ദേശീയ ചാമ്പ്യന്മാരായ അണ്ടർ-20 കേരള ടീമിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാജകീയ വരവേൽപ്പ്

കൊച്ചി, മെയ് 29, 2026: സ്വാമി വിവേകാനന്ദൻ മെൻസ് അണ്ടർ-20 നാഷണൽ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ചരിത്രവിജയം നേടി അജയ്യരായി കിരീടം ചൂടിയ കേരള ടീമിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (CIAL) ആവേശോജ്ജ്വലമായ സ്വീകരണം നൽകി. രാവിലെ നാരായൺപൂരിൽ നിന്നും ട്രോഫിയുമായി വന്നിറങ്ങിയ കൗമാരപ്പടയെ മാലകളും പൂച്ചെണ്ടുകളും നൽകിയാണ് കേരള ഫുട്ബോൾ അസോസിയേഷൻ്റെയും വിവിധ ജില്ലാ ഫുട്ബോൾ അസോസിയേഷനുകളുടെയും ഭാരവാഹികൾ ചേർന്ന് വരവേറ്റത്.
കെ.എഫ്.എ ഹോണററി പ്രസിഡൻ്റ് ടോം ജോസ്, ജനറൽ സെക്രട്ടറി ഷാജി സി. കുര്യൻ, ജോയിൻ്റ് സെക്രട്ടറി കെ.എ വിജയകുമാർ എന്നിവർ ചേർന്ന് ചാമ്പ്യന്മാരെ നേരിട്ടെത്തി സ്വീകരിച്ചു. തൃശൂർ ഡി.എഫ്.എ സെക്രട്ടറി കുര്യൻ മാത്യു, എറണാകുളം ഡി.എഫ്.എ സെക്രട്ടറി വിജു ചൂളയ്ക്കൽ, ഡി.എഫ്.എ ജോയിൻ്റ് സെക്രട്ടറി വി.പി ചന്ദ്രൻ, വൈസ് പ്രസിഡൻ്റ് കെ. ഗോകുലൻ, ജോയിൻ്റ് സെക്രട്ടറി എസ്.എസ് നൗഷാദ് എന്നിവരും മുൻ ഇന്ത്യൻ അന്താരാഷ്ട്ര താരം എം.എം ജേക്കബും ചടങ്ങിൽ പങ്കെടുത്തു ടീമിന് ഉജ്ജ്വലമായ വരവേൽപ്പ് നൽകി.
കേരള ടീമിനെ മെയ് 31ന് വൈകീട്ട് കേരള പ്രീമിയർ ലീഗ് ഫൈനലിൽ തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വച്ച് ആദരിക്കുമെന്നും കെ.എഫ്.എ അറിയിച്ചു.