Football

യുവാക്കള്‍ക്ക് പ്രചോദനമായി കണ്ണൂരില്‍ ഫുട്‌ബോള്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ്

Resizedimage 2026 04 20 16 35 48 1

കണ്ണൂര്‍: സൂപ്പര്‍ ലീഗ് ജേതാക്കളായ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയുടെ നേതൃത്വത്തില്‍ ഇന്‍സൈഡ് ഫുട്‌ബോള്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു. കണ്ണൂര്‍ റെയിന്‍ബോ ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ ഫുട്‌ബോളില്‍ കരിയര്‍ നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്ന കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള 35 പേര്‍ പങ്കെടുത്തു.


യുവ താരങ്ങള്‍, വിദ്യാര്‍ത്ഥികള്‍, സ്‌പോര്‍ട്‌സ് മേഖലയിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ എന്നിവരുടെ സജീവ പങ്കാളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി.
ഫുട്‌ബോളിലെ വിവിധ വിഭാഗങ്ങളായ ടെക്‌നിക്കല്‍, സ്‌പോര്‍ട്‌സ് സയന്‍സ് & പെര്‍ഫോര്‍മന്‍സ്, ഫുട്‌ബോള്‍ അഡ്മിനിസ്‌ട്രേഷന്‍ & മാനേജ്‌മെന്റ്, ഇന്നത്തെ ഡിജിറ്റല്‍ കാലഘട്ടത്തില്‍ നിര്‍ണായകമായ സ്‌പോര്‍ട്‌സ് മീഡിയ & മാര്‍ക്കറ്റിംഗ് സ്ട്രാറ്റജീസ്, സ്‌പോര്‍ട്‌സിലെ മറ്റു കരിയര്‍ അവസരങ്ങള്‍ എന്നീ വിഷയങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ക്ലാസുകള്‍ നടന്നത്.


ഫുട്‌ബോള്‍ മേഖലയിലെ വിവിധ തൊഴില്‍ സാധ്യതകള്‍, വളര്‍ച്ചാ മാര്‍ഗങ്ങള്‍, പ്രധാന ഉത്തരവാദിത്തങ്ങള്‍, ആവശ്യമായ യോഗ്യതകള്‍, ലഭിക്കുന്ന ശബളം തുടങ്ങിയവയെക്കുറിച്ച് വ്യക്തമായ മാര്‍ഗനിര്‍ദേശം പരിപാടിയിലൂടെ നല്‍കി.


കണ്ണൂര്‍ വാരിയേഴ്‌സിന്റെ കരിയര്‍ ഗൈഡന്‍സ് സെഷന്‍ ഒരു പുതിയ ദിശയാണ് നല്‍കിയിരിക്കുന്നത്. ഫുട്‌ബോള്‍ എന്നത് കളിക്കാരനായി മാത്രം പരിമിതപ്പെടുന്നില്ല, അതിന് പിന്നില്‍ നിരവധി അവസരങ്ങള്‍ ഉണ്ടെന്നത് ഇന്ന് വ്യക്തമായി മനസ്സിലായി. ഫുട്‌ബോള്‍ അഡ്മിനിസ്‌ട്രേഷന്‍, മാനേജ്‌മെന്റ്, മീഡിയ, മാര്‍ക്കറ്റിംഗ് തുടങ്ങിയ മേഖലകളില്‍ ഉള്ള അവസരങ്ങളെക്കുറിച്ച് വിശദമായി അറിയാന്‍ സാധിച്ചു. ഓരോ വിഷയം കൈകാര്യം ചെയ്ത രീതിയും വളരെ ലളിതവും മനസ്സിലാക്കാന്‍ എളുപ്പവുമായിരുന്നു എന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.


വളര്‍ന്നു വരുന്ന ഒരു കൂട്ടം യുവാക്കളെ ലക്ഷ്യബോധത്തോടെ സ്‌പോര്‍ട്‌സ് രംഗത്തേക്ക് നയിക്കാന്‍ ഈ പരിപാടി സഹായകമായതായി എന്ന് കണ്ണൂര്‍ വാരിയേഴ്‌സ് മാനേജ്‌മെന്റ് അറിയിച്ചു.