FootballFeatured

തൃശൂർ മാജിക്കിനെതിരെ ജയം ലക്ഷ്യമിട്ട് മലപ്പുറം എഫ്‌സി

Resizedimage 2026 11 13 15 51 24 5556[1]

മലപ്പുറം: സൂപ്പർ ലീഗ് കേരള മൂന്നാം സീസണിൽ വിജയത്തുടർച്ച ലക്ഷ്യമിട്ട് മലപ്പുറം എഫ്‌സി ഇന്ന് തൃശൂർ മാജിക് എഫ്‌സിയെ നേരിടും. തൃശൂർ മാജിക്കിന്റെ ഹോം ഗ്രൗണ്ടായ തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് മത്സരം. പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന ആദ്യപാദ മത്സരത്തിൽ തൃശൂർ മാജിക്കിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയ മലപ്പുറം രണ്ടാം പാദത്തിലും ആ മികവ് ആവർത്തിക്കാനാണ് ലക്ഷ്യമിടുന്നത്. അവസാന മത്സരത്തിൽ ഫോർസ കൊച്ചി എഫ്‌സിയെ സ്വന്തം തട്ടകത്തിൽ 3-0ന് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് മലപ്പുറം ഈ എവേ പോരാട്ടത്തിനിറങ്ങുന്നത്.

മൊറോക്കൻ പരിശീലകൻ കരീം ബെഞ്ചറിഫയുടെ നേതൃത്വത്തിൽ ഇറങ്ങുന്ന മലപ്പുറം എഫ്‌സി നിലവിൽ ഏഴ് മത്സരങ്ങളിൽ നിന്ന് 11 പോയിന്റുമായി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. ഫോർസ കൊച്ചിക്കെതിരായ കഴിഞ്ഞ മത്സരത്തിൽ ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ മികവ് പുലർത്തിയ മലപ്പുറം അതേ പ്രകടനമികവ് തൃശൂരിലും ആവർത്തിക്കാനാണ് ലക്ഷ്യമിടുന്നത്. എവേ മത്സരത്തിലും വിജയം സ്വന്തമാക്കി പോയിന്റ് പട്ടികയിൽ മുന്നേറുക എന്നതാണ് ടീമിന്റെ പ്രധാന ലക്ഷ്യം. ഗോൾകീപ്പർ അർബാസ്, ബിലാൽ, എൽഫോർസി, നെദീം, തുടങ്ങിയ താരങ്ങൾ മികച്ച ഫോമിൽ തുടരുന്നത് ടീമിന് ആശ്വസമാണ്.

മറുഭാഗത്ത് ഏഴ് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റുമായി പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ള തൃശൂർ മാജിക് എഫ്‌സി സ്വന്തം തട്ടകത്തിൽ മികച്ച പ്രകടനം തുടരാനാണ് ഒരുങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ വാരിയേഴ്‌സ് എഫ്‌സിയെ 2-0ന് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ടീം. സ്വന്തം ആരാധകർക്ക് മുന്നിൽ ആ മികവ് ആവർത്തിക്കാനായിരിക്കും തൃശൂരിന്റെ ശ്രമം. ആദ്യപാദത്തിലെ തോൽവിക്ക് മറുപടി നൽകാൻ തൃശൂരും വിജയക്കുതിപ്പ് തുടരാൻ മലപ്പുറവും ഇറങ്ങുമ്പോൾ തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ആവേശകരമായ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്.