55 റൺസ് ജയം നേടി സൺറൈസേഴ്സ്, രണ്ടാം സ്ഥാനത്തെത്താനായില്ല

ഐപിഎലില്‍ ആര്‍സിബിയ്ക്കെതിരെ 55 റൺസ് വിജയം നേടാനായെങ്കിലും പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് എത്തുവാന്‍ ടീമിന് സാധിച്ചില്ല. ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് 255/4 എന്ന സ്കോര്‍ നേടിയപ്പോള്‍ ആര്‍സിബി 200/4 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു. രജത് പടിദാര്‍ ഫിഫ്റ്റി നേടിയപ്പോള്‍ വെങ്കിടേഷ് അയ്യരും ക്രുണാൽ പാണ്ഡ്യയും ബാറ്റിംഗിൽ ആര്‍സിബിയ്ക്കായി മികവ് കാട്ടി.
വെങ്കിടേഷ് അയ്യര്‍ നൽകിയ വെടിക്കെട്ട് തുടക്കത്തിന്റെ ബലത്തിൽ ആര്‍സിബി 60 റൺസാണ് ഒന്നാം വിക്കറ്റിൽ നേടിയത്. 19 പന്തിൽ 44 റൺസാണ് വെങ്കിടേഷ് അയ്യര്‍ നേടിയത്. താരത്തെ എഹ്സന്‍ മലിംഗയാണ് പുറത്താക്കിയത്.

അധികം വൈകാതെ വിരാട് കോഹ്‍ലിയും (15), ദേവ്ദത്ത് പടിക്കലും (21) പുറത്തായപ്പോള്‍ ആര്‍സിബി 94/3 എന്ന നിലയിലായിരുന്നു. നാലാം വിക്കറ്റിൽ രജത് പടിദാറും ക്രുണാൽ പാണ്ഡ്യയും കളം നിറഞ്ഞ് കളിച്ചപ്പോള്‍ 57 പന്തിൽ 84 റൺസ് കൂട്ടുകെട്ടാണ് ഇവര്‍ നേടിയത്. എന്നാൽ ബൗളിംഗിലേക്ക് ട്രാവിസ് ഹെഡിനെ പരീക്ഷിച്ച് ഈ കൂട്ടുകെട്ട് സൺറൈസേഴ്സ് തകര്‍ത്തു.
39 പന്തിൽ 56 റൺസായിരുന്നു രജത് പടിദാര്‍ നേടിയത്. ക്രുണാൽ പാണ്ഡ്യ 31 പന്തിൽ 41 റൺസും ടിം ഡേവിഡ് 7 പന്തിൽ 15 റൺസും നേടിയെങ്കിലും 200 റൺസിലേക്ക് എത്തുവാനെ ആര്‍സിബിയ്ക്ക് സാധിച്ചുള്ളു.