യൂത്ത് ഒളിമ്പിക്സിൽ ഇന്ത്യൻ ചരിത്രം! ബോക്സിംഗിൽ രാജ്യത്തിന് ആദ്യ സ്വർണ്ണം സമ്മാനിച്ച് ലൈറെൻലക്പാം അംബേകർ മെയ്തെയ്!
![Resizedimage 2026 11 12 21 14 13 4621[1]](https://fanport.in/wp-content/uploads/2026/11/ResizedImage_2026-11-12_21-14-13_46211.avif)
ഡാക്കാർ 2026 യൂത്ത് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം സമ്മാനിച്ച് ബോക്സിംഗ് താരം ലൈറെൻലക്പാം അംബേകർ മെയ്തെയ്. പുരുഷന്മാരുടെ 50 കിലോഗ്രാം വിഭാഗം ഫൈനലിൽ അയർലൻഡിന്റെ ക്രിസ്റ്റ്യൻ ജുബാനിയെ 3-2 എന്ന സ്പ്ലിറ്റ് ഡിസിഷനിൽ പരാജയപ്പെടുത്തിയാണ് മണിപ്പൂരിൽ നിന്നുള്ള ഈ യുവതാരം സ്വർണ്ണ മെഡൽ സ്വന്തമാക്കിയത്.യൂത്ത് ഒളിമ്പിക്സ് ബോക്സിംഗിൽ ഇന്ത്യ നേടുന്ന ആദ്യ സ്വർണ്ണ മെഡൽ കൂടിയാണിത്.
ആവേശം നിറഞ്ഞ ഫൈനൽ പോരാട്ടത്തിൽ ആദ്യ രണ്ട് റൗണ്ടുകൾക്ക് ശേഷം 0-2 എന്ന നിലയിൽ പിന്നിലായിരുന്ന അംബേകർ അവിശ്വസനീയമായ തിരിച്ചുവരവാണ് നടത്തിയത്. നിർണ്ണായകമായ മൂന്നാം റൗണ്ടിൽ എതിരാളിക്ക് മേൽ സമ്പൂർണ്ണ ആധിപത്യം പുലർത്തിയ ഇന്ത്യൻ താരം 3-2 എന്ന സ്കോറിന് മത്സരം സ്വന്തമാക്കുകയായിരുന്നു.
2010-ലെ സിംഗപ്പൂർ യൂത്ത് ഒളിമ്പിക്സിൽ ശിവ ഥാപ്പ വെള്ളി മെഡൽ നേടിയതിന് ശേഷം നീണ്ട 16 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഒരു ഇന്ത്യൻ പുരുഷ ബോക്സിംഗ് താരം യൂത്ത് ഒളിമ്പിക്സ് ഫൈനലിൽ പ്രവേശിച്ചതും ഇപ്പോൾ സ്വർണ്ണം ചൂടിയതും. സെമി ഫൈനലിൽ കൊളംബിയൻ താരത്തെ 5-0ന് തകർത്തായിരുന്നു അംബേകറുടെ ഫൈനൽ പ്രവേശനം.