വാംഖഡെയിൽ ‘തല’ കം ബാക്ക്; മുംബൈക്കെതിരായ എൽ ക്ലാസിക്കോയിൽ എം.എസ് ധോണി തിരിച്ചെത്തിയേക്കും

ഐപിഎൽ 2026-ലെ ഏറ്റവും ആവേശകരമായ പോരാട്ടത്തിന് വാംഖഡെ സ്റ്റേഡിയം ഒരുങ്ങുമ്പോൾ, ആരാധകർക്ക് ആവേശം പകർന്ന് ചെന്നൈ സൂപ്പർ കിംഗ്‌സ് ഇതിഹാസം എം.എസ് ധോണി തിരിച്ചുവരവിനൊരുങ്ങുന്നു. പരിക്കിനെത്തുടർന്ന് ഈ സീസണിലെ ആദ്യ ആറ് മത്സരങ്ങൾ നഷ്ടമായ ധോണി, വാംഖഡെയിലെ നെറ്റ്‌സിൽ ഏകദേശം ഒരു മണിക്കൂറോളം ബാറ്റിംഗ് പരിശീലനവും വിക്കറ്റ് കീപ്പിംഗും നടത്തിയത് അദ്ദേഹം പൂർണ്ണ ഫിറ്റ്‌നസിലേക്ക് മടങ്ങിയെത്തിയെന്ന സൂചനയാണ് നൽകുന്നത്.
ഏപ്രിൽ 23-ന് നടക്കുന്ന മുംബൈ ഇന്ത്യൻസിനെതിരായ നിർണ്ണായക മത്സരത്തിൽ ധോണി കളിക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ആറ് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയങ്ങൾ മാത്രമുള്ള ചെന്നൈയ്ക്ക് ധോണിയുടെ സാന്നിധ്യം വലിയ ആത്മവിശ്വാസം നൽകും.
സീസണിൽ ഇതുവരെ നടന്ന മത്സരങ്ങളിൽ ഫിനിഷറുടെ അഭാവം ചെന്നൈയെ കാര്യമായി ബാധിച്ചിരുന്നു. റൺ വേട്ടയിൽ പതറുന്ന ചെന്നൈ നിരയ്ക്ക് 44-ാം വയസ്സിലും ധോണി നൽകുന്ന പരിചയസമ്പത്ത് കരുത്താകും. പ്രത്യേകിച്ച് ശിവം ദുബെയെപ്പോലെയുള്ള യുവതാരങ്ങൾക്ക് ധോണിയുടെ സാന്നിധ്യം വലിയ മാർഗ്ഗനിർദ്ദേശമാകും. നിലവിൽ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്തുള്ള ചെന്നൈയ്ക്ക് പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ ഈ മത്സരത്തിലെ വിജയം അത്യന്താപേക്ഷിതമാണ്. വാംഖഡെയിലെ പരിശീലന സെഷനുകളിൽ യാതൊരു അസ്വസ്ഥതയുമില്ലാതെ ധോണി ബാറ്റ് ചെയ്തത് ചെന്നൈ ക്യാമ്പിൽ ആവേശം നിറച്ചിട്ടുണ്ട്.