FootballFeatured

ഡെന്നി ആന്റ്വി വീണ്ടും ഗോകുലം കേരള എഫ്‌സിയിൽ

Resizedimage 2026 09 01 19 01 27 1

കോഴിക്കോട്, കേരളം | സെപ്റ്റംബർ 2, 2026: അഞ്ച് വർഷത്തിന് ശേഷം ഘാന താരം ഡെന്നി ആന്റ്വി വീണ്ടും മലബാറിയൻസിനൊപ്പം. 2020–21 ഐ-ലീഗ് കിരീടം നേടിയ ഗോകുലം കേരള എഫ്‌സി ടീമിലെ ശ്രദ്ധേയ താരങ്ങളിൽ ഒരാളായിരുന്നു ആന്റ്വി. ആ സീസണിൽ 11 ഗോളുകൾ നേടിയ അദ്ദേഹം ടീമിന്റെ ടോപ് സ്‌കോററായും ലീഗിലെ ഏറ്റവും കൂടുതൽ ഗോൾ നേടിയ രണ്ടാമത്തെ താരമായും മാറി.

ഡെന്നിസ് ആന്റ്വി തന്റെ ഫുട്ബോൾ കരിയർ Hearts of Oak-ലൂടെയാണ് ആരംഭിച്ചത്. തുടർന്ന് Kelantan FA, Perlis FA, Inter Allies, FC Rosengård, Jerv, IK Start, Åsane, Trelleborg എന്നീ ക്ലബുകൾക്കായി കളിച്ച ശേഷം ഗോകുലം കേരള എഫ്‌സിയിലെത്തി.

2021ൽ ഗോകുലം കേരളയിൽ നിന്ന് ഫ്രീ ട്രാൻസ്ഫറിലൂടെ Al-Taawon Club-ലേക്ക് മാറി. തുടർന്ന് Mosta FC, Al-Naft SC, Al-Safa, Al-Talaba SC, Al-Najaf FC എന്നീ ക്ലബുകൾക്കായി കളിച്ച അദ്ദേഹം 2025 ജനുവരിയിൽ Al-Hedod SC-യിൽ ചേർന്നു.

ഗോകുലം കേരള എഫ്‌സിയുടെ ആദ്യ ഐ-ലീഗ് കിരീടത്തിലേക്കുള്ള യാത്രയിൽ ആന്റ്വിയുടെ ഗോളുകൾ നിർണായക പങ്കുവഹിച്ചു. ക്ലബിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സീസണുകളിലൊന്നിൽ ശ്രദ്ധേയ സംഭാവന നൽകിയ താരമായിരുന്നു അദ്ദേഹം.

അഞ്ച് വർഷങ്ങൾക്ക് ശേഷം ആന്റ്വി വീണ്ടും കോഴിക്കോട്ടെത്തുകയാണ്. തനിക്ക് ഏറെ സ്വാധീനം ചെലുത്തിയ ക്ലബിനൊപ്പം വീണ്ടും ചേരുന്നതിന്റെ ആവേശത്തിലാണ് ഘാന താരം.

ഗോകുലം കേരള എഫ്‌സി പ്രസിഡന്റ് വി.സി. പ്രവീൺ പറഞ്ഞു:

“ഞങ്ങളുടെ ആദ്യ ഐ-ലീഗ് കിരീടത്തിൽ ഡെന്നി നിർണായക പങ്കുവഹിച്ചു. ക്ലബിന്റെ ചരിത്രത്തിൽ അദ്ദേഹം സ്വന്തമായൊരു സ്ഥാനം നേടിയിട്ടുണ്ട്. ഗോകുലം കേരളയുടെ ജേഴ്സിയുടെ വാല്യൂ അറിയുന്ന മികച്ചൊരു സ്‌ട്രൈക്കറെ വീണ്ടും ടീമിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.”