തിലക് വര്‍മ്മയ്ക്ക് ശതകം, മുംബൈയ്ക്ക് 199 റൺസ്

ഐപിഎലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സിന് ആദ്യം ബാറ്റ് ചെയ്ത് 199 റൺസ്. ഗുജറാത്ത് ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ കാഗിസോ റബാഡയുടെ ഓപ്പണിംഗ് സ്പെൽ മുംബൈയുടെ നടുവൊടിച്ചു. പിന്നീട് നമന്‍ ധിറും തിലക് വര്‍മ്മയും മികച്ച ബാറ്റിംഗ് പുറത്തെടുത്താണ് മുംബൈയ്ക്ക് 199/5 എന്ന സ്കോര്‍ നേടിക്കൊടുത്തത്. തിലക് വര്‍മ്മ 45 പന്തിൽ നിന്ന് 101 റൺസുമായി പുറത്താകാതെ നിന്നു.

പവര്‍പ്ലേയ്ക്കുള്ളിൽ 44/3 റൺസ് എന്ന നിലയിലായിരുന്നു മുംബൈ. ഡാനിഷ് മലേവാര്‍, ക്വിന്റൺ ഡി കോ്ക്ക് (13), സൂര്യകുമാര്‍ യാദവ് (15) എന്നിവരെയാണ് മുംബൈയ്ക്ക് നഷ്ടമായത്. മൂന്ന് വിക്കറ്റും റബാഡയാണ് നേടിയത്.

നമന്‍ ധിര്‍ 32 പന്തിൽ 45 റൺസ് നേടി മുംബൈയെ മുന്നോട്ട് നയിച്ചുവെങ്കിലും പ്രസിദ്ധ് കൃഷ്ണ താരത്തെ പുറത്താക്കി. തിലക് വര്‍മ്മയും നമന്‍ ധിറും 52 റൺസ് നാലാം വിക്കറ്റിൽ നേടിയപ്പോള്‍ അഞ്ചാം വിക്കറ്റിൽ ഹാര്‍ദ്ദിക്കിനൊപ്പം 81 റൺസാണ് തിലക് വര്‍മ്മ നേടിയത്.
15 റൺസ് നേടിയ ഹാര്‍ദ്ദിക് പുറത്തായ ശേഷം തിലക് വര്‍മ്മ 45 പന്തിൽ നിന്ന് 101 റൺസ് നേടി മുംബൈയുടെ സ്കോര്‍ 199 റൺസിലെത്തിച്ചു.