ആവേശ സമനിലയിൽ പോയിന്റ് പങ്കു വെച്ച് ബയേണും ലെപ്സീഗും

രണ്ടു ഗോൾ വഴങ്ങിയ ശേഷം തകർപ്പൻ തിരിച്ചു വരവുമായി ബയേൺ കരുത്തു കാണിച്ച മത്സരത്തിൽ ലെപ്സീഗുമായി സമനിലയിൽ പിരിഞ്ഞു ലീഗ് ചാമ്പ്യന്മാർ. ഓപെന്ത, ലുകെബ എന്നിവർ ആദ്യ പകുതിയിൽ ലെപ്സീഗിനായി വല കുലുക്കിയപ്പോൾ, രണ്ടാം പകുതിയിൽ പിറന്ന ബയേണിന്റെ ഗോളുകൾ ഹാരി കെയ്ൻ, ലീറോയ് സാനെ എന്നിവർ കുറിച്ചു. ഇതോടെ ബയേൺ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തും ലെപ്സീഗ് അഞ്ചാം സ്ഥാനത്തും ആണ്.

ബയേണിന് തന്നെ ആയിരുന്നു തുടക്കം മുതൽ ആധിപത്യം. നാലാം മിനിറ്റിൽ തന്നെ ഹാരി കെയിനിന്റെ മികച്ചൊരു പാസിൽ മുസ്‌യാലയുടെ ഷോട്ട് ബ്ലാസ്വിച്ച് തടുത്തു. പതിമൂന്നാം മിനിറ്റിൽ ഉൾറിക്കിന്റെ പിഴവിൽ ലെപ്സിഗ് ഗോളിന് അടുത്തെത്തി. 20ആം മിനിറ്റിൽ ലെപ്സീഗ് ലീഡ് എടുത്തു. പന്തുമായി ബോക്സിലേക്ക് കുതിച്ച ഓപെന്തയെ തടയാൻ കിം മിൻ ജെ എത്തിയെങ്കിലും ലെപ്സീഗ് താരത്തിന്റെ ഷോട്ട് മിൻ-ജയിൽ തട്ടി ചെറിയൊരു ഡിഫ്‌ലെക്ഷനോടെ വലയിൽ പതിച്ചു. വെറും ആറു മിനിട്ടുകൾക്ക് ശേഷം ലെപ്സീഗ് ലീഡ് ഇരട്ടി ആക്കിയതോടെ ബയെൺ വിറച്ചു. കോർണറിൽ നിന്നെത്തിയ പന്തിൽ നിന്നും ലുക്കെബയാണ് വല കുലുക്കിയത്. ആദ്യ പകുതിയിൽ ഗോൾ തിരിച്ചടിക്കാൻ ബയേണിനായില്ല.

57ആം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഹാരി കെയ്ൻ ടീമിന് വേണ്ടി ഗോൾ കണ്ടെത്തി. റാഫേൽ ഗ്വിരെറോയുടെ മികച്ചൊരു ശ്രമം ലക്ഷ്യം കാണാതെ പോയി. ഒടുവിൽ 70ആം മിനിറ്റിൽ സാനെ സമനില ഗോൾ നേടി. കൗണർ നീക്കത്തിൽ മുസ്യാലയുടെ പാസ് സ്വീകരിച്ചു അതിവേഗം കുതിച്ച് കീപ്പറെ കീഴക്കിയ താരം തൊടുത്ത ഷോട്ട് വലയിലേക്ക് തന്നെ എത്തി. പിന്നീട് ഇരു ടീമുകൾക്കും അവസരങ്ങൾ വീണു കിട്ടി. കാർവലോയുടെ ക്രോസിലേക്ക് എത്തിച്ചേരാൻ സെസ്കൊക്ക് സാധിച്ചില്ല. ലെപ്സീഗിന്റെ ഗോൾ എന്നുറപ്പിച്ച ശ്രമം തടയാൻ ബോക്‌സ് വിട്ടിറങ്ങി ഉൾറിച്ച് സെസ്കൊയുടെ കാലുകളിൽ നിന്നും പന്ത് തട്ടിയക്കറ്റിയതും അവസാന മിനിറ്റുകളിൽ നിർണായകമായി.

ഹാട്രിക്കിന്‌ ഒപ്പം 2 അസിസ്റ്റുമായി ഹാരി കെയിൻ! സെവനപ്പ് അടിച്ചു ബയേൺ മ്യൂണിക്

ജർമ്മൻ ബുണ്ടസ് ലീഗയിൽ തന്റെ മികവ് തുടർന്ന് ഹാരി കെയിൻ. ഹാട്രിക് ഗോളുകളും 2 അസിസ്റ്റുകളും ആയി തിളങ്ങിയ കെയിനിന്റെ മികവിൽ ബോകമിനെ എതിരില്ലാത്ത 7 ഗോളുകൾക്ക് ആണ് ബയേൺ മ്യൂണിക് ഇന്ന് തകർത്തത്. ബയേണിന്റെ വലിയ ആധിപത്യം കണ്ട മത്സരത്തിൽ നാലാം മിനിറ്റിൽ സാനെയുടെ പാസിൽ നിന്നു ചുപോ മോട്ടിങ് ആണ് അവരുടെ ഗോൾ വേട്ട തുടങ്ങിയത്. 12 മത്തെ മിനിറ്റിൽ കെയിൻ തന്റെ ഗോൾ വേട്ടക്ക് തുടക്കമിട്ടു. 29 മത്തെ മിനിറ്റിൽ ജോഷുവ കിമ്മിഷിന്റെ പാസിൽ നിന്നു ഡി ലിറ്റ് മൂന്നാം ഗോൾ നേടി. 9 മിനിറ്റിനുള്ളിൽ സാനെയുടെ ഗോളിന് അവസരം ഒരുക്കിയത് കെയിൻ ആയിരുന്നു.

രണ്ടാം പകുതിയിൽ 54 മത്തെ മിനിറ്റിൽ ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട കെയിൻ ബയേണിന്റെ അഞ്ചാം ഗോളും നേടി. 81 മത്തെ മിനിറ്റിൽ മത്തിയാസ് ടെലിന്റെ ഗോളിന് അവസരം ഉണ്ടാക്കിയ കെയിൻ 88 മത്തെ മിനിറ്റിൽ തന്റെ ഹാട്രിക്കും ബയേണിന്റെ വമ്പൻ ജയവും പൂർത്തിയാക്കുക ആയിരുന്നു. ഇത് വരെ കളിച്ച 5 ബുണ്ടസ് ലീഗ മത്സരങ്ങളിൽ നിന്നു 7 ഗോളുകൾ നേടിയ കെയിൻ ബയേണിന് ആയി ആദ്യ 5 കളികളിൽ നിന്നു ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരവും ആയി. ജയത്തോടെ ബയേൺ ഒന്നാം സ്ഥാനത്ത് തിരികെയെത്തി. അതേസമയം 14 മത് ആണ് ബോകം.

2 ഗോളടിച്ചു ഡോർട്ട്മുണ്ടിനെ ജയിപ്പിച്ചു ഹമ്മൽസ്, ജയം കണ്ടു ലൈപ്സിഗ്

ജർമ്മൻ ബുണ്ടസ് ലീഗയിൽ ആറു ഗോൾ ത്രില്ലറിൽ ജയം കണ്ടു ബൊറൂസിയ ഡോർട്ട്മുണ്ട്. ഫ്രയ്ബർഗിനെ രണ്ടിന് എതിരെ നാലു ഗോളുകൾക്ക് ആണ് ഡോർട്ട്മുണ്ട് തോൽപ്പിച്ചത്. മത്സരത്തിൽ 11 മത്തെ മിനിറ്റിൽ ജൂലിയൻ ബ്രാന്റിന്റെ കോർണറിൽ നിന്നു ഹെഡറിലൂടെ മാറ്റ് ഹമ്മൽസ് ഡോർട്ട്മുണ്ടിനു ഗോൾ സമ്മാനിച്ചു. തുടർച്ചയായ 16 മത്തെ സീസണിൽ ആണ് താരം ബുണ്ടസ് ലീഗയിൽ ഗോൾ നേടുന്നത്. ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ മാത്രം താരമാണ് ഹമ്മൽസ്. എന്നാൽ ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് ലൂകാസ് ഹോളർ, നിക്കോളാസ് ഹോഫ്ലർ എന്നിവരിലൂടെ ഫ്രയ്ബർഗ് മത്സരത്തിൽ മുന്നിൽ എത്തി. വിൻസെൻസോ ഗ്രിഫോ ആണ് ഇരു ഗോളുകൾക്കും അവസരം ഉണ്ടാക്കിയത്.

60 മത്തെ മിനിറ്റിൽ എന്നാൽ ഡോണിയൽ മാലനിലൂടെ ഡോർട്ട്മുണ്ട് സമനില പിടിച്ചു. 82 മത്തെ മിനിറ്റിൽ നിക്കോളാസ് ഹോഫ്ലർക്ക് വാർ പരിശോധനക്ക് ശേഷം ചുവപ്പ്‌ കാർഡ് ലഭിച്ചതോടെ ഫ്രയ്ബർഗ് 10 പേരായി ചുരുങ്ങി. 88 മത്തെ മിനിറ്റിൽ ഫ്രീകിക്കിൽ നിന്നു ലഭിച്ച അവസരത്തിൽ ഗോൾ നേടിയ ഹമ്മൽസ് ഡോർട്ട്മുണ്ടിനു മുന്നേറ്റം സമ്മാനിച്ചു. 92 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ മാർകോ റൂയിസിന്റെ ഗോളോടെ ഡോർട്ട്മുണ്ട് ജയം പൂർത്തിയാക്കി. അതേസമയം ഓഗ്സ്ബർഗിനെ എതിരില്ലാത്ത 3 ഗോളുകൾക്ക് ആർ.ബി ലൈപ്സിഗ് തകർത്തു. ഗോൾ അടിച്ചും കളം വാണ സാവി സിമൻസ്, ലോയിസ് ഒപെണ്ട എന്നിവർ ആണ് അവർക്ക് മികച്ച ജയം സമ്മാനിച്ചത്. ഡേവിഡ് റൗം ആണ് അവരുടെ മൂന്നാം ഗോൾ നേടിയത്. ലീഗിൽ നിലവിൽ ലൈപ്സിഗ് മൂന്നാമതും ഡോർട്ട്മുണ്ട് ഏഴാമതും ആണ്.

മനോഹരം സാബി ബോൾ! അവസരങ്ങൾ പാഴാക്കി ബയേണിനോട് സമനില വഴങ്ങി ലെവർകുസൻ

ജർമ്മൻ ബുണ്ടസ് ലീഗയിൽ ആദ്യ രണ്ടു സ്ഥാനക്കാർ തമ്മിലുള്ള പോരാട്ടത്തിൽ ബയേൺ മ്യൂണികിനെ 2-2 നു സമനിലയിൽ തളച്ചു ഒന്നാം സ്ഥാനക്കാർ ആയ ബയേർ ലെവർകുസൻ. ബയേണിന്റെ മൈതാനത്ത് തുടക്കത്തിൽ അവരുടെ ആധിപത്യം കണ്ടെങ്കിലും തുടർന്ന് സാബി അലോൺസോയുടെ ടീം മനോഹരമായി കളിച്ചു കളം ഭരിക്കുന്നത് ആണ് കാണാൻ ആയത്. എന്നാൽ ലഭിച്ച അവസരങ്ങൾ മുതലാക്കാൻ സാബിയുടെ ടീമിന് ആയില്ല. മത്സരത്തിൽ ഏഴാം മിനിറ്റിൽ തന്നെ കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ നിന്നു ഫ്രീ ഹെഡറിലൂടെ ഹാരി കെയിൻ ബയേണിനെ മുന്നിൽ എത്തിച്ചു. ലീഗിലെ നാലാം ഗോളും ക്ലബ് കരിയറിലെ 300 മത്തെ ഗോളും ആയിരുന്നു ഇംഗ്ലീഷ് ക്യാപ്റ്റന് ഇത്.

എന്നാൽ തുടർന്ന് കണ്ടത് ലെവർകുസന്റെ മനോഹര ഫുട്‌ബോൾ ആണ്. മത്സരത്തിൽ 24 മത്തെ മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് അതുഗ്രൻ ഷോട്ടിലൂടെ ഗോളാക്കി മാറ്റിയ അലക്‌സ് ഗ്രിമാൾഡോ സാബിയുടെ ടീമിന് അർഹിച്ച സമനില ഗോൾ നൽകി. തുടർന്ന് ഒന്നാം പകുതിയിലും രണ്ടാം പകുതി തുടക്കം മുതലും ലെവർകുസൻ നിരവധി അവസരങ്ങൾ ആണ് സൃഷ്ടിച്ചത്. എന്നാൽ മുന്നേറ്റനിര താരം ബോണിഫേസ് ഈ അവസരങ്ങൾ പലതും പാഴാക്കി. ബോണിഫേസ് ഏതാണ്ട് മധ്യനിരയിൽ നിന്നു തൊടുത്ത ഉഗ്രൻ ഷോട്ട് ബാറിന് തൊട്ടു മുകളിലൂടെയാണ് പോയത്. ഇടക്ക് ബോണിഫേസ് നൽകിയ പാസിൽ നിന്നു വിർറ്റ്സ് തൊടുത്ത ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. അവസാന നിമിഷങ്ങളിൽ പകരക്കാരെ കൊണ്ടു വന്ന ടൂഹലിന്റെ നീക്കത്തിന് ഫലം ആയിരുന്നു ബയേണിന്റെ രണ്ടാം ഗോൾ.

യുവതാരം മാതിയസ് ടെൽ നടത്തിയ മികച്ച നീക്കത്തിന് ഒടുവിൽ നൽകിയ പാസിൽ നിന്നു 86 മത്തെ മിനിറ്റിൽ ഗൊരേസ്ക ബയേണിനു വിജയം സമ്മാനിച്ചു എന്നു തോന്നി. തൊട്ടടുത്ത നിമിഷം തന്നെ മികച്ച നീക്കം നടത്തിയ ലെവർകുസൻ സൃഷ്ടിച്ച അവസരം ബോണിഫേസ് വീണ്ടും കളഞ്ഞു. എന്നാൽ ഇഞ്ച്വറി സമയത്ത് ഹോഫ്മാനെ അൽഫോൺസോ ഡേവിസ് ഫൗൾ ചെയ്തതിനു വാർ പരിശോധനക്ക് ശേഷം റഫറി പെനാൽട്ടി അനുവദിച്ചു. തുടർന്ന് പെനാൽട്ടി എടുത്ത പകരക്കാരനായ പലാസിയോസ് ലെവർകുസനു അർഹിച്ച സമനില സമ്മാനിക്കുക ആയിരുന്നു. ഉണ്ടാക്കുന്ന അവസരങ്ങൾ മുതലാക്കാൻ ആവുന്നില്ല എന്ന സങ്കടം അലട്ടും എങ്കിലും ബയേണിന്റെ മൈതാനത്ത് സമനില നേടാൻ ആയത് സാബിയുടെ ടീമിന് നേട്ടം തന്നെയാണ്.

സമനില വഴങ്ങി ഡോർട്ട്മുണ്ട്, വമ്പൻ ജയവുമായി യൂണിയൻ ബെർലിൻ

ജർമ്മൻ ബുണ്ടസ് ലീഗയിൽ രണ്ടാം മത്സരത്തിൽ സമനില വഴങ്ങി ബൊറൂസിയ ഡോർട്ട്മുണ്ട്. ബോകമിനു എതിരെ വിയർത്ത ഡോർട്ട്മുണ്ട് 1-1 ന്റെ സമനില ആണ് വഴങ്ങിയത്. മത്സരത്തിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത് എല്ലാം എതിരാളികൾ ആയിരുന്നു. മത്സരത്തിൽ 13 മത്തെ മാക്സിമിലൻ വിറ്റെകിന്റെ പാസിൽ നിന്നു ഗോൾ നേടിയ കെവിൻ സ്റ്റോഗർ ഡോർട്ട്മുണ്ടിനെ ഞെട്ടിച്ചു. രണ്ടാം പകുതിയിൽ എന്നാൽ ഉഗ്രൻ ഫോമിലുള്ള ഡോണിയൽ മലൻ ജൂലിയൻ ബ്രാന്റിന്റെ പാസിൽ നിന്നു അവർക്ക് സമനില ഗോൾ നേടി കൊടുക്കുക ആയിരുന്നു. തുടർന്ന് വിജയഗോൾ നേടാൻ ഇരു ടീമുകൾക്കും ആയില്ല.

അതേസമയം സ്ഥാനക്കയറ്റം നേടി വന്ന ഡാർമ്സ്റ്റഡിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തോൽപ്പിച്ച യൂണിയൻ ബെർലിൻ ബുണ്ടസ് ലീഗയിൽ ഒന്നാം സ്ഥാനത്ത് എത്തി. മാർവിൻ മെഹ്ലം എതിരാളികൾക്ക് ആയി ഗോൾ നേടിയപ്പോൾ പുതുതായി ടീമിൽ എത്തിയ ജർമ്മൻ താരം റോബിൻ ഗോസൻസിന്റെ ഇരട്ടഗോളുകൾ ആണ് ബെർലിന് വലിയ ജയം സമ്മാനിച്ചത്. ആദ്യമായി ആദ്യ 11 ൽ ഇടം നേടിയ ഗോസൻസ് ഇരട്ടഗോൾ നേടിയപ്പോൾ ബെഹ്റൻസ്, ഡോയെകി എന്നിവർ ആണ് മറ്റ് ഗോളുകൾ നേടിയത്. ഹോഫൻഹെയിം, വോൾവ്സ്ബർഗ് ടീമുകൾ ജയം കണ്ടപ്പോൾ വെർഡർ ബ്രമൻ ഫ്രയ്ബർഗിനോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടു. 96 മത്തെ മിനിറ്റിൽ മാക്സിമിലിയൻ ഫിലിപ്പ് ആണ് അവരുടെ വിജയഗോൾ നേടിയത്.

പിന്നിൽ നിന്ന ശേഷം രണ്ടാം പകുതിയിൽ 5 ഗോൾ അടിച്ചു ജയിച്ചു ലൈപ്സിഗ്

ജർമ്മൻ ബുണ്ടസ് ലീഗയിൽ തങ്ങളുടെ ആദ്യ ജയം കുറിച്ച് ആർ.ബി ലൈപ്സിഗ്. സ്റ്റുഗാർട്ടിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് ആണ് ലൈപ്സിഗ് മറികടന്നത്. മത്സരത്തിൽ 1 ഗോളിനു പിന്നിൽ നിന്ന ശേഷമാണ് ലൈപ്സിഗ് ജയം കണ്ടത്തിയത്. ആദ്യ പകുതിയിൽ 35 മത്തെ മിനിറ്റിൽ പിന്നിലായ ലൈപ്സിഗ് രണ്ടാം പകുതിയിൽ 5 ഗോളുകൾ ആണ് നേടിയത്.

51 മത്തെ മിനിറ്റിൽ ബെഞ്ചമിൻ ഹെൻറിക്‌സ് ലൈപ്സിഗിന് സമനില ഗോൾ നേടിയപ്പോൾ 63 മത്തെ മിനിറ്റിൽ ഡാനി ഓൽമയിലൂടെ അവർ മത്സരത്തിൽ മുന്നിലെത്തി. 66 മത്തെ മിനിറ്റിൽ പുതുതായി ടീമിൽ എത്തിയ ലോയിസ് ഒപെണ്ട ലൈപ്സിഗിന്റെ മൂന്നാം ഗോൾ നേടി. 74 മത്തെ മിനിറ്റിൽ കെവിൻ കാമ്പൽ നാലാം ഗോൾ നേടിയപ്പോൾ 2 മിനിറ്റിനുള്ളിൽ പുതുതായി ടീമിൽ എത്തിയ സാവി സിമൻസ് നേടിയ ഗോളിൽ അവർ ജയം പൂർത്തിയാക്കി. മത്സരത്തിൽ 2 അസിസ്റ്റുകളും ഒരു ഗോളും നേടിയ സാവി സിമൻസ് തന്നെയായിരുന്നു താരം.

88 മത്തെ മിനിറ്റിൽ വിജയഗോൾ, ഡോർട്ട്മുണ്ട് ജയിച്ചു തന്നെ തുടങ്ങി

ജർമ്മൻ ബുണ്ടസ് ലീഗയിൽ ആദ്യ മത്സരത്തിൽ ജയത്തോടെ തുടങ്ങി ബൊറൂസിയ ഡോർട്ട്മുണ്ട്. എഫ്.സി കോളിനെ സ്വന്തം മൈതാനത്ത് എതിരില്ലാത്ത ഒരു ഗോളിന് ആണ് ഡോർട്ട്മുണ്ട് തോൽപ്പിച്ചത്. മത്സരത്തിൽ പന്ത് കൈവശം വെക്കുന്നതിൽ അടക്കം ഡോർട്ട്മുണ്ട് ആധിപത്യം കണ്ടെങ്കിലും കൂടുതൽ അവസരങ്ങൾ കോളിൻ ആണ് തുറന്നത്.

സമനിലയിലേക്ക് പോവും എന്നു തോന്നിയ മത്സരത്തിൽ 88 മത്തെ മിനിറ്റിൽ ഡച്ച് താരം ഡോണിയൽ മലെൻ ആണ് ഡോർട്ട്മുണ്ടിന്റെ വിജയഗോൾ നേടിയത്. കോർണറിൽ നിന്നു ഫെലിക്‌സ് നമെച ഹെഡ് ചെയ്തു നൽകിയ പാസിൽ നിന്നു ആയിരുന്നു മലെന്റെ മികച്ച വിജയഗോൾ. കഴിഞ്ഞ സീസണിൽ കയ്യെത്തും ദൂരത്ത് കിരീടം നഷ്ടമായ ഡോർട്ട്മുണ്ട് ഈ സീസണിലും പൊരുതാൻ ഉറച്ചു തന്നെയാണ് ഇറങ്ങുക.

ആർ.ബി ലൈപ്സിഗിനെ തോൽപ്പിച്ചു സാവി അലോൺസോയുടെ ടീം തുടങ്ങി

പുതിയ ബുണ്ടസ് ലീഗ സീസണിൽ ജയത്തോടെ തുടങ്ങി സാവി അലോൺസോയുടെ ബയേർ ലെവർകുസൻ. രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് ലെവർകുസൻ മത്സരത്തിൽ ജയം കണ്ടത്. മത്സരത്തിൽ പന്ത് കൈവശം വെക്കുന്നതിൽ ലൈപ്സിഗിന് ആണ് നേരിയ മുൻതൂക്കം ഉണ്ടായിരുന്നത്. മത്സരത്തിൽ 24 മത്തെ മിനിറ്റിൽ വിക്ടർ ബോണിഫേസിന്റെ പാസിൽ നിന്നു ജെറമി ഫ്രിമ്പോങ് ആണ് ലെവർകുസന്റെ ആദ്യ ഗോൾ നേടിയത്. 35 മത്തെ മിനിറ്റിൽ യൊനാസ് ഹോഫ്മാന്റെ ക്രോസിൽ നിന്നു ജൊനാഥൻ താ ഹെഡറിലൂടെ ലെവർകുസനു രണ്ടാം ഗോളും നേടി നൽകി.

തുടർന്ന് നാലു മിനിറ്റിനുള്ളിൽ ഡേവിഡ് റോമിന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ ഡാനി ഓൽമ ലൈപ്സിഗിന് ആയി ഒരു ഗോൾ മടക്കി. രണ്ടാം പകുതിയിൽ 64 മത്തെ മിനിറ്റിൽ ഫ്രിമ്പോങ് നൽകിയ പാസിൽ നിന്നു ഗോൾ നേടിയ ഫ്ലോറിയൻ വിർറ്റ്സ് ലെവർകുസനു മൂന്നാം ഗോൾ നേടി നൽകി. 7 മിനിറ്റിനുള്ളിൽ ഒരു ഗോൾ മടക്കാൻ ലൈപ്സിഗിന് ആയി. മുഹമ്മദ് സിമാകന്റെ ഹെഡർ പാസിൽ നിന്നു ഹെഡറിലൂടെ ലോയിസ് ഒപെണ്ടയാണ് അവരുടെ ഗോൾ നേടിയത്. തുടർന്ന് സമനിലക്ക് ആയുള്ള ലൈപ്സിഗ് ശ്രമങ്ങൾ പക്ഷെ ജയം കണ്ടില്ല. ആദ്യ മത്സരത്തിൽ വോൾവ്സ്ബർഗ്, സ്റ്റുഗാർട്ട്, ഫ്രയിബർഗ് ടീമുകൾ ജയം കണ്ടപ്പോൾ ഓഗ്സ്ബർഗ്, ഗ്ലബാക് മത്സരം 4-4 എന്ന സ്കോറിന് സമനിലയിൽ അവസാനിച്ചു.

ഒരു ഗോൾ ഒരു അസിസ്റ്റ്‌, ബുണ്ടസ് ലീഗ അരങ്ങേറ്റം ഗംഭീരമാക്കി ഹാരി കെയിൻ

തന്റെ ജർമ്മൻ ബുണ്ടസ് ലീഗ അരങ്ങേറ്റം ഗംഭീരമാക്കി ഇംഗ്ലീഷ് ക്യാപ്റ്റൻ ഹാരി കെയിൻ. വെർഡർ ബ്രമനു എതിരായ സീസണിലെ ലീഗിലെ ആദ്യ മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്ക് ആണ് ബയേൺ മ്യൂണിക് ജയിച്ചത്. തന്റെ ആദ്യ ലീഗ് മത്സരത്തിൽ തന്നെ ആദ്യ പതിനൊന്നിലും കെയിൻ സ്ഥാനം പിടിച്ചു. ബ്രമന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ നാലാം മിനിറ്റിൽ തന്നെ കെയിൻ തന്റെ വരവ് അറിയിച്ചു. കെയിനിന്റെ പാസിൽ നിന്നു ലീറോയ്‌ സാനെയുടെ അനായാസ ഫിനിഷിൽ ബയേൺ മുന്നിൽ.

മത്സരത്തിൽ ബയേണിന്റെ ആധിപത്യം കണ്ടെങ്കിലും ഇടക്ക് ബ്രമൻ ബയേണിന്റെ ഗോളും പരീക്ഷിച്ചു. രണ്ടാം ഗോൾ നേടാനുള്ള ബയേണിന്റെ ശ്രമങ്ങൾ രണ്ടാം പകുതിയിൽ 74 മത്തെ മിനിറ്റിൽ ആണ് ഫലം കണ്ടത്. കൗണ്ടർ അറ്റാക്കിന്‌ ഒടുവിൽ അൽഫോൺസോ ഡേവിസിന്റെ പാസിൽ നിന്നു അരങ്ങേറ്റത്തിൽ തന്നെ കെയിനിന്റെ ഗോൾ. ജയം ഉറപ്പായതോടെ 84 മത്തെ മിനിറ്റിൽ തോമസ് ടൂഹൽ കെയിനിനെ പിൻവലിച്ചു.

90 മത്തെ മിനിറ്റിൽ പകരക്കാർ ആയി ഇറങ്ങിയ തോമസ് മുള്ളർ, ചുപ മോട്ടങ് എന്നിവർ നടത്തിയ നീക്കത്തിന് ഒടുവിൽ മുള്ളറിന്റെ പാസിൽ നിന്നു തന്റെ രണ്ടാം ഗോൾ നേടിയ സാനെ ബയേണിന്റെ മൂന്നാം ഗോളും നേടി. തുടർന്ന് ഇഞ്ച്വറി സമയത്ത് 94 മത്തെ മിനിറ്റിൽ കെയിനിനു പകരം എത്തിയ യുവതാരം മത്യസ് ടെൽ ആണ് ബയേണിന്റെ ജയം പൂർത്തിയാക്കിയത്. അൽഫോൺസോ ഡേവിസിന്റെ പാസിൽ നിന്നു അതുഗ്രൻ ലോങ് റേഞ്ചർ ഗോളിലൂടെ ആണ് 18 കാരനായ ഫ്രഞ്ച് യുവതാരം ജർമ്മൻ ജേതാക്കളുടെ ജയം ഉറപ്പിച്ചത്.

സാബി അലോൺസോ തന്നെ ലെവർകൂസണ് തന്ത്രങ്ങൾ ഓതും; പുതിയ കരാറിൽ ഒപ്പിട്ടു

സ്പാനിഷ് പരിശീലകൻ സാബി അലോൺസോയുടെ സേവനം രണ്ടു വർഷത്തേക്ക് കൂടി നീട്ടി ബയേർ ലെവർകൂസൻ. അടുത്ത സീസണോടെ നിലവിലെ കരാർ അവസാനിക്കുന്ന സാബി, 2026 വരെയുള്ള പുതിയ കരാർ ആണ് ജർമൻ ക്ലബ്ബിൽ ഒപ്പിട്ടിരിക്കുന്നത്. ഇതോടെ വരുന്ന സീസണുകളിലും മുൻ ബയേൺ മ്യൂണിച്ച് താരം തന്നെ തന്ത്രങ്ങൾ ഓതും എന്നുറപ്പായി. സാബിക്ക് കീഴിൽ മികച്ച പ്രകടനമാണ് ലെവർകൂസൻ പുറത്തെടുത്തു കൊണ്ടിരുന്നത്.

Xabi alonso

കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ മോശം ഫോമിലൂടെ ടീം കടന്ന് പോയപ്പോഴാണ് അന്നത്തെ പരിശീലകൻ ജെറാർഡോ സിയോണക്ക് പകരക്കാരനായി സാബി അലോൺസോയെ ലെവർകൂസൻ ടീമിലേക്ക് കൊണ്ടു വരുന്നത്. റയൽ മാഡ്രിഡ് യൂത്ത് ടീമിലും സോസിഡാഡ് ബി ടീമിലും മാത്രം പരിശീലന പരിചയം ഉണ്ടായിരുന്ന അലോൺസോയിൽ വിശ്വാസം ആർപ്പിക്കാനായിരുന്നു അവരുടെ തീരുമാനം. സീസൺ അവസാനിച്ചപ്പോൾ ലീഗിൽ ആറാം സ്ഥാനത്ത് ടീമിനെ എത്തിച്ചും യൂറോപ്പിലേക്ക് യോഗ്യത നേടിയും അദ്ദേഹം മാനേജ്‌മെന്റിന്റെ വിശ്വാസം കാത്തു. ദുഷ്കരമായ ഘട്ടത്തിലൂടെ നീങ്ങിയ സമയത്ത് അലോൺസോ ടീമിൽ സന്തുലിതാവസ്ഥ കൊണ്ടു വന്നെന്ന് ലെവർകൂസൻ ചെയർമാൻ പുതിയ കാരറിനോട് പ്രതികരിച്ചു സംസാരിച്ചു. ഇനി ടീമിനെ ആത്മവിശ്വാസത്തോടെ കൂടുതൽ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ലെവർകൂസൻ തന്നിൽ അർപ്പിച്ച വിശ്വാസത്തിൽ സാബി അലോൺസോ നന്ദി അറിയിച്ചു. മുന്നോട്ടുള്ള പാതയിൽ തനിക്കും മാനേജ്‌മെന്റിനും ഒരേ ലക്ഷ്യമാണ് ഉള്ളതെന്നും താനും മറ്റ് കോച്ചിങ് സ്റ്റാഫും ഈ ക്ലബ്ബിലെ സാഹചര്യം ആസ്വദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡാനിയൽ ഫർകെ ബെറൂസിയ മോഞ്ചൻഗ്ലാഡ്ബാച് പരിശീലക സ്ഥാനത്ത് ഇനിയില്ല

കോച്ച് ഡാനിയൽ ഫർകെ ടീം വിടുന്നതായി മോഞ്ചൻഗ്ലാഡ്ബാച് അറിയിച്ചു. മുഖ്യ പരിശീലകനുമായി പരസ്പര ധാരണയിൽ വഴി പിരിയാനാണ് ജർമൻ തീരുമാനിച്ചത്. ഫർകെയുടെ കൂടെ സഹപരിശീലകർ ആയ റെയ്മർ, ക്രിസ്റ്റഫർ ജോൺ, ക്രിസ് ഡോമോഗാല്ല എന്നിവരും ടീം വിടും. ഇതോടെ കഴിഞ്ഞ ജൂണിൽ മാത്രം ടീമിന്റെ സാരഥ്യം ഏറ്റെടുത്ത 46കാരന്റെ ബുണ്ടസ്ലീഗയിലെ ആദ്യത്തെ അധ്യായം ഒരേയൊരു സീസണിൽ അവസാനിക്കുകയാണ്. മൂന്ന് വർഷത്തെ കരാറിൽ ആയിരുന്നു അദ്ദേഹം ടീമിൽ എത്തിയത്.

സീസണിന് മുൻപ് ആദി ഹുതൂരിന് പകരക്കാരനായാണ് മോഞ്ചൻഗ്ലഡ്ബാച് പരിശീലകൻ ആയി ഫർകെ എത്തുന്നത്. മുൻപ് ഡോർട്മുണ്ട് ബി ടീമിനെ അടക്കം പരിശീലിപ്പിച്ചിട്ടുണ്ട്. എന്നാൽ സീസണിൽ പ്രതീക്ഷിച്ച പ്രകടനം ടീമിൽ നിന്നും ഉണ്ടായില്ല. ആദ്യ മത്സരങ്ങളിൽ തോൽവി അറിയാതെ കുതിച്ചെങ്കിലും സീസൺ അവസാനിക്കുമ്പോൾ പത്താം സ്ഥാനത്ത് മാത്രമാണ് ടീം. യുറോപ്യൻ മത്സരങ്ങൾക്കുള്ള യോഗ്യത നേടാൻ സാധിക്കാതെ പോയതും തിരിച്ചടി ആയി. ആകെ പതിനൊന്ന് വിജയങ്ങൾ മാത്രമാണ് സമ്പാദ്യമായിട്ടുള്ളത്. മുൻപ് നോർവിച്ചിനൊപ്പം ചാമ്പ്യൻഷിപ്പ് കിരീടമടക്കം ഇദ്ദേഹത്തിന് നേടാൻ സാധിച്ചിട്ടുണ്ട്.

ഡാനി ഓൾമോ ലെപ്സീഗ് വിടില്ല, പുതിയ കരാറിൽ ഒപ്പിട്ടു

അടുത്ത സീസണോടെ ആർബി ലെപ്സീഗിൽ കരാർ അവസാനിക്കുന്ന സ്പാനിഷ് താരം ഡാനി ഓൾമോ ടീം വിടില്ലെന്ന് ഉറപ്പായി. താരം ടീമിനോടൊപ്പം പുതിയ കരാർ ഒപ്പിട്ടതായി ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്തു. ഇതോടെ 2027 വരെ താരത്തെ ടീമിൽ നിലനിർത്താൻ ലെപ്സിഗിനാകും. കരാറിനൊപ്പം അറുപത് മില്യൺ യൂറോ വരുന്ന റിലീസ് ക്ലോസും ടീം ചേർത്തിട്ടുണ്ട്. നേരത്തെ താരം ടീം വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. എന്നാൽ ഓൾമോയെ വീണ്ടും ടീമിൽ തന്നെ നിലനിർത്താൻ സാധിച്ചത് ലെപ്സിഗിന് നേട്ടമായി.

അടുത്ത വർഷത്തോടെ കരാർ അവസാനിക്കും എന്നതിനാൽ താരവുമായി പുതിയ കരാറിൽ എത്തേണ്ടത് ടീമിന് അനിവാര്യമായിരുന്നു. പ്രീമിയർ ലീഗ് ടീമുകൾ അടക്കം പിറകെ ഉള്ളപ്പോൾ ഈ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ താരം പുതിയ തട്ടകം തേടിയേക്കുമെന്ന് “ബിൽഡ്” അടക്കം റിപ്പോർട്ട് ചെയ്തു. നേരത്തെ ബാഴ്‍സയുമായും ചേർന്ന് ഓൾമോയുടെ ട്രാൻസ്ഫർ വാർത്തകൾ വന്നിരുന്നെങ്കിലും ആ നീക്കവും നടന്നില്ല. ക്രിസ്റ്റഫർ എൻങ്കുങ്കു അടക്കം ടീം വിടവേ, തങ്ങളുടെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളുമായി ദീർഘകാല കരാറിൽ എത്താൻ സാധിച്ചത് ലെപ്സിഗിന് വലിയ ആശ്വാസം നൽകും. കൂടാതെ ഇരുപത്തിയഞ്ചുകാരന്റെ കൈമാറ്റം ആവശ്യമായി വന്നാൽ തന്നെ മികച്ച തുക നേടിയെടുക്കാം എന്നതും ടീം മുൻകൂട്ടി കാണുന്നു.

Exit mobile version