Indian Premier LeagueCricketFeatured

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വൈഭവിന് സെഞ്ച്വറി ജസ്റ്റ് മിസ്സ്, രാജസ്ഥാന് 214 റൺസ്

Vaibhav

വൈഭവ് സൂര്യവന്‍ഷിയുടെയും രവീന്ദ്ര ജഡേജയുടെയും അവസാന ഓവറിലെ ഡൊണോവന്‍ ഫെരൈരയുടെയും ബാറ്റിംഗ് മികവിൽ ഗുജറാത്തിനെതിരെ രണ്ടാം ക്വാളിഫയറിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയൽസിന് 214 റൺസ്. 6 വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാന്‍ ഈ സ്കോര്‍ നേടിയത്. വൈഭവിന് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തന്റെ സെഞ്ച്വറി നഷ്ടമായി. അവസാന ഓവറിൽ ഫെരൈര നേടിയ 4 സിക്സുകളാണ് രാജസ്ഥാനെ 200 കടക്കുവാന്‍ സഹായിച്ചത്.

ആദ്യ ഓവറിൽ യശസ്വി ജൈസ്വാളിനെ മൊഹമ്മദ് സിറാജും രണ്ടാം ഓവറിൽ ധ്രുവ് ജുറേലിനെ കാഗിസോ റബാഡയും പുറത്താക്കിയപ്പോള്‍ രാജസ്ഥാന്‍ 9/2 എന്ന നിലയിലേക്ക് തകര്‍ന്നടിഞ്ഞു.

Sirajjaiswal

ബാറ്റിംഗ് ഓര്‍ഡറിൽ സ്ഥാനക്കയറ്റം ലഭിച്ച രവീന്ദ്ര ജഡേജയും വൈഭവ് സൂര്യവന്‍ഷിയും ചേര്‍ന്ന് രാജസ്ഥാനെ മുന്നോട്ട് നയിച്ചപ്പോള്‍ സിറാജ് എറിഞ്ഞ മൂന്നാം ഓവറിൽ 21 റൺസ് വന്നത് ടീമിന് വലിയ ആശ്വാസമായി മാറി. പവര്‍പ്ലേയിലെ അവസാന ഓവറിൽ രവീന്ദ്ര ജഡേജ പ്രസിദ്ധ് കൃഷ്ണയ്ക്കെതിരെ ഒരു സിക്സും രണ്ട് ബൗണ്ടറിയും നേടിയപ്പോള്‍ രാജസ്ഥാന്‍ 2 വിക്കറ്റ് നഷ്ടത്തിൽ 70 റൺസാണ് 6 ഓവറിൽ നേടിയത്.

Vaibhavandjadeja

37 പന്തിൽ 73 റൺസുമായി ഈ കൂട്ടുകെട്ട് രാജസ്ഥാനെ 8 ഓവറിൽ 82/2 എന്ന നിലയിൽ എത്തിച്ച ഘട്ടത്തിലാണ് രവീന്ദ്ര ജഡേജ റിട്ടേര്‍ഡ് ഹര്‍ട്ടായി മടങ്ങിയത്. 9ാം ഓവറിൽ ഇന്നിംഗ്സിൽ ആദ്യമായി ബൗളിംഗിനെത്തിയ റഷീദ് ഖാനെ റിയാന്‍ പരാഗ് ഒരു ബൗണ്ടറിയും ഒരു സിക്സും നേടിയപ്പോള്‍ വൈഭവ് ഒരു സിക്സ് കൂടി നേടിയപ്പോള്‍ ഓവറിൽ നിന്ന് 18 റൺസ് പിറന്നു. ഇതേ ഓവറില്‍ രാജസ്ഥാന്‍ തങ്ങളുടെ നൂറ് റൺസ് തികച്ചു.

Jasonholder

എന്നാൽ തൊട്ടടുത്ത ഓവറിൽ രാജസ്ഥാന് തിരിച്ചടി നേരിട്ടു. 6 പന്തിൽ 11 റൺസ് നേടിയ റിയാന്‍ പരാഗിന്റെ വിക്കറ്റ് രാജസ്ഥാന് നഷ്ടമായി. ജേസൺ ഹോള്‍ഡര്‍ ആണ് വിക്കറ്റ് നേടിയത്. ഹോള്‍ഡര്‍ വെറും 3 റൺസ് മാത്രം വിട്ട് നൽകിയപ്പോള്‍ പത്തോവര്‍ പിന്നിടുമ്പോള്‍ രാജസ്ഥാന്‍ 103/3 എന്ന നിലയിലായിരുന്നു.

ദസുന്‍ ഷനകയെ പുറത്താക്കി ജേസൺ ഹോള്‍ഡര്‍ തന്റെ മത്സരത്തിലെ രണ്ടാം വിക്കറ്റ് നേടിയപ്പോള്‍ രാജസ്ഥാന് നാലാം വിക്കറ്റ് നഷ്ടമായി. 9 പന്തിൽ 3 റൺസാണ് ഷനക നേടിയത്. 4 പന്തിൽ 7 റൺസ് നേടിയ ജോഫ്രയെ പ്രസിദ്ധ് കൃഷ്ണ പുറത്താക്കിയപ്പോള്‍ അഞ്ചാം വിക്കറ്റ് രാജസ്ഥാന് നഷ്ടമായി. ഇത് രവീന്ദ്ര ജഡേജ തിരികെ ക്രീസിലേക്ക് എത്തുവാന്‍ സഹായകരമായി.

47 പന്തിൽ 96 റൺസ് നേടിയ വൈഭവ് സൂര്യവന്‍ഷിയെ കാഗിസോ റബാഡ പുറത്താക്കിയപ്പോള്‍ രാജസ്ഥാന്‍ താരത്തിന് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ശതകം നഷ്ടമായത്. 65 പന്തിൽ 127 റൺസാണ് വൈഭവും ജഡേജയും ചേര്‍ന്ന് നേടിയത്.

Vaibhavsooryavanshi

അവസാന ഓവറിൽ റഷീദ് ഖാനെ തുടരെ മൂന്ന് സിക്സുകള്‍ക്ക് പായിച്ച് ഡൊണോവന്‍ ഫെരൈര രാജസ്ഥാന്റെ സ്കോര്‍ 200 കടത്തുകയായിരുന്നു. ഓവറിലെ അവസാന പന്തിലും താരം സിക്സര്‍ നേടിയപ്പോള്‍ അവസാന ഓവറിൽ രാജസ്ഥാന്‍ 27 റൺസാണ് നേടിയത്.

ഫെരൈര 11 പന്തിൽ 38 റൺസ് നേടിയപ്പോള്‍ രവീന്ദ്ര ജഡേജ 35 പന്തിൽ 45 റൺസുമായി പുറത്താകാതെ നിന്നു.