ഗോൾ അടിച്ചു കൂട്ടി വിജയവഴിയിൽ തിരിച്ചെത്തി ബയേർ ലെവർകുസൻ

അന്താരാഷ്ട്ര മത്സരങ്ങളുടെ ഇടവേളയ്ക്ക് ശേഷമുള്ള ആദ്യ ബുണ്ടസ് ലീഗ മത്സരത്തിൽ വിജയം കണ്ടു ബയേർ ലെവർകുസൻ. കഴിഞ്ഞ സീസണിൽ ലീഗിൽ പരാജയം അറിയാതെ ജേതാക്കൾ ആയ അവർ മുൻ മത്സരത്തിൽ ആർ.ബി ലെപ്സിഗിനോട് പരാജയം നേരിട്ടിരുന്നു. ഇന്ന് ഹോഫൻഹെയിമിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആണ് സാബി അലോൺസോയുടെ ടീം ജയം കണ്ടത്. 2 ഗോളുകളും 1 അസിസ്റ്റും ആയി തിളങ്ങിയ മുന്നേറ്റനിര താരം വിക്ടർ ബോണിഫേസ് ആണ് അവർക്ക് വലിയ ജയം സമ്മാനിച്ചത്.

17 മിനിറ്റിൽ മാർട്ടിൻ ടെറിയറിന്റെ ഗോളിന് അവസരം ഉണ്ടാക്കിയ ബോണിഫേസ് 30 മത്തെ മിനിറ്റിൽ ഗ്രാനിറ്റ് ശാക്കയുടെ പാസിൽ നിന്നു നേടിയ ഉഗ്രൻ ഗോളിലൂടെ ലെവർകുസൻ മുൻതൂക്കം ഇരട്ടിയാക്കി. 37 മത്തെ മിനിറ്റിൽ ബെരിഷയിലൂടെ ഹോഫൻഹെയിം ഒരു ഗോൾ മടക്കിയെങ്കിലും രണ്ടാം പകുതിയിലെ ഗോളുകളിൽ ലെവർകുസൻ ജയം പൂർത്തിയാക്കുക ആയിരുന്നു. 72 മത്തെ മിനിറ്റിൽ ഗ്രിമാൾഡോയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി വിറിറ്റ്സ് ലക്ഷ്യം കണ്ടപ്പോൾ ജെറമി ഫിർപോങിന്റെ പാസിൽ നിന്നു 75 മത്തെ മിനിറ്റിൽ തന്റെ രണ്ടാം ഗോൾ നേടിയ ബോണിഫേസ് നിലവിലെ ജേതാക്കളുടെ ജയം പൂർത്തിയാക്കി. അതേസമയം ലീഗിലെ മറ്റൊരു മത്സരത്തിൽ യൂണിയൻ ബെർലിൻ ആർ.ബി ലെപ്സിഗിനെ ഗോൾരഹിത സമനിലയിൽ തളച്ചു.

പുതുയുഗത്തിൽ ജയിച്ചു തുടങ്ങി ബയേൺ മ്യൂണിക്

ജർമ്മൻ ബുണ്ടസ് ലീഗയിൽ പുതിയ പരിശീലകൻ വിൻസെന്റ്‌ കൊമ്പനിക്ക് കീഴിൽ ജയിച്ചു തുടങ്ങി ബയേൺ മ്യൂണിക്. ആവേശകരമായ മത്സരത്തിൽ വോൾവ്സ്ബർഗിനെ അവരുടെ മൈതാനത്ത് 3-2 നു ആണ് ബയേൺ തോൽപ്പിച്ചത്. പന്ത് കൈവശം വെക്കുന്നതിൽ ബയേണിന്റെ വലിയ ആധിപത്യം കണ്ടെങ്കിലും വോൾവ്സ്ബർഗ് അവസരങ്ങൾ സൃഷ്ടിച്ചിരുന്നു. 19 മത്തെ മിനിറ്റിൽ സാഷ ബോയെയുടെ പാസിൽ നിന്നു ഗോൾ നേടിയ ജമാൽ മുസിയാല ബയേണിനെ മുന്നിലെത്തിച്ചു. എന്നാൽ രണ്ടാം പകുതിയിൽ വോൾവ്സ്ബർഗ് തിരിച്ചടിച്ചു. തോമസിനെ ബോയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട ലോവ്റോ മേഹർ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മത്സരം സമനിലയിലാക്കി. തുടർന്ന് വോൾവ്സ്ബർഗിന്റെ ഒരു ഷോട്ട് പോസ്റ്റിൽ ഇടിച്ചു മടങ്ങിയപ്പോൾ പലപ്പോഴും ന്യൂയർ രക്ഷകനായി.

മുസിയാല

55 മത്തെ മിനിറ്റിൽ ബയേണിന്റെ പ്രതിരോധത്തിൽ കിം വരുത്തിയ വലിയ പിഴവിന് ഒടുവിൽ പന്ത് റാഞ്ചിയ പാട്രിക് വിമ്മറിന്റെ പാസിൽ നിന്നു തന്റെ രണ്ടാം ഗോൾ നേടിയ ലോവ്റോ മേഹർ വോൾവ്സ്ബർഗിനെ മത്സരത്തിൽ ആദ്യമായി മുന്നിൽ എത്തിച്ചു. 65 മിനിറ്റിൽ പകരക്കാരനായി തോമസ് മുള്ളർ എത്തിയതോടെ ബയേണിന്റെ ആക്രമണം കൂടി. തുടർന്ന് മുള്ളറിന്റെ കോർണറിൽ നിന്നു ഹാരി കെയിന്റെ ഹെഡറിൽ നിന്നു അബദ്ധത്തിൽ ജേക്കുവ് കമിൻസ്കി സെൽഫ്‌ ഗോൾ നേടിയതോടെ ബയേൺ മത്സരത്തിൽ ഒപ്പമെത്തി. തുടർന്ന് വിജയത്തിന് ആയി ബയേണിന്റെ നിയന്ത്രണ ആക്രമണം കാണാൻ ആയി, ഇടക്ക് ഗോൾ എന്നുറച്ച കെയിനിന്റെ ഷോട്ട് കമിൻസ്കി ബ്ലോക്ക് ചെയ്തു. 82 മത്തെ മിനിറ്റിൽ മുള്ളറിന്റെ അതുഗ്രൻ നീക്കത്തിന് ഒടുവിൽ കെയിൻ നൽകിയ പാസിൽ നിന്നു സെർജ് ഗനാബ്രി ഗോൾ നേടിയതോടെ ബയേൺ വീണ്ടും മുന്നിലെത്തി. തുടർന്ന് മികച്ച ഒരവസരം സമനില ഗോൾ നേടാനായി വോൾവ്സ്ബർഗിനു ലഭിച്ചെങ്കിലും അവർക്ക് അത് മുതലാക്കാൻ ആയില്ല. അതേസമയം അവസാന നിമിഷം ന്യൂയറിന്റെ മികവും അവർക്ക് തുണയായി.

പുതിയ പരിശീലകനു കീഴിൽ ജയിച്ചു തുടങ്ങി ബൊറൂസിയ ഡോർട്ട്മുണ്ട്

പുതിയ പരിശീലകൻ നൂറി സാഹിന് കീഴിൽ പുതിയ സീസണിലെ ആദ്യ ജർമ്മൻ ബുണ്ടസ് ലീഗ്‌ മത്സരത്തിൽ ജയം കണ്ടു ബൊറൂസിയ ഡോർട്ട്മുണ്ട്. കരുത്തരായ ഫ്രാങ്ക്ഫർട്ടിനെ എതിരില്ലാത്ത രണ്ടു ഗോളിന് ആണ് ഡോർട്ട്മുണ്ട് ജയം കണ്ടത്. സ്വന്തം മൈതാനത്ത് ഡോർട്ട്മുണ്ട് ആധിപത്യം കണ്ട മത്സരത്തിൽ രണ്ടാം പകുതിയിൽ നേടിയ ഗോളുകൾക്ക് ആണ് അവർ ജയം കണ്ടത്.

പകരക്കാരനായി ഇറങ്ങി ഇരട്ടഗോൾ നേടിയ ഇംഗ്ലീഷ് അണ്ടർ 21 താരം ജെയ്മി ഗിറ്റൻസ് ആണ് ഡോർട്ട്മുണ്ടിന് വിജയം സമ്മാനിച്ചത്. മത്സരത്തിൽ 72 മത്തെ മിനിറ്റിൽ ക്ലബിന് ആയി ആദ്യ മത്സരം കളിച്ച പാസ്‌കൽ ഗ്രോസിന്റെ പാസിൽ നിന്നു ആണ് ഗിറ്റൻസ് ഡോർട്ട്മുണ്ടിന്റെ ആദ്യ ഗോൾ നേടിയത്. തുടർന്ന് ഇഞ്ച്വറി സമയത്ത് 93 മത്തെ മിനിറ്റിൽ മറ്റൊരു പകരക്കാരനായ റമി നൽകിയ പാസിൽ നിന്നു ഗോൾ നേടിയ ജെയ്മി ഗിറ്റൻസ് ഡോർട്ട്മുണ്ട് ജയം ഉറപ്പിക്കുക ആയിരുന്നു.

ബൊറൂസിയ ഡോർട്ട്മുണ്ട് പരിശീലകൻ ആയി നൂറി സാഹിൻ എത്താൻ സാധ്യത

തങ്ങളുടെ മുൻ താരം നൂറി സാഹിനെ പരിശീലകൻ ആയി എത്തിക്കാൻ ബൊറൂസിയ ഡോർട്ട്മുണ്ട് ശ്രമം. നേരത്തെ ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിച്ചെങ്കിലും പരിശീലകൻ എഡിൻ ടെർസിച് ക്ലബ് വിടും എന്നു ഡോർട്ട്മുണ്ട് അറിയിച്ചിരുന്നു. നിലവിൽ സഹ പരിശീലകൻ ആയി ഡോർട്ട്മുണ്ട് പരിശീലക ടീമിലും സാഹിൻ അംഗമാണ്. 35 കാരനായ മുൻ തുർക്കി താരത്തെ പരിശീലകൻ ആയി ഡോർട്ട്മുണ്ട് എത്തിക്കുന്നത് വലിയ പ്രതീക്ഷയോടെ തന്നെയാണ്. ബുണ്ടസ് ലീഗയിൽ അടുത്ത സീസൺ യുവ പരിശീലകർ തമ്മിലുള്ള ഏറ്റുമുട്ടൽ ആവും കാണാൻ ആവുക.

ഡോർട്ട്മുണ്ടിൽ കരിയർ തുടങ്ങിയ സാഹിൻ 2005 മുതൽ 2011 വരെ ഡോർട്ട്മുണ്ടിനു ആയി കളിച്ച സാഹിൻ പിന്നീട്‌ റയൽ മാഡ്രിഡിൽ ചേർന്നെങ്കിലും ലോണിൽ ലിവർപൂളിലും പിന്നീട്‌ ഡോർട്ട്മുണ്ടിലും കളിച്ചു. തുടർന്ന് 2014 ൽ സാഹിൻ വീണ്ടും ഡോർട്ട്മുണ്ടിൽ തിരിച്ചെത്തിയിരുന്നു. ഡോർട്ട്മുണ്ടിന്റെ ജർമ്മൻ ബുണ്ടസ് ലീഗ നേട്ടത്തിലും ചാമ്പ്യൻസ് ലീഗ് ഫൈനൽ പ്രവേശനത്തിലും സാഹിൻ പ്രധാന പങ്ക് വഹിച്ചിരുന്നു. തുർക്കിക്ക് ആയി 52 മത്സരങ്ങൾ സാഹിൻ കളിച്ചിട്ടുണ്ട്. അടുത്ത സീസണിൽ ബയേർ ലെവർകുസൻ സാബി അലോൺസോക്കും ബയേൺ മ്യൂണിക് വിൻസെന്റ് കൊമ്പനിക്ക് കീഴിൽ എത്തുമ്പോൾ അതിനെ സാഹിന്റെ മികവിൽ മറികടക്കാൻ ആവും ഡോർട്ട്മുണ്ട് ശ്രമം.

ബയേണിന്റെ ആധിപത്യം അവസാനിപ്പിച്ചു, ജർമ്മൻ ലീഗ് ബയെർ ലെവർകൂസൻ സ്വന്തമാക്കി

ജർമ്മനിയിലെ ബയേൺ മ്യൂണിക്കിന്റെ ആധിപത്യം അവസാനിപ്പിച്ച് ബയെർ ലെവർകൂസൻ‌‌. ഇന്ന് നീണ്ടകാലമായുള്ള ബയേണിന്റെ ആധിപത്യം അവസാനിപ്പിച്ചുകൊണ്ട് ലെവർകൂസൻ ജർമ്മൻ ലീഗ് കിരീടം നേടി. ഹോം ഗ്രൗണ്ടിൽ വെച്ച് വെർഡർ ബ്രെമനെ നേരിട്ട ലെവർകൂസൻ എതിരില്ലാത്ത 5 ഗോളിന് വിജയിച്ചതോടെയാണ് അവർ ലീഗ് കിരീടം ഉറപ്പിച്ചത്‌.

സാബി അലോൺസയുടെ ടീമിന് ഇന്ന് മൂന്ന് പോയിൻറ് മതിയായിരുന്നു കിരീടം ഉറപ്പിക്കാൻ. ലീഗിൽ ഇനിയും അഞ്ചു മത്സരങ്ങൾ ബാക്കിയിരിക്കെ ആണ് അവർ കിരീടം ഉറപ്പിച്ചത്. അവർ ലീഗിൽ ഇത്തവണ ഒരു മത്സരം പോലും പരാജയപ്പെട്ടിട്ടില്ല.

ഇന്ന് കളിയുടെ ഇരുപത്തിയഞ്ചാം മിനിറ്റിൽ കിട്ടിയ ഒരു പെനാൽറ്റി ലക്ഷത്തിൽ എത്തിച്ചുകൊണ്ട് ബോണാഫേസ് ആണ് ലെവർകൂസന് ലീഡ് നൽകിയത്. രണ്ടാം പകുതിയിൽ 60ആം മിനുട്ടിൽ ഷാക്കയുടെ ഒരു ലോംഗ് റേഞ്ചർ അവരുടെ വിജയം ഉറപ്പിച്ചു. 68ആം മിനുട്ടിൽ വിർട്സ് കൂടെ ലെവർകൂസനായി ഗോൾ നേടി. ഫ്ലോറിയൻ റിറ്റ്സ് 83ആം മിനുട്ടിൽ ഇഞ്ച്വറി ടൈമിലും ഗോൾ നേടി ഹാട്രിക്കും അവരുടെ വിജയവും പൂർത്തിയായി.

ഈ വിജയത്തോടെ ലെവർകൂസന് 29 മത്സരങ്ങളിൽ നിന്ന് 79 പോയിന്റ് ആയി. പിറകിലുള്ള ബയേൺ മ്യൂണിക്കും സ്റ്റുറ്റ്ഗർട്ടും അവരുടെ ശേഷിക്കുന്ന എല്ലാ മത്സരങ്ങളും വിജയിച്ചാലും ഇനി ലെവർകൂസന് ഒപ്പം എത്തില്ല.

ലെവർകൂസന്റെ ചരിത്രത്തിലെ ആദ്യ ലീഗ് കിരീടമാണ് ഇത്. ഇതുവരെ ലീഗൽ കളിച്ച 29 മത്സരങ്ങളിൽ 25 മത്സരങ്ങളും വിജയിച്ച ലെവർകൂസൻ ആകെ നാല് സമനിലയും വഴങ്ങി.

ബയേൺ ഗോൾകീപ്പർ ന്യൂബൽ കരാർ പുതുക്കും

ബയേൺ മ്യൂണിക്ക് ഗോൾകീപ്പർ അലക്സാണ്ടർ ന്യൂബൽ ക്ലബിൽ പുതിയ കരാർ ഒപ്പുവെക്കും. ഇപ്പോൾ VfB സ്റ്റട്ട്ഗാർട്ടിൽ ലോണിൽ കളിക്കുന്ന ന്യൂബലിനെ നൂയറിന്റെ പിൻഗാമിയായാണ് ബയേൺ കാണുന്നത്. സ്റ്റട്ട്ഗാർട്ടിൽ മികച്ച പ്രകടനക് കാഴ്ചവെക്കുന്നത് ന്യൂബൽ ക്ലബിനെ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ യോഗ്യതയിൽ എത്തിക്കുന്നതിന് അടുത്താണ്‌.

27-കാരനായ താരം മാനുവൽ ന്യൂയറിന് രണ്ടാം നമ്പർ ആകാൻ വിസമ്മതിച്ചത് കൊണ്ടായിരുന്നു ബയേൺ താരത്തെ ലോണിൽ അയച്ചത്. 2020ൽ ഷാൽക്കെയിൽ നിന്നായിരുന്നു നൂബൽ ബയേണിൽ എത്തിയത്. മുമ്പ് മൊണാകോയിലും താരം ലോണിൽ കളിച്ചിരുന്നു. അഞ്ച് വർഷത്തെ കരാറാണ് താരം ഒപ്പുവെക്കുക. 2025-ലെ വേനൽക്കാലം വരെ താരം സ്റ്റുട്ട്ഗർട്ടിൽ തന്നെ ലോണിൽ തുടരും.

ലെവർകൂസൻ കിരീടത്തിന് അരികെ, ബുണ്ടസ് ലീഗ സ്വന്തമാക്കാൻ ഇനി ഒരു ജയം മതി

ബുണ്ടസ് ലീഗയിൽ ബയെർ ലെവർകൂസന് കിരീടത്തിന് തൊട്ടരികിൽ. ഇന്ന് ബയേൺ മ്യൂണിക്ക് പരാജയപ്പെടുകയും ലെവർകൂസൻ വിജയിക്കുകയും ചെയ്തതോടെ ആണ് കാര്യങ്ങൾ സാബി അലോൺസോയുടെ ടീമിന് എളുപ്പമായത്‌. ഇന്ന് നടന്ന മത്സരത്തിൽ ലെവർകൂസൺ എതിരില്ലാത്ത ഒരു ഗോളിന് യൂണിയൻ ബെർലിനെ പരാജയപ്പെടുത്തിയിരുന്നു.

ആദ്യ പകുതിയുടെ അവസാനം ഫ്ലോരിൻ വ്രിറ്റ്സ് നേടിയ പെനാൾട്ടിയിൽ നിന്നായിരുന്നു ലെവർകൂസന്റെ വിജയം. ബയേൺ മ്യൂണിക്ക് ആകട്ടെ ഇന്ന് ഹെയ്ദൻഹെയിമിനോട് 2-3 എന്ന സ്കോറിന് പരാജയപ്പെട്ടു. ഇതോടെ ലെവർകൂസൻ 28 മത്സരങ്ങളിൽ നിന്ന് 76 പോയിന്റുമായി ഒന്നാമത് നിൽക്കുകയാണ്. ബയേണ് 60 പോയിന്റാണ് ഉള്ളത്‌. ഇനി ലീഗിൽ 6 മത്സരങ്ങൾ ആണ് ബാക്കി. ഇതിൽ ഒരു മത്സരം ജയിച്ചാൽ മതി ലെവർകൂസന് കിരീടം ഉറപ്പിക്കാൻ. അവരുടെ ചരിത്രത്തിൽ ഇതുവരെ അവർ ബുണ്ടസ് ലീഗ നേടിയിട്ടില്ല.

ലെവർലൂസന് വീണ്ടും വിജയം, ബയേണ് മേൽ 10 പോയിന്റിന്റെ ലീഡ്

ബുണ്ടസ് ലീഗയിൽ ബയർ ലെവർകൂസൻ കിരീടത്തിലെ അടുക്കുന്നു. ഇന്ന് എഫ് സി കോളിനെ പരാജയപ്പെടുത്തിയ ലെവർകൂസൻ ലീഗിൽ ഒന്നാം സ്ഥാനത്ത് 10 പോയിന്റിന്റെ ലീഡ് നേടി. ഇന്ന് എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു അലോൺസോയുടെ ടീമിന്റെ വിജയം.

മത്സരത്തിന്റെ പതിനാലാം മിനിറ്റിൽ ചുവപ്പ് കാർഡ് കിട്ടിയ മിഡ്ഫീൽഡർ തീൽമാൻ പോയത് കൊണ്ട് കോളിൻ പത്തു പേരുമായാണ് ഭൂരിഭാഗം സമയവും മത്സരം കളിച്ചത്. തീൽമാൻ പുറത്തേക്ക് പോകുമ്പോൾ സ്കോർ 0-0 എന്നായിരുന്നു.

കളിയുടെ 38ആം മിനിട്ടിൽ ഫ്രിങ്പോംഗിലൂടെ ലെവർകൂസൻ ലീഡ് എടുത്തു. 74ആം മിനുട്ടിൽ ഗ്രിമാൾഡോ ലെവർകൂസന്റെ വിജയം ഉറപ്പിച്ച രണ്ടാം ഗോളും നേടി. ഇതോടെ രണ്ടാം സ്ഥാനത്തുള്ള ബയേണെക്കാൾ 10 പോയിന്റ് മുന്നിലെത്താൻ ലെവർകൂസനായി. 24 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 64 പോയിന്റാണ് അവർക്ക് ഉള്ളത്. രണ്ടാമതുള്ള ബയേണ് 54 പോയിന്റുമാണ് ഉള്ളത്. ഇനി ലീഗൽ 10 മത്സരങ്ങൾ മാത്രമാണ് ശേഷിക്കുന്നത്.

ബയേണ് വൻ തോൽവി സമ്മാനിച്ച് ഫ്രാങ്ക്ഫർട്ട്

ബുണ്ടസ് ലീഗയിൽ ബയേണ് ഞെട്ടിക്കുന്ന പരാജയം. ഇന്ന് ഫ്രാങ്ക്ഫർടിനെ നേരിട്ട ബയേൺ മ്യൂണിക് 5-1ന്റെ വലിയ പരാജയം വഴങ്ങി. ഇന്ന് ആദ്യ 36 മിനുട്ടിൽ തന്നെ ഫ്രാങ്ക്ഫർട് മൂന്ന് ഗോളുകൾക്ക് മുന്നിൽ എത്തി. 12ആം മിനുട്ടിൽ മാർമൗഷിന്റെ ഗോളിൽ ആയിരുന്നു അവർ ആദ്യം ലീഡ് എടുത്തത്. 31ആം മിനുട്ടിൽ ദിന എബിംബെ അവരുടെ ലീഡ് ഉയർത്തി. 36ആം മിനുട്ടിൽ ലാർസൺ കൂടെ ഗോൾ നേടിയതോടെ ഫ്രാങ്ക്ഫർടിന്റെ ലീഡ് 3-0 ആയി.

44ആം മിനുട്ടിൽ കിമ്മിചിന്റെ വക ഒരു ഗോൾ ബയേൺ നേടി എങ്കിലും ഗുണം ഉണ്ടായില്ല. രണ്ടാം പകുതിയിൽ 50ആം മിനുട്ടിൽ ദിന എംബിംബെ വീണ്ടും ഗോൾ നേടി. സ്കോർ 4-1. 60ആം മിനുട്ടിൽ നൗഫിന്റെ കൂടെ ഗോൾ വന്നതോടെ ഫ്രാങ്ക്ഫർടിന്റെ ജയം പൂർത്തിയായി.

ഈ പരാജയത്തോടെ ബയേൺ ലീഗിൽ 32 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ്‌.

ഹാട്രിക്, ഒപ്പം റെക്കോർഡും ആയി ഹാരി കെയിൻ, വീണ്ടും ബയേണിനോട് തോറ്റു ഡോർട്ട്മുണ്ട്

ജർമ്മൻ ബുണ്ടസ് ലീഗയിൽ ചിര വൈരികൾ ആയ ബൊറൂസിയ ഡോർട്ട്മുണ്ടിനെ എതിരില്ലാത്ത നാലു ഗോളിന് തകർത്തു ബയേൺ മ്യൂണിക്. ഹാട്രിക് നേടിയ ഹാരി കെയിനിന്റെ മികവ് ആണ് ബയേണിന് ജയം സമ്മാനിച്ചത്. നാലാം മിനിറ്റിൽ സാനെയുടെ പാസിൽ നിന്നു ഉപമെകാനയുടെ ഹെഡറിലൂടെ ബയേൺ മത്സരത്തിൽ മുന്നിൽ എത്തി. തുടർന്ന് അഞ്ചു മിനിറ്റിനുള്ളിൽ സാനെയുടെ തന്നെ പാസിൽ നിന്നു ഹാരി കെയിൻ കളിയിലെ തന്റെ ആദ്യ ഗോൾ നേടി. തുടർന്ന് രണ്ടാം പകുതിയിൽ 72 മത്തെ മിനിറ്റിൽ കോമാന്റെ പാസിൽ നിന്നു കെയിൻ തന്റെ രണ്ടാം ഗോളും നേടി.

93 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ പാവ്ലോവിചിന്റെ പാസിൽ നിന്നു ഗോൾ നേടിയ കെയിൻ ഹാട്രിക്കും ബയേണിന്റെ വലിയ ജയവും പൂർത്തിയാക്കി. ആദ്യ 10 കളികളിൽ നിന്നു ബുണ്ടസ് ലീഗയിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി കെയിൻ മാറി. ഇത് വരെ 15 ഗോളുകൾ ആണ് ഇംഗ്ലീഷ് ക്യാപ്റ്റൻ നേടിയത്. ജയത്തോടെ ബയേൺ ലെവർകുസനു രണ്ടു പോയിന്റ് പിറകിൽ രണ്ടാമത് തുടരുമ്പോൾ ഡോർട്ട്മുണ്ട് നാലാം സ്ഥാനത്ത് ആണ്.

പരിക്കിന്റെ കാലം കഴിഞ്ഞു; മാനുവൽ ന്യൂയർ കളത്തിലേക്ക് തിരിച്ചെത്തുന്നു

ഒടുവിൽ ബയേണിന്റെ ഗോൾ വലക്ക് കാവലായി മാനുവൽ ന്യൂയർ തിരിച്ചെത്തുന്നു. പരിക്ക് ഭേദമായ താരം ഈ വാരം ബയേണിന്റെ ആദ്യ ഇലവനിൽ തന്നെ ഉൾപ്പെടുമെന്ന് തോമസ് ടൂക്കൽ പറഞ്ഞു. ലീഗ് മത്സരത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ പങ്കെടുക്കവെയാണ് കോച്ച് നിർണായ വെളിപ്പെടുത്തൽ നടത്തിയത്. നേരത്തെ ഫ്‌ലോറിയൻ പ്ലെറ്റെൻബർഗും ന്യൂയർ ഈ വാരം കളത്തിലേക്ക് തിരിച്ചെത്തുമെന്ന് സൂചിപ്പിച്ചിരുന്നു.

37കാരനായ താരം ഏകദേശം 350ഓളം ദിവസങ്ങൾക്ക് ശേഷമാണ് ബയേണിന്റെ ജേഴ്‌സി അണിയാൻ പോകുന്നത്. ലോകകപ്പിന് ശേഷമുള്ള അവധിയിൽ വിനോദസഞ്ചാരത്തിനിടെ പരിക്കേറ്റ താരത്തിന്റെ അഭാവം ബയേണിന് തിരിച്ചടി നൽകിയിരുന്നു. ഇത്തവണ ഉൾറിക് ആണ് ബയേണിന്റെ കീപ്പർ ആയി വന്നിരിക്കുന്നത്. താരം മികച്ച പ്രകടനം തന്നെയാണ് ഇതുവരെ കാഴ്ച്ച വെക്കുന്നത് എങ്കിലും ന്യൂയർ തിരിച്ചു വരുന്നതോടെ വഴി മാറി കൊടുക്കേണ്ടി വരുമെന്ന് ഉറപ്പാണ്. പരിക്കിന്റെ പിടിയിലുള്ള മറ്റ് താരങ്ങൾ ആയ ഗ്നാബറി, റാഫേൽ ഗ്വെരെറോ എന്നിവരും തിരിച്ചു വരവിന്റെ പാതയിലാണ് എന്നത് ബയേണിന് വലിയ ആത്മവിശ്വാസം നൽകും.

ജെറോം ബോട്ടെങ് ബയേണിലേക്ക് തിരിച്ചെത്തി

പ്രതിരോധത്തിൽ പരിക്കിന്റെ ഭീഷണികൾ നേരിടുന്ന ബയേൺ മ്യൂണിക്ക്, തങ്ങളുടെ മുൻ താരം ജെറോം ബോട്ടെങ്ങിനെ തിരിച്ചു കൊണ്ടു വരുന്നു. നിലവിൽ ഫ്രീ ഏജന്റ് ആയ താരത്തിന്റെ മെഡിക്കൽ പരിശോധനകൾ അടക്കം ഉടൻ പൂർത്തിയാവുമെന്ന് ഫാബ്രിസിയോ റൊമാനൊ റിപ്പോർട്ട് ചെയ്തു. എന്നാൽ കരാറിന്റെ കാര്യത്തിൽ സൂചനകൾ ഇല്ല. ആറു മാസത്തേക്കോ സീസൺ അവസാനിക്കുന്നത് വരെയോ ആവും ബോട്ടെങ്ങിന്റെ കരാർ. നിലവിൽ ടീമിനോടൊപ്പം ചേർന്ന് ബോട്ടെങ്, താരങ്ങൾക്കൊപ്പം പരിശീലനവും ആരംഭിച്ചു കഴിഞ്ഞു.

കിം മിൻ ജെ, മത്തിയാസ് ഡി ലൈറ്റ് എന്നിവർക്ക് പരിക്കിന്റെ ഭീഷണി ഉണ്ട്. കഴിഞ്ഞ വാരം ഉപമങ്കാനോക്കും പരിക്ക് ഉള്ളതായി ടൂക്കൽ വെളിപ്പെടുത്തി. ഇതിനെല്ലാം പുറമെ പകരക്കാരനായി ടീമിലുള്ള യുവതാരം തരെക് ബുഷ്മാൻ മസിൽ ഇഞ്ചുറി കാരണം കളത്തിലേക്ക് മടങ്ങി എത്താൻ വൈകുമെന്നതും ഉടൻ മറ്റൊരു താരത്തിനെ എത്തിക്കാൻ ബയേണിനെ പ്രേരിപ്പിച്ചു. പത്ത് സീസണിലായി ഇരുന്നൂറ്റി ഇരുപതോളം മത്സരങ്ങൾ ബയേൺ ജേഴ്സിയിൽ ഇറങ്ങിയിട്ടുള്ള ബോട്ടെങ്, 2021ലാണ് ലിയോണിലേക്ക് ചേക്കേറുന്നത്. എന്നാൽ കഴിഞ്ഞ സീസണിൽ കരാർ അവസാനിച്ചതോടെ ഭാവിയിൽ താരം ടീമിൽ തുടരില്ലെന്ന് ലിയോൺ അറിയിക്കുകയായിരുന്നു. ഇതു വരെ ഫ്രീ ഏജന്റ് ആയ താരത്തിനെ അലാബയുടെ പരിക്കിന്റെ പിറകെ റയൽ മാഡ്രിഡ് സമീപിച്ചിരുന്നു എന്ന അഭ്യൂഹങ്ങൾ റോമാനോ നിഷേധിച്ചിട്ടുണ്ട്. അനുഭവസമ്പന്നനായ താരത്തിന്റെ വരവ് ബയേണിന് കരുത്തേകും എന്ന കാര്യത്തിൽ സംശയമില്ല.

Exit mobile version