Indian Premier LeagueCricketFeatured

ഗുജറാത്തിന് ഫൈനൽ സ്ഥാനം ഉറപ്പാക്കി ഗില്ലിന്റെ ശതകം

Shubmangill

ഐപിഎലില്‍ രണ്ടാം ക്വാളിഫയറിൽ വിജയവുമായി ഗുജറാത്ത് ടൈറ്റന്‍സ്. രാജസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്ത് 214 റൺസ് നേടിയപ്പോള്‍ ശുഭ്മന്‍ ഗിൽ നേടിയ ശതകത്തിന്റെ ബലത്തിൽ ഗുജറാത്ത് 18.4 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 219 റൺസ് നേടി വിജയം കുറിച്ച് ഫൈനലിലേക്ക് യോഗ്യത നേടി. ആര്‍സിബി ആണ് ഗുജറാത്തിന് ഫൈനലില്‍ എതിരാളികള്‍. ഒന്നാം ക്വാളിഫയറിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ വിജയം ആര്‍സിബിയ്ക്കായിരുന്നു.

മികച്ച തുടക്കമാണ് ഗുജറാത്തിന് വേണ്ടി ശുഭ്മന്‍ ഗില്ലും സായി സുദര്‍ശനും നൽകിയത്. ആദ്യ ഓവറിൽ 19 റൺസ് നേടിയ ഈ കൂട്ടുകെട്ട് തുടര്‍ന്നും മികച്ച രീതിയിൽ ബാറ്റ് വീശിയപ്പോള്‍ പവര്‍പ്ലേയിൽ ഗുജറാത്ത് 69 റൺസാണ് വിക്കറ്റ് നഷ്ടമില്ലാതെ നേടിയത്.

8.4 ഓവറിൽ നൂറ് റൺസിലേക്ക് എത്തിയ ഗുജറാത്ത് അനായാസ വിജയത്തിലേക്ക് കുതിയ്ക്കുമ്പോള്‍ 30 പന്തിൽ ശുഭ്മാന്‍ ഗിൽ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി. പത്തോവര്‍ അവസാനിക്കുമ്പോള്‍ 127 റൺസാണ് വിക്കറ്റ് നഷ്ടമില്ലാതെ ഗുജറാത്ത് നേടിയത്.

Saisudarshan

26 പന്തിൽ സായി സുദര്‍ശന്‍ ഫിഫ്റ്റി നേടി ഗില്ലിന് കൂട്ടായി നിലയുറപ്പിച്ചു. 77 പന്തിൽ 167 റൺസ് നേടിയ ഈ കൂട്ടുകെട്ട് പിരിഞ്ഞത് 32 പന്തിൽ 58 റൺസ് നേടിയ സായി സുദര്‍ശന്‍ ഹിറ്റ് വിക്കറ്റ് ആയപ്പോളാണ്. 53 പന്തിൽ 104 റൺസ് നേടിയ ശുഭ്മന്‍ ഗില്ലിനെ ജോഫ്ര ആര്‍ച്ചര്‍ പുറത്താകുമ്പോള്‍ ഗുജറാത്തിന് ലക്ഷ്യം വെറും 33 റൺസ് അകലെയായിരുന്നു.

വാഷിംഗ്ടൺ സുന്ദര്‍ 9 പന്തിൽ 16 റൺസും രാഹുല്‍ തെവാത്തിയ 9 പന്തിൽ 17 റൺസും ജോസ് ബട്‍ലര്‍ 9 പന്തിൽ 9 റൺസും നേടിയപ്പോള്‍ 18.4 ഓവറിൽ ഗുജറാത്ത് വിജയം കുറിച്ചു.