ഗോളോടെ നെയ്മർ അരങ്ങേറി, പി എസ് ജി ക്ക് ജയം

ഗോളടിച്ചും അടിപ്പിച്ചും നെയ്മർ അരങ്ങേറ്റം ആഘോഷമാക്കിയപ്പോൾ പാരീസ് സെയ്ന്റ് ജർമന് ലീഗ് വണ്ണിലെ രണ്ടാം മത്സരത്തിൽ എതിരില്ലാത്ത 3 ഗോളുകളുടെ ജയം. ദുർബലരായ ഗുയിങ്ങാമ്പാണ്‌ പി എസ് ജി യുടെ പുത്തൻ ആക്രമണ നിരയുടെ ആദ്യ ഇരകളായത്.

ഡി മരിയക്കും എഡിസൻ കവാനിക്കും ഒപ്പം പി എസ് ജി യുടെ ആക്രമണം നയിച്ച നെയ്മറിന് പക്ഷെ തന്റെ ആദ്യ ഗോൾ കണ്ടെത്താൻ 82 ആം മിനുറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. 4-3-3 ഫോർമേഷനിൽ ഇറങ്ങിയ പി എസ് ജി ആദ്യ പകുതിയിൽ ഭൂരിഭാഗം സമയം പന്ത് കൈവശം വച്ചു, പക്ഷെ ദുർബലരായ എതിരാളികൾക്കെതിരെ പി എസ് ജി ക്ക് ഗോളിലേക്ക് ആകെ 2 ഷോട്ടുകൾ മാത്രമാണ് പായിക്കാനായത്.

രണ്ടാം പകുതി 7 മിനുറ്റ് പിന്നിട്ടപോയാണ് പി എസ് ജി യുടെ ആദ്യ ഗോൾ പിറന്നത്. ഗുയിങ്ഗാമ്പ് ലെഫ്റ്റ് ബാക്ക് ഇകൊക്കോ സമ്മാനിച്ച സെൽഫ്‌ഗോളിലാണ് പി എസ് ജി മുന്നിലെത്തിയത്. പിന്നീട് 62 ആം മിനുട്ടിലാണ് നെയ്മറിന്റെ പി എസ് ജി ക്ക് വേണ്ടിയുള്ള ആദ്യ അസിസ്റ്റിൽ എഡിസൻ കവാനി പാരീസിൽ ലീഡ് രണ്ടായി ഉയർത്തിയത്. നെയ്മർ നൽകിയ മികച്ചൊരു ത്രൂ പാസ്സ് കൃത്യമായ ഫിനിഷിങ്ങിൽ കവാനി ഗോൾ ആക്കുകയായിരുന്നു. 82 ആം മിനുട്ടിലാണ് ലോകം കാത്തിരുന്ന ആ ഗോൾ പിറന്നത്. ഇത്തവണ കവാനിയുടെ പാസിൽ നെയ്മറിന്റെ ഗോൾ. 222 മില്യൺ ഡോളറിന് പാരീസിലെത്തിയ നെയ്മറിന് അങ്ങനെ അരങ്ങേറ്റത്തിൽ തന്നെ ഗോളും അസിസ്റ്റും.

നേരത്തെ നെയ്മറിന് ഇന്നത്തെ മത്സരം കളിക്കാനാവുമോ എന്ന് സംശയം ഉണ്ടായിരുന്നെങ്കിലും പി എസ് ജി യും ബാഴ്സലോണയും തമ്മിലുള്ള എല്ലാ കൈമാറ്റങ്ങളും പൂർത്തിയായതോടെയാണ് നെയ്മറിന്റെ പി എസ് ജി കരിയറിന്റെ അരങ്ങേറ്റത്തിന് അവസരമൊരുക്കിയത്.

ഇന്ന് നേരത്തെ നടന്ന മത്സരത്തിൽ നിലവിലെ ജേതാക്കളായ മൊണാക്കോ ഫാൽകാവോയുടെ ഹാട്രിക്കിന്റെ മികവിൽ ഡിജോണിനെ 4-1 ന് തോൽപിച്ചിരുന്നു. ജമേഴ്സനാണ് മൊണാക്കോയുടെ ശേഷിച്ച ഗോൾ നേടിയത്. വെസ്ലി സായിദാണ്‌ ഡിജോണിനെ ആശ്വാസ ഗോൾ നേടിയത്.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial