക്കബ് ഡഫിയുടെ ട്രിപ്പിള്‍ പ്രഹരത്തിന് ശേഷം 29/3 എന്ന നിലയിലേക്ക് വീണ സൺറൈസേഴ്സിനെ ഇഷാന്‍ കിഷനും ഹെയിന്‍റിച്ച് ക്ലാസ്സനും ചേര്‍ന്നാണ് തിരികെ ട്രാക്കിലേക്ക് എത്തിച്ചത്. നാലാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് 97 റൺസാണ് 53 പന്തിൽ നിന്ന് നേടിയത്.

Klaasen

ഈ കൂട്ടുകെട്ടിനെ 31 റൺസ് നേടിയ ക്ലാസ്സനെ പുറത്താക്കി റൊമാരിയോ ഷെപ്പേര്‍ഡ് ആണ് തകര്‍ത്തത്. 38 പന്തിൽ 80 റൺസ് നേടിയ ഇഷാന്‍ കിഷന്‍ പുറത്താകുമ്പോള്‍ സൺറൈസേഴ്സ് 16 ഓവറിൽ 155 റൺസാണ് 6 വിക്കറ്റ് നഷ്ടത്തിൽ നേടിയത്.

അവസാന ഓവറുകളിൽ അനികേത് വര്‍മ്മയുടെ ബാറ്റിംഗ് മികവാണ് സൺറൈസേഴ്സിനെ 201 എന്ന സ്കോറിലേക്ക് എത്തുവാന്‍ സഹായിച്ചത്. അനികേത് 18 പന്തിൽ നിന്ന് 43 റൺസാണ് നേടിയത്. ആര്‍സിബിയ്ക്ക് വേണ്ടി ജേക്കബ് ഡഫിയും റൊമാരിയോ ഷെപ്പേര്‍ഡും 3 വീതം വിക്കറ്റ് നേടി.