Kerala Cricket LeagueFeatured

ജോബിൻ ജോബിയുടെ സെഞ്ച്വറി മികവിൽ ആലപ്പി റിപ്പിൾസിനെ തകർത്തെറിഞ്ഞ് കൊച്ചി ബ്ലൂ ടൈഗേഴ്സ്

Img 20260901 Wa0071

തിരുവനന്തപുരം: കെസിഎല്ലിൽ കരുത്തരായ ആലപ്പി റിപ്പിൾസിനെതിരെ 69 റൺസിന്റെ കൂറ്റൻ വിജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്. കൗമാരതാരം ജോബിൻ ജോബിയുടെ സെഞ്ച്വറിയുടെ കരുത്തിൽ കൊച്ചി പടുത്തുയർത്തിയ 243 റൺസെന്ന ലക്ഷ്യം പിന്തുട‍ർന്ന ആലപ്പിക്ക് 173 റൺസ് മാത്രമാണ് നേടാനായത്. ജോബിൻ ജോബിയാണ് പ്ലെയ‍ർ ഓഫ് ദി മാച്ച്. തോറ്റെങ്കിലും ആലപ്പി സെമിയിലേക്ക് മുന്നേറി. പോയിൻ്റ് പട്ടികയിൽ മുന്നിലുള്ള തൃശൂരും ട്രിവാൻഡ്രം റോയൽസും അവസാന നാലിൽ ഇടം പിടിച്ചു.

കൊച്ചി ബ്ലൂ ടൈ​ഗേഴ്സ് – 20 ഓവറിൽ 242/4, ആലപ്പി റിപ്പിൾസ് 18.4 ഓവറിൽ 173

സെമി സാധ്യതകൾ അവസാനിച്ച ടൈഗേഴ്സ് പുതിയൊരു ഓപ്പണിങ് കൂട്ടുകെട്ടുമായാണ് റിപ്പിൾസിനെതിരെ കളിക്കാനിറങ്ങിയത്. ജോബിൻ ജോബിയും വിപുൽ ശക്തിയും ചേർന്നുള്ള പുത്തൻ കൂട്ടുകെട്ട് കൊച്ചിക്ക് തകർപ്പൻ തുടക്കം നൽകുകയും ചെയ്തു. ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ച ഇരുവരും ചേർന്ന് ആറാം ഓവറിൽ തന്നെ കൊച്ചിയുടെ സ്കോർ അമ്പത് കടത്തി. ഇടയ്ക്ക് ഇരുവരുടെയും ക്യാച്ചുകൾ കൈവിട്ടത് റിപ്പിൾസിന് തിരിച്ചടിയായി. സ്കോർ എഴുപതിൽ നിൽക്കെ 39 റൺസെടുത്ത വിപുൽ ശക്തി റണ്ണൗട്ടായി. എന്നാൽ ജോബിനൊപ്പം മനുകൃഷ്ണൻ ചേർന്നതോടെ കൊച്ചിയുടെ സ്കോറിങ് കൂടുതൽ വേഗത്തിലായി. 12-ാം ഓവറിൽ കൊച്ചിയുടെ സ്കോർ 100 കടന്നു.

ശ്രീരൂപ് എറിഞ്ഞ 13-ാം ഓവറിൽ രണ്ട് സിക്സും ഒരു ഫോറും നേടിയാണ് ജോബിൻ തന്റെ അർദ്ധസെഞ്ച്വറി പൂർത്തിയാക്കിയത്. തൊട്ടടുത്ത ഓവറിൽ 31 റൺസെടുത്ത മനുകൃഷ്ണൻ പുറത്തായി. പകരമെത്തിയ മുഹമ്മദ് ആഷിഖും ജോബിനും ചേർന്ന് 19 പന്തുകളിൽ നിന്ന് 53 റൺസാണ് കൂട്ടിച്ചേർത്തത്. പത്ത് പന്തിൽ നിന്ന് 31 റൺസ് നേടി ആഷിഖ് മടങ്ങി. തുടർന്നെത്തിയ സച്ചിൻ സുരേഷും (16) കൂറ്റൻ ഷോട്ടുകളുമായി കളം നിറഞ്ഞു. റിപ്പിൾസ് ക്യാപ്റ്റൻ സച്ചിൻ ബേബി ബൗളർമാരെ മാറി മാറി പരീക്ഷിച്ചെങ്കിലും ടൈഗേഴ്സിന്റെ സ്കോർ ബോർഡ് കുതിച്ചുപാഞ്ഞു.

ഒടുവിൽ അവസാന ഓവറിലെ രണ്ടാം പന്തിൽ ജോബിൻ ജോബി സെഞ്ച്വറി പൂർത്തിയാക്കി. 32 പന്തുകളിൽ നിന്ന് അർദ്ധസെഞ്ച്വറി നേടിയ ജോബിന് സെഞ്ച്വറിയിലേക്ക് വേണ്ടി വന്നത് 16 പന്തുകൾ കൂടി മാത്രമാണ്. പത്ത് ഫോറും എട്ട് സിക്സുമടക്കം 109 റൺസുമായി ജോബിൻ പുറത്താകാതെ നിന്നു. ഇതോടെ കെസിഎല്ലിൽ ഒരിന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന താരമെന്ന നേട്ടവും ഈ പത്തൊൻപതുകാരനെ തേടിയെത്തി. ആലപ്പിക്ക് വേണ്ടി സിബിൻ ഗിരീഷ് രണ്ട് വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റിപ്പിൾസ്, തകർത്തടിച്ച അസറുദ്ദീന്റെ മികവിൽ നാലാം ഓവറിൽ തന്നെ അമ്പതിലെത്തി. എന്നാൽ അസറുദ്ദീൻ മടങ്ങിയതോടെ റിപ്പിൾസിന്റെ തകർച്ചയ്ക്ക് തുടക്കമായി. 14 പന്തുകളിൽ ഒരു ഫോറും നാല് സിക്സുമടക്കം 32 റൺസ് നേടിയാണ് അസർ മടങ്ങിയത്. തുടർന്നെത്തിയ ക്യാപ്റ്റൻ സച്ചിൻ ബേബിയും ആകാശ് പിള്ളയും കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. സച്ചിൻ ഏഴും ആകാശ് 10 റൺസും നേടി. തുടർന്നെത്തിയ കെ.എ. അരുണിന്റെ ചെറുത്തുനിൽപ്പാണ് റിപ്പിൾസിന്റെ സ്കോർ 173-ൽ എത്തിച്ചത്. 32 പന്തുകളിൽ നിന്ന് ആറ് ഫോറും മൂന്ന് സിക്സുമടക്കം അരുൺ 59 റൺസ് നേടി. 22 റൺസെടുത്ത അക്ഷയ് ടി.കെ.യും 26 റൺസെടുത്ത ശ്രീരൂപുമാണ് റിപ്പിൾസ് ബാറ്റിങ് നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. കൊച്ചിക്ക് വേണ്ടി മുഹമ്മദ് ആഷിഖ് മൂന്നും മനുകൃഷ്ണനും ഏദൻ ആപ്പിൾ ടോമും രണ്ടും വിക്കറ്റുകൾ വീതം വീഴ്ത്തി.