Football

ഗോകുലം കേരള എഫ്‌സിയും ആൻഫീൽഡ് ഇന്റർനാഷണൽ സ്പോർട്സ് അക്കാദമിയും ചേർന്ന് യൂത്ത് ഫുട്ബോളിൽ പുത്തനൊരു അദ്ധ്യായത്തിന് തുടക്കമിടുന്നു

Resizedimage 2026 08 21 00 40 41 1

കോഴിക്കോട് | ഓഗസ്റ്റ് 21, 2026:
ഗോകുലം കേരള എഫ്‌സിയും ഖത്തറിൽ നിന്നുള്ള ആൻഫീൽഡ് ഇന്റർനാഷണൽ സ്പോർട്സ് അക്കാദമിയും ചേർന്നു യൂത്ത് ഫുട്ബോളിൽ പുത്തനൊരു അദ്ധ്യായത്തിന് തുടക്കമിടുന്നു. കളിക്കാർക്ക് കൂടുതൽ അവസരങ്ങളും അന്താരാഷ്ട്ര പരിചയവും ഒരുക്കാണ് ഈ സഹകരണത്തിലൂടെ ടീം ഉദ്ദേശിക്കുന്നത് .

കളിക്കാരുടെയും പരിശീലകരുടെയും എക്സ്ചേഞ്ച് പ്രോഗ്രാമുകളാണ് ഇതിലെ പ്രധാന ഘടകം. ഇരുവിഭാഗങ്ങളിലെയും യുവ താരങ്ങൾക്കും പരിശീലകർക്കും വ്യത്യസ്ത ഫുട്ബോൾ സാഹചര്യങ്ങൾ, പരിശീലന രീതികൾ, കളിശൈലികൾ എന്നിവ നേരിട്ട് പരിചയപ്പെടുന്നതിനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക. സ്വന്തം ഫുട്ബോൾ അന്തരീക്ഷത്തിന് പുറത്തേക്ക് കടന്ന് പുതിയ അനുഭവങ്ങൾ നേടാനും വ്യത്യസ്ത നിലവാരത്തിലുള്ള താരങ്ങൾക്കെതിരെ കളിക്കാനും യുവ താരങ്ങൾക്ക് ഇതിലൂടെ സാധിക്കും. അതോടൊപ്പം, പരിശീലകർക്ക് പരസ്പരം അറിവുകളും പരിശീലന രീതികളും പങ്കുവെക്കാനും യുവ താരങ്ങളുടെ വികസനത്തിനായുള്ള പുതിയ സമീപനങ്ങൾ മനസ്സിലാക്കാനും അവസരമൊരുങ്ങും.

ഇരുടീമുകളുടെയും യൂത്ത് ടീമുകൾ തമ്മിലുള്ള സൗഹൃദ മത്സരങ്ങളും സഹകരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. ഇതിനായി കേരളത്തിൽ നിന്നും താരങ്ങൾ ഖത്തറിലേക്കും അൻഫീൽഡ് അക്കാദമിയിലെ താരങ്ങൾ കേരളത്തിലേക്കും യാത്ര ചെയ്ത് മത്സരങ്ങളിൽ പങ്കെടുക്കും.

യൂത്ത് ഫുട്ബോളിന് പുറമെ, സീനിയർ പുരുഷ-വനിതാ ടീമുകൾ തമ്മിലുള്ള സൗഹൃദ മത്സരങ്ങൾക്കും അവസരമൊരുക്കുന്നതിനുള്ള സാധ്യതകളുമുണ്ട്.

കോഴിക്കോട്ടെ വിവിധ സ്കൂളുകളെയും യൂത്ത് ടീമുകളെയും ഉൾപ്പെടുത്തി ഗോകുലം കേരള എഫ്‌സി സംഘടിപ്പിക്കാനിരിക്കുന്ന GKFC യൂത്ത് ലീഗിന് മുന്നോടിയായാണ് ടീം ആൻഫീൽഡിന് കൈ കൊടുക്കുന്നത്.
ഇതോടെ യൂത്ത് ലീഗിലെ ജേതാക്കൾക്ക് ഖത്തറിലേക്ക് യാത്ര ചെയ്ത് അൻഫീൽഡ് ഇന്റർനാഷണൽ സ്പോർട്സ് അക്കാദമിക്കെതിരെ സൗഹൃദ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും. പുതിയൊരു ഫുട്ബോൾ അന്തരീക്ഷത്തിൽ തങ്ങളുടെ കഴിവുകൾ പരീക്ഷിക്കാനും അന്താരാഷ്ട്ര നിലവാരത്തിലുള്ള അനുഭവം നേടാനും യുവ താരങ്ങൾക്ക് ഇത് സഹായകരമാകും.

ഗ്രാസ്‌റൂട്ട് ഫുട്ബോളിൽ നിന്ന് അന്താരാഷ്ട്ര മത്സരങ്ങളിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാക്കുകയും കേരളമാകെ കേന്ദ്രീകരിച്ചു പ്രതിഭാധനരായ യുവ താരങ്ങൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുകയാണ് ഈ സംരംഭത്തിന്റെ ആകെ ലക്ഷ്യം.

”മികച്ച കളിക്കാരെ വാർത്തെടുക്കാനും, പരിശീലക കൈമാറ്റം, മത്സര അവസരങ്ങൾ, അന്താരാഷ്ട്ര എക്സ്പോഷർ എന്നിവയെ ഒരുമിപ്പിക്കുന്ന ഈ സഹകരണത്തിലൂടെ യൂത്ത് ഫുട്ബോളിന്റെ ദീർഘകാല വളർച്ചയ്ക്ക് നല്ല സംഭാവന നൽകാനും ഈ പദ്ധതിയിലൂടെ സാധിക്കും.” എന്നാണ് ഗോകുലം കേരള എഫ് സി സ്പോർട്ടിങ് ഡയറക്ടർ രാമൻ വിജയൻ പറഞ്ഞത്.