FootballFeatured

ആഷ്‌ലി വെസ്റ്റ്‌വുഡ് കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ

Resizedimage 2026 03 27 19 40 44 1

കൊച്ചി, മാർച്ച് 27, 2026: കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയുടെ പുതിയ ഹെഡ് കോച്ചായി ആഷ്‌ലി വെസ്റ്റ്‌വുഡിനെ (Ashley Westwood) നിയമിച്ചു. നടപ്പുസീസണിന്റെ അവസാനം വരെയാണ് കരാർ.

ഇന്ത്യൻ ഫുട്ബോളിൽ വലിയ പരിചയസമ്പത്തുള്ള പരിശീലകനാണ് ആഷ്‌ലി വെസ്റ്റ്‌വുഡ്. ബംഗളൂരു എഫ്‌സിയെ രണ്ട് തവണ ഐ-ലീഗ് കിരീടത്തിലേക്കും ഒരു തവണ ഫെഡറേഷൻ കപ്പ് വിജയത്തിലേക്കും നയിച്ച അദ്ദേഹം, മുൻപ് എടികെ, പഞ്ചാബ് എഫ്‌സി എന്നീ ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്. ഹോങ്കോങ് ദേശീയ ഫുട്ബോൾ ടീമിന്റെ പരിശീലകനായാണ് അദ്ദേഹം ഏറ്റവും ഒടുവിൽ പ്രവർത്തിച്ചത്.

വരാനിരിക്കുന്ന മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പുകൾക്കായി അദ്ദേഹം ഉടനടി ടീമിന്റെ ചുമതലയേൽക്കും.

പുതിയ പരിശീലകനെ സ്വാഗതം ചെയ്തുകൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് സിഇഓ അഭിക് ചാറ്റർജി പറഞ്ഞു: “ആഷ്‌ലിയെ ക്ലബ്ബിലേക്ക് സ്വാഗതം ചെയ്യുന്നു. ഇന്ത്യൻ ഫുട്ബോളിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവും പരിചയസമ്പത്തും ടീമിന് വലിയ ഗുണം ചെയ്യും. സീസണിലെ ബാക്കി മത്സരങ്ങളിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ടീമിന്റെ പ്രകടനത്തിനായി ഞങ്ങൾ കാത്തിരിക്കുന്നു.”

ചുമതലയേറ്റ ശേഷം ആഷ്‌ലി വെസ്റ്റ്‌വുഡ് പറഞ്ഞു: “വലിയ ആരാധക പിന്തുണയും പ്രതീക്ഷകളുമുള്ള ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഈ സ്ഥാനത്തിന്റെ ഉത്തരവാദിത്തത്തെക്കുറിച്ച് ഞാൻ പൂർണ്ണ ബോധവാനാണ്. വരും ദിവസങ്ങളിൽ ടീമിനെയും സ്റ്റാഫിനെയും അടുത്തറിയുന്നതിനും കളിക്കാർക്കൊപ്പം പ്രവർത്തനം ആരംഭിക്കുന്നതിനുമാണ് ഞാൻ മുൻഗണന നൽകുന്നത്.”

കൊച്ചിയിലെത്തിയ ആഷ്‌ലി വെസ്റ്റ്‌വുഡ് വരും ദിവസങ്ങളിൽ ടീം പരിശീലനം പുനരാരംഭിക്കുന്നതോടെ സ്ക്വാഡിന്റെ ചുമതലയേൽക്കും.