Indian Premier LeagueCricketFeatured

മലിംഗയ്ക്ക് 4 വിക്കറ്റ്!!! ഡൽഹിയ്ക്കെതിരെ 47 റൺസ് വിജയവുമായി സൺറൈസേഴ്സ്

Ehsanmalinga

ഡൽഹിയ്ക്കെതിരെ 47 റൺസ് വിജയവുമായി സൺറൈസേഴ്സ് ഹൈദ്രാബാദ്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഹൈദ്രാബാദ് 242/2 എന്ന സ്കോര്‍ നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹിയ്ക്ക് 9 വിക്കറ്റ് നഷ്ടത്തിൽ 195 റൺസേ നേടാനായുള്ളു. വിജയത്തോടെ സൺറൈസേഴ്സ് എട്ട് പോയിന്റിലേക്ക് എത്തി.

പതും നിസ്സങ്കയെ പുറത്താക്കി ദിൽഷന്‍ മധുശങ്ക പുറത്തായപ്പോള്‍ 21 റൺസ് ആയിരുന്നു ഡൽഹി നേടിയത്. പിന്നീട് നിതീഷ് റാണ – കെഎൽ രാഹുൽ കൂട്ടുകെട്ട് ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 59 റൺസാണ് ഡൽഹി ഒരു വിക്കറ്റ് നഷ്ടത്തിൽ നേടിയത്.

Nitishranaklrahul

27 പന്തിൽ നിന്ന് നിതീഷ് റാണ തന്റെ ഫിഫ്റ്റി നേടിയപ്പോള്‍ കെഎൽ രാഹുല്‍ 23 പന്തിൽ 37 റൺസ് നേടി പുറത്തായി. ഈ കൂട്ടുകെട്ട് 45 പന്തിൽ 86 റൺസാണ് നേടിയത്. ഇഹ്സാന്‍ മലിംഗ ഒരേ ഓവറിൽ നിതീഷ് റാണയെയും ഡേവിഡ് മില്ലറിനെയും പുറത്താക്കി ഡൽഹിയ്ക്ക് കനത്ത തിരിച്ചടിയായി. 107/1 എന്ന നിലയിൽ നിന്ന് 107/4 എന്ന നിലയിലേക്ക് ഡൽഹി തകര്‍ന്നു.

അഞ്ചാം വിക്കറ്റിൽ സമീര്‍ റിസ്വിയും ട്രിസ്റ്റന്‍ സ്റ്റബ്സും ഡൽഹിയെ തിരികെ ട്രാക്കിലേക്ക് എത്തിച്ചു. അവസാന 6 ഓവറിൽ 97 റൺസായിരുന്നു ഡൽഹി നേടേണ്ടിയിരുന്നത്. 16 പന്തിൽ 27 റൺസ് നേടിയ ട്രിസ്റ്റന്‍ സ്റ്റബ്സിനെയും ഇഹ്സാന്‍ മലിംഗ പുറത്താക്കി. ഇത് മലിംഗയുടെ മൂന്നാം വിക്കറ്റായിരുന്നു.

14 റൺസ് നേടിയ അശുതോഷ് ശര്‍മ്മയെയും മലിംഗയാണ് പുറത്തായത്. സമീര്‍ റിസ്വി 28 പന്തിൽ 41 റൺസ് നേടി അവസാന ഓവറിൽ പുറത്തായി. മലിംഗയ്ക്ക് പുറമെ 3 വിക്കറ്റുമായി ഹര്‍ഷ് ദുബേയും സൺറൈസേഴ്സിനായി തിളങ്ങി. ഇതിൽ രണ്ട് വിക്കറ്റ് താരം ഇന്നിംഗ്സിലെ അവസാന ഓവറിലാണ് നേടിയത്.