പ്രീമിയർ ലീഗിൽ ഗോൾ നേടുന്ന ആദ്യ എസ്റ്റോണിയൻ താരമായി റാഗ്‌നർ ക്ലാവൻ

പ്രീമിയർ ലീഗിൽ ഗോൾ നേടുന്ന ആദ്യ എസ്റ്റോണിയൻ താരമായി ലിവർപൂൾ താരം റാഗ്‌നർ ക്ലാവൻ. ബേൺലിക്കെതിരായ മത്സരത്തിൽ ലിവർപൂളിന്റെ വിജയ ഗോൾ നേടിയതോടെയാണ് ക്ലാവൻ പ്രീമിയർ ലീഗിൽ ഗോൾ നേടുന്ന ആദ്യ എസ്റ്റോണിയൻ താരമായത്. മത്സരത്തിൽ സമനില വഴങ്ങുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് ക്ലാവന്റെ ലിവർപൂൾ ഗോളിൽ ജയം സ്വന്തമാക്കിയത്.

പ്രീമിയർ ലീഗിൽ ഈ ലിവർപൂൾ പ്രതിരോധ താരത്തിന്റെ 34ത്തെ മത്സരമായിരുന്നു ഇത്. സാദിയോ മാനെയുടെ ഗോളിൽ മത്സരത്തിൽ ലിവർപൂൾ ലീഡ് നേടിയെങ്കിലും മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ ജോഹൻ ബെർഗ് ഗുഡ്‌മുണ്ട്സണിലൂടെ ബേൺലി സമനില പിടിക്കുകയായിരുന്നു. തുടർന്നാണ് ഇഞ്ചുറി ടൈമിൽ ഹെഡറിലൂടെ റാഗ്‌നർ ക്ലാവന്റെ വിജയ ഗോൾ പിറന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പോൾ സ്‌കോൾസിനെതിരെ രൂക്ഷ വിമർശനവുമായി മൗറീഞ്ഞോ രംഗത്ത്

യുണൈറ്റഡ്‌ ഇതിഹാസം പോൾ സ്‌കോൾസിനെതിരെ ആഞ്ഞടിച്ച് മൗറീഞ്ഞോ. എവർട്ടനെതിരെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ജയിച്ച ശേഷമുള്ള പത്ര സമ്മേളനത്തിലാണ് യുണൈറ്റഡ്‌ പരിശീലകൻ മുൻ താരത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. പോൾ പോഗ്ബകെതിരെ സ്കോൾസ് നേരത്തെ നടത്തിയ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു മൗറീഞ്ഞോ. സ്‌കോൾസ് ആകെ ചെയ്യുന്നത് വിമർശനം മാത്രമാണെന്നും സ്‌കോൾസ് അസാമാന്യ കളിക്കാരൻ ആയിരുന്നെന്നും എന്നാൽ എല്ലാവർക്കും അതുപോലെ ആവാനാവില്ലെന്നുമാണ് മൗറീഞ്ഞോ പ്രതികരിച്ചത്.

നേരത്തെ സൗത്താംപ്ടനെതിരെ യുണൈറ്റഡ്‌ സമനില വഴങ്ങിയ ശേഷമാണ് സ്‌കോൾസ് പോഗ്ബക്കും യൂണൈറ്റഡിനുമെതിരെയും രൂക്ഷ വിമർശനം ഉന്നയിച്ചത്. ബി ട്ടി സ്പോർട്സ് പണ്ഡിറ്റായ സ്‌കോൾസ് പോഗ്ബ 90 മില്യൺ താരത്തെ പോലെയല്ല കളിക്കുന്നതെന്നും പോഗ്ബ കൂടുതൽ പ്രതിരോധത്തിൽ ശ്രദ്ധിക്കുന്നത് ടീമിന് ഗുണമല്ലെന്നും പ്രതികരിച്ചത്. ഇതിനെ കുറിച്ചു ചോദിച്ചപ്പോൾ മൗറീഞ്ഞോ സ്‌കോൾസിനെതിരെ രൂക്ഷ പ്രതികരണം നടത്തുകയായിരുന്നു. സ്‌കോൾസ് കളിക്കാരൻ എന്ന നിലയിൽ അസാമാന്യ പ്രതിഭയായിരുന്നെന്നും എന്നാൽ ഫുട്‌ബോൾ പണ്ഡിറ്റ് എന്ന നിലയിൽ അങ്ങനെ കാണാൻ ആവില്ലെന്നും മൗറീഞ്ഞോ കൂട്ടി ചേർത്തു. കൂടാതെ പോഗ്ബ സ്‌കോൾസിനെക്കാൾ കൂടുതൽ പണം സമ്പാദിക്കുന്നതിൽ തനിക്കൊന്നും ചെയ്യാനാവില്ലെന്നും നിലവിൽ അതാണ് ഫുട്‌ബോളിന്റെ അവസ്ഥ എന്നും മൗറീഞ്ഞോ പരിഹാസ രൂപേണ പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡ് കണ്ട എക്കാലത്തെയും മികച്ച ഇതിഹാസ താരങ്ങളിൽ ഒരാൾക്കെതിരെ ക്ലബ്ബിന്റെ നിലവിലെ പരിശീലകൻ തന്നെ രൂക്ഷ പരിഹാസവുമായി വന്നത് ഏതായാലും വരും ദിവസങ്ങളിൽ ആരാധകർക്കിടയിൽ ഭിന്നാഭിപ്രായങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മഹറസിന്റെ മികവിൽ ലെസ്റ്ററിന് ജയം, ന്യൂ കാസിൽ സ്റ്റോക്കിനെ മറികടന്നു

പ്രീമിയർ ലീഗിൽ ലെസ്റ്ററിനും ന്യൂ കാസിലിനും മികച്ച ജയം. ഇന്നലെ നടന്ന ബ്രയിട്ടൻ- ബോർന്മൗത് മത്സരം സമനിലയിൽ അവസാനിച്ചു.

കിങ് പവർ സ്റ്റേഡിയത്തിൽ എതിരില്ലാത്ത 3 ഗോളുകൾക്കാണ് ലെസ്റ്റർ ഹഡേഴ്സ്ഫീൽഡ് ടൗണിനെ തകർത്തത്. റിയാദ് മഹറസിന്റെ മികച്ച പ്രകടനമാണ് മുൻ ജേതാക്കൾക്ക് തുണയായത്. ലെസ്റ്ററിനായി മഹറസ്‌,സിൽമാനി, ആൽബ്രയ്റ്റൻ എന്നിവരാണ് ഗോളുകൾ നേടിയത്. ജയത്തോടെ 21 കളികളിൽ നിന്ന് 30 പോയിന്റുള്ള ലെസ്റ്റർ എട്ടാം സ്ഥാനത്താണ്‌. 24 പോയിന്റുള്ള ഹഡേഴ്സ്ഫീൽഡ് പതിനൊന്നാം സ്ഥാനത്താണ്‌.  സ്റ്റോക്കിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ന്യൂ കാസിൽ മറികടന്നത്. ആയോസ് പേരെസ് നേടിയ ഗോളാണ് അവർക്ക് തുണയായത്. ജയത്തോടെ 22 പോയിന്റുമായി അവർ 13 ആം സ്ഥാനത്തെത്തി. 20 പോയിന്റുള്ള സ്റ്റോക്ക് 16 ആം സ്ഥാനത്താണ്‌.

ബ്രയിട്ടൻ- ബോർന്മൗത് പോരാട്ടം ആവേശകരമായിരുന്നു. ബ്രയിട്ടന് വേണ്ടി നോക്കാർട്ട്, ഗ്ലെൻ മുറെ എന്നിവരാണ് ഗോൾ നേടിയത്. സ്റ്റീവ് കൂക്, കാലം വിൽസൻ എന്നിവരാണ് ബോർന്മൗത്തിന്റെ ഗോളുകൾ നേടിയത്. ബ്രയിട്ടൻ 12 ആം സ്ഥാനത്തും ബോർന്മൗത് 14 ആം സ്ഥാനത്തുമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

എവർട്ടണെ തകർത്ത് യുണൈറ്റഡ് വീണ്ടും വിജയ വഴിയിൽ

തുടർച്ചയായ രണ്ടു സമനിലകൾക്ക് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് വീണ്ടും വിജയ വഴിയിൽ തിരിച്ചെത്തി. ഗൂഡിസൻ പാർക്കിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് ചുവന്ന ചെകുത്താൻമാർ എവർട്ടണെ തോൽപ്പിച്ചത്. മാർഷ്യൽ, ലിംഗാർഡ് എന്നിവർ ആണ് യുണൈറ്റഡിന് വേണ്ടി വല കുലുക്കിയത്.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് രണ്ടു ഗോളുകളും പിറന്നത്. രണ്ടാം പകുതിയിൽ ആക്രമിച്ചു കളിച്ച യുണൈറ്റഡ് 57ആം മിനിറ്റിൽ മാർഷ്യലിലൂടെ ആദ്യ ഗോൾ കണ്ടെത്തി. പോഗ്ബ നൽകിയ മികച്ചൊരു പാസ് മികച്ചൊരു ഷോട്ടിലൂടെ അനായാസം മാർഷ്യൽ വലയിൽ എത്തിച്ചു.

81ആം മിനിറ്റിൽ ആണ് രണ്ടാം ഗോൾ പിറന്നത്. ലിംഗാർഡ് നേടിയ മനോഹരമായ ഒരു ഗോൾ യുണൈറ്റഡിന്റെ വിജയം ഉറപ്പിച്ചു. വിജയത്തോടെ 47 പോയിന്റുമായി യുണൈറ്റഡ് രണ്ടാം സ്ഥാനത്തെത്തി

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഇഞ്ചുറി ടൈമിലെ ഗോളിൽ ലിവർപൂളിന് ജയം

പുതുവർഷം ലിവർപൂളിന് ആവേശ തുടക്കം. ബേൺലിയെ 1-2 ന് മറികടന്നാണ് ക്ളോപ്പും സംഘവും പുതുവർഷത്തിൽ ആദ്യ പ്രീമിയർ ലീഗ് ജയം സ്വന്തമാക്കിയത്. സ്കോർ 1-1 ഇൽ നിൽക്കെ 94 ആം മിനുട്ടിൽ ക്ലാവൻ നേടിയ ഗോളാണ് ലിവർപൂളിന് ജയം സമ്മാനിച്ചത്‌. ജയത്തോടെ ലിവർപൂൾ 44 പോയിന്റുമായി നാലാം സ്ഥാനത്താണ്‌. 34 പോയിന്റുള്ള ബേൺലി ഏഴാം സ്ഥാനത് തുടരും.

അവസാന ലീഗ് മത്സരം കളിച്ച ടീമിൽ നിന്ന് ഏറെ മാറ്റങ്ങളുമായാണ് ലിവർപൂൾ ഇന്നിറങ്ങിയത്. ഫിർമിനോ,സലാഹ്, കുട്ടീഞ്ഞോ എന്നിവർക്ക് പകരം സോളൻകെ, ലല്ലാന, ചേമ്പർലൈൻ എന്നിവർ ഇടം നേടി.  ആദ്യ പകുതിയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നപ്പോൾ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഇരു ടീമുകളും പരാജയപ്പെട്ടു. രണ്ടാം പകുതിയിലാണ് ലിവർപൂൾ അകൗണ്ട് തുറന്നത്. 61 ആം മിനുട്ടിൽ മാനെയുടെ മികച്ച ഷോട്ട് ബേൺലി വലയിൽ പതിക്കുകയായിരുന്നു. പക്ഷെ തോൽവി അത്ര പെട്ടെന്ന് അംഗീകരിക്കാതിരുന്ന ബേൺലി നിരന്തരം ശ്രമം തുടർന്നപ്പോൾ 87 ആം മിനുട്ടിൽ അവർ സമനില ഗോൾ കണ്ടെത്തി. ഗുഡ്മുൻസനാണ് അവരുടെ ഗോൾ നേടിയത്. പക്ഷെ കളി തീരാൻ സെക്കന്റുകൾ ബാക്കി നിൽക്കെ ലോവരന്റെ പാസ്സ് ക്ലാവൻ വലയിലാക്കി ലിവർപൂളിന് 2018 ലെ ആദ്യ ജയം സ്വന്തമാകുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഹുവാൻ മാറ്റ ഗാർഡിയൻ ഫുട്ബോളർ ഓഫ് ദി ഇയർ

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്പെയിൻ മധ്യനിര താരം ഹുവാൻ മാറ്റയെ ഗാർഡിയൻ പത്രം 2017ലെ ഫുട്ബാളർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തു. ഹുവാൻ മാറ്റ മുന്നോട്ടു വെച്ച “കോമൺ ഗോൾ” ചാരിറ്റി സംരംഭം മികച്ച വിജയമായതോടെയാണ് ഗാർഡിയൻ കഴിഞ്ഞ വർഷത്തെ മികച്ച താരമായി മാറ്റയെ തിരഞ്ഞെടുത്തത്.

കഴിഞ്ഞ വേനലവധിയിൽ മുംബൈ സന്ദർശനത്തിനിടെയാണ് മാറ്റ കോമൺ ഗോൾ മുന്നോട്ടു വെച്ചത്, തന്റെ വരുമാനത്തിന്റെ 1% ചാരിറ്റിക്കായി മാറ്റി വെക്കുന്നതായി പറഞ്ഞ മാറ്റ മറ്റ് കളിക്കാരെയും കോമൺ ഗോളിന്റെ ഭാഗമാവാനായി ക്ഷണിച്ചിരുന്നു. തുടർന്ന് 5 മാസത്തിനുള്ളിൽ കാസ്പർ ഷ്മൈക്കിൾ, ചെല്ലിനി, ഹമ്മൽസ്, ഷിൻജി കഗാവ തുടങ്ങി 35ഓളം താരങ്ങൾ കോമൺ ഗോളിൽ അംഗങ്ങളായിരുന്നു.

കോമൺ ഗോളിൽ അംഗങ്ങളായിട്ടുള്ള എല്ലാവരുടെയും പേരിൽ അവാർഡ് സ്വീകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് മാറ്റ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മാഞ്ചസ്റ്റർ യുണൈറ്റഡിന് ജനുവരിയും കടുപ്പം തന്നെ

കഴിഞ്ഞ വർഷത്തിന്റെ അവസാനം വളരെ‌ മോശമായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിനും ഹോസെ മൗറീന്യോക്കും. 2017 അവസാനം നടന്ന നാലു മത്സരങ്ങളിലും മൗറീന്യോയുടെ ടീമിന് ജയം കണ്ടെത്താൻ കഴിഞ്ഞില്ല. 2018ന്റെ തുടക്കവും മാഞ്ചസ്റ്റർ യുണൈറ്റഡിന് എളുപ്പമാകില്ല.

ഇന്ന് എവർട്ടണെതിരെയാണ് മാഞ്ചസ്റ്ററിന്റെ ഈ വർഷത്തെ ആദ്യ മത്സരം. എവേ മത്സരമാണ് എന്നതും പരിക്ക് കാരണം പ്രമുഖ കളിക്കാർ ഇറങ്ങുന്നില്ല എന്നതും വർഷാരംഭത്തിൽ തന്നെ യുണൈറ്റഡിന് പോയന്റ് നഷ്ടപ്പെടാനുള്ള സാധ്യതകൾ കാണിക്കുന്നു. സ്റ്റോക്ക് സിറ്റി, ബേൺലി, ടോട്ടൻഹാം എന്നിവരാണ് മാഞ്ചസ്റ്ററിന്റെ ജനുവരി മാസത്തിലെ മറ്റു പ്രീമിയർ ലീഗ് മത്സരങ്ങൾ. ഇതിൽ ടോട്ടൻഹാം മത്സരം എവേ ആണ് എന്നതുകൊണ്ട് കടുപ്പം കൂടും. മികച്ച ഫോമിലുള്ള ബേൺലിക്കെതിരായ മത്സരവും എവേ ആണ്.

എഫ് എ കപ്പ് മൂന്നാം റൗണ്ടിൽ ജനുവരി 6ന് യുണൈറ്റഡ് ഡെർബി കൗണ്ടിയേയും നേരിടുന്നുണ്ട്. ജയിക്കുകയാണെങ്കിൽ ഈ മാസം തന്നെ എഫ് എ കപ്പ് നാലാം റൗണ്ടിലും യുണൈറ്റഡ് ഇറങ്ങും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പുതു വർഷത്തിൽ ലിവർപൂൾ ബേൺലിക്കെതിരെ

പ്രീമിയർ ലീഗിൽ പുതുവർഷത്തിൽ ലിവർപൂളിന് ബേൺലി കടമ്പ. ബേൺലിയുടെ മൈതാനമായ ടർഫ് മൂറിലാണ് മത്സരം എന്നത് ലിവർപൂളിന് കാര്യങ്ങൾ കടുത്തതാവും എന്ന് ഉറപ്പാണ്. മികച്ച പ്രതിരോധത്തിന് പേര് കേട്ട ബേൺലിയും ആക്രമണ ഫുട്‌ബോളിന്റെ വക്താക്കളായ ക്ളോപ്പിന്റെ ലിവർപൂളും ഏറ്റു മുട്ടുമ്പോൾ അത് മികച്ചൊരു പുതുവത്സര സമ്മാനമാവും എന്ന് ഉറപ്പാണ്. നിലവിൽ നാലാം സ്ഥാനത്താണ്‌ ലിവർപൂൾ. ബേൺലി ഏഴാം സ്ഥാനത്തും. ഇന്ന് രാത്രി 8.30 നാണ് മത്സരം കിക്കോഫ്

ലെസ്റ്ററിന് എതിരായ 2-1 ന്റെ ജയത്തിന് ശേഷമാണ് ലിവർപൂൾ ഇന്നത്തെ മത്സരത്തിന് എത്തുന്നത്. ബേൺലി ഹഡഴ്സ് ഫീൽഡിനെതിരായ ഗോൾ രഹിത സമനിലക്ക് ശേഷവും. ബേൺലി നിരയിലേക്ക് സ്‌ട്രൈക്കർ ക്രിസ് വുഡ് തിരിച്ചെത്തിയേക്കും. കൂടാതെ സസ്‌പെൻഷൻ മാറി ജെയിംസ് ടർക്കോസ്‌കി തിരിച്ചെത്തും. ലിവർപൂൾ നിരയിൽ പരിക്കേറ്റ ടോപ്പ് സ്‌കോറർ സലാഹ് ഇന്ന് കളിച്ചേക്കില്ല. കഴിഞ്ഞ സീസണിൽ ഇതേ ഫിക്‌സ്ച്ചറിൽ ബേൺലി എതിരില്ലാത്ത 2 ഗോളുകൾക്ക് ജയിച്ചിരുന്നു. ഈ സീസണിൽ ആൻഫീൽഡിൽ ഇരു ടീമുകളും ഏറ്റു മുട്ടിയപ്പോൾ 1-1 ന്റെ സമനിലയായിരുന്നു ഫലം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പുതുവർഷത്തിൽ യുണൈറ്റഡിന് നിർണായക പോരാട്ടം

പുതുവർഷത്തിൽ മൗറിഞ്ഞോക്കും സംഘത്തിനും സീസണിലെ നിർണായ പോരാട്ടം. തുടർച്ചയായ 3 സമനിലകൾക് ശേഷം ഇന്ന് അവർക്ക് നേരിടാനുള്ളത് എവർട്ടനെ. അതും അവരുടെ മൈതാനമായ ഗൂഡിസൻ പാർക്കിൽ. ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട അവർക്ക് ഇന്നും ജയിക്കാനായില്ലെങ്കിൽ അത് ക്ലബ്ബിനെ വർഷത്തിന്റെ തുടക്കത്തിൽ തന്നെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളി വിടുമെന്ന് ഉറപ്പാണ്.  ഇന്ന് ഇന്ത്യൻ സമയം രാത്രി 11 നാണ് മത്സരം കിക്കോഫ്.

സൗത്താംപ്ടനോട് സമനില വഴങ്ങിയ രീതിയാണ് യൂണൈറ്റഡ് പരിശീലകൻ മൗറിഞ്ഞോയെ കൂടുതൽ ആശങ്കവാൻ ആകേണ്ടത്. ഒട്ടും പോരാട്ട വീര്യം പുറത്തെടുക്കാതിരുന്ന അവർക്ക് മത്സരത്തിൽ കാര്യമായി ഒന്നും ചെയ്യാനായിരുന്നില്ല. ഗൂഡിസൻ പാർക്കിൽ ജയിക്കാൻ ആ പ്രകടനം മതിയാവില്ല എന്ന് ഉറപ്പാണ്. പ്രത്യേകിച്ചും ബിഗ് സാമിന്‌ കീഴിൽ മികച പ്രതിരോധം നടത്തുന്ന എവർട്ടനാവുമ്പോൾ. അവസാന മത്സരത്തിൽ എവർട്ടൻ തോറ്റെങ്കിലും അത് അവർക്ക് ഈ മത്സരത്തിൽ ഒരു തടസ്സമാവാൻ സാധ്യതയില്ല. പരിക്കേറ്റ ലുകാകുവിന്റെയും സ്ലാട്ടന്റെയും അഭാവത്തിൽ റാഷ്ഫോർഡ് ആവും ഇന്ന് യുണൈറ്റഡ്‌ ആക്രമണം നയിക്കുക. 3 മത്സരങ്ങളിൽ വിലക്ക് നേരിടുന്ന ആഷ്‌ലി യങ്ങും ഇന്ന് ഉണ്ടാവില്ല. വളൻസിയക്കും പരിക്ക് പറ്റിയതോടെ ഡെർമിയാനോ ബ്ലിന്റോ ടീമിൽ ഇടം നേടിയേക്കും.
എവർട്ടൻ നിരയിലേക്ക് മുൻ മാഞ്ചസ്റ്റർ താരം വെയ്ൻ റൂണി തിരിച്ചെത്തിയേക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പരിക്കേറ്റ് ജിസൂസും ഡു ബ്രെയ്‌നയും, സിറ്റിക്ക് ആശങ്ക

മാഞ്ചസ്റ്റർ സിറ്റിക്ക് കടുത്ത നിരാശ സമ്മാനിച്ച സമനിലക്ക് പിന്നാലെ സിറ്റിയുടെ പ്രധാന താരങ്ങളായ ഗബ്രിയേൽ ജിസൂസും കെവിൻ ഡു ബ്രെയ്‌നയും പരിക്ക് കാരണം ഏതാനും മത്സരങ്ങളിൽ പുറത്തിരിക്കും എന്ന് ഉറപ്പായി. ജിസൂസിന് രണ്ടു മാസം എങ്കിലും പുറത്തിരിക്കേണ്ടി വരും എന്ന് പരിശീലകൻ ഗാർഡിയോള സ്ഥിരീകരിച്ചിട്ടുണ്ട്. ഡു ബ്രെയ്‌നയുടേത് കാര്യമായ പരിക്ക് അല്ലെങ്കിലും അടുത്ത ആഴ്ച കളിക്കാൻ ആയേക്കില്ല.

പാലസിന് എതിരായ മത്സരത്തിനിടെ ഓവർ സ്ട്രെച് ചെയ്ത് വീണതാണ് ജിസൂസിന് വിനയായത്. അഗ്യൂറോക്ക് മുന്നിൽ മത്സരം ആരംഭിച്ച ജിസൂസിന് പക്ഷെ തുടക്കത്തിൽ തന്നെ പരിക്കേറ്റ് പിന്മാറേണ്ടി വന്നിരുന്നു. കരഞ്ഞുകൊണ്ടാണ് യുവ താരം മൈതാനം വിട്ടത്. ഡു ബ്രെയ്‌നെ സ്ട്രെച്ചറിൽ കളം വിട്ടെങ്കിലും ഭാഗ്യം കൊണ്ട് കാര്യമായ പരിക്കിലാതെ രക്ഷപെട്ടു. എങ്കിലും വരും ദിവസങ്ങളിൽ മാത്രമേ താരത്തിന് ഏറെ നാൾ വിശ്രമം വേണ്ടി വരുമോ ഇല്ലയോ എന്ന് പറയാനാവൂ എന്നും ഗാർഡിയോള പ്രതികരിച്ചിട്ടുണ്ട്. നേരത്തെ പാലസിനെതിരെ ഗോൾ രഹിത സമനില വഴങ്ങിയ സിറ്റിക്ക് തുടർച്ചയായ 18 ജയങ്ങളുടെ ജൈതയാത്ര അവസാനിപ്പിക്കേണ്ടി വന്ന മത്സരത്തിൽ ഭാഗ്യം കൊണ്ടാണ് തോൽവിയിൽ നിന്ന് അവർ രക്ഷപ്പെട്ടത്. 90 ആം മിനുട്ടിലെ പാലസ് പെനാൽറ്റി എഡേഴ്സൻ തടുക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പ്രീമിയർ ലീഗിൽ ഫെർഗൂസണെ മറികടന്ന് വെങ്ങറാശാൻ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മറ്റൊരു റെക്കോർഡിന് കൂടെ ആഴ്സണൽ മാനേജർ വെങ്ങർ ഉടമയായിരിക്കുക ആണ്. പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ പരിശീലിപ്പിച്ച മാനേജർ എന്ന റെക്കോർഡാണ് ഇന്നലത്തെ മത്സരത്തോടെ വെങ്ങർ സ്വന്തമാക്കിയത്. മത്സരത്തിൽ ആഴ്സണൽ അവസാന നിമിഷത്തിൽ വഴങ്ങിയ പെനാൾട്ടി കാരണം ജയം വെങ്ങറിന് അന്യം നിന്നു.

ഇന്നലത്തെ മത്സരത്തോടെ 811 മത്സരങ്ങളിൽ വെങ്ങർ ആഴ്സണലിനെ പരിശീലിപ്പിച്ചു. 810 മത്സരങ്ങൾ പരിശീലിപ്പിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് മുൻ മാനേജർ സർ അലക്സ് ഫെർഗൂസന്റെ റെക്കോർഡാണ് വെങ്ങർ ഇതോടെ മറികടന്നത്.

ഹാരി റെഡ്നാപ്പ് 641 മത്സരങ്ങൾ, ഡേവിഡ് മോയെസ് 508 മത്സരങ്ങൾ, ബിഗ് സാം 495 മത്സരങ്ങൾ എന്നിവരാണ് വെങ്ങറിനും ഫെർഗൂസണും പിറകിൽ ഉള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സലായുടെ കുതിപ്പിന് പരിക്കിന്റെ കുരുക്ക്

ലിവർപൂൾ ഫോർവേഡ് മൊഹമ്മദ് സലായ്ക്ക് പരിക്ക്. ഇന്ന് നടക്കുന്ന ബേൺലിക്കെതിരായ മത്സരത്തിന് സലാഹ് ഉറപ്പായും ഇറങ്ങില്ല എന്നാണ് റിപ്പോർട്ടുകൾ. മികച്ച ഫോമിലുള്ള സലാഹ് കഴിഞ്ഞ മത്സരത്തിൽ ലെസ്റ്റർ സിറ്റിക്കെതിരെ ഇരട്ട ഗോളുകളുമായി ലിവർപൂളിനെ ജയത്തിലേക്ക് നയിച്ചിരുന്നു.

ആ മത്സരത്തിനിടെയാണ് സലായ്ക്ക് പരിക്കേറ്റതും. മുട്ടിന് പരിക്കേറ്റ താരം ഇന്ന് മാത്രമായിരിക്കില്ല പുറത്ത് ഇരിക്കുക. രണ്ടാഴ്ചയോളം സലാഹ് പുറത്തിരിക്കേണ്ടി വരുമെന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വരുന്ന വാരാന്ത്യത്തിൽ എവർട്ടണെയും അതിനു പിറകിൽ മാഞ്ചസ്റ്റർ സിറ്റിയേയും നേരിടാനുള്ള ലിവർപൂളിന് സലായുടെ പരിക്ക് വലിയ തിരിച്ചടിയാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version