Picsart 23 08 19 02 04 44 442

ഒരു ഗോൾ ഒരു അസിസ്റ്റ്‌, ബുണ്ടസ് ലീഗ അരങ്ങേറ്റം ഗംഭീരമാക്കി ഹാരി കെയിൻ

തന്റെ ജർമ്മൻ ബുണ്ടസ് ലീഗ അരങ്ങേറ്റം ഗംഭീരമാക്കി ഇംഗ്ലീഷ് ക്യാപ്റ്റൻ ഹാരി കെയിൻ. വെർഡർ ബ്രമനു എതിരായ സീസണിലെ ലീഗിലെ ആദ്യ മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്ക് ആണ് ബയേൺ മ്യൂണിക് ജയിച്ചത്. തന്റെ ആദ്യ ലീഗ് മത്സരത്തിൽ തന്നെ ആദ്യ പതിനൊന്നിലും കെയിൻ സ്ഥാനം പിടിച്ചു. ബ്രമന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ നാലാം മിനിറ്റിൽ തന്നെ കെയിൻ തന്റെ വരവ് അറിയിച്ചു. കെയിനിന്റെ പാസിൽ നിന്നു ലീറോയ്‌ സാനെയുടെ അനായാസ ഫിനിഷിൽ ബയേൺ മുന്നിൽ.

മത്സരത്തിൽ ബയേണിന്റെ ആധിപത്യം കണ്ടെങ്കിലും ഇടക്ക് ബ്രമൻ ബയേണിന്റെ ഗോളും പരീക്ഷിച്ചു. രണ്ടാം ഗോൾ നേടാനുള്ള ബയേണിന്റെ ശ്രമങ്ങൾ രണ്ടാം പകുതിയിൽ 74 മത്തെ മിനിറ്റിൽ ആണ് ഫലം കണ്ടത്. കൗണ്ടർ അറ്റാക്കിന്‌ ഒടുവിൽ അൽഫോൺസോ ഡേവിസിന്റെ പാസിൽ നിന്നു അരങ്ങേറ്റത്തിൽ തന്നെ കെയിനിന്റെ ഗോൾ. ജയം ഉറപ്പായതോടെ 84 മത്തെ മിനിറ്റിൽ തോമസ് ടൂഹൽ കെയിനിനെ പിൻവലിച്ചു.

90 മത്തെ മിനിറ്റിൽ പകരക്കാർ ആയി ഇറങ്ങിയ തോമസ് മുള്ളർ, ചുപ മോട്ടങ് എന്നിവർ നടത്തിയ നീക്കത്തിന് ഒടുവിൽ മുള്ളറിന്റെ പാസിൽ നിന്നു തന്റെ രണ്ടാം ഗോൾ നേടിയ സാനെ ബയേണിന്റെ മൂന്നാം ഗോളും നേടി. തുടർന്ന് ഇഞ്ച്വറി സമയത്ത് 94 മത്തെ മിനിറ്റിൽ കെയിനിനു പകരം എത്തിയ യുവതാരം മത്യസ് ടെൽ ആണ് ബയേണിന്റെ ജയം പൂർത്തിയാക്കിയത്. അൽഫോൺസോ ഡേവിസിന്റെ പാസിൽ നിന്നു അതുഗ്രൻ ലോങ് റേഞ്ചർ ഗോളിലൂടെ ആണ് 18 കാരനായ ഫ്രഞ്ച് യുവതാരം ജർമ്മൻ ജേതാക്കളുടെ ജയം ഉറപ്പിച്ചത്.

Exit mobile version