ആസ്റ്റൺ വില്ലക്ക് മുന്നിൽ മാഞ്ചസ്റ്റർ സിറ്റി വീണു

ചാമ്പ്യൻസ് ലീഗിൽ ജയിച്ചു വന്ന ആത്മവിശ്വാസത്തിൽ ജയം തുടരാൻ ഇറങ്ങിയ മാഞ്ചസ്റ്റർ സിറ്റിയെ ഞെട്ടിച്ചു ഉനയ് എമറെയുടെ ആസ്റ്റൺ വില്ല. യൂറോപ്പ ലീഗിൽ പരാജയപ്പെട്ടു വന്ന അവർ പക്ഷെ സിറ്റിയെ സ്വന്തം മൈതാനത്ത് ഞെട്ടിക്കുക ആയിരുന്നു. ഹാളണ്ടിന്റെ അവിശ്വസനീയം ആയ ഹോളടി മികവ് പിടിച്ചു കെട്ടിയ വില്ല എതിരില്ലാത്ത ഏക ഗോളിന് ആണ് ജയം കണ്ടത്. 19 മത്തെ മിനിറ്റിൽ കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ നിന്നാണ് വില്ല വിജയഗോൾ കണ്ടെത്തിയത്.

എമിലിയാന ബുണ്ടിയെയുടെ പാസിൽ നിന്നു ഉഗ്രൻ ഇടത് കാലൻ അടിയിലൂടെ ഡോണറൂമയെ മറികടന്ന വില്ല പ്രതിരോധ താരം മാറ്റി കാശ് ആണ് അവർക്ക് വിജയം സമ്മാനിച്ചത്. സിറ്റിക്ക് എതിരെ സ്വന്തം മൈതാനത്ത് തുടർച്ചയായ മൂന്നാം ജയം ആണ് വില്ല ഇന്ന് കുറിച്ചത്. ഹാളണ്ടിന് വലിയ ഒരവസരവും അവർ നൽകാതിരുന്നതോടെ സിറ്റി തോൽവി സമ്മതിച്ചു. ജയത്തോടെ വില്ല സിറ്റിക്ക് ഒരു പോയിന്റ് 15 പോയിന്റും ആയി ഏഴാം സ്ഥാനത്തേക്ക് കയറി, സിറ്റി അതേസമയം നാലാം സ്ഥാനത്തേക്ക് വീണു.

ലിവർപൂൾ വീണ്ടും തോറ്റു, ഇത്തവണ ബ്രന്റ്ഫോർഡിനോട്

ചാമ്പ്യൻസ് ലീഗിലെ വലിയ ജയം നൽകിയ ആത്മവിശ്വാസത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇറങ്ങിയ ലിവർപൂളിന് വീണ്ടും പരാജയം. ബ്രന്റ്ഫോർഡിനോട് അവരുടെ മൈതാനത്ത് 3-2 എന്ന സ്കോറിന് ആണ് ലിവർപൂൾ പരാജയപ്പെട്ടത്. ലീഗിൽ ലിവർപൂൾ നേരിടുന്ന തുടർച്ചയായ നാലാം പരാജയം ആണ് ഇത്. അഞ്ചാം മിനിറ്റിൽ ലോങ് ത്രോയിൽ നിന്നു തങ്ങളുടെ റെക്കോർഡ് സൈനിംഗ് ഡാങോ ഒട്ടാരയിലൂടെയാണ് ബ്രന്റ്ഫോർഡ് മത്സരത്തിൽ മുന്നിൽ എത്തിയത്. നിരന്തരം ലോങ് ബോളുകളും ആയി ലിവർപൂൾ പ്രതിരോധം പരീക്ഷിച്ച ബ്രന്റ്ഫോർഡ് 45 മത്തെ മിനിറ്റിൽ രണ്ടാം ഗോളും നേടി. കൗണ്ടർ അറ്റാക്കിൽ ഡാംസ്ഗാർഡ് നൽകിയ പാസിൽ നിന്നു കെവിൻ ഷാഡെ ആണ് അവർക്ക് രണ്ടാം ഗോൾ സമ്മാനിച്ചത്.

എന്നാൽ ആദ്യ പകുതിയുടെ ഇഞ്ചറി സമയത്ത് ലിവർപൂൾ ഒരു ഗോൾ മടക്കി. മിലോസ് കെർക്കസിന്റെ ലിവർപൂളിന് ആയുള്ള ആദ്യ ഗോൾ ആണ് അവർക്ക് തിരിച്ചു വരാനുള്ള പ്രതീക്ഷ നൽകിയത്. രണ്ടാം പകുതിയിലും ബ്രന്റ്ഫോർഡ് തന്നെയാണ് കൂടുതൽ അപകടകാരികൾ ആയത്. 60 മത്തെ മിനിറ്റിൽ ഒട്ടാരയെ വാൻ ഡെയ്ക് വീഴ്ത്തിയതിന് റഫറി ഫൗൾ വിളിച്ചു. തുടർന്ന് വാർ പരിശോധനയിൽ ഈ ഫൗൾ ബോക്സിനു അകത്ത് ആണെന്ന് കണ്ടെത്തിയതോടെ ബ്രന്റ്ഫോർഡിന് പെനാൽട്ടി ലഭിച്ചു. അനായാസം പെനാൽട്ടി ലക്ഷ്യം കണ്ട ഇഗോർ തിയാഗോ ബ്രന്റ്ഫോർഡിനെ ജയത്തിനു അരികിൽ എത്തിച്ചു. തുടർന്ന് സമനില ഗോളുകൾക്ക് ആയി ലിവർപൂൾ കൂടുതൽ ആക്രമണം നടത്തി. ബ്രന്റ്ഫോർഡ് പിഴവിൽ നിന്നു സബോസലായുടെ പാസിൽ നിന്നു മുഹമ്മദ് സലാഹ് 89 മത്തെ മിനിറ്റിൽ ഒരു ഗോൾ മടക്കിയെങ്കിലും ലിവർപൂളിന് പരാജയം ഒഴിവാക്കാൻ ആയില്ല. പുതിയ പരിശീലകൻ കീത്ത് ആൻഡ്രൂസിന് കീഴിൽ നിലവിൽ പത്താം സ്ഥാനത്തേക്ക് ബ്രന്റ്ഫോർഡ് കയറിയപ്പോൾ ലിവർപൂൾ ആറാം സ്ഥാനത്തേക്ക് വീണു.

ബ്രൈറ്റണിനെയും വീഴ്ത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് കുതിപ്പ്, ലീഗിൽ നാലാമത്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്നാം ജയം കുറിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. ലിവർപൂളിനെ വീഴ്‌ത്തി എത്തിയ അവർ സമീപകാലത്ത് തങ്ങൾ നിരന്തരം തോറ്റിരുന്ന ബ്രൈറ്റണിനെയും ഇന്ന് സ്വന്തം മൈതാനത്ത് വീഴ്ത്തി. 4-2 ന്റെ ജയത്തോടെ ലീഗിൽ നാലാം സ്ഥാനത്തേക്കും യുണൈറ്റഡ് കയറി. യുണൈറ്റഡ് ആധിപത്യത്തോടെ കണ്ട മത്സരത്തിൽ 24 മത്തെ മിനിറ്റിൽ കാസമിരോയുടെ പാസിൽ നിന്നു മാത്യസ്‌ കുഞ്ഞൃ ബോക്സിനു പുറത്ത് നിന്ന് ഉഗ്രൻ ഉഗ്രൻ ഷോട്ടിലൂടെയാണ് അവർ ഗോൾ വേട്ട തുടങ്ങിയത്. യുണൈറ്റഡിന് ആയി ബ്രസീലിയൻ താരത്തിന്റെ ആദ്യ ഗോൾ ആയിരുന്നു ഇത്. 10 മിനിറ്റിനുള്ളിൽ കാസമിരോയുടെ ശ്രമം ബ്രൈറ്റൺ താരത്തിന്റെ ദേഹത്ത് തട്ടി ഗോൾ ആയതോടെ യുണൈറ്റഡ് മുൻതൂക്കം ഇരട്ടിയാക്കി.

രണ്ടാം പകുതിയിൽ 61 മത്തെ മിനിറ്റിൽ സെസ്കോയുടെ പാസിൽ നിന്നു ഗോൾ നേടിയ എംബ്യൂമോ യുണൈറ്റഡിന് ജയം ഉറപ്പിച്ചു. ഈ ഗോളിന് മുമ്പ് തങ്ങളുടെ താരത്തെ ഫൗൾ ചെയ്തു എന്ന ബ്രൈറ്റൺ വാദം റഫറി അംഗീകരിച്ചില്ല. ജയം ഉറപ്പിച്ച യുണൈറ്റഡിനെ എന്നാൽ ബ്രൈറ്റൺ വിറപ്പിക്കുന്നത് ആണ് തുടർന്ന് കണ്ടത്. 74 മത്തെ മിനിറ്റിൽ ഉഗ്രൻ ഫ്രീകിക്ക് ഗോളിലൂടെ ഡാനി വെൽബക്ക് ബ്രൈറ്റണിനു ആയി ഒരു ഗോൾ മടക്കി. 92 മത്തെ മിനിറ്റിൽ മിൽനറിന്റെ കോർണറിൽ നിന്നു ഗോൾ നേടിയ പകരക്കാരനായി ഇറങ്ങിയ 18 കാരനായ ഗ്രീക്ക് താരം കോസ്റ്റോലാസ് ബ്രൈറ്റണിന്റെ രണ്ടാം ഗോൾ നേടിയതോടെ യുണൈറ്റഡ് ഞെട്ടി. എന്നാൽ ഹെവന്റെ പാസിൽ നിന്നു 96 മത്തെ മിനിറ്റിൽ തന്റെ രണ്ടാം ഗോൾ നേടിയ എംബ്യൂമോ യുണൈറ്റഡിന് നാലാം ഗോളും തുടർച്ചയായ മൂന്നാം ജയവും സമ്മാനിച്ചു.

ബ്രൂണോയുടെ അവസാന നിമിഷ ഗോളിൽ ഫുൾഹാമിനെ വീഴ്ത്തി ന്യൂകാസ്റ്റിൽ യുണൈറ്റഡ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഫുൾഹാമിനെ സ്വന്തം മൈതാനത്ത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു ന്യൂകാസ്റ്റിൽ യുണൈറ്റഡ്. മികച്ച തുടക്കം ലഭിച്ച ന്യൂകാസ്റ്റിൽ ആദ്യ പകുതിയിൽ പലപ്പോഴും ഗോളിന് അടുത്ത് എത്തിയത് ആണ്. 18 മത്തെ ബാസിയുടെ പിഴവിൽ നിന്നു ഗോൾ കണ്ടത്തിയ ജേക്കബ് മർഫി ന്യൂകാസ്റ്റിലിന് അർഹിച്ച മുൻതൂക്കം സമ്മാനിച്ചു. എന്നാൽ തുടർന്ന് നന്നായി കളിക്കുന്ന ഫുൾഹാമിനെ ആണ് കണ്ടത്.

രണ്ടാം പകുതിയിൽ ബ്രസീലിയൻ താരം കെവിൻ കൂടി എത്തിയതോടെ ഫുൾഹാം ആക്രമണത്തിനു മൂർച്ച കൂടി. 56 മത്തെ മിനിറ്റിൽ കെവിന്റെ പാസിൽ നിന്നുള്ള ഹിമനസിന്റെ ശ്രമം ക്രോസ് ബാറിൽ തട്ടി മടക്കിയെങ്കിലും റീബോണ്ടിൽ ഗോൾ നേടിയ ലുകിച് ലണ്ടൻ ടീമിന് സമനില ഗോൾ നൽകി. തുടർന്ന് വിജയഗോളിന് ആയി ഇരു ടീമുകളും മികച്ച ശ്രമം ആണ് നടത്തിയത്. 90 മത്തെ മിനിറ്റിൽ പകരക്കാരൻ ഒസുലയുടെ ഷോട്ട് ലെനോ തട്ടിയകറ്റിയെങ്കിലും റീബോണ്ടിൽ ഗോൾ നേടിയ ബ്രൂണോ ജി ന്യൂകാസ്റ്റിലിന് വിജയം സമ്മാനിക്കുക ആയിരുന്നു. ജയത്തോടെ ലീഗിൽ 11 സ്ഥാനത്തേക്ക് അവർ ഉയർന്നു. അതേസമയം തുടർച്ചയായ നാലാം പരാജയം ആണ് മാർക്കോ സിൽവയുടെ ടീമിന് ഇത്.

ചെൽസിയുടെ മൈതാനത്ത് അവസാന നിമിഷം ജയിച്ചു സണ്ടർലാന്റ്, ലീഗിൽ രണ്ടാമത്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പൻ അട്ടിമറി നടത്തി പുതുതായി സ്ഥാനക്കയറ്റം നേടി വന്ന സണ്ടർലാന്റ്. ചാമ്പ്യൻസ് ലീഗിൽ വലിയ ജയം നേടി വന്ന ചെൽസിയെ അവരുടെ മൈതാനത്ത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് സണ്ടർലാന്റ് തോൽപ്പിച്ചത്. 92 മത്തെ മിനിറ്റിൽ വിജയഗോൾ നേടിയ അവർ ഇതോടെ 9 മത്സരങ്ങൾക്ക് ശേഷം ലീഗിൽ രണ്ടാം സ്ഥാനത്തും എത്തി. പന്ത് കൈവശം വെക്കുന്നതിൽ ആധിപത്യം കാണിച്ച ചെൽസിക്ക് എതിരെ പക്ഷെ മികച്ച പ്രകടനം ആണ് സണ്ടർലാന്റ് നടത്തിയത്. മത്സരത്തിൽ നാലാം മിനിറ്റിൽ പെഡ്രോ നെറ്റോയുടെ പാസിൽ നിന്നു ഗോൾ നേടിയ ഗർനാചോ ചെൽസിയെ മുന്നിൽ എത്തിച്ചു.

എന്നാൽ പതറാതെ കളിച്ച സണ്ടർലാന്റ് കളി തങ്ങൾക്ക് അനുകൂലം ആക്കുന്നത് ആണ് പിന്നീട് കണ്ടത്. 22 മത്തെ മിനിറ്റിൽ ഓരോ ലോങ് ത്രോയിൽ നിന്നു പിറന്ന അവസരം ഗോൾ ആക്കി മാറ്റിയ വിൽസൻ ഇസിഡോർ അവർക്ക് സമനില ഗോൾ സമ്മാനിച്ചു. സീസണിൽ മികവ് തുടരുന്ന ഫ്രഞ്ച് താരത്തിന്റെ ആറാം ലീഗ് ഗോൾ ആയിരുന്നു ഇത്. രണ്ടാം പകുതിയിൽ ജയത്തിനായി ചെൽസി ശ്രമിച്ചെങ്കിലും 92 മത്തെ മിനിറ്റിൽ സണ്ടർലാന്റ് ജയം നേടുക ആയിരുന്നു. മികച്ച കൗണ്ടറിൽ നിന്നു ബ്രിയാൻ ബോബിയുടെ പാസിൽ നിന്നു 20 കാരനായ തലിബിയുടെ ക്ലബിന് ആയുള്ള ആദ്യ ഗോളിൽ സണ്ടർലാന്റ് ജയം ഉറപ്പിക്കുക ആയിരുന്നു. മുൻ ആഴ്‌സണൽ ക്യാപ്റ്റൻ ഗ്രാനിറ്റ് ശാക്കയെ ക്യാപ്റ്റൻ ആയി കൊണ്ട് വന്നത് അടക്കം വലിയ പണം മുടക്കി മികച്ച താരങ്ങളെ എത്തിച്ച സണ്ടർലാന്റ് നീക്കം വിജയം കാണുന്ന സൂചനയാണ് സീസണിൽ ഇത് വരെയുള്ള ഫലങ്ങൾ നൽകുന്നത്.

ഇത് അവന്റെ ക്ലബ്! വില്യം സലിബ ആഴ്‌സണലിൽ പുതിയ കരാർ ഒപ്പ് വെച്ചു

ആഴ്‌സണലിന്റെ 24 കാരനായ ഫ്രഞ്ച് പ്രതിരോധ താരം വില്യം സലിബ ക്ലബിൽ പുതിയ ദീർഘകാല കരാറിൽ ഒപ്പ് വെച്ചു. തന്റെ കരാർ അവസാനിക്കാൻ 2 വർഷം ബാക്കിയുണ്ടെങ്കിലും പുതിയ 5 വർഷത്തെ കരാർ ആണ് സൂപ്പർ താരം ഒപ്പ് വെച്ചത്. ഇതോടെ 2030 വരെ സലിബ ആഴ്‌സണൽ പ്രതിരോധം കാക്കും. റയൽ മാഡ്രിഡ് താരത്തിന് ആയി നടത്തിയ നിരന്തര ശ്രമം അവഗണിച്ചു ആണ് താരം ആഴ്‌സണലിൽ തുടരാൻ തീരുമാനിച്ചത്. ഫ്രഞ്ച് ക്ലബ് സെന്റ് എറ്റിനെയിൽ നിന്നു 2019 ൽ 19 കാരനായ സലിബയെ സ്വന്തമാക്കിയ ആഴ്‌സണൽ താരത്തെ അടുത്ത 2 വർഷവും നീസ്, മാഴ്സെ ക്ലബുകളിലേക്ക് ലോണിൽ അയച്ചിരുന്നു.

എന്നാൽ 2022 ൽ ആഴ്‌സണലിൽ തിരിച്ചു എത്തിയ ശേഷം ഗബ്രിയേലും ആയി ചേർന്നുള്ള പ്രതിരോധ കൂട്ടുകെട്ടിലൂടെ ലോകത്തിലെ ഏറ്റവും മികച്ച സെന്റർ ബാക്കിൽ ഒരാൾ എന്ന പേര് സലിബ സ്വന്തമാക്കുന്നത് പിന്നീട് കാണാൻ ആയത്. കഴിഞ്ഞ 3 വർഷവും നഷ്ടമായ പ്രീമിയർ ലീഗ് കിരീടം തിരിച്ചു പിടിക്കാൻ ആയി ഇറങ്ങുന്ന ആഴ്‌സണലിന്റെ ഏറ്റവും വലിയ ശക്തികളിൽ ഒന്നും ഈ പ്രതിരോധം ആണ്. ആഴ്‌സണലിന് ആയി 14പി മത്സരങ്ങളിൽ ഇതിനകം ബൂട്ട് കെട്ടിയ സലിബ ക്ലബിൽ കരാർ പുതുക്കുന്നതിൽ തനിക്ക് സന്തോഷം ആണെന്നും ക്ലബ് തന്റെ വീടാണെന്നും പറഞ്ഞു. സലിബയുടെ പുതിയ കരാറിന് ശേഷം സൂപ്പർ താരം ബുകയോ സാകയും ആയി പുതിയ കരാറിൽ ഒപ്പ് വെക്കാൻ ആവും ഇനി ആഴ്‌സണൽ സ്പോർട്ടിങ് ഡയറക്ടർ ആന്ദ്രയെ ബെർട്ടയുടെ ശ്രമം.

96 മത്തെ മിനിറ്റിൽ വിജയഗോൾ! ന്യൂകാസ്റ്റിലിനെ അവരുടെ മൈതാനത്ത് തോൽപ്പിച്ചു ആഴ്‌സണൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തങ്ങൾക്ക് സമീപകാലത്ത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയ ന്യൂകാസ്റ്റിൽ യുണൈറ്റഡിനെ അവരുടെ മൈതാനത്ത് തിരിച്ചു വന്നു തോൽപ്പിച്ചു ആഴ്‌സണൽ. 2-1 നു ആയിരുന്നു ആർട്ടെറ്റയുടെ ടീമിന്റെ ജയം. സാകയും എസെയും ട്രോസാർഡും ഗ്യോകെറസും മുന്നേറ്റത്തിൽ ഇറങ്ങിയ ആഴ്‌സണൽ ആക്രമണ ഫുട്‌ബോൾ ആണ് കളിച്ചത്. എസെയുടെ മികച്ച 2 ഷോട്ടുകൾ അസാധ്യമായ വിധമാണ് നിക് പോപ്പ് തടഞ്ഞിട്ടത്. 15 മത്തെ മിനിറ്റിൽ പോപ്പ് ഗ്യോകെറസിനെ വീഴ്ത്തിയതിനു ആഴ്‌സണലിന് അനുകൂലമായ പെനാൽട്ടി ലഭിച്ചു. എന്നാൽ വാർ പരിശോധനക്ക് ശേഷം ഇത് റഫറി പിൻവലിച്ചു. പോപ്പിന്റെ കാലിൽ പന്ത് തട്ടിയിരുന്നു എന്ന കാരണത്താൽ ആയിരുന്നു ആഴ്‌സണലിന് അനുകൂലമായ പെനാൽട്ടി നിഷേധിച്ചത്.

ഇതിൽ ആഴ്‌സണൽ താരങ്ങൾ പ്രതിഷേധിച്ചെങ്കിലും ഫലം ഉണ്ടായില്ല. 34 മത്തെ മിനിറ്റിൽ സലിബക്ക് പകരക്കാരനായി ഇറങ്ങിയ യുവതാരം മസ്ക്വര അനാവശ്യമായ കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ നിന്നു ന്യൂകാസ്റ്റിൽ ഗോൾ കണ്ടെത്തി. ടൊണാലിയുടെ ഉഗ്രൻ ക്രോസിൽ നിന്നു പുതിയ ന്യൂകാസ്റ്റിൽ സ്‌ട്രൈക്കർ നിക് വോൾട്ടമെഡ് മികച്ച ഹെഡറിലൂടെ ഗോൾ നേടുക ആയിരുന്നു. താരം ഫൗൾ ചെയ്തത് ആയി ഗബ്രിയേൽ വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല. തുടർന്നും സമനിലക്ക് ആയി ആഴ്‌സണൽ നിരന്തരം ആക്രമിച്ചു കളിച്ചു. രണ്ടാം പകുതിയിൽ സലിബയെയും ആർട്ടെറ്റ ഇറക്കി. ഇടക്ക് സുബിമെന്റിയുടെ ക്രോസിൽ നിന്നുള്ള ടിംമ്പറിന്റെ ഹെഡർ ശ്രമവും പോപ്പ് അവിശ്വസനീയം ആയ വിധം തട്ടി അകറ്റി. അവസാന നിമിഷങ്ങളിൽ മെറീനോയെയും പരിക്ക് മാറി എത്തിയ ഒഡഗാർഡിനെയും കൊണ്ടു വന്ന ആർട്ടെറ്റയുടെ നീക്കം ഫലം കണ്ടു.

84 മത്തെ മിനിറ്റിൽ കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ ആഴ്‌സണൽ അർഹിച്ച സമനില ഗോൾ കണ്ടെത്തി. ഡക്ലൻ റൈസിന്റെ മികച്ച ക്രോസിൽ നിന്നു ബുദ്ധിപരമായ ഹെഡറിലൂടെ മുൻ ന്യൂകാസ്റ്റിൽ താരം കൂടിയായ മിഖേൽ മെറീനോ ആഴ്‌സണലിന് സമനില നൽകി. തുടർന്ന് ജയത്തിനായി ആയി ആഴ്‌സണൽ ശ്രമം. ഇടക്ക് ഗബ്രിയേൽ ഹാന്റ് ബോളിന് പെനാൽട്ടിക്ക് ആയി ന്യൂകാസ്റ്റിൽ അപ്പീൽ ചെയ്തെങ്കിൽ റഫറി അത് അനുവദിച്ചില്ല. ഇടക്ക് ലിവർമെന്റോ പരിക്കേറ്റ് സ്ട്രകച്ചറിൽ കളം വിട്ടതും കാണാൻ ആയി. ഒടുവിൽ 96 മത്തെ മിനിറ്റിൽ ഒഡഗാർഡിന്റെ ഉഗ്രൻ കോർണറിൽ നിന്നു തന്നെ വളഞ്ഞ ന്യൂകാസ്റ്റിൽ താരങ്ങളെ മറികടന്നു ഹെഡറിലൂടെ ഗോൾ നേടിയ ഗബ്രിയേൽ ആഴ്‌സണലിന് ജയം സമ്മാനിക്കുക ആയിരുന്നു. കഴിഞ്ഞ 2 സീസണിലും തോൽവി അറിഞ്ഞ മൈതാനത്തെ ജയിച്ചത്തോടെ 6 മത്സരങ്ങൾക്ക് ശേഷം 13 പോയിന്റുകളും ആയി ലിവർപൂളിന് 2 പോയിന്റ് പിറകിൽ രണ്ടാം സ്ഥാനത്ത് ആണ് ആഴ്‌സണൽ ഇപ്പോൾ.

അതുഗ്രൻ ഫ്രീകിക്ക് ഗോളിൽ ആഴ്‌സണലിനെ വീഴ്ത്തി ലിവർപൂൾ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരും രണ്ടാം സ്ഥാനക്കാരും തമ്മിലുള്ള പോരാട്ടത്തിൽ ആൻഫീൽഡിൽ ജയിച്ചു കയറി ലിവർപൂൾ. എതിരില്ലാത്ത ഒരു ഗോളിന് ആണ് ലിവർപൂൾ ജയിച്ചത്. പരിക്കേറ്റ ബുകയോ സാക ഇല്ലാതെ ഇറങ്ങിയ ആഴ്‌സണൽ ക്യാപ്റ്റൻ മാർട്ടിൻ ഒഡഗാർഡിനെ ബെഞ്ചിൽ ഇരുത്തിയാണ് കളിക്കാൻ ഇറങ്ങിയത്. ആദ്യ പകുതിയിൽ ബലാബലം കണ്ട മത്സരത്തിൽ അഞ്ചാം മിനിറ്റിൽ തന്നെ വില്യം സലിബ പരിക്കേറ്റു പുറത്ത് പോയത് ആഴ്‌സണലിന് കനത്ത തിരിച്ചടിയായി. എന്നാൽ ആദ്യ പകുതിയിൽ 5 കോർണറുകൾ നേടിയ ആഴ്‌സണലിന് അതൊന്നും മുതലാക്കാൻ ആയില്ല. മധുയെകയുടെ ശ്രമം ആലിസൺ രക്ഷിച്ചത് ആയിരുന്നു ഈ പകുതിയിലെ പ്രധാന നിമിഷം.

രണ്ടാം പകുതിയിൽ കൂടുതൽ നന്നായി കളിക്കുന്ന ലിവർപൂളിനെ ആണ് കാണാൻ ആയത്. എന്നാൽ വലിയ അവസരങ്ങൾ ഇരു ടീമുകളും ഉണ്ടാക്കിയില്ല. 83 മത്തെ മിനിറ്റിൽ 32 വാര അകലെ നിന്നു ഡൊമനിക് സബോസലായ് നേടിയ ബുള്ളറ്റ് ഫ്രീകിക്ക് ആണ് ലിവർപൂളിന് ജയം സമ്മാനിച്ചത്. ഡേവിഡ് റയക്ക് ഒരവസരവും ഈ ഫ്രീകിക്ക് നൽകിയില്ല. സീസണിൽ ആഴ്‌സണൽ വഴങ്ങുന്ന ആദ്യ ഗോൾ ആണ് ഇത്. തുടർന്ന് എസെ അടക്കം ഇറങ്ങി ആഴ്‌സണൽ സമനില ഗോളിന് ശ്രമിച്ചെങ്കിലും ലിവർപൂൾ പ്രതിരോധം കുലുങ്ങിയില്ല. സമീപകാലത്ത് ടോപ്പ് 6 ടീമിനോട് ആഴ്‌സണൽ വഴങ്ങുന്ന ആദ്യ പരാജയം ആണ് ഇത്. ജയത്തോടെ ലിവർപൂൾ ലീഗിൽ ഒന്നാമത് എത്തി.

ഫോറസ്റ്റിനെ തകർത്തു സീസണിലെ ആദ്യ ജയവുമായി വെസ്റ്റ് ഹാം യുണൈറ്റഡ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടു പരാജയങ്ങൾക്ക് ശേഷം ജയം കുറിച്ച് വെസ്റ്റ് ഹാം യുണൈറ്റഡ്. നോട്ടിങ്ഹാം ഫോറസ്റ്റിനെ അവരുടെ മൈതാനത്ത് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആണ് വെസ്റ്റ് ഹാം തോൽപ്പിച്ചത്. ഗോൾ രഹിതം ആവും എന്നു കരുതിയ മത്സരത്തിൽ 84 മിനിറ്റിനു ശേഷമാണ് മൂന്നു ഗോളുകളും പിറന്നത്. പകരക്കാരനായി ഇറങ്ങിയ സമ്മർവില്ലിന്റെ പാസിൽ നിന്നു ഗോൾ നേടിയ ജെറാർഡ് ബോവൻ ആണ് വെസ്റ്റ് ഹാമിനു മുൻതൂക്കം നൽകിയത്.

തുടർന്ന് നാലു മിനിറ്റിനുള്ളിൽ സമ്മർവില്ലിനെ വീഴ്ത്തിയതിനു വെസ്റ്റ് ഹാമിനു പെനാൽട്ടിയും ലഭിച്ചു. ഇത് ലക്ഷ്യം കണ്ട ലൂക്കാസ് പക്വറ്റ അവരുടെ മുൻതൂക്കം ഇരട്ടിയാക്കി. 91 മത്തെ മിനിറ്റിൽ എൽ ഡിയോഫിന്റെ മികച്ച ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ മറ്റൊരു പകരക്കാരൻ കലം വിൽസൻ ആണ് വെസ്റ്റ് ഹാം ജയം പൂർത്തിയാക്കിയത്. ഈ സീസണിൽ ടീമിൽ എത്തിയ താരത്തിന്റെ ക്ലബിന് ആയുള്ള ആദ്യ ഗോൾ ആയിരുന്നു ഇത്.

തിരിച്ചു വന്നു മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ചു ബ്രൈറ്റൺ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഴിഞ്ഞ സീസണിൽ എന്ന പോലെ ഈ സീസണിലും സ്വന്തം മൈതാനത്ത് മാഞ്ചസ്റ്റർ സിറ്റിയെ തിരിച്ചു വന്നു തോൽപ്പിച്ചു ബ്രൈറ്റൺ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് സിറ്റിയെ അവർ തോൽപ്പിച്ചത്. സിറ്റിയുടെ തുടർച്ചയായ രണ്ടാം പരാജയം ആണ് ഇത്. മികച്ച രീതിയിൽ തുടങ്ങിയ സിറ്റി 34 മത്തെ മിനിറ്റിൽ മത്സരത്തിൽ മുന്നിലെത്തി. മർമോഷിന്റെ പാസിൽ നിന്നു ഹാളണ്ട് ആണ് അവരുടെ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ 60 മത്തെ മിനിറ്റിൽ നാലു മാറ്റങ്ങൾ വരുത്തിയ ബ്രൈറ്റൺ പരിശീലകൻ ഹർസലർ കളി മാറ്റി.

തുടർന്ന് സിറ്റിയെ ആക്രമണം കൊണ്ടു ഞെട്ടിച്ച ബ്രൈറ്റൺ 67 മത്തെ മിനിറ്റിൽ സമനില ഗോൾ നേടി. നൂനസിന്റെ ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി പകരക്കാരനായി ഇറങ്ങിയ മുൻ സിറ്റി താരം കൂടിയായ ജെയിംസ് മിൽനർ ഗോളാക്കി മാറ്റി. ഗോൾ തന്റെ മുൻ സഹതാരം ഡീഗോ ജോട്ടക്ക് സമർപ്പിച്ച മിൽനർ ജോട്ടയുടെ ഗോൾ സലബ്രേഷനും നടത്തി. ഈ ഗോളോട് കൂടി പ്രീമിയർ ലീഗിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരാമായും മിൽനർ മാറി. തുടർന്ന് മത്സരം പൂർണമായും കയ്യിലാക്കിയ ബ്രൈറ്റൺ വിജയഗോളിനായി ആക്രമണം നടത്തി. ഇടക്ക് ട്രാഫോർഡിന്റെ ഉഗ്രൻ സേവ് ആണ് സിറ്റിയെ രക്ഷിച്ചത്. എന്നാൽ 89 മത്തെ മിനിറ്റിൽ മികച്ച കൗണ്ടർ അറ്റാക്കിൽ നിന്നു മിറ്റോമയുടെ പാസിൽ നിന്നു ഗോൾ നേടിയ മറ്റൊരു പകരക്കാരൻ ഗ്രൂഡ ബ്രൈറ്റണിനു അർഹിച്ച ജയം സമ്മാനിക്കുക ആയിരുന്നു. സീസണിൽ ലീഗിലെ അവരുടെ ആദ്യ ജയം ആണ് ഇത്.

96 മത്തെ മിനിറ്റിൽ ജയിച്ചു സണ്ടർലാന്റ്, ത്രില്ലറിൽ ജയിച്ചു എവർട്ടൺ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സ്വന്തം മൈതാനത്തിൽ രണ്ടാമത്തെ മത്സരവും ജയിച്ചു സണ്ടർലാന്റ്. ബ്രന്റ്ഫോർഡിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് സണ്ടർലാന്റ് മറികടന്നത്. രണ്ടാം പകുതിയിൽ ഗോളുകൾ പിറന്ന മത്സരത്തിൽ 59 മത്തെ മിനിറ്റിൽ കെവിൻ ഷാഡയുടെ പെനാൽട്ടി സണ്ടർലാന്റ് ഗോൾ കീപ്പർ രക്ഷിച്ചു. എന്നാൽ 77 മത്തെ മിനിറ്റിൽ ഒനിയെകയുടെ പാസിൽ നിന്നു ഗോൾ നേടിയ ഇഗോർ തിയാഗോ ബ്രന്റ്ഫോർഡിന് മുൻതൂക്കം നൽകി. എന്നാൽ 82 മത്തെ മിനിറ്റിൽ പെനാൽട്ടിയിലൂടെ എൻസോ ലീ ഫീ സണ്ടർലാന്റിനെ മത്സരത്തിൽ ഒപ്പം എത്തിച്ചു. തുടർന്ന് ഇഞ്ച്വറി സമയത്ത് 96 മത്തെ മിനിറ്റിൽ ഗ്രാനിറ്റ് ശാക്കയുടെ ഉഗ്രൻ ക്രോസിൽ നിന്നു ഗോൾ നേടിയ പകരക്കാരനായി ഇറങ്ങിയ വിൽസൻ ഇസിഡോർ ആണ് സണ്ടർലാന്റിന് സീസണിലെ രണ്ടാം ജയം സമ്മാനിച്ചത്.

5 ഗോൾ പിറന്ന ലീഗിലെ മറ്റൊരു മത്സരത്തിൽ വോൾവ്സിനെ അവരുടെ മൈതാനത്ത് 3-2 നു തോൽപ്പിച്ചു എവർട്ടൺ ജയം കുറിച്ചു. തുടർച്ചയായ രണ്ടാം ജയം ആണ് അവർക്ക് ഇത്. ഏഴാം മിനിറ്റിൽ ജാക് ഗ്രീലീഷിന്റെ പാസിൽ നിന്നു ബെറ്റോയുടെ ഗോളിൽ എവർട്ടൺ മുന്നിൽ എത്തിയപ്പോൾ ഹീ ചാനിലൂടെ വോൾവ്സ് തിരിച്ചടിച്ചു. 33 മത്തെ മിനിറ്റിൽ ഹാളിന്റെ പാസിൽ നിന്നു ഇണ്ടിയെ എവർട്ടണിനു വീണ്ടും മുൻതൂക്കം നൽകി. 55 മത്തെ മിനിറ്റിൽ ഗ്രീലീഷിന്റെ പാസിൽ നിന്നു ഗോൾ നേടിയ ഹാൾ എവർട്ടണിന്റെ മൂന്നാം ഗോളും നേടി. 79 മത്തെ മിനിറ്റിൽ റോഡ്രിഗോ ഗോമസ് ഒരു ഗോൾ കൂടി മടക്കിയെങ്കിലും അവർക്ക് പരാജയം ഒഴിവാക്കാൻ ആയില്ല.

പരിക്ക്, ബുകയോ സാകക്ക് ലിവർപൂൾ മത്സരം നഷ്ടമാകും

ലീഡ്സ് യുണൈറ്റഡിന് എതിരായ മത്സരത്തിൽ ഹാംസ്ട്രിങിന് പരിക്കേറ്റ ബുകയോ സാകയുടെ പരിക്ക് ഗുരുതരമല്ലെന്നു റിപ്പോർട്ട്. ആദ്യം പരിക്ക് ഗുരുതരമാവുമോ എന്നു പേടിച്ച ആഴ്‌സണലിന് ഇത് നല്ല വാർത്ത തന്നെയാണ്. മൂന്നു മുതൽ നാലു ആഴ്ചത്തേക്ക് സാക പുറത്തിരിക്കും എന്നാണ് റിപ്പോർട്ട്. ഇതോടെ ആഴ്‌സണലിന്റെ ആൻഫീൽഡിൽ ലിവർപൂളിന് എതിരായ അടുത്ത മത്സരം സാകക്ക് നഷ്ടമാകും.

അതിനു ശേഷം ഇന്റർനാഷണൽ ബ്രേക്ക് ആയതിനാൽ ഇംഗ്ലണ്ടിന്റെ മത്സരങ്ങളും സാകക്ക് നഷ്ടമാകും. അതിനു ശേഷം നോട്ടിങ്ഹാം ഫോറസ്റ്റിന് എതിരെയോ മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെയോ സാക തിരിച്ചെത്താൻ ആണ് സാധ്യത. അതേസമയം ഇതേ മത്സരത്തിൽ തന്നെ ഷോൾഡറിന് പരിക്കേറ്റ ആഴ്‌സണൽ ക്യാപ്റ്റൻ മാർട്ടിൻ ഒഡഗാർഡിന്റെ പരിക്കും ഗുരുതരമല്ല. അടുത്ത ലിവർപൂൾ മത്സരത്തിൽ തന്നെ ഒഡഗാർഡ് ടീമിൽ തിരിച്ചെത്തിയേക്കും എന്നാണ് സൂചന.

Exit mobile version