തിങ്കളാഴ്ച രാത്രിയിൽ മത്സരം, യെല്ലോ വാൾ ബഹിഷ്കരിക്കാൻ ഡോർട്ട്മുണ്ട് ആരാധകർ

തിങ്കളാഴ്ച രാത്രിയിൽ മത്സരം നടത്താനുള്ള ജർമ്മൻ ഫുട്ബോൾ ലീഗ് അധികൃതരുടെ തീരുമാനത്തിനെതിരെ ബൊറൂസിയ ഡോർട്ട്മുണ്ട് ഫാൻസ്‌. ഡോർട്ട്മുണ്ടിന്റെ ലോകപ്രശസ്തമായ യെല്ലോ വാൾ എന്ന പേരിൽ അറിയപ്പെടുന്ന സൗത്ത് സ്റ്റാൻഡ് ബഹിഷ്കരിച്ച് പ്രതികരിക്കാനാണ് ഡോർട്ട്മുണ്ട് ആരാധകരുടെ തീരുമാനം. ഈ സീസണിലാണ് 5 മത്സരങ്ങൾ തിങ്കളാഴ്ച രാത്രിയിൽ നടത്താൻ ആദ്യമായി ജർമ്മൻ ഫുട്ബോൾ അസോസിയേഷൻ തീരുമാനം എടുത്തത്. വീക്കെന്റുകളിൽ മാത്രമാണ് സാധാരണയായി ബുണ്ടസ് ലീഗ മത്സരങ്ങൾ നടക്കാറുള്ളത്. അപൂർവ്വമായി മിഡ് വീക്ക് മത്സരങ്ങളും. എന്നാൽ തിങ്കളാഴ്ച രാത്രി മത്സരം നടത്താനുള്ള തീരുമാനം ബുണ്ടസ് ലീഗ ആരാധകരുടെയെല്ലാം എതിർപ്പ് ക്ഷണിച്ച് വരുത്തിക്കഴിഞ്ഞു.

ഈ സീസണിലെ തിങ്കളാഴ്ച നടക്കുന്ന ആദ്യ മത്സരം ഫെബ്രുവരി 19 നു നടക്കും. അന്ന് ഫ്രാങ്ക്ഫർട്ടാണ് ലെപ്‌സിഗിനെ നേരിടുന്നത്. ഫെബ്രുവരി 26 നാണു ഓഗ്സ്ബർഗ് – ഡോർട്ട്മുണ്ട് മത്സരം സിഗ്നൽ ഇടൂന പാർക്കിൽ നടക്കുക. അന്ന് ഇരുപത്തിനാലായിരത്തോളം വരുന്ന ഡോർട്ട്മുണ്ട് ആരാധകർ ഉൾപ്പെടുന്ന യെല്ലോ വാളാണ് പ്രതിഷേധ സൂചകമായി ഒഴിഞ്ഞ് കിടക്കാൻ പോകുന്നത്. എല്ലാ മത്സരങ്ങളിലും സ്റ്റേഡിയം നിറഞ്ഞു കവിയുന്ന ഡോർട്ട്മുണ്ട് മാച്ചിൽ ആണ് ഈ പ്രതിഷേധം അരങ്ങേറുക. ജർമ്മൻ ഫുട്ബോൾ ലീഗ് അധികൃതർ തിങ്കളാഴ്ച മത്സരം എന്ന ആശയം ഉപേക്ഷിക്കുമോ എന്നത് കാത്തിരുന്നു കാണാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

100 ആം ഗോളിൽ ആരാധകർക്കായി സർപ്രൈസ് ഒരുക്കിയിട്ടുണ്ടെന്ന് ഒബാമയാങ്

ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ ഗോളടിയന്ത്രം പിയറി എമെറിക് ഒബാമയാങ് ആരാധകർക്ക് വേണ്ടി ഒരു സർപ്രൈസാണ് ഒരുക്കിയിരിക്കുന്നത്. തന്റെ നൂറാം ബുണ്ടസ് ലീഗ ഗോളിനായി കാത്തിരിക്കാനാണ് ഒബാമയാങ് ആരാധകരോട് ആവശ്യപ്പെട്ടത്. ഈ സീസണിൽ പതിമൂന്നു ഗോളുകളാണ് ഒബാമയാങ് ഡോർട്ട്മുണ്ടിന് വേണ്ടി നേടിയിരിക്കുന്നത്. നിലവിൽ ഒബാമയങ്ങിന്റെ ബുണ്ടസ് ലീഗ ഗോളുകളുടെ എണ്ണം 98 ആണ്. കഴിഞ്ഞ സീസണിൽ ഏറ്റവുമധികം ഗോൾ നേടിയത് ഒബാമയാങ് ആയിരുന്നു. ഈ സീസണിൽ ബയേണിന്റെ ലെവെൻഡോസ്‌കിയാണ് ടോപ്പ് സ്‌കോറർ എങ്കിലും രണ്ടു ഗോൾ പിറകിലായി ഒബാമയങ്ങുമുണ്ട്.കഴിഞ്ഞ സീസണിൽ 31 ഗോളുകളാണ് ഒബാമയാങ് അടിച്ചത്.

സാധാരണയായി പ്രത്യേകാവസരങ്ങളിൽ മാസ്ക് വെച്ച് ആഘോഷിക്കാറുള്ള ഒബാമയാങ് ഇത്തവണ ആരുടെ മാസ്ക് വെച്ചാണ് ആഘോഷിക്കുക എന്ന് ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയാണ്. 2013 മുതൽ ഡോർട്ട്മുണ്ടിനോടൊപ്പമാണ് 28 കാരനായ ഈ ഗാബോണീസ് താരം. കഴിഞ്ഞ മൂന്നു സീസണുകളിലായി ലെവൻഡോസ്‌കിയും ഒബമയങ്ങും ഗോൾ വേട്ടയിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ച വെക്കുന്നത്. ബുണ്ടസ് ലീഗയിൽ ഏറ്റവുമധികം ഗോൾ നേടുന്ന ആഫ്രിക്കൻ താരമായ ഒബാമയാങ് വെർഡർ ബ്രെമനെതിരെയാണ് ആ നേട്ടം സ്വന്തമാക്കിയത്. ഡോർട്ട്മുണ്ടിന്റെ സ്വന്തം സിഗ്നൽ ഇടൂന പാർക്കിലാണ് ഡോർട്ട്മുണ്ടിന്റെ അടുത്ത മത്സരം. വോൾഫ്സ്ബർഗിനെയാണ് ഡോർട്ട്മുണ്ട് നേരിടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ലെവർകൂസന്റെ വിജയഗാഥ അവസാനിപ്പിച്ച് ബയേൺ മ്യൂണിക്ക്

ബുണ്ടസ് ലീഗയിൽ ബയേർ ലെവർകൂസനെ നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് പരാജയപ്പെടുത്തി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ലെവർ കൂസനെ ബയേൺ പരാജയപ്പെടുത്തിയത്. ലെവർകൂസന്റെ അപരാജിതമായ 12 ലീഗ് മാച്ചിന്റെ വിന്നിംഗ് സ്ട്രീക്കാണ് ബയേൺ 2018ലെ ആദ്യ മത്സരത്തിൽ അവസാനിപ്പിച്ചത്. ബയേണിന് വേണ്ടി ഹാവി മാർട്ടിനെസ്,ഫ്രാങ്ക് റിബറി,ഹാമിഷ് റോഡ്രീഗസ് എന്നിവരാണ് സ്കോർ ചെയ്തത്. ലെവർകൂസന്റെ ആശ്വാസ ഗോൾ കെവിൻ വൊല്ലാണ്ട് നേടി.

ഹാമിഷ് റോഡ്രിഗസിന്റെ തകർപ്പൻ പ്രകടനമായിരുന്നു ഇന്നത്തെ മത്സരത്തിന്റെ ഹൈലൈറ്റ്. സാൻട്രോ വാഗ്നർ ബയേണിന് വേണ്ടി സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചതും ഇന്നലത്തെ മത്സരത്തിൽ തന്നെയായിരുന്നു. ലെവൻഡോസ്കിക്ക് വിശ്രമം അനുവദിച്ച യപ്പ് ഹൈങ്കിസ് തുടക്കം മുതൽ അക്രമിച്ചാണ് കളിയാവിഷ്കരിച്ചത്. ആർട്ടുറോ വിദാൽ തുടർച്ചയായി ഗോൾ മുഖത്ത് ഭീഷണിയുയർത്തിയെങ്കിലും ആദ്യ ഗോൾ നേടിയത് ഹാവി മാർട്ടിനെസാണ്.

2018 ലെ രണ്ടാം ബുണ്ടസ് ലീഗ് ഗോൾ ഫ്രാങ്ക് റിബറി ആദ്യ പകുതിക്ക് മുൻപേ നേടി. റോഡ്രിഗസിൽ നിന്നും പന്ത് വാങ്ങിയ റിബറി പെനാൽറ്റി ഏരിയയിലേക്ക് ഓടിക്കയറുകയും തകർപ്പൻ ഷോട്ടിലൂടെ 2018ലെ തന്റെ ആദ്യ ഗോൾ നേടി. എന്നാൽ ഒറ്റയാൾ പോരാട്ടത്തിലൂടെ കെവിൻ വൊല്ലാണ്ട് ലെവർകൂസന്റെ ആശ്വാസ ഗോൾ നേടി‌. അവസാന നിമിഷത്തെ തകർപ്പൻ ഫ്രീ കിക്കിലൂടെ ഹാമിഷ് റോഡ്രിഗസ് ബയേണിന്റെ ലീഡുയർത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റെനാറ്റോ സ്റ്റീഫെൻ ടീമിലെത്തിച്ച് വോൾഫ്സ്

ബുണ്ടസ് ലീഗയിൽ രണ്ടാം വിന്റർ സൈനിങ്‌ നടത്തിയിരിക്കുകയാണ് വോൾഫ്ബർഗ്. ഇത്തവണ വോൾഫ്സ് ടീമിലെത്തിച്ചിരിക്കുന്നത് റെനാറ്റോ സ്റ്റീഫനെയാണ്. ഏറെ നാളായിട്ടുള്ള വോൾഫ്‌സിന്റെ ടാർജറ്റാണ്‌ റെനാറ്റോ. സ്വിസ്സ് ചാമ്പ്യന്മാരായ ബസേലിനെ ചാമ്പ്യൻസ് ലീഗ് റൌണ്ട് ഓഫ് സിക്സ്റ്റീനിൽ ഏത്തൻ സഹായിച്ചത് റെനാറ്റോയുടെ തകർപ്പൻ പ്രകടനമാണ്. 26 കാരനായ റെനാറ്റോ രണ്ടു മില്യൺ യൂറോയ്ക്കാണ് വോൾഫ്‌സിലെത്തുന്നത്. 2021 വരെ വോക്‌സവാഗൺ അരീനയിലേക്കുള്ളതാണ് റെനാറ്റോയുമായുള്ള കരാറ്.

ഈ സീസണിൽ സ്വിസ്സ് സൂപ്പർ ലീഗിൽ മൂന്നു അസിസ്റ്റുകളും മൂന്നു ഗോളുകളും പതിനേഴ് മത്സരങ്ങളിൽ ബൂട്ടണിഞ്ഞു റെനാറ്റോ സ്റ്റീഫൻ സ്വന്തമാക്കിയിട്ടുണ്ട്. സ്വിറ്റ്സർലാൻഡിനു വേണ്ടി അഞ്ചു തവണ ദേശിയ ടീമിൽ റെനാറ്റോ കളിച്ചിട്ടുണ്ട്. 149 സ്വിസ് സൂപ്പർ കപ്പ് മത്സരങ്ങളിൽ നിന്നായി 35 ഗോളുകൾ റെനാറ്റോ സ്റ്റീഫൻ നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മാർക്ക് ഊത് ഷാൽകെയിലേക്ക്

ഹൊഫെൻഹെയിമിൽ നിന്നും സ്ട്രൈക്കെർ മാർക്ക് ഊത് ഷാൽകെയിലേക്കെത്തി. ഷാൽകെയുമായി നാല് വർഷത്തെ കരാറിലാണ് ഊത് ഒപ്പുവെച്ചത്. കരാറനുസരിച്ച് 2022 ജൂൺ 30 വരെ താരം റോയൽ ബ്ലൂസിനോടൊപ്പമുണ്ടാകും. 26 കാരനായ താരം ഈ സീസണിൽ തകർപ്പൻ ഫോമിലാണ്. 9 ഗോളുകളുമായാണ് ഊത് കുതിക്കുന്നത്. ഫ്രീ ട്രാൻസ്ഫെറിൽ ഹോഫൻഹെയിമിന് നഷ്ടപ്പെടുന്ന രണ്ടാം താരമാണ് ഊത്. കഴിഞ്ഞ സീസണിൽ സെബാസ്റ്റ്യൻ റൂഡിയെ ബയേണിലേക്ക് വിടാൻ ഹോഫൻഹെയിം നിർബന്ധിതരായിരുന്നു.

കൊളോണിലെ വിവിധ ക്ലബ്ബുകളിലായി കളിച്ച് വളർന്ന മാർക്ക് ഊത് 1 എഫ്‌സി കൊളോണിലൂടെ U23 ടീമിന് വേണ്ടി കളിച്ചു. നെതർലാണ്ടിൽ പ്രൊ ഫുട്ബോൾ ആരംഭിച്ച മാർക്ക് ഊത് 63 മത്സരങ്ങളിൽ 23 ഗോളുകൾ നേടി. ഹോഫൻഹെയിമിന്റെ ആദ്യ ചാമ്പ്യൻസ് ലീഗ് ക്വാളിഫിക്കേഷന്റെ ഇരു പാദങ്ങളിലും മാർക്ക് ഊത് ഗോളടിച്ചിട്ടുണ്ട്. 2015 ൽ ബുണ്ടസ് ലീഗയിൽ തിരിച്ചെത്തിയ മാർക്ക് ഊത് 72 മത്സരങ്ങൾ 28 ഗോളുകൾ നേടിയിട്ടുണ്ട്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version