ക്രിസ്റ്റൽ പാലസ് പരിശീലകൻ പിയറി സേജിനെ പുറത്താക്കി; പകരക്കാരനാകാൻ തോമസ് ഫ്രാങ്ക് മുൻപന്തിയിൽ
![Resizedimage 2026 11 12 21 20 38 6439[1]](https://fanport.in/wp-content/uploads/2026/11/ResizedImage_2026-11-12_21-20-38_64391.avif)
പ്രീമിയർ ലീഗിലെ മോശം പ്രകടനങ്ങളെ തുടർന്ന് മുഖ്യ പരിശീലകൻ പിയറി സേജിനെ പുറത്താക്കിയതായി ക്രിസ്റ്റൽ പാലസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. കഴിഞ്ഞ തിങ്കളാഴ്ച കൈക്കൊണ്ട തീരുമാനം ക്ലബ്ബ് ഇപ്പോൾ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. സേജിനൊപ്പം അദ്ദേഹത്തിന്റെ പരിശീലക സംഘത്തിലെ മൂന്ന് അംഗങ്ങളും ക്ലബ്ബ് വിട്ടു.
കഴിഞ്ഞ ജൂണിൽ ഒലിവർ ഗ്ലാസ്നറുടെ പിൻഗാമിയായി ചുമതലയേറ്റ സേജിന് കീഴിൽ 16 മത്സരങ്ങൾ മാത്രമാണ് പാലസ് കളിച്ചത്. പ്രീമിയർ ലീഗിൽ കളിച്ച 10 മത്സരങ്ങളിൽ വെറും 2 വിജയങ്ങൾ മാത്രമുള്ള ടീം നിലവിൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്. ഞായറാഴ്ച ലിവർപൂളിനോട് 3-1ന് പരാജയപ്പെട്ടതോടെയാണ് ഫ്രഞ്ച് പരിശീലകനെ പുറത്താക്കാൻ ക്ലബ്ബ് നേതൃത്വം തീരുമാനിച്ചത്.
പാലസിൽ നിന്നുള്ള പുറത്താകലിന് പിന്നാലെ തനിക്ക് അല്പം വിശ്രമം ആവശ്യമാണെന്നാണ് സേജിന്റെ നിലപാട്. മുൻ ക്ലബ്ബായ ആർസി ലെൻസിലേക്ക് അദ്ദേഹം മടങ്ങുമെന്ന അഭ്യൂഹങ്ങൾ ഉണ്ടെങ്കിലും അക്കാര്യത്തിൽ ഇതുവരെ പുരോഗതികളൊന്നുമില്ല. അതേസമയം, ക്രിസ്റ്റൽ പാലസിന്റെ പുതിയ പരിശീലകനാകാനുള്ള പട്ടികയിൽ മുൻ ടോട്ടൻഹാം, ബ്രെന്റ്ഫോർഡ് പരിശീലകൻ തോമസ് ഫ്രാങ്കാണ് ഒന്നാമതുള്ളതെന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ സാമി മൊക്ബെൽ റിപ്പോർട്ട് ചെയ്യുന്നു.