ചെൽസിയുടെ മൈതാനത്ത് അവസാന നിമിഷം ജയിച്ചു സണ്ടർലാന്റ്, ലീഗിൽ രണ്ടാമത്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പൻ അട്ടിമറി നടത്തി പുതുതായി സ്ഥാനക്കയറ്റം നേടി വന്ന സണ്ടർലാന്റ്. ചാമ്പ്യൻസ് ലീഗിൽ വലിയ ജയം നേടി വന്ന ചെൽസിയെ അവരുടെ മൈതാനത്ത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് സണ്ടർലാന്റ് തോൽപ്പിച്ചത്. 92 മത്തെ മിനിറ്റിൽ വിജയഗോൾ നേടിയ അവർ ഇതോടെ 9 മത്സരങ്ങൾക്ക് ശേഷം ലീഗിൽ രണ്ടാം സ്ഥാനത്തും എത്തി. പന്ത് കൈവശം വെക്കുന്നതിൽ ആധിപത്യം കാണിച്ച ചെൽസിക്ക് എതിരെ പക്ഷെ മികച്ച പ്രകടനം ആണ് സണ്ടർലാന്റ് നടത്തിയത്. മത്സരത്തിൽ നാലാം മിനിറ്റിൽ പെഡ്രോ നെറ്റോയുടെ പാസിൽ നിന്നു ഗോൾ നേടിയ ഗർനാചോ ചെൽസിയെ മുന്നിൽ എത്തിച്ചു.

എന്നാൽ പതറാതെ കളിച്ച സണ്ടർലാന്റ് കളി തങ്ങൾക്ക് അനുകൂലം ആക്കുന്നത് ആണ് പിന്നീട് കണ്ടത്. 22 മത്തെ മിനിറ്റിൽ ഓരോ ലോങ് ത്രോയിൽ നിന്നു പിറന്ന അവസരം ഗോൾ ആക്കി മാറ്റിയ വിൽസൻ ഇസിഡോർ അവർക്ക് സമനില ഗോൾ സമ്മാനിച്ചു. സീസണിൽ മികവ് തുടരുന്ന ഫ്രഞ്ച് താരത്തിന്റെ ആറാം ലീഗ് ഗോൾ ആയിരുന്നു ഇത്. രണ്ടാം പകുതിയിൽ ജയത്തിനായി ചെൽസി ശ്രമിച്ചെങ്കിലും 92 മത്തെ മിനിറ്റിൽ സണ്ടർലാന്റ് ജയം നേടുക ആയിരുന്നു. മികച്ച കൗണ്ടറിൽ നിന്നു ബ്രിയാൻ ബോബിയുടെ പാസിൽ നിന്നു 20 കാരനായ തലിബിയുടെ ക്ലബിന് ആയുള്ള ആദ്യ ഗോളിൽ സണ്ടർലാന്റ് ജയം ഉറപ്പിക്കുക ആയിരുന്നു. മുൻ ആഴ്‌സണൽ ക്യാപ്റ്റൻ ഗ്രാനിറ്റ് ശാക്കയെ ക്യാപ്റ്റൻ ആയി കൊണ്ട് വന്നത് അടക്കം വലിയ പണം മുടക്കി മികച്ച താരങ്ങളെ എത്തിച്ച സണ്ടർലാന്റ് നീക്കം വിജയം കാണുന്ന സൂചനയാണ് സീസണിൽ ഇത് വരെയുള്ള ഫലങ്ങൾ നൽകുന്നത്.

96 മത്തെ മിനിറ്റിൽ ജയിച്ചു സണ്ടർലാന്റ്, ത്രില്ലറിൽ ജയിച്ചു എവർട്ടൺ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സ്വന്തം മൈതാനത്തിൽ രണ്ടാമത്തെ മത്സരവും ജയിച്ചു സണ്ടർലാന്റ്. ബ്രന്റ്ഫോർഡിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് സണ്ടർലാന്റ് മറികടന്നത്. രണ്ടാം പകുതിയിൽ ഗോളുകൾ പിറന്ന മത്സരത്തിൽ 59 മത്തെ മിനിറ്റിൽ കെവിൻ ഷാഡയുടെ പെനാൽട്ടി സണ്ടർലാന്റ് ഗോൾ കീപ്പർ രക്ഷിച്ചു. എന്നാൽ 77 മത്തെ മിനിറ്റിൽ ഒനിയെകയുടെ പാസിൽ നിന്നു ഗോൾ നേടിയ ഇഗോർ തിയാഗോ ബ്രന്റ്ഫോർഡിന് മുൻതൂക്കം നൽകി. എന്നാൽ 82 മത്തെ മിനിറ്റിൽ പെനാൽട്ടിയിലൂടെ എൻസോ ലീ ഫീ സണ്ടർലാന്റിനെ മത്സരത്തിൽ ഒപ്പം എത്തിച്ചു. തുടർന്ന് ഇഞ്ച്വറി സമയത്ത് 96 മത്തെ മിനിറ്റിൽ ഗ്രാനിറ്റ് ശാക്കയുടെ ഉഗ്രൻ ക്രോസിൽ നിന്നു ഗോൾ നേടിയ പകരക്കാരനായി ഇറങ്ങിയ വിൽസൻ ഇസിഡോർ ആണ് സണ്ടർലാന്റിന് സീസണിലെ രണ്ടാം ജയം സമ്മാനിച്ചത്.

5 ഗോൾ പിറന്ന ലീഗിലെ മറ്റൊരു മത്സരത്തിൽ വോൾവ്സിനെ അവരുടെ മൈതാനത്ത് 3-2 നു തോൽപ്പിച്ചു എവർട്ടൺ ജയം കുറിച്ചു. തുടർച്ചയായ രണ്ടാം ജയം ആണ് അവർക്ക് ഇത്. ഏഴാം മിനിറ്റിൽ ജാക് ഗ്രീലീഷിന്റെ പാസിൽ നിന്നു ബെറ്റോയുടെ ഗോളിൽ എവർട്ടൺ മുന്നിൽ എത്തിയപ്പോൾ ഹീ ചാനിലൂടെ വോൾവ്സ് തിരിച്ചടിച്ചു. 33 മത്തെ മിനിറ്റിൽ ഹാളിന്റെ പാസിൽ നിന്നു ഇണ്ടിയെ എവർട്ടണിനു വീണ്ടും മുൻതൂക്കം നൽകി. 55 മത്തെ മിനിറ്റിൽ ഗ്രീലീഷിന്റെ പാസിൽ നിന്നു ഗോൾ നേടിയ ഹാൾ എവർട്ടണിന്റെ മൂന്നാം ഗോളും നേടി. 79 മത്തെ മിനിറ്റിൽ റോഡ്രിഗോ ഗോമസ് ഒരു ഗോൾ കൂടി മടക്കിയെങ്കിലും അവർക്ക് പരാജയം ഒഴിവാക്കാൻ ആയില്ല.

പ്രീമിയർ ലീഗ് തിരിച്ചു വരവ് ആഘോഷിച്ചു സണ്ടർലാന്റ്

8 വർഷങ്ങൾക്ക് ശേഷമുള്ള ഇംഗ്ലീഷ് പ്രീമിയർ ലീഗ് തിരിച്ചു വരവ് ആഘോഷിച്ചു സണ്ടർലാന്റ്. തങ്ങളുടെ സ്റ്റേഡിയം ഓഫ് ലൈറ്റിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത 3 ഗോളുകൾക്ക് വെസ്റ്റ് ഹാം യുണൈറ്റഡിനെ അവർ തകർക്കുക ആയിരുന്നു. മുൻ ആഴ്‌സണൽ ക്യാപ്റ്റൻ ഗ്രാനിറ്റ് ശാക്ക ക്യാപ്റ്റൻ ആയി പുത്തൻ താരങ്ങളും ആയി കളത്തിൽ ഇറങ്ങിയ സണ്ടർലാന്റ് വെസ്റ്റ് ഹാമിനെ ഞെട്ടിക്കുക തന്നെയായിരുന്നു.

മത്സരത്തിൽ രണ്ടാം പകുതിയിൽ ആണ് ഗോളുകൾ പിറന്നത്. ചാമ്പ്യൻഷിപ്പ് പ്ലെ ഓഫ് ഫൈനലിൽ ഗോൾ നേടിയ മയെണ്ട ആൽഡറെറ്റയുടെ ക്രോസിൽ നിന്നു ഹെഡറിലൂടെ 61 മത്തെ മിനിറ്റിൽ സണ്ടർലാന്റിന് 8 വർഷത്തിന് ശേഷമുള്ള ആദ്യ പ്രീമിയർ ലീഗ് ഗോൾ സമ്മാനിച്ചു. 73 മത്തെ മിനിറ്റിൽ മറ്റൊരു ഹെഡറിലൂടെ ഗോൾ നേടിയ മുൻ ആഴ്‌സണൽ അക്കാദമി താരം ഡാൻ ബല്ലാർഡ് സണ്ടർലാന്റിന് രണ്ടാം ഗോളും സമ്മാനിച്ചു. 92 മത്തെ മിനിറ്റിൽ തലിബിയുടെ പാസിൽ നിന്നു ഗോൾ നേടിയ വിൽസൻ ഇസിഡോർ സണ്ടർലാന്റിന്റെ സ്വപ്ന ജയം പൂർത്തിയാക്കുക ആയിരുന്നു.

പുതിയ പ്രതീക്ഷയുമായി മാർക്ക് ഗ്യുയി ചെൽസിയിൽ നിന്ന് സണ്ടർലാൻഡിലേക്ക്


ചെൽസിയുടെ യുവ സ്‌ട്രൈക്കർ മാർക്ക് ഗ്യുയിയെ ഒരു സീസൺ ലോണിൽ സണ്ടർലാൻഡ് എ.എഫ്.സി സ്വന്തമാക്കി. 2025-26 സീസണിലേക്കാണ് 19-കാരനായ സ്പാനിഷ് താരം സണ്ടർലാൻഡിനൊപ്പം ചേരുന്നത്. ചെൽസിക്കൊപ്പം ഫിഫ ക്ലബ് ലോകകപ്പും യുവേഫ കോൺഫറൻസ് ലീഗും നേടിയാണ് ഗ്യുയിയുടെ വരവ്.


കഴിഞ്ഞ സീസണിൽ ചെൽസിക്കായി 16 മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകൾ നേടിയിട്ടുണ്ട്. ചെൽസിയിലേക്കുള്ള തന്റെ വലിയ നീക്കത്തിന് മുൻപ് ബാഴ്സലോണയുടെ പ്രശസ്തമായ അക്കാദമിയായ ലാ മാസിയയുടെ താരമായിരുന്നു ഗ്യുയി. 2023 ഒക്ടോബറിൽ ബാഴ്സലോണയ്ക്ക് വേണ്ടി സീനിയർ അരങ്ങേറ്റം കുറിച്ച ഗ്യുയി, വെറും 23 സെക്കൻഡിനുള്ളിൽ ഗോൾ നേടിയിരുന്നു. ഇതോടെ, ലാ ലിഗയിൽ ബാഴ്സയുടെ ഏറ്റവും പ്രായം കുറഞ്ഞതും വേഗമേറിയതുമായ അരങ്ങേറ്റ ഗോൾ സ്കോററായി ഗ്യുയി മാറി.


പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിച്ച പരിശീലകന് പുതിയ കരാർ നൽകി സണ്ടർലാൻഡ്


എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം സണ്ടർലാൻഡിനെ പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിച്ച പരിശീലകൻ റെജിസ് ലെ ബ്രിസിന് ക്ലബ്ബ് 2028 വരെ പുതിയ കരാർ നൽകി.


2024 ജൂണിൽ ലോറിയന്റ് വിട്ട് എത്തിയ ലെ ബ്രിസ്, വെംബ്ലിയിൽ നടന്ന പ്ലേഓഫ് ഫൈനലിൽ ഷെഫീൽഡ് യുണൈറ്റഡിനെ 2-1 ന് തോൽപ്പിച്ച് സണ്ടർലാൻഡിന് സ്വപ്നതുല്യമായ പ്രൊമോഷൻ നേടിക്കൊടുത്തു. 2017 ന് ശേഷം പ്രീമിയർ ലീഗ് ഫുട്ബോളിലേക്ക് ഉള്ള അവരുടെ തിരിച്ചുവരവാണിത്.

ഓഗസ്റ്റ് 16-ന് വെസ്റ്റ് ഹാമിനെതിരെ ഹോം ഗ്രൗണ്ടിൽ അവർ പ്രീമിയർ ലീഗ് കാമ്പയിൻ ആരംഭിക്കും.

റോബിൻ റോഫ്‌സിനായി സണ്ടർലാൻഡ് €10.5m ഡീൽ ഉറപ്പിച്ചു


സണ്ടർലാൻഡ് ഡച്ച് ഗോൾകീപ്പർ റോബിൻ റോഫ്‌സിനെ നെതർലാൻഡ്‌സിലെ NEC നിജ്‌മെഗനിൽ നിന്ന് സൈൻ ചെയ്യാൻ €10.5 ദശലക്ഷം യൂറോയുടെ കരാറിലെത്തി, കൂടാതെ €3 ദശലക്ഷം യൂറോയുടെ ആഡ്-ഓണുകളും ഇതിൽ ഉൾപ്പെടുന്നു. 22 വയസ്സുകാരനായ നെതർലാൻഡ്‌സ് U21 ഇന്റർനാഷണൽ ബുധനാഴ്ച മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാകും. അതിനുശേഷം പുതുതായി പ്രൊമോട്ട് ചെയ്യപ്പെട്ട പ്രീമിയർ ലീഗ് ക്ലബുമായി അഞ്ച് വർഷത്തെ കരാർ ഒപ്പിടും.

കഴിഞ്ഞ സീസണിൽ 42 മത്സരങ്ങളിൽ NEC-ക്ക് വേണ്ടി കളിക്കുകയും എറെഡിവിസിയിൽ എട്ടാം സ്ഥാനത്തെത്താൻ സഹായിക്കുകയും ചെയ്ത റോഫ്‌സ്, സണ്ടർലാൻഡിന്റെ ഫസ്റ്റ് ചോയ്സ് ഗോൾകീപ്പറായി ചുമതലയേൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


റെയിനിൽഡോ മണ്ടാവ, ചെംസ്ഡിൻ തൽബി, നോഹ സാഡികി, എൻസോ ലെ ഫീ, ഹബീബ് ദിയാര, സൈമൺ അഡിൻഗ്ര എന്നിവരുടെ വരവിന് ശേഷം സണ്ടർലാൻഡിന്റെ ഈ സമ്മറിലെ ഏഴാമത്തെ സൈനിംഗാണിത്. പുതിയ സീസണിന് മുന്നോടിയായി ടീമിനെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബയേർ ലെവർകൂസനിൽ നിന്ന് ഗ്രാനിറ്റ് ഷാക്കയെ സ്വന്തമാക്കാനും മാനേജർ റെജിസ് ലെ ബ്രിസ് ഒരുങ്ങുകയാണ്.

നെതർലാൻഡ്‌സിനെ U21 യൂറോ സെമി ഫൈനലിൽ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച റോഫ്‌സിനെ ബ്ലാക്ക് ക്യാറ്റ്സ് ഒരു ദീർഘകാല നിക്ഷേപമായാണ് കാണുന്നത്.

ഗ്രാനിറ്റ് ഷാക്ക പ്രീമിയർ ലീഗിൽ തിരികെയെത്തും, സണ്ടർലാൻഡുമായി ധാരണയിലെത്തി


പുതുതായി പ്രീമിയർ ലീഗിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച സണ്ടർലാൻഡ് ഗ്രാനിറ്റ് ഷാക്കയെ ബയേൺ ലെവർകൂസനിൽ നിന്ന് സ്വന്തമാക്കി. 32 വയസ്സുകാരനായ ഈ സ്വിസ് താരം സണ്ടർലാൻഡുമായി നേരത്തെ തന്നെ വ്യക്തിഗത നിബന്ധനകളിൽ ധാരണയിലെത്തിയിരുന്നു. എന്നാൽ ലെവർകൂസൻ താരത്തെ വിൽൽക്കാൻ ആദ്യം ഒരുക്കമായിരുന്നില്ല.


ആഴ്സണലിൽ ദീർഘകാലം കളിച്ച ശേഷം 2023-ൽ ലെവർകൂസനിൽ ചേർന്ന ഷാക്ക, ബുണ്ടസ് ലിഗ ക്ലബ്ബിന്റെ നിർണായക താരമായിരുന്നു. രണ്ട് സീസണുകളിലായി 99 മത്സരങ്ങൾ കളിച്ച അദ്ദേഹം, 2023-24 സീസണിൽ ലെവർകൂസന് അവരുടെ ആദ്യ ബുണ്ടസ് ലിഗ കിരീടം നേടാൻ സഹായിച്ചു.


പ്ലേ-ഓഫ് ഫൈനലിൽ വിജയിച്ച് പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിയ സണ്ടർലാൻഡ് ട്രാൻസ്ഫർ മാർക്കറ്റിൽ സജീവമാണ്. അവർ ഇതിനോടകം മധ്യനിര താരം ഹബീബ് ദിയാര, വിംഗർമാരായ സൈമൺ അഡിൻഗ്ര, ചെംസ്ഡിൻ താൽബി, ഫുൾബാക്ക് റെയിനിൽഡോ, കൂടാതെ വിവിധ പൊസിഷനുകളിൽ കളിക്കാൻ കഴിവുള്ള നോഹ സാദികി എന്നിവരെ ടീമിലെത്തിച്ചിട്ടുണ്ട്.

ഫ്രഞ്ച് വിങ്ങറെ സണ്ടർലാൻഡ് സ്വന്തമാക്കുന്നു


ഫ്രഞ്ച് വിങ്ങർ ആർമണ്ട് ലോറിയന്റെയെ സ്വന്തമാക്കാൻ സണ്ടർലാൻഡ് തയ്യാറെടുക്കുന്നു. ട്രാൻസ്ഫർ ഇൻസൈഡറായ ഫാബ്രിസിയോ റൊമാനോയുടെ റിപ്പോർട്ട് പ്രകാരം സസ്സുവോളോയുമായി സണ്ടർലാന്റ് കരാറിൽ എത്തിയിട്ടുണ്ട്. 20 ദശലക്ഷം യൂറോ (ഏകദേശം ₹170 കോടി) സണ്ടർലാന്റ് ട്രാൻസ്ഫർ തുകയായി നൽകും.


സസ്സുവോളോയെ സീരി എയിലേക്ക് തിരിച്ചെത്തിക്കുന്നതിൽ 26-കാരനായ ലോറിയന്റെ പ്രധാന പങ്കുവഹിച്ചിരുന്നു. 2024-25 സീരി ബി സീസണിൽ 19 ഗോളുകളും 6 അസിസ്റ്റുകളും നേടിയ അദ്ദേഹത്തിന്റെ പ്രകടനം, സീസണിലെ മികച്ച കളിക്കാരനുള്ള പുരസ്കാരം നേടിക്കൊടുത്തു.


2022-ൽ സസ്സുവോളോയിൽ ചേർന്ന ലോറിയന്റെ ഇറ്റാലിയൻ ക്ലബ്ബിനായി 84 മത്സരങ്ങൾ കളിച്ചു.

സണ്ടർലാൻഡ് ക്ലബ് റെക്കോർഡ് തകർത്ത് ഹബിബ് ദിയാരയെ സ്വന്തമാക്കി



പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തുന്നതിന് മുന്നോടിയായി സണ്ടർലാൻഡ് തങ്ങളുടെ ക്ലബ് റെക്കോർഡ് തകർത്ത് സ്ട്രാസ്‌ബർഗിന്റെ സെനഗലീസ് മധ്യനിര താരം ഹബിബ് ഡിയാരയെ 30 മില്യൺ പൗണ്ടിന് സ്വന്തമാക്കി. ലീഡ്‌സ് യുണൈറ്റഡ്, എസി മിലാൻ, ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ട് തുടങ്ങിയ ക്ലബ്ബുകളിൽ നിന്നുള്ള കടുത്ത മത്സരത്തെ മറികടന്നാണ് സണ്ടർലാൻഡ് ഈ നീക്കം നടത്തിയത്.

എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ടോപ്പ് ഫ്ലൈറ്റിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുന്ന ബ്ലാക്ക് ക്യാറ്റ്സിന്റെ വലിയ ലക്ഷ്യങ്ങളെയാണ് ഈ സൈനിംഗ് അടയാളപ്പെടുത്തുന്നത്.
21-കാരനായ ഡിയാര അടുത്തിടെ സിറ്റി ഗ്രൗണ്ടിൽ വെച്ച് ഇംഗ്ലണ്ടിനെതിരായ സെനഗലിന്റെ 3-1 വിജയത്തിൽ ഒരു ഗോൾ നേടി വാർത്തകളിൽ ഇടം നേടിയിരുന്നു.

ചെൽസിയുടെ മാതൃകമ്പനിയായ ബ്ലൂകോയുടെ ഉടമസ്ഥതയിലുള്ള സ്ട്രാസ്‌ബർഗ് സണ്ടർലാൻഡിന്റെ അന്തിമ വാഗ്ദാനമായ 31.5 മില്യൺ യൂറോ (27 മില്യൺ പൗണ്ട്) കൂടാതെ 4 മില്യൺ യൂറോയുടെ ആഡ്-ഓണുകളും അടങ്ങിയ ഓഫർ അംഗീകരിച്ചു. ലീഡ്‌സിന്റെ 24 മില്യൺ പൗണ്ടിന്റെ മുൻ ഓഫർ സ്ട്രാസ്‌ബർഗ് നിരസിച്ചിരുന്നു.


ഈ വേനൽക്കാലത്ത് 27.8 മില്യൺ പൗണ്ടിന് ബൊറൂസിയ ഡോർട്ട്മുണ്ടിലേക്ക് മാറിയ ജോബ് ബെല്ലിംഗ്ഹാമിന് പകരക്കാരനായാണ് ഈ സൈനിംഗ് എത്തുന്നത്. റോമയിൽ നിന്ന് സണ്ടർലാൻഡ് സൈൻ ചെയ്ത എൻസോ ലെ ഫീക്ക് നൽകിയ 20 മില്യൺ പൗണ്ടിനെയും മറികടക്കുന്നതാണ് ഡിയാരയുടെ വരവ്.
ഡിയാരയെ കൂടാതെ, നൈസിൽ നിന്നുള്ള ഗോൾകീപ്പർ മാർസിൻ ബുൾക്ക, സസുവോളോയിൽ നിന്നുള്ള വിംഗർ അർമാൻഡ് ലോറിയന്റെ എന്നിവരുൾപ്പെടെയുള്ള കൂടുതൽ താരങ്ങളെയും ക്ലബ് ലക്ഷ്യമിടുന്നതായി റിപ്പോർട്ടുണ്ട്.

വെംബ്ലിയിൽ അവസാന നിമിഷത്തെ ഗോളിൽ സണ്ടർലാൻഡ് പ്രീമിയർ ലീഗിലേക്കുള്ള പ്രൊമോഷൻ ഉറപ്പിച്ചു


എട്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ സണ്ടർലാൻഡ് പ്രീമിയർ ലീഗിലേക്ക് തിരിച്ചുവരവ് ഉറപ്പിച്ചു. വെംബ്ലിയിൽ നടന്ന ചാമ്പ്യൻഷിപ്പ് പ്ലേ-ഓഫ് ഫൈനലിൽ ഷെഫീൽഡ് യുണൈറ്റഡിനെ 2-1ന് തോൽപ്പിച്ചാണ് സണ്ടർലാൻഡ് വിജയം നേടിയത്. ടീനേജ് താരം ടോമി വാട്സൺ നേടിയ ഇഞ്ചുറി ടൈം ഗോൾ സണ്ടർലാൻഡിന് പ്രൊമോഷൻ ഉറപ്പിച്ചു നൽകി.


ഫ്രഞ്ച് പരിശീലകൻ റെഗീസ് ലെ ബ്രീസിന്റെ കീഴിലിറങ്ങിയ സണ്ടർലാൻഡ്, ടൈറീസ് കാംപ്ബെൽ ആദ്യ പകുതിയിൽ നേടിയ ഗോളിൽ പിന്നിലായിരുന്ന ശേഷം തിരിച്ചുവരികയായിരുന്നു. 76-ാം മിനിറ്റിൽ എലീസർ മയേന്ദയിലൂടെ സണ്ടർലാൻഡ് സമനില പിടിച്ചു.

തുടർന്ന് ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷങ്ങളിൽ ഒരു പിഴവിൽ നിന്ന് മുതലെടുത്ത വാട്സൺ വിജയ ഗോൾ നേടി.

ഈ വിജയം 2017 ന് ശേഷം ആദ്യമായി സണ്ടർലാൻഡിനെ ടോപ് ഫ്ലൈറ്റിലേക്ക് തിരികെ കൊണ്ടുവരും. അടുത്ത സീസണിൽ ന്യൂകാസിൽ യുണൈറ്റഡിനെതിരായ അവരുടെ കടുത്ത ടൈൻ-വെയർ ഡെർബിക്ക് ഇത് വീണ്ടും ജീവൻ നൽകും.

ഇഞ്ച്വറി ടൈം ഗോളിന്റെ ബലത്തിൽ സണ്ടർലാൻഡ് പ്ലേ ഓഫ് ഫൈനലിൽ


ഡാൻ ബാലാർഡ് അധികസമയത്തിന്റെ അവസാന നിമിഷം നേടിയ ഒരു ഗോളിന്റെ ബലത്തിൽ സണ്ടർലാൻഡ് ചാമ്പ്യൻഷിപ്പ് പ്ലേ-ഓഫ് ഫൈനലിൽ പ്രവേശിച്ചു. അഗ്രിഗേറ്റ് സ്കോറിൽ 3-2 ന് അവർ കോവെൻട്രിയെ തോൽപ്പിച്ചു. രണ്ടാം പകുതിയിൽ എഫ്രോൺ മേസൺ-ക്ലാർക്കിന്റെ ഗോളിൽ പിന്നിലായിരുന്ന സണ്ടർലാൻഡ് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് പോകുമെന്ന് തോന്നിച്ചു. എന്നാൽ ബാലാർഡിന്റെ അവസാന നിമിഷത്തെ ഗോൾ സ്റ്റേഡിയം ഓഫ് ലൈറ്റിലെ 46,000 ആരാധകർക്ക് ആശ്വാസം നൽകി.

മത്സരം 1-1 ന് അവസാനിച്ചെങ്കിലും, ആദ്യ പാദത്തിൽ സണ്ടർലാൻഡ് 2-1 ന് വിജയിച്ചത് അവർക്ക് മുന്നേറ്റം നൽകി.
എട്ട് വർഷത്തെ പ്രീമിയർ ലീഗ് അഭാവം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് സണ്ടർലാൻഡ് മെയ് 24 ന് വെംബ്ലിയിൽ നടക്കുന്ന ഫൈനലിൽ ഷെഫീൽഡ് യുണൈറ്റഡിനെ നേരിടും.

ഫ്രാങ്ക് ലാംപാർഡിന് കീഴിൽ ഇറങ്ങിയ കോവെൻട്രിക്ക് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും അവർക്ക് നിരാശപ്പെടേണ്ടിവന്നു.

അവസാന നിമിഷം മയെൻഡയുടെ ഗോൾ, സണ്ടർലാൻഡിന് പ്ലേ-ഓഫ് സെമിയിൽ മുൻതൂക്കം


ചാമ്പ്യൻഷിപ്പ് പ്ലേ-ഓഫ് സെമിഫൈനലിൽ വെള്ളിയാഴ്ച രാത്രി കോവെൻട്രി സിറ്റിക്കെതിരെ സണ്ടർലാൻഡ് 2-1 ൻ്റെ ആദ്യ പാദ വിജയം നേടി. കോവെൻട്രി ബിൽഡിംഗ് സൊസൈറ്റി അരീനയിൽ നടന്ന മത്സരത്തിൽ 88-ാം മിനിറ്റിൽ എലീസർ മയെൻഡ നേടിയ ഗോളാണ് സണ്ടർലാൻഡിന് മുൻതൂക്കം നൽകിയത്.

എൻസോ ലെ ഫീയുടെ അസിസ്റ്റിൽ നിന്ന് മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ വിൽസൺ ഇസിഡോർ രണ്ടാം പകുതിയിൽ സണ്ടർലാൻഡിന് ലീഡ് നൽകി. എന്നാൽ രണ്ട് മിനിറ്റിനുള്ളിൽ മിലാൻ വാൻ എവികിൻ്റെ ക്രോസിൽ നിന്ന് ജാക്ക് റൂഡോണി കോവെൻട്രിക്കായി സമനില ഗോൾ നേടി.


മത്സരം സമനിലയിലേക്ക് നീങ്ങുകയാണെന്ന് തോന്നിയ നിമിഷത്തിൽ, വാൻ എവികിൻ്റെ പിഴവിൽ നിന്ന് ലഭിച്ച അവസരം മയെൻഡ മുതലാക്കി. കോവെൻട്രി ഗോൾകീപ്പർ ബെൻ വിൽസണെ മറികടന്ന് മയെൻഡ ഒഴിഞ്ഞ വലയിലേക്ക് പന്ത് തട്ടിയിട്ടു. ഇത് സ്റ്റേഡിയം ഓഫ് ലൈറ്റിൽ നടക്കുന്ന രണ്ടാം പാദ മത്സരത്തിന് മുൻപ് സണ്ടർലാൻഡിന് നിർണായക മുൻതൂക്കം നൽകി.



മറ്റൊരു സെമിഫൈനലിൽ ഷെഫീൽഡ് യുണൈറ്റഡ് വ്യാഴാഴ്ച ബ്രിസ്റ്റോൾ സിറ്റിക്കെതിരെ 3-0 ൻ്റെ തകർപ്പൻ വിജയം നേടിയിരുന്നു.

Exit mobile version