ഒലെ വെർണറിനെ വെർഡർ ബ്രെമൻ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കി


വെർഡർ ബ്രെമൻ അവരുടെ മുഖ്യ പരിശീലകൻ ഒലെ വെർണറെ പുറത്താക്കി. 37 വയസ്സുകാരനായ വെർണർ 2026-ന് അപ്പുറം തന്റെ കരാർ നീട്ടാൻ കഴിയില്ലെന്ന് ക്ലബ്ബിനെ അറിയിച്ചതിനെ തുടർന്നാണ് ഈ തീരുമാനം. ജർമ്മൻ മാധ്യമങ്ങൾ തിങ്കളാഴ്ച ഈ വിവരം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ക്ലബ്ബ് അതിവേഗം നടപടിയെടുക്കുകയായിരുന്നു.


വെർണറുടെ തീരുമാനത്തിൽ തങ്ങൾക്ക് അഗാധമായ ഖേദമുണ്ടെന്നും, അദ്ദേഹവുമായി ഒരു ദീർഘകാല സഹകരണം പ്രതീക്ഷിച്ചിരുന്നതായും വെർഡർ ബ്രെമൻ പ്രസ്താവനയിൽ അറിയിച്ചു. മുഖ്യ പരിശീലക സ്ഥാനത്ത് വ്യക്തതയും തുടർച്ചയും ആവശ്യമായതിനാൽ, വെർണറെ പുറത്താക്കാൻ തീരുമാനിച്ചതായും ക്ലബ്ബ് വ്യക്തമാക്കി.


2021-ൽ രണ്ടാം ഡിവിഷനിലായിരുന്നപ്പോൾ ബ്രെമനിൽ ചേർന്ന വെർണർ, തന്റെ ആദ്യ സീസണിൽ തന്നെ ടീമിനെ ബുണ്ടസ്ലിഗയിലേക്ക് തിരിച്ചെത്തിച്ചു. അദ്ദേഹത്തിന്റെ കീഴിൽ ടീം സ്ഥിരമായി മെച്ചപ്പെട്ടു, ഈ സീസണിൽ യൂറോപ്യൻ യോഗ്യതയ്ക്ക് ഒരു പോയിന്റ് മാത്രം പിന്നിൽ ഫിനിഷ് ചെയ്തു. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലെ അവരുടെ മികച്ച പ്രകടനമാണിത്.


വെർണറുടെ പുറത്താകൽ ബുണ്ടസ്ലിഗയിലെ ഒഴിവുള്ള മാനേജർ സ്ഥാനങ്ങളുടെ പട്ടിക വർദ്ധിപ്പിക്കുന്നു. RB ലീപ്സിഗ്, വോൾഫ്സ്ബർഗ്, കൊളോൺ, ഓഗ്സ്ബർഗ് തുടങ്ങിയ ക്ലബ്ബുകളും പുതിയ പരിശീലകരെ തേടുകയാണ്.

ഒരു ഗോൾ ഒരു അസിസ്റ്റ്‌, ബുണ്ടസ് ലീഗ അരങ്ങേറ്റം ഗംഭീരമാക്കി ഹാരി കെയിൻ

തന്റെ ജർമ്മൻ ബുണ്ടസ് ലീഗ അരങ്ങേറ്റം ഗംഭീരമാക്കി ഇംഗ്ലീഷ് ക്യാപ്റ്റൻ ഹാരി കെയിൻ. വെർഡർ ബ്രമനു എതിരായ സീസണിലെ ലീഗിലെ ആദ്യ മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്ക് ആണ് ബയേൺ മ്യൂണിക് ജയിച്ചത്. തന്റെ ആദ്യ ലീഗ് മത്സരത്തിൽ തന്നെ ആദ്യ പതിനൊന്നിലും കെയിൻ സ്ഥാനം പിടിച്ചു. ബ്രമന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ നാലാം മിനിറ്റിൽ തന്നെ കെയിൻ തന്റെ വരവ് അറിയിച്ചു. കെയിനിന്റെ പാസിൽ നിന്നു ലീറോയ്‌ സാനെയുടെ അനായാസ ഫിനിഷിൽ ബയേൺ മുന്നിൽ.

മത്സരത്തിൽ ബയേണിന്റെ ആധിപത്യം കണ്ടെങ്കിലും ഇടക്ക് ബ്രമൻ ബയേണിന്റെ ഗോളും പരീക്ഷിച്ചു. രണ്ടാം ഗോൾ നേടാനുള്ള ബയേണിന്റെ ശ്രമങ്ങൾ രണ്ടാം പകുതിയിൽ 74 മത്തെ മിനിറ്റിൽ ആണ് ഫലം കണ്ടത്. കൗണ്ടർ അറ്റാക്കിന്‌ ഒടുവിൽ അൽഫോൺസോ ഡേവിസിന്റെ പാസിൽ നിന്നു അരങ്ങേറ്റത്തിൽ തന്നെ കെയിനിന്റെ ഗോൾ. ജയം ഉറപ്പായതോടെ 84 മത്തെ മിനിറ്റിൽ തോമസ് ടൂഹൽ കെയിനിനെ പിൻവലിച്ചു.

90 മത്തെ മിനിറ്റിൽ പകരക്കാർ ആയി ഇറങ്ങിയ തോമസ് മുള്ളർ, ചുപ മോട്ടങ് എന്നിവർ നടത്തിയ നീക്കത്തിന് ഒടുവിൽ മുള്ളറിന്റെ പാസിൽ നിന്നു തന്റെ രണ്ടാം ഗോൾ നേടിയ സാനെ ബയേണിന്റെ മൂന്നാം ഗോളും നേടി. തുടർന്ന് ഇഞ്ച്വറി സമയത്ത് 94 മത്തെ മിനിറ്റിൽ കെയിനിനു പകരം എത്തിയ യുവതാരം മത്യസ് ടെൽ ആണ് ബയേണിന്റെ ജയം പൂർത്തിയാക്കിയത്. അൽഫോൺസോ ഡേവിസിന്റെ പാസിൽ നിന്നു അതുഗ്രൻ ലോങ് റേഞ്ചർ ഗോളിലൂടെ ആണ് 18 കാരനായ ഫ്രഞ്ച് യുവതാരം ജർമ്മൻ ജേതാക്കളുടെ ജയം ഉറപ്പിച്ചത്.

രണ്ടാം പകുതിയിൽ ഗോളടിച്ചു ജയിച്ചു ബയേൺ, ഡോർട്ട്മുണ്ടിനെക്കാൾ നാലു പോയിന്റുകൾ മുന്നിൽ

ജർമ്മൻ ബുണ്ടസ് ലീഗയിൽ നിർണായക ജയം കണ്ടത്തി ബയേൺ മ്യൂണിക്. വെർഡർ ബ്രമനു എതിരെ 2-1 നു ജയം കുറിച്ച അവർ നിലവിൽ ലീഗിൽ ഒരു കളി കുറവ് കളിച്ച ഡോർട്ട്മുണ്ടിനെക്കാൾ 4 പോയിന്റുകൾ മുന്നിലാണ്. ബയേണിന്റെ ആധിപത്യം കണ്ട മത്സരത്തിൽ പക്ഷെ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഏതാണ്ട് ഇരു ടീമുകളും തുല്യത പാലിച്ചു. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ആണ് മത്സരത്തിൽ ഗോളുകൾ പിറന്നത്. കിമ്മിചിന്റെ മികച്ച ഹെഡർ ആദ്യ പകുതിയിൽ ബ്രമർ കീപ്പർ രക്ഷിക്കുക ആയിരുന്നു.

രണ്ടാം പകുതിയിൽ 62 മത്തെ മിനിറ്റിൽ ആണ് ബയേണിനു നിർണായക ഗോൾ നേടാൻ ആയത്. റീബോണ്ടിൽ നിന്നു തന്റെ മുൻ ക്ലബിന് എതിരെ സെർജ് ഗനാബ്രിയാണ് ബയേണിനു ആയി ഗോൾ നേടിയത്. 10 മിനിറ്റിനുള്ളിൽ മസറൗയുടെ പാസിൽ നിന്നു ഗോൾ നേടിയ പകരക്കാരനായി ഇറങ്ങിയ ലീറോയ്‌ സാനെ ബയേണിന്റെ ജയം ഉറപ്പിക്കുക ആയിരുന്നു. മിലോസ് വെൽകോവിചിന്റെ പാസിൽ നിന്നു 30 വാര അകലെ നിന്നു ഉഗ്രൻ അടിയിലൂടെ പകരക്കാരനായി ഇറങ്ങിയ നിക്ലസ് ഷിമിറ്റ് ബ്രമനു ആയി ഒരു ഗോൾ മടക്കിയെങ്കിലും പരാജയം ഒഴിവാക്കാൻ അത് മതിയായിരുന്നില്ല. ബയേണിന്റെ ജയത്തോടെ നാളെ വോൾവ്സ്ബർഗിനെ നേരിടുന്ന ഡോർട്ട്മുണ്ടിന് ജയം അനിവാര്യമാണ്.

എന്റമ്മോ! ബുണ്ടസ് ലീഗയിൽ ഡോർട്ട്മുണ്ടിന് എതിരെ 89 മിനിറ്റുകൾക്ക് ശേഷം 2-0 ൽ നിന്നു 3-2 ന്റെ ജയം പിടിച്ചെടുത്തു വെർഡർ ബ്രമൻ തിരിച്ചുവരവ് | Report

ജർമ്മൻ ബുണ്ടസ് ലീഗയിൽ അവിശ്വസനീയ തിരിച്ചു വരവു നടത്തി ബൊറൂസിയ ഡോർട്ട്മുണ്ടിനെ തോൽപ്പിച്ചു വെർഡർ ബ്രമൻ.

ജർമ്മൻ ബുണ്ടസ് ലീഗയിൽ അവിശ്വസനീയ തിരിച്ചു വരവു നടത്തി ബൊറൂസിയ ഡോർട്ട്മുണ്ടിനെ തോൽപ്പിച്ചു വെർഡർ ബ്രമൻ. ഡോർട്ട്മുണ്ടിന്റെ മൈതാനത്ത് മത്സരത്തിൽ 89 മിനിറ്റ് വരെ 2-0 നു പിന്നിൽ നിന്ന ശേഷം 3 ഗോളുകൾ ഇതിൽ രണ്ടും ഇഞ്ച്വറി സമയത്ത് അടിച്ചാണ് ബ്രമൻ അവിശ്വസനീയ ജയം പിടിച്ചെടുത്തത്. ഗോളുകൾ ആദ്യം നേടിയത് ഡോർട്ട്മുണ്ട് ആയിരുന്നു എങ്കിലും മത്സരത്തിൽ കൂടുതൽ അവസരങ്ങൾ തുറന്നത് ബ്രമൻ തന്നെയായിരുന്നു.

ഗോൾ രഹിതം ആവും എന്ന ആദ്യ പകുതിയിൽ ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് ഡോർട്ട്മുണ്ട് ഗോൾ നേടി. ക്യാപ്റ്റൻ മാർകോ റൂയിസിന്റെ പാസിൽ നിന്നു ജൂലിയൻ ബ്രാന്റ് ആണ് ആതിഥേയർക്ക് മുൻതൂക്കം നൽകിയത്. രണ്ടാം പകുതിയിൽ 77 മത്തെ മിനിറ്റിൽ കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ മാർകോ റൂയിസിന്റെ തന്നെ പാസിൽ നിന്നു ബോക്സിന് പുറത്ത് നിന്ന് ഗോൾ നേടിയ റാഫേൽ ഗുയേരിയ ഡോർട്ട്മുണ്ടിന് രണ്ടാം ഗോളും സമ്മാനിച്ചു. ഇടക്ക് ഹമ്മൽസിന്റെ ഹാന്റ് ബോളിന് പെനാൽട്ടി നൽകാത്തത് ബ്രമന് നിരാശ നൽകി. ജയം ഉറപ്പിച്ച ഡോർട്ട്മുണ്ട് പിന്നീട് ഞെട്ടുന്നത് ആണ് കാണാൻ ആയത്. പകരക്കാരുടെ ഗോളുകൾ ബ്രമനു ജയം സമ്മാനിക്കുന്ന കാഴ്ച അവിശ്വസനീയം ആയിരുന്നു.

തൊണ്ണൂർ മിനിറ്റിനു തൊട്ടുമുമ്പ് ഒരു അതുഗ്രൻ ഗോളിലൂടെ പകരക്കാരനായി ഇറങ്ങിയ ലീ ബുകനൻ ബ്രമനു ആയി ഒരു ഗോൾ മടക്കി. അതിസുന്ദരമായ ഒരു ഷോട്ട് ആയിരുന്നു ഈ ഗോൾ. ഇഞ്ച്വറി സമയത്ത് 93 മത്തെ മിനിറ്റിൽ അമോസ് പൈപറിന്റെ ക്രോസിൽ നിന്നു മറ്റൊരു പകരക്കാരൻ നികളസ് ഷിമിറ്റ് ഹെഡറിലൂടെ ബ്രമന് സമനില ഗോൾ നൽകി. രണ്ടു മിനിറ്റിനുള്ളിൽ മത്സരത്തിലെ അവസാന കിക്കിൽ പകരക്കാരനായി ഇറങ്ങിയ ഒലിവർ ബർക് ബ്രമന് സ്വപ്ന ജയം സമ്മാനിച്ചു. മിച്ചൽ വൈസറിന്റെ പാസിൽ നിന്നായിരുന്നു ഒലിവർ ബർകിന്റെ ഈ ഗോൾ പിറന്നത്. സ്വന്തം മൈതാനത്ത് ഡോർട്ട്മുണ്ട് ഉറപ്പിച്ച ജയം കൈവിട്ടപ്പോൾ ബ്രമൻ സ്വപ്നങ്ങളിൽ മാത്രമുള്ള ഒരു ജയം ബുണ്ടസ് ലീഗയിൽ പിടിച്ചെടുത്തു.

Story Highlight : Werder Bremen did unbelievable come back from 2-0 down till 89th minute against Dortmund in Bundesliga.

ട്രെബിൾ സ്വപ്നങ്ങൾ അവസാനിച്ചു, ജർമ്മൻ കപ്പിൽ നിന്നും ബൊറുസിയ ഡോർട്ട്മുണ്ട് പുറത്ത്

ജർമ്മൻ കപ്പിൽ നിന്നും ബൊറുസിയ ഡോർട്ട്മുണ്ട് പുറത്ത്. പെനാൽറ്റിയിലാണ് വേർഡർ ബ്രെമൻ ബൊറുസിയ ഡോർട്ട്മുണ്ട് പരാജയപ്പെടുത്തിയത്. എക്സ്ട്രാ സമയത്തിന് ശേഷം ഇരു ടീമുകളും മൂന്ന് ഗോളുകൾ വീതമടിച്ചതിനെ തുടർന്നാണ് മത്സരം പെനാൽറ്റിയിലേക്ക് നീണ്ടത്.

തൊണ്ണൂറു മിനുറ്റ് അവസാനിച്ചപ്പോൾ മാർക്കോ റിയൂസിന്റെയും റഷികയുടേയും ഗോളിൽ മത്സരം സമനിലയിലായി. അധിക സമയത്തിലേക്ക് മത്സരം നീണ്ടപ്പോൾ പുളിസിക്കും (105′) ഹക്കീമിയും (113′) ഗോളടിച്ചപ്പോൾ വെർഡർ ബ്രെമന് വേണ്ടി പിസാറോയും (108′) 119ആം മിനുട്ടിൽ ഹാർനിക്കും ഗോളടിച്ചപ്പോൾ മത്സരം പെനാൽറ്റിയിലേക്ക് നീണ്ടു.

ഗോൾകീപ്പർ ജിരി പ്ലാവെങ്കയാണ് വെർഡർ ബ്രെമനെ വിജയത്തിലേക്ക് നയിച്ചത്. അൽക്കാസറിന്റെയും ഫിലിപ്പിന്റെയും ഷോട്ടുകൾ തടയാൻ പ്ലാവെങ്കയ്ക്ക് കഴിഞ്ഞു. പിസാറോ, എഗ്ഗെസ്റ്റെയിൻ,ക്ലാസർ,ക്രൂസ് എന്നിവരുടെ പെർഫെക്ട് വേർഡർ ബ്രെമനെ വിജയത്തിലേക്ക് നയിച്ചു.

എക്സ്ട്രാ ടൈമിൽ ഗോൾടിച്ച് ബയേർ ലെവർകൂസൻ ജർമ്മൻ കപ്പ് സെമിയിൽ

ജർമ്മൻ കപ്പിലെ ആവേശോജ്ജ്വലമായ മത്സരത്തിനൊടുവിൽ ബയേർ ലെവർകൂസന് വിജയം. രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് വേർഡർ ബ്രെമനെ ലെവർകൂസൻ പരാജയപ്പെടുത്തിയത്. ആദ്യ ഏഴുമിനുട്ടിൽ രണ്ട് ഗോളുകൾ വഴങ്ങിയ ലെവർകൂസൻ ശക്തമായ തിരിച്ച് വരവ് നടത്തിയാണ് ജയം സ്വന്തമാക്കിയത്.

അത്യന്തം ആവേശകരമായ മത്സരം മാക്സ് ക്രൂസേയുടെ ഗോളോടെ ആരംഭിച്ചു. ജോനാതൻ ടാ ക്രൂസോയെ ബോക്സിൽ വീഴ്തിയതിന് പെനാൽറ്റി ലഭിച്ചു. അഞ്ച് മിനുട്ടിനുള്ളിൽ ക്രൂസോയുടെ അസിസ്റ്റിൽ ജൊഹാൻസൺ ഗോളടിച്ചു. എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് വമ്പൻ തിരിച്ച് വരവാണ് ലെവർകൂസൻ നടത്തിയത്. ജുലിയൻ ബ്രാൻഡ്ടിന്റെ ഇരട്ടഗോളുകളിലൂടെ ലെവർകൂസൻ മത്സരത്തിൽ തിരിച്ചെത്തി. നിശ്ചിതസമയത്തും സമനിലയായപ്പോൾ എക്സ്ട്രാടൈമിൽ ലെവർകൂസൻ മത്സരം വരുതിയിലാക്കി. കെരീം ബെല്ലറാബി എക്സ്ട്രാ ടൈമിൽ ഒരു ഗോളും അസിസ്റ്റും നൽകി ലെവർകൂസന് തുണയായി. കൈ ഹാവേർട്ട്സ് ലെവർകൂസന്റെ വിജയ ഗോൾ നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version